മലയാള സാഹിത്യ ചരിത്രത്തിൽ സ്വന്തം ഇടം അടയാളപ്പെടുത്തി കടന്നുപോയ എം.കെ. മാധവൻനായരുടെ ഓർമകുറിപ്പുകൾ തുടരുന്നു...

ബിഎയ്‌ക്കു ശേഷം ഇടക്കാലം ഞാൻ എറണാകുളത്തായിരുന്നു. ഗാന്ധിസ്‌മാരകനിധിയുമായി ബന്ധപ്പെട്ട് ഇക്കണ്ടവാരിയരുടെ ശിഷ്യനായി കൂടിയ കാലം. അൻപതു രൂപ പ്രതിഫലം. ദിവസം മുഴുവനും കത്തെഴുത്തും പണമയയ്‌ക്കലുമാണ് ജോലി. ഗാന്ധിസ്‌മാരകനിധിയുടെ ചെക്ക് ഇംപീരിയൽ ബാങ്കിൽ വരും. ഗാന്ധിബന്ധമുള്ള പ്രവർത്തനങ്ങൾ ചെയ്യുന്ന ആർക്കും പണം കൊടുക്കാനാണ് വ്യവസ്‌ഥ. ഇക്കാര്യത്തിൽ ഇക്കണ്ടവാരിയരുടെ മഹാമനസ്‌കത ഒന്നു വേറെയായിരുന്നു. ഹരിജനസേവനമെന്നും പറഞ്ഞ് ആരു വന്നാലും വാരിക്കോരി കൊടുക്കും. പന്തളത്തെ എന്റെ നാട്ടുകാരിൽ ചിലർ നുണക്കത്തുകളെഴുതി ഇക്കണ്ടവാരിയരുടെ കയ്യിൽനിന്നു കാശുതട്ടിയെടുത്തിരുന്നത് എനിക്കറിയാം. പക്ഷേ ശുദ്ധഹൃദയനായ ആ തികഞ്ഞ ഗാന്ധിയൻ ആരെയും സംശയത്തോടെ കണ്ടിരുന്നില്ല. മനസ്സും പ്രവൃത്തിയും സുതാര്യം. മൂവായിരം രൂപ കടമുള്ളതു വീട്ടിയിട്ടേ കൊച്ചി പ്രധാനമന്ത്രിയാകൂ എന്നു വാശി പിടിച്ചയാളാണല്ലോ ഇക്കണ്ടവാരിയർ. കടക്കാർക്കു വിധേയനാകേണ്ടി വരുന്നതും മനസ്സാക്ഷിക്കു നിരക്കാത്ത ഭരണം നടത്തേണ്ടി വരുന്നതും അദ്ദേഹത്തിന് ഒരു കാലത്തും സങ്കൽപ്പിക്കാനാകുമായിരുന്നില്ല. 

ഇക്കണ്ടവാരിയർക്കൊപ്പം കൊച്ചിയിൽ കഴിയുമ്പോഴാണ് കോട്ടയത്ത് സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ പ്രൂഫ് റീഡർ ജോലി ഒഴിവിന്റെ അറിയിപ്പു കണ്ടത്. രണ്ടും കൽപിച്ച് അപേക്ഷിച്ചു. അഭിമുഖത്തിനും പരീക്ഷയ്‌ക്കും വിളിച്ചുള്ള കത്തു കയ്യിൽ കിട്ടിയപ്പോൾ ഒരു ദിവസം വൈകി. 

പക്ഷേ, ഭാഗ്യം പരീക്ഷിക്കാൻതന്നെയായിരുന്നു എന്റെ തീരുമാനം. അന്ന് കോട്ടയത്ത് വയസ്‌കരക്കുന്നിലാണ് സംഘം ഓഫിസ്. അവിടെ കാരൂർ നീലകണ്‌ഠപ്പിള്ളയും ഡിസീ കിഴക്കെമുറിയുമുണ്ട്. കാരൂർ സംഘത്തിന്റെ സെക്രട്ടറി. വിൽപനവിഭാഗമായ നാഷനൽ ബുക് സ്‌റ്റാളി(എൻബിഎസ്)ന്റെ ജനറൽ മാനേജരാണ് ഡിസി. 

വൈകിയതിന്റെ കാരണം ബോധിപ്പിച്ചപ്പോൾ, എഴുത്തുപരീക്ഷയ്‌ക്കിരിക്കാൻ നിർദേശം കിട്ടി. ഫലം വന്നപ്പോൾ 98 ശതമാനം മാർക്ക്. എനിക്കതിൽ അത്ഭുതമൊന്നുമില്ലായിരുന്നു. പ്രൂഫ് നോട്ടം തൊട്ട് ബില്ലെഴുത്തു വരെ അരുണോദയം പ്രസിലെ എല്ലാ ചുമതലകളും ഒരുമിച്ചു വഹിച്ചിട്ടുള്ള കാലം കടന്നെത്തിയ ഒരാൾക്ക് സംഘത്തിലെ എഴുത്തുപരീക്ഷ ഒരു വെല്ലുവിളി ആയിരുന്നില്ലെന്നതാണു സത്യം. 

പരീക്ഷ നടന്നതു രാവിലെ. ഉച്ചയ്‌ക്കു ശേഷം വീണ്ടും വരാനാവശ്യപ്പെട്ട് എന്നെ പറഞ്ഞുവിട്ടു. അതിനിടയിൽ കാരൂരും ഡിസിയും കൂടിയാലോചിച്ചു കാണണം. തകഴി എന്റെ പേരു നിർദേശിച്ചതായാണ് പിന്നീടറിഞ്ഞത്. അദ്ദേഹത്തിന്റെ തോട്ടിയുടെ മകൻ അച്ചടിക്കുമ്പോൾ അരുണോദയം പ്രസിൽ ഞാൻ ജീവനക്കാരനായിരുന്നല്ലോ. 

സംഘം എന്നെ ജോലിക്കെടുത്തു. 1956 സെപ്‌റ്റംബറിലായിരുന്നു എന്റെ സംഘപ്രവേശം. അന്നെനിക്ക് ഇരുപത്തെട്ടു വയസ്സ്. 

പ്രൂഫ് റീഡറായാണു തുടക്കം. മാസശമ്പളം എഴുപത്തഞ്ചു രൂപ. ഒരു വർഷം പ്രൊബേഷനെന്നായിരുന്നു വ്യവസ്‌ഥ. പ്രവർത്തനം തൃപ്‌തികരമല്ലെങ്കിൽ പറഞ്ഞുവിടും. ഒരു കൊല്ലം തൃപ്‌തികരമായി തികച്ചെന്നു മാത്രമല്ല അതിനോടകം എനിക്കു പബ്ലിക്കേഷൻ അസിസ്‌റ്റന്റായി സ്‌ഥാനക്കയറ്റവും കിട്ടി. കാരൂരിന് അന്ന് അത്രമാത്രം ജോലിത്തിരക്കുണ്ടായിരുന്നു. എന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു. രാവിലെ മുതൽ രാത്രി വരെ ജോലി നീളും. 

കാരൂരിനൊപ്പം ജോലി ചെയ്‌ത ആ കാലം എന്റെ ജീവിതത്തിലെ അവിസ്‌മരണീയമായ ഒന്നാണ്. ദൃഢനിശ്‌ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിരൂപമായിരുന്നു കാരൂർ. ആരെയും കൂസാത്ത പ്രകൃതം. സത്യസന്ധനും തികഞ്ഞ മാന്യനും. സംഘകാര്യങ്ങൾ സ്വന്തം വീട്ടുകാര്യം പോലെ നോക്കി നടത്തിയയാളായിരുന്നു കാരൂർ. ഒരു നയാ പൈസ പാഴാക്കില്ല. അറുപിശുക്കനെന്നുതന്നെ വിളിക്കാം. അങ്ങനെ പരിഹാസം നന്നായി കേട്ടിട്ടുമുണ്ട്. ഓഫിസ് സമയം കഴിഞ്ഞും ജോലി ചെയ്യുന്നവർക്ക് അധിക വേതനമൊന്നുമില്ല. കഷ്‌ടിച്ച് ഒരു കട്ടൻകാപ്പി കുടിക്കാനുള്ള പൈസ തരും. കാരൂർ അതുപോലും വളരെ ബുദ്ധിമുട്ടിയാണ് എടുത്തു നീട്ടുന്നത്. 

കാരൂരിന്റെ പിശുക്കിനെക്കുറിച്ച് ഇന്നോർക്കുമ്പോൾ അത്ഭുതവും ഒപ്പം ആദരവും തോന്നിപ്പോകുന്നു. കുറെ ദിവസമായി ഓഫിസിൽ കാരൂർ വലിയ അസ്വസ്‌ഥനായി കാണപ്പെട്ടാൽ ഒരു കാര്യം ഉറപ്പാണ്- സംഘത്തിന് പുതിയ ലോൺ അനുവദിച്ചു കിട്ടാൻ പോകുന്നു.    

ലോണെന്നു കേട്ടാൽ കാരൂരിന് പരിഭ്രമമാണ്. ഒരു ലക്ഷം രൂപയൊക്കെ കിട്ടിയാൽ അതിന്റെ ചെലവാക്കൽ, കണക്കുകൾ എല്ലാം പ്രശ്‌നമാണ്. അത്രയും രൂപ ചെലവാക്കാൻ മനസ്സുവരില്ല. 

സംഘത്തിൽ തൊഴിലാളി യൂണിയനുണ്ടാകുന്നതിനോട് കാരൂരിനു വിയോജിപ്പായിരുന്നു. യൂണിയൻ ആവശ്യമുന്നയിച്ച് കാരൂരിനെ കാണാനെത്തിയ നേതാക്കൾ തോറ്റുമടങ്ങുന്ന കാഴ്‌ച ഒന്നു കാണേണ്ടതു തന്നെയായിരുന്നു. സിപിഎം എംഎൽഎ ആയിരുന്ന എം.കെ. ജോർജ് ആയിരുന്നു ഈ ആവശ്യവുമായി ആദ്യം എത്തിയയാൾ. കമ്യൂണിസ്‌റ്റുകാരനായ കൃഷിക്കാരൻ.   1965 ൽ സിപിഎമ്മിന്റെ ആദ്യത്തെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു ജോർജ്. 1965 ൽ വിയ്യൂർ സെൻട്രൽ ജയിലിൽ കിടക്കുമ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജകമണ്ഡലത്തിൽനിന്നു മത്സരിച്ചു ജയിച്ചത്. 1970ൽ സിപിഐയിൽ ചേർന്നു. പിന്നീട് കോൺഗ്രസിലും. ദീർഘകാലം പഞ്ചായത്ത് മെംബറായിരുന്നു.    

വയസ്‌കരക്കുന്നിലെ സംഘം ഓഫിസിൽ കാരൂരിന്റെ മുറിയിൽത്തന്നെയാണ് ചീഫ് അക്കൗണ്ടന്റ് കൃഷ്‌ണപിള്ളയുടെയും എന്റെയും കസേരകൾ. യൂണിയൻ വിഷയം സംസാരിക്കാനെത്തുമ്പോൾ കാരൂരിന്റെ മുറിയിൽ പതിവുപോലെ കൃഷ്‌ണപിള്ളയും ഞാനുമുണ്ട്. എം.കെ. ജോർജ് കാരൂരിനോട് യൂണിയന്റെ ആവശ്യകതയെപ്പറ്റി ദീർഘമായി പ്രസംഗം തുടങ്ങി. അവസാനിച്ചപ്പോൾ കാരൂർ ഇത്രമാത്രം പറഞ്ഞു- ഇന്ത്യ പ്രസ് തൊഴിലാളികളുടെ കാര്യം ഞാൻ നോക്കിക്കോളാം. എംഎൽഎ എഴുന്നേറ്റ് സ്‌ഥലം വിട്ടു. 

അന്നങ്ങനെയൊക്കെ നടന്നെങ്കിലും സംഘത്തിൽ പിന്നീട് യൂണിയൻ വേരോടുക തന്നെ ചെയ്‌തു. കിടങ്ങൂരുകാരൻ ഒരു കൈമളായിരുന്നു അതിനു മുൻകയ്യെടുത്തത്. അന്നും കാരൂർ വഴിമാറി ഒറ്റയാനെപ്പോലെ നടന്നു. കാരൂരിനെതിരെ എന്നെക്കൊണ്ട് യൂണിയൻ നോട്ടീസുകൾ എഴുതിപ്പിക്കുമായിരുന്നു. ഇതൊക്കെ എഴുതുന്നത് ആരാണെന്ന് തനിക്കറിയാമെന്നു പറഞ്ഞ് കാരൂർ എന്നെ അർഥഗർഭമായി നോക്കും. 

സഹകരണ സംഘം രജിസ്‌ട്രാർ പി. ശിവരാമപിള്ള ഇടയ്‌ക്കിടെ ഓഫിസ് സന്ദർശിച്ചിരുന്നു. സി.പി. രാമസ്വാമിഅയ്യരുടെ ശിങ്കിടിയായിരുന്നു അദ്ദേഹം. നോമിനേറ്റ് ചെയ്‌തതും അദ്ദേഹം തന്നെ. ശിവരാമപിള്ള ഇടയ്‌ക്കിടെ കാരൂരിനെ കാണാൻ സംഘം ഓഫിസിൽ വരും. സഹകരണസംഘം രജിസ്‌ട്രാറാണ്. ബഹുമാനത്തോടെ സ്വീകരിച്ചിരുത്തേണ്ടയാൾ. പക്ഷേ കാരൂരിന് ഇതൊന്നും ബാധകമല്ല. വിശിഷ്‌ടവ്യക്‌തിയെ കണ്ടില്ലെന്നു നടിച്ച് കാരൂർ വെറ്റില മുറുക്കി അങ്ങനെയിരിക്കും. ശിവരാമപിള്ള നോക്കി നിൽക്കും. ഇരിക്കില്ല. കുറേ നേരം കഴിയുമ്പോൾ കാരൂർ മുഖമുയർത്തി നോക്കും- ഓ, ശിവരാമപിള്ള ഇവിടെ നിൽപ്പുണ്ടായിരുന്നോ. വന്ന കാലിൽ നിൽക്കാതെ ആ കസേരയിൽ ഇരിക്കൂ!    

രജിസ്‌ട്രാർ ഇരിക്കും. 

ഇതിന്റെ രഹസ്യം പിന്നീടാണു ഞങ്ങൾക്കു പിടികിട്ടിയത്. ഏറ്റുമാനൂർ സ്‌കൂളിൽ ശിവരാമപിള്ളയുടെ അധ്യാപകനായിരുന്നു കാരൂർ. ഇപ്പോൾ രജിസ്‌ട്രാറാണെങ്കിലും പഴയ അധ്യാപകനോടുള്ള ബഹുമാനം കാട്ടിയല്ലേ പറ്റൂ. 

കാരൂരിന്റെ പേരിൽ അച്ചടിച്ച ഒരു 'പ്രേതരചന’യുടെ കാര്യം ഓർമ വരുന്നു- ബാലചന്ദ്രൻ. വിദ്യാഭ്യാസമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെയും മറ്റും സഹായത്തോടെ പാഠപുസ്‌തകമായ കൃതി. തിരുവല്ല കേശവ പിള്ള എഴുതിയ പുസ്‌തകം കാരൂരിന്റെ പേരിൽ സംഘം പുറത്തിറക്കി പാഠപുസ്‌തക കമ്മിറ്റിക്കു സമർപ്പിക്കാനുള്ള ഗൂഢപദ്ധതിയുടെ വിത്തു പൊട്ടിമുളച്ചത് ഡീസിയുടെ ബുദ്ധിയുള്ള തലച്ചോറിലായിരുന്നു. ബാലചന്ദ്രനെഴുതിയത് കാരൂരല്ലെന്ന, മലയാള സാഹിത്യത്തിലെ 'പ്രേതരചനാ' രഹസ്യങ്ങളിലൊന്ന് പിൽക്കാലത്ത് ഏറ്റു പറഞ്ഞതും ഡീസി തന്നെ. 

1974 ലോ മറ്റോ കേശവപിള്ളയുടെ മകൾ സംഘത്തിനെതിരെ കേസു കൊടുത്തെന്നാണ് എന്റെ ഓർമ. കേശവപിള്ള ജീവിച്ചിരിക്കുമ്പോൾ തന്നെ. ഏതായാലും, ആ പ്രശ്‌നം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങി.