മലയാള സാഹിത്യ ചരിത്രത്തിൽ സ്വന്തം ഇടം അടയാളപ്പെടുത്തി കടന്നുപോയ എം.കെ. മാധവൻനായരുടെ ഓർമകുറിപ്പുകൾ തുടരുന്നു...

വിദ്യാർഥിജീവിതത്തിലെ മറക്കാത്ത ഓർമകളിലൊന്ന് മഹാകവി വള്ളത്തോളിനൊപ്പം നടത്തിയ ഒരു യാത്രയാണ്. അദ്ദേഹത്തിന്റെ പെട്ടിയും ചുമന്ന് നാലഞ്ചു ദിവസത്തെ യാത്ര. 1951 ന്റെ അവസാനത്തിലായിരുന്നെന്നു തോന്നുന്നു. നമ്പിമഠത്തിന്റെ കീഴിൽ തുടങ്ങുന്ന വായനശാല ഉദ്‌ഘാടനം ചെയ്യാൻ മഹാകവിയെ എത്തിക്കാനുള്ള ചുമതല സി.ബി. പണ്ടാരത്തിൽ എന്നെ ഏൽപ്പിക്കുകയായിരുന്നു. 

ഞാൻ തലേ ദിവസം തന്നെ വള്ളത്തോളിന്റെ വീട്ടിലെത്തി. ആ രാത്രി മഹാകവിയുടെ വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങി. കൊച്ചിയിലൊരു പാതിരായ്‌ക്ക് വഴിയറിയാതെ കുഴങ്ങി നെടുങ്ങാടി ബാങ്കിന്റെ കോലായയിൽ കിടന്നുറങ്ങിയിട്ടുള്ള മഹാകവിയുടെ വീട്ടുതിണ്ണയിൽ കിടന്നുറങ്ങാൻ അവസരം കിട്ടിയതിനെക്കുറിച്ച് പിൽക്കാലത്ത് ഞാൻ കൗതുകം കൂറിയിട്ടുണ്ട്. ബാങ്ക് കെട്ടിടത്തിൽ അജ്‌ഞാതൻ കിടക്കുന്നതുകണ്ട് വാച്ച്‌മാൻ അന്നു വള്ളത്തോളിനെ എഴുന്നേൽപ്പിച്ചു ചോദ്യം ചെയ്‌തു. ഓടിക്കൂടിയവർ മഹാകവിയെ തിരിച്ചറിഞ്ഞതു ഭാഗ്യം. ബാങ്കിൽക്കിടന്നതിന് അദ്ദേഹം ഒരു ദിവസത്തെ പലിശ ആവശ്യപ്പെട്ടതൊക്കെ പ്രസിദ്ധമാണല്ലോ. 

വള്ളത്തോളിന്റെ വീട്ടിലേക്കു തിരിച്ചുവരാം. രാത്രി തങ്ങി പിറ്റേന്നു രാവിലെ ആറു മണിക്കാണ് യാത്ര തുടങ്ങിയത്. റെയിൽവേ സ്‌റ്റേഷനെത്താൻ രണ്ടു മൈൽ ദൂരം. ആ കൊച്ചുവെളുപ്പാൻകാലത്ത് വള്ളത്തോളിനൊപ്പം ഞാനും നടന്നു. ആലുവ വരെ തീവണ്ടിയാത്ര. അവിടെ നിന്നു പിന്നെ കാറിന്. കോട്ടയം വഴി അന്ന് തീവണ്ടി വന്നിട്ടില്ല. 

എത്ര ഉറക്കെ പറഞ്ഞാലും മഹാകവി കേൾക്കില്ല. ബധിരവിലാപം തന്നെ. പറയാനുള്ളത് കൈവെള്ളയിൽ എഴുതിക്കാണിക്കണം. ഭാര്യയും മക്കളും അദ്ദേഹത്തിന്റെ പുറത്തെഴുതിയാണ് ആശയവിനിമയം സാധിച്ചിരുന്നത്. 

വള്ളത്തോൾ നീളൻ കയ്യുള്ള ബനിയനു പുറമെയാണ് ഉടുപ്പു ധരിക്കുന്നത്. ബനിയന്റെ നീളൻകൈ തെറുത്തുകയറ്റി ഉടുപ്പിന്റെ കയ്യിന്റെയടിയിൽ ഒളിപ്പിക്കാനുള്ള ജോലിയും പെട്ടിചുമക്കലിനൊപ്പം എന്നെ ഏൽപ്പിച്ചു. 

മഹാകവിയുടെ യാത്ര എന്നു പറഞ്ഞാൽ, മുറിച്ചും നീട്ടിയുമുള്ള യാത്രയാണ്. പോകുന്ന വഴി പരിചയക്കാരുടെ വീടുണ്ട്, ഓഫിസുണ്ട്, കയറേണ്ട മറ്റ് ഇടങ്ങളുണ്ട്. ഒരു വഴി ഇറങ്ങിത്തിരിച്ചതല്ലേ, ഒന്നും ഒഴിവാക്കിയില്ല. ഇടപ്പള്ളി സ്വരൂപത്തിലെ ഒരു ശിവക്ഷേത്രം പന്തളത്തുണ്ട്. ഇതിന്റെ ചീഫ് ചെങ്ങന്നൂരാണു താമസം. അദ്ദേഹത്തെ കാണാൻ കയറി. 

അതേ വർഷം ജൂണിൽ വള്ളത്തോൾ റഷ്യയിൽ പോയിരുന്നു. ആറാഴ്‌ചക്കാലം അവിടെ തങ്ങിയതിന്റെ ഓർമകൾ പങ്കുവയ്‌ക്കുന്നത് അദ്ദേഹത്തിനു വലിയ ആവേശമായിരുന്നു. തന്റെ അവിസ്‌മരണീയമായ റഷ്യൻ യാത്രയെക്കുറിച്ച് എല്ലാവരോടും വിശാലമായി വിവരിക്കും. റഷ്യ ഗംഭീരാണേ, ശരിക്കും രാമരാജ്യംതന്നെ! എന്നിങ്ങനെ, റഷ്യയെ എത്ര പ്രശംസിച്ചാലും അദ്ദേഹത്തിനു മതിയാകില്ല. മോസ്‌കോയിൽ ലെനിന്റെ ശവകുടീരം സന്ദർശിച്ചു ലെനിൻ ശവകുടീരം എന്ന പേരിൽ കവിതയെഴുതി. കടപ്പെട്ടവർ, കലാവിദ്യ, കലകളും വിളയുന്നു, മേലിലെ യുദ്ധം എന്നിങ്ങനെ ആ റഷ്യൻ യാത്രയിൽനിന്നു പിറന്ന കവിതകൾ ഒട്ടേറെയാണ്. 'റഷ്യയിൽ' എന്ന സമാഹാരത്തിലുള്ളത് ഈ കവിതകളാണ്. 

നടന്നു ക്ഷീണിക്കുമ്പോൾ ഞങ്ങൾ വഴിയരികിലെ ഏതെങ്കിലും കടയിൽ കയറും. അങ്ങനെ പന്തളത്തെ ഒരു വൈദ്യശാലയിൽ കയറി ഇരുന്നപ്പോൾ മഹാകവിക്കു കുടിക്കാൻ നാരാങ്ങാവെള്ളമെത്തി. ഒരു കവിൾ കുടിച്ചുനിർത്തി അദ്ദേഹം അവിടെയുണ്ടായിരുന്ന ആളെ ചൂണ്ടിക്കാണിച്ചു ചോദിച്ചു- ഇതാരാണ്? 

ഇവിടത്തെ വൈദ്യനാണ്- ഞാൻ പറഞ്ഞുകൊടുത്തു. അങ്ങനെവരട്ടെ, നാരങ്ങാവെള്ളത്തിന് മധുരം പോരാ. കയ്‌പൻ കഷായമുണ്ടാക്കുന്ന ആളല്ലേ പഞ്ചസാരയിട്ടത്! - മഹാകവിയുടെ ഫലിതം.    

എം.കെ. മാധവൻ നായർ

ആവശ്യത്തിനു പഞ്ചസാര ചേർത്തിളക്കിയ ശേഷമാണ് അദ്ദേഹം ആ നാരങ്ങാവെള്ളം ബാക്കി കുടിച്ചത്. ഇത് വള്ളത്തോളൊന്നുമല്ല, വേറെ ആരെയോ കൊണ്ടുവന്നിരിക്കുകയാണെന്നു പറഞ്ഞ് മനയിലെ ആളുകൾ അവിശ്വാസത്തോടെ ഞങ്ങളെ നോക്കിനിന്നതും ഓർക്കുന്നു. 

വായനശാല ഉദ്‌ഘാടനം കഴിഞ്ഞ് തിരിച്ചു വരുംവഴി വള്ളത്തോളിന് മലയാള മനോരമയിൽ കയറണം, പത്രാധിപർ കെ.സി. മാമ്മൻമാപ്പിളയെ കാണണം. കോട്ടയത്ത് മനോരമ ഓഫിസിൽത്തന്നെയാണു മാമ്മൻമാപ്പിളയുടെ താമസം. മഹാകവിക്കൊപ്പം ഞാനും അകത്തേക്കു പ്രവേശിച്ചു. ഇരുവരും ഗൗരവഭാഷണത്തിൽ മുഴുകിയപ്പോൾ തിണ്ണയുടെ ഒരറ്റത്ത് മഹാകവിയുടെ പെട്ടിയും പിടിച്ച് ഞാൻ കാത്തിരുന്നു. കമ്യൂണിസ്‌റ്റ് പാർട്ടി അധികാരത്തിൽവന്നാൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് മാമ്മൻ മാപ്പിള പറഞ്ഞതായി കമ്യൂണിസ്‌റ്റുകാർ പ്രചരിപ്പിക്കുന്ന കാലമായിരുന്നു അത്. വള്ളത്തോൾ മാമ്മൻ മാപ്പിളയോടു സംസാരിച്ചത് അതിനെക്കുറിച്ചായിരുന്നെന്നാണ് എന്റെ ഓർമ. തന്റെ വാക്കുകളെ കമ്യൂണിസ്‌റ്റ് നേതാവ് പി.ടി. പുന്നൂസ് വളച്ചൊടിച്ചതാണെന്ന സത്യം മാമ്മൻ മാപ്പിള വള്ളത്തോളിനോടും അന്നു വിശദീകരിച്ചുകാണും. 

ആ യാത്രയിലാണ് നിർമാതാവ് കുഞ്ചാക്കോയെയും കണ്ടത്. ഉദയായുടെ ജീവിതനൗക സിനിമയിൽ മഗ്‌ദലനമറിയം കാവ്യത്തിൽനിന്ന് കരാറുറപ്പിച്ചതിലും കൂടുതൽ വരികൾ ഉപയോഗിച്ചതിനെച്ചൊല്ലി വള്ളത്തോൾ ഇടഞ്ഞുനിൽക്കുന്ന കാലമായിരുന്നു അത്. ജീവിതനൗകയിൽ അന്തർനാടകമായി മഗ്‌ദലന മറിയത്തിലെ പതിനഞ്ചു വരികൾ ഉപയോഗിക്കാനായിരുന്നു ഉടമ്പടി. വരിയോരോന്നിന് മഹാകവിക്ക് നൂറു രൂപ പ്രതിഫലം. പിന്നീട് കരാറിലില്ലാത്ത നാലു വരികൾ കൂടി ഉപയോഗിച്ചതാണ് വള്ളത്തോളിന്റെ മരണം വരെ നീണ്ട കേസിനു വഴിയൊരുക്കിയത്. അധികമായെടുത്ത നാലു വരികൾക്ക് ആയിരം രൂപ വീതം നാലായിരം രൂപ വേണമെന്ന മഹാകവിയുടെ ആവശ്യം ഉദയായ്‌ക്ക് സ്വീകാര്യമായിരുന്നില്ല. 

കേസൊക്കെ ഉണ്ടായിരുന്നിട്ടും മഹാകവിയെ ആനയിച്ച് അകത്തേക്കു കൊണ്ടുവരാൻ കുഞ്ചാക്കോ തന്നെ ഗേറ്റ് വരെ വന്നു. ആരെയും കൂസാത്ത പ്രകൃതമാണ് കുഞ്ചാക്കോയുടേത്. പക്ഷേ വള്ളത്തോളിനോട് വളരെ ബഹുമാനം. ഗേറ്റ് കടന്നു ചെല്ലുമ്പോൾ അവിടെ ഷൂട്ടിങ് നടക്കുന്നു. തിക്കുറിശി സുകുമാരൻനായരുൾപ്പെടെ വൻ താരനിര. ഷൂട്ടിങ് തുടങ്ങാനായി സൈലൻസ് പറഞ്ഞതും അവിടത്തെ ബഹളം സ്വിച്ചിട്ടതുപോലെ നിന്നു. കേൾവിക്കുറവുള്ള വള്ളത്തോൾ അറിയിപ്പു കേൾക്കാതെ ഉച്ചത്തിൽ സംസാരം തുടരുമോ എന്നു ഞാൻ ഒരു നിമിഷം ശങ്കിച്ചു. നോക്കുമ്പോഴതാ, അദ്ദേഹവും നിശബ്‌ദനായി അച്ചടക്കത്തോടെ ഇരിക്കുന്നു. ചുറ്റുപാടും നോക്കി ബുദ്ധിപൂർവം കാര്യങ്ങൾ മനസ്സിലാക്കിയതാണ്. എനിക്ക് ആശ്വാസമായി. 

വള്ളത്തോളിനെ എറണാകുളത്തുനിന്ന് തീവണ്ടിയിൽ കയറ്റിവിടാനേ എനിക്കു നിർദേശമുള്ളൂ. ആലുവ ടിബിയിലാണ് വിശ്രമം. അവിടെനിന്ന് കാറുണ്ട്. ഇതെല്ലാം കാരൂർ നീലകണ്‌ഠപ്പിള്ളയും ഡീസി കിഴക്കെമുറിയും ചേർന്ന് ഏർപ്പാടു ചെയ്‌തുകൊള്ളുമെന്നാണ് എന്നോടു പറഞ്ഞിരുന്നത്. കാരൂർ, ഡീസി എന്നീ പേരുകൾ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നതും അന്നാണ്. ഏതാനും വർഷങ്ങൾക്കകം ഞാനവരുടെ സഹപ്രവർത്തകനാകുമെന്ന് അന്നെങ്ങനെ അറിയാനാണ്! 

റെയിൽവേ സ്‌റ്റേഷനിലെത്തുമ്പോൾ തീവണ്ടി പുറപ്പെടാൻ തയാറായി നിൽക്കുന്നു. വേഗം തന്നെ വള്ളത്തോളിനെ ഉള്ളിൽ കയറ്റി. പെട്ടി ഏൽപ്പിച്ചു. തീവണ്ടി ഇപ്പോൾ പുറപ്പെടുമെന്നോർത്തുള്ള വെപ്രാളം മഹാകവിയുടെ മുഖത്തുണ്ട്. അതിനിടയിലും അദ്ദേഹം ധൃതിയിൽ കൈ നീട്ടിച്ചോദിച്ചു - കാശു തരൂ. ലൈബ്രറി ഉദ്‌ഘാടനത്തിന് എത്തിയതിന്റെ കാശാണ് ചോദിക്കുന്നത്. ഞാൻ ആകുലാവസ്‌ഥയിലായി. വള്ളത്തോളിനു കൊടുക്കാൻ എന്റെ കൈയിൽ അവർ പണമൊന്നും ഏൽപ്പിച്ചിരുന്നില്ല. 

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നന്നേ പ്രയാസപ്പെട്ടിരുന്ന അക്കാലത്ത് വള്ളത്തോൾ പ്രതിഫലമെന്തെങ്കിലും പ്രതീക്ഷിച്ചുകാണണം. പ്രാരബ്‌ധങ്ങൾ മൂലം കൈനീട്ടേണ്ടിവന്ന മഹാകവിക്കു കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ലാതെ പോയല്ലോ! ആ നിമിഷം എനിക്കുണ്ടായ സങ്കടം വിവരിക്കാൻ വയ്യ. ഒന്നും മിണ്ടാതെ ഞാനാ തീവണ്ടിമുറിയിൽനിന്ന് ഇറങ്ങിപ്പോന്നു. ഓർക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ. അന്ന് ആ മഹാകവിയെ വെറും കയ്യോടെ മടക്കി അയച്ചതിന്റെ സങ്കടം ഇന്നും എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. 

''അപ്പപ്പോൾപ്പാതകം ചെയ്‌തതിന്നൊക്കെയു- 

മിപ്പശ്‌ചാത്താപമേ പ്രായശ്‌ചിത്തം!'' 

(മഗ്‌ദലനമറിയം)