സംഘത്തെ ആത്മാർഥമായി സ്‌നേഹിച്ച ബഷീറിനോട് സംഘം ചെയ്തത്
മലയാള സാഹിത്യ ചരിത്രത്തിൽ സ്വന്തം ഇടം അടയാളപ്പെടുത്തി കടന്നുപോയ എം.കെ. മാധവൻനായരുടെ ഓർമക്കുറിപ്പുകൾ തുടരുന്നു...
സംഘത്തിനു വേണ്ടി നൂതനപദ്ധതികളും വികസനോന്മുഖചിന്തകളുമായി രാപകൽ അധ്വാനിച്ച മനുഷ്യനായിരുന്നു ഡീസി. ഒരു നിമിഷം പോലും വെറുതെ കളയാനിഷ്‌ടമില്ലാത്തയാൾ. ഡീസിയുടെ മുറിയിൽ ചിലപ്പോൾ ഉറൂബ് പൊടുന്നനെയങ്ങവതരിക്കും. പിന്നെ പോകില്ല. നിർത്താതെ സംസാരമാണ്.
ഒരു ദിവസം ഏതോ വലിയ തിരക്കിൽപ്പെട്ടിരിക്കുകയാണു ഡീസി. പെട്ടെന്ന് ഉറൂബ് കയറി വന്നു. ഡീസി അഞ്ചു വിരലുമുയർത്തിക്കാട്ടി പറഞ്ഞു- ഉറൂബേ, അഞ്ചു മിനിട്ട്.
വേഗം സ്‌ഥലം വിട്ടുകൊള്ളണമെന്നർഥം. ഉറൂബിനിത് അത്ര രസിച്ചില്ല. ഡീസിക്കു സുഖമാണോ എന്നൊക്കെ കുശലാന്വേഷണം നടത്തിയ ശേഷം ഉറൂബ് മറുവെടി പൊട്ടിച്ചു- 'അനുവദിച്ചതിൽ ഒരു മിനിട്ടേ ഞാൻ എടുത്തുള്ളൂ. ബാക്കി നാലു മിനിട്ട് താൻ തന്നെ എടുത്തോ!
ഡീസിയുടെ കർക്കശ പെരുമാറ്റത്തിനു മധുരപ്രതികാരം വീട്ടാനുള്ള ഒരവസരവും ഉറൂബിനു പിൽക്കാലത്തു വീണു കിട്ടിയെന്നുള്ളതാണു രസകരം. സംഘത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ശേഷം ഡീസി ഒരു കേരള പര്യടനത്തിനിറങ്ങിയിരുന്നു. അക്കൂട്ടത്തിൽ ബഷീറിന്റെ ബേപ്പൂരിലെ വീട്ടിലും കയറി. ആ സമയത്ത് ഉറൂബ് അവിടെയുണ്ടായിരുന്നു.
ഡീസി ചെന്നുകയറിയ പാടേ ഉറൂബ് പറഞ്ഞു: ഇവിടെ അഞ്ചു മിനിട്ടെന്നു നിബന്ധനയൊന്നുമില്ല കേട്ടോ. ഡീസിക്ക് ഇഷ്‌ടംപോലെ സംസാരിക്കാം!
ഡീസിയുടെ സസ്‌പെൻഷനെച്ചൊല്ലി തകഴിയും കാരൂരും തമ്മിൽ രൂക്ഷമായ കലഹമുണ്ടായിട്ടുണ്ട്. തന്നെ പറഞ്ഞുവിട്ടതിനെക്കുറിച്ച് ചോദിക്കാൻ ഡീസി തന്നെ തകഴിയെ ഇളക്കി വിട്ടു. സസ്‌പെൻഷൻ വിഷയം കമ്മിറ്റി അജൻഡയിൽ ഇല്ലായിരുന്നെന്നു പറഞ്ഞ് വഴക്കുണ്ടാക്കാനാണു തകഴി കാരൂരിനു മുന്നിലെത്തിയത്. അജൻഡയിൽ ഉണ്ടായിരുന്നെന്ന് കാരൂർ. ഇല്ലായിരുന്നെന്ന് തകഴി.
പരമേശ്വരൻ എന്നൊരു കിറുക്കൻ പയ്യനാണ് അന്ന് ഓഫിസ് ബോയ്. കാരൂർ അവനെ വിളിച്ചു പറഞ്ഞു- ആ അജൻഡ ഇങ്ങെടുത്തേ.
പയ്യൻ അജൻഡ തപ്പിയെടുത്ത് കാരൂരിന്റെ മേശപ്പുറത്തു കൊണ്ടു വച്ചു.
അജൻഡ ഉറക്കെ വായിക്കാൻ കാരൂർ തകഴിയോട് ആവശ്യപ്പെട്ടു. തകഴി വായിച്ചു. സസ്‌പെൻഷൻ വിഷയം അതിലില്ല. ഒരു തവണ കൂടെ വായിക്കൂ എന്നായി കാരൂർ. ഒടുവിൽ, നാലോ അഞ്ചോ തവണ തകഴിയെക്കൊണ്ട് അജൻഡ വായിപ്പിച്ചു തൃപ്‌തിയടഞ്ഞ ശേഷം കാരൂർ ചോദിച്ചു: അവസാനം എന്താ എഴുതിയിരിക്കുന്നത്?
പരിപാടി ഇനങ്ങളുടെ ഉപസംഹാരരൂപത്തിലുള്ള വാചകം തകഴി വീണ്ടും വായിച്ചു. '.... മുതലായവ.’
അതു തന്നെ. അതാ 'മുതലായവ’യിൽ കാണും!- വെറ്റിലയിൽ ചുണ്ണാമ്പു തേച്ചുകൊണ്ട്, കാരൂർ പറഞ്ഞു.
∙∙∙
സ്വപ്നാടകർക്കും ജീവിക്കണം
സംഘത്തിന്റെ ആത്മമിത്രങ്ങളായിരുന്ന എഴുത്തുകാർ ചുരുക്കമായിരുന്നു. ആത്മമിത്രങ്ങൾ എന്നു ഞാനുദ്ദേശിച്ചത് സംഘം നന്നായി കാണാൻ ആത്മാർഥമായി ആഗ്രഹിച്ചവർ എന്നാണ്. സംഘം നന്നാകാൻ ചില കാതലായ നിർദേശങ്ങൾ മുന്നോട്ടുവച്ചവർ സംഘത്തിനു പുറത്തുനിന്നവരായിരുന്നു. ഒ.വി. വിജയൻ, സക്കറിയ, വി.കെ.എൻ, എം.പി. നാരായണപിള്ള തുടങ്ങിയവർ. സംഘം പക്ഷേ അവർ പറഞ്ഞതിനൊന്നും ചെവി കൊടുത്തില്ല.
സംഘത്തിന്റെ ഉദ്ഭവത്തിനുള്ള ‘ഉശിരുള്ള വിത്തു പാകിയ’ ആ പുരോഗമന സാഹിത്യസമ്മേളനത്തെക്കുറിച്ച് സി.ജെ. തോമസ് എഴുതിയതോർത്തു പോകുന്നു. ‘ആകാശഗംഗയുടെ സംഗീതവും മനുഷ്യാത്മാവിന്റെ സൗരഭ്യവും തേടി നടക്കുന്ന ഈ സ്വപ്‌നാടനക്കാർക്ക് ജീവിക്കാനെന്തുപായം എന്ന പ്രശ്‌നം അന്ന് ഒരു സാഹിത്യസദസിൽ ആദ്യമായി ചർച്ചാവിഷയമായി’ എന്നാണ് സി.ജെ. തന്റെ അപൂർണലേഖനത്തിൽ വികാരവായ്‌പോടെ എഴുതിയത്. സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കാനും സാഹിത്യകാരന്മാർക്ക് സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാനും വേണ്ടിയാണു സംഘം പിറന്നത്. പക്ഷേ, എഴുത്തുകാരിൽ ഭൂരിപക്ഷവും സാമ്പത്തികമായ വിട്ടുവീഴ്‌ചകൾക്കു തയാറാകാൻ മടിച്ചു.
കിട്ടാനുള്ള കാശ് തീർത്തും വാങ്ങി പോയിട്ടുള്ളവരാണ് കവി വൈലോപ്പിള്ളി ശ്രീധരമേനോനും മറ്റും. ഒരിക്കൽ, കിട്ടാനുള്ള 2756 രൂപ ആവശ്യപ്പെട്ട് വൈലോപ്പിള്ളി സംഘത്തിലെത്തിയതോർക്കുന്നു. അത്രയും തുക ഒരുമിച്ചു നൽകാൻ ഒരു മാർഗവുമില്ല. എഴുനൂറു രൂപ ഇപ്പോൾ തരാമെന്ന് ഭരണസമിതി. ആ തുകയ്‌ക്കുള്ള ചെക്ക് എഴുതി നൽകിയപ്പോൾ വൈലോപ്പിള്ളിക്ക് അൻപത്തിയാറു രൂപ കൂടി വേണമെന്നു നിർബന്ധം. ഒടുവിൽ എങ്ങനെയൊക്കെയോ നുള്ളിപ്പെറുക്കി അൻപത്തിയാറു രൂപ കൂടി കൊടുത്തു കവിയെ യാത്രയാക്കി.
എഴുത്തുകാരന് മുപ്പതു ശതമാനം റോയൽറ്റി എന്നതൊരു ലോകാദ്ഭുതം പോലെ കൊട്ടിഘോഷിക്കപ്പെട്ടല്ലോ. ആ കണക്കൊക്കെ എങ്ങനെയോ സംഭവിച്ചുപോയതാണെന്നാണ് എനിക്കു തോന്നുന്നത്. എല്ലാം കൂട്ടിയും കിഴിച്ചും വന്നപ്പോൾ മുപ്പതു ശതമാനം ബാക്കി കിടക്കുന്നു. എന്നാൽപ്പിന്നെ അത് എഴുത്തുകാരനിരിക്കട്ടെ എന്ന മട്ടിൽ ഉരുത്തിരിഞ്ഞതാണ്. സംഘത്തിന്റെ അവശകാലത്ത് എഴുത്തുകാരനുള്ള ഈ മുപ്പതു ശതമാനത്തിൽ അഞ്ചു ശതമാനമൊന്നു കുറയ്‌ക്കാൻ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. അതുണ്ടാക്കിയ കോലാഹലം എന്തായിരുന്നു! സാഹിത്യകാരന്മാരുടെ സ്വാർഥത മറനീക്കി പുറത്തുവന്നത് അപ്പോഴാണ്. പി. കേശവദേവ് ഉൾപ്പെടെ ഒട്ടേറെപ്പേർ ഒരു ശതമാനംപോലും കുറയ്‌ക്കാൻ സമ്മതിച്ചില്ല. പക്ഷേ ഒരാൾ- അതും എഴുത്തുകൊണ്ടുമാത്രം ജീവിക്കുന്ന ഒരാൾ- സംഘത്തെ അറിയിച്ചു: അഞ്ചല്ല, പത്ത് എടുത്തുകൊള്ളൂ. ഇരുപതു ശതമാനം വരെയാക്കി കുറച്ചാലും എനിക്കു വിരോധമില്ല. അങ്ങനെയെങ്കിലും സംഘം നന്നാകട്ടെ!
അത് വൈക്കം മുഹമ്മദ് ബഷീറായിരുന്നു.
ബഷീറിലേക്ക് എന്നെയടുപ്പിച്ചത് ശോഭന പരമേശ്വരൻനായരാണ്. അവർ ആത്മമിത്രങ്ങളായിരുന്നു. ഞാൻ തൃശൂർ കേരളവർമ കോളജിൽ ബിരുദപഠനം നടത്തുമ്പോൾ എന്റെ സഹമുറിയനായിരുന്നു ശോഭന. ബഷീറിന് അന്ന് എറണാകുളത്ത് ബുക്സ്‌റ്റാളുണ്ട്. വാരാന്ത്യത്തിൽ കടയും പൂട്ടി അദ്ദേഹം തൃശൂർക്കു വച്ചു പിടിക്കും- ശോഭനയെ കാണാൻ. വന്നാൽപ്പിന്നെ ആഘോഷമാണ്. മദ്യപാനവും കഥപറച്ചിലും ചർച്ചകളുമായി അതൊരു കാലമായിരുന്നു. അവർ എന്നെയും ഒപ്പം കൂട്ടി. ബഷീറിനു തൃശൂരെത്താൻ പറ്റിയില്ലെങ്കിൽ ശോഭന എറണാകുളത്തേക്കു ചെല്ലും. ഈ സംഗമവേളകളിലെല്ലാം ഞാനുണ്ട്. എല്ലായ്‌പ്പോഴും മദ്യവുമുണ്ട്. പക്ഷേ അക്കാലത്തൊന്നും മദ്യം ബഷീറിനെ ഉന്മാദിയാക്കിയിരുന്നില്ല. എനിക്കറിയാവുന്ന ബഷീർ മാന്യനായ, അച്ചടക്കമുള്ള മദ്യപാനിയാണ്. മദ്യപിച്ചു ബഹളം വയ്‌ക്കുന്നതോ അക്രമാസക്‌തനാകുന്നതോ ഞാൻ കണ്ടിട്ടില്ല. ആൽക്കഹോളിസം കീഴ്‌പ്പെടുത്തുന്നതിനു മുൻപുള്ള ബഷീറായിരുന്നു അത്. ഭ്രാന്തുപിടിച്ച ഭീകരഭാവനകളും കഠാരഭീഷണിയുമൊക്കെയുള്ള ആ (കു)പ്രസിദ്ധ ബഷീർക്കാലം പിന്നീടാണ്.
വിവാഹിതനായതോടെ ബഷീറിന്റെ കുടി കുറഞ്ഞു. ഭാര്യയെ അടുക്കളയിൽ സഹായിച്ച്, പാചകവുമൊക്കെയായി കൂടി ആഹ്ലാദവാനായി ഓടിനടന്ന ബഷീറിനെ തലയോലപ്പറമ്പിലെ വീട്ടിൽച്ചെന്നപ്പോൾ കണ്ടു. ശോഭന പരമേശ്വരൻനായരുടെ വിവാഹത്തിൽ പങ്കെടുക്കാൻ മാവേലിക്കരയ്‌ക്കു പോകുന്ന വഴി, ബഷീറിനെയും ഒപ്പം കൂട്ടാൻ കയറിയതാണ്. ഉച്ചയൂണ് അവിടെനിന്നായിരുന്നു. നിത്യവഴുതനവള്ളി പടർന്നു പരിലസിക്കുന്ന മുറ്റം. കുറെ നിത്യവഴുതന പറിച്ചെടുത്ത് ബഷീർ അന്നു സാമ്പാറുണ്ടാക്കി. അതിന്റെ രുചി ഇന്നും നാവിലുണ്ട്.
ദേശാടനത്തിന്റെ സുൽത്താനായിരുന്നതുകൊണ്ടാകാം, ബഷീറിനറിയാത്ത പാചകവിധികളില്ലായിരുന്നു. നല്ല ഒന്നാന്തരം പാചകം. ആ കലയെക്കുറിച്ച് പുസ്‌തകമെഴുതിയിട്ടില്ലെങ്കിലും അത്തരമൊരെണ്ണത്തിന് അവതാരികയെഴുതി ബഷീർ അതിന്റെ സ്വാദു കൂട്ടിയിട്ടുണ്ട്- സുഹൃത്ത് വി. അബ്‌ദുള്ളയുടെ ഭാര്യ ഉമ്മി അബ്‌ദുള്ളയുടെ പാചകപുസ്‌തകത്തിന്. പ്രേമലേഖനം ഉൾപ്പെടെ ബഷീറിന്റെ പല രചനകളും ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയത് അബ്‌ദുള്ളയാണ്. ഭാർഗവീനിലയത്തിന്റെ തിരക്കഥാരൂപത്തിന് അവതാരിക എഴുതിയതും അദ്ദേഹം തന്നെ.
ഉമ്മി അബ്‌ദുള്ളയുടെ പാചകകലയെ വാനോളം പുകഴ്‌ത്തിയ ബഷീറും ഒന്നാന്തരം പാചകക്കാരനായിരുന്നു. വിഷയത്തിൽ പരന്ന അറിവ്. വീട്ടിൽ ജോലിക്കു നിർത്താൻ ഒരു പാചകക്കാരനെ അന്വേഷിച്ച പരിചയക്കാരനുമായി ബഷീർ നടത്തിയ സംഭാഷണത്തെപ്പറ്റി കേട്ടിട്ടുണ്ട്. നിങ്ങൾക്കു പറ്റിയ ഒരാളെ എനിക്കറിയാമെന്നു പറഞ്ഞ് ബഷീർ ഏതോ പാചകവിദഗ്‌ധന്റെ ഗുണഗണവർണനം തുടങ്ങി. അയാളുണ്ടാക്കുന്ന ചില വിശിഷ്‌ടവിഭവങ്ങളുടെ പാചകവിധികൾ വള്ളിപുള്ളി വിടാതെ വിവരിച്ചു. വായിൽ വെള്ളമൂറിയ കേൾവിക്കാരന് ഒന്നേ അറിയേണ്ടൂ. ആളാരാണ്?
ഈയിരിക്കുന്ന ഞാൻ തന്നെ! - ബഷീറിന്റെ ഉത്തരം.
സംഘം കാറിൽ തലയോലപ്പറമ്പിലെ വീട്ടിലെത്തി ബഷീറിനെയും കൂട്ടി പരമേശ്വരൻനായരുടെ കല്യാണം കൂടാൻ പോകുമ്പോൾ എനിക്കൊപ്പം ഡീസിയുമുണ്ടായിരുന്നെന്നു പറഞ്ഞിരുന്നല്ലോ. ഡീസി അവിവാഹിതനായി തുടരുന്ന കാലമാണ്. എടോ മാധവൻ നായരേ, ഇയാളെ പിടിച്ചൊന്നു കല്യാണം കഴിപ്പിക്കണം- യാത്രയ്ക്കിടെ ബഷീറിന്റെ നിർദേശം മുഴങ്ങി.
ഡീസി ചിരിക്കുമെന്നാണു ഞങ്ങൾ കരുതിയത്. പക്ഷേ അദ്ദേഹം ചിരിച്ചില്ലെന്നു മാത്രമല്ല, ബഷീർ പറഞ്ഞതു കേട്ട ഭാവം പോലുമില്ലാതെ ചിന്താമഗ്നനായി ഇരുന്നു. ജോലിയുമായി ബന്ധപ്പെട്ട ഏതോ കാര്യത്തിന്റെ ആലോചനയിലായിരുന്നതുകൊണ്ട് പ്രതികരിക്കാതിരുന്നതാണ്. അതായിരുന്നു ഡീസി. ജീവിതത്തിലെ ഓരോ കാര്യങ്ങൾക്കും അതിന്റേതായ സമയമുണ്ടെന്ന അഭിപ്രായക്കാരൻ. ജീവിതത്തെക്കുറിച്ച് ഒരു കർമപദ്ധതി തയാറാക്കി അതനുസരിച്ച് ജീവിച്ചയാൾ.
ശോഭന പരമേശ്വരൻ നായരുടെ ഭാര്യ സരസ്വതിയുമായും ബഷീറിന് അടുത്ത ബന്ധമായിരുന്നു. കത്തിടപാടുകളിലൂടെ ആ ഊഷ്‌മള സൗഹൃദം ബഷീറിന്റെ മരണം വരെയും തുടർന്നു.
പുസ്‌തകം എങ്ങനെ അച്ചടിക്കണമെന്നും രൂപകൽപന ചെയ്യണമെന്നുമെല്ലാം ബഷീറിന് നല്ല നിശ്‌ചയമാണ്. ഇക്കാര്യത്തിൽ ഡീസിയെ കുറെയേറെ ഉപദേശിച്ചിട്ടുമുണ്ട്. ഡീസിയുടേത് വേറെയൊരു പോക്കായിരുന്നു. പുസ്‌തകത്തിന്റെ വലുപ്പമായിരുന്നു അദ്ദേഹത്തിനു പ്രധാനം. വലുപ്പം ഡീസിക്ക് ഒരു ഒബ്‌സഷനായിരുന്നു. കെട്ടിലും മട്ടിലും വലുപ്പത്തിലും എന്തൊരുക്കിയാലും ഡീസിക്കു വലിയ കാര്യമാണ്, ആരാധനയാണ്. ഡീസിയുടെ ഈ വലുപ്പ ഭ്രമത്തെ സി.ജെ. തോമസ് പലപ്പോഴും കളിയാക്കുമായിരുന്നു. ഡീസി വഴിയിലൂടെ നടക്കുമ്പോൾ എതിരെ ഒരു സ്‌ത്രീ വരുന്നെന്നു വിചാരിക്കുക. അവർക്ക് നല്ല വലുപ്പമുള്ള മുലകളുണ്ടെങ്കിൽ ഡീസിക്ക് വലിയ ബഹുമാനമായി- സിജെ തമാശയായി പറയും.
ബഷീറിന്റെ സംഘസ്‌നേഹത്തെക്കുറിച്ചാണു പറഞ്ഞു വന്നത്. സംഘപ്പിറവിക്കു മുൻപ് ബഷീറിന്റെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത് മംഗളോദയമായിരുന്നു. മംഗളോദയം മാനേജിങ് ഡയറക്‌ടർ എ.കെ.ടി.കെ.എം. വാസുദേവൻനമ്പൂതിരിപ്പാടിന് ബഷീറിനെ വലിയ ഇഷ്‌ടമായിരുന്നു. കൊച്ചി മഹാരാജാവിന്റെ സഹോദരി തമ്പുരാട്ടിയെ കൊട്ടാരത്തിൽനിന്നു വിളിച്ചിറക്കി വേളി കഴിച്ച് അസാധാരണ ധൈര്യം കാട്ടിയ ആളായിരുന്നു എ.കെ.ടി.കെ.എം. അദ്ദേഹത്തിന്റെ കൊട്ടാരത്തിലും ദേശമംഗലത്തുള്ള മനയിലും ബഷീറിനു ലഭിച്ചത് ഹൃദ്യമായ ആതിഥ്യമായിരുന്നു. പുസ്‌തകങ്ങൾക്കു ലഭിച്ചത് നാൽപ്പതു ശതമാനം വരെ റോയൽറ്റിയും!
അങ്ങനെ നോക്കിയാൽ സംഘം കൊട്ടിഗ്ഘോഷിച്ച മുപ്പതു ശതമാനം റോയൽറ്റി ബഷീറിനെ സംബന്ധിച്ചിടത്തോളം നഷ്‌ടക്കച്ചവടമായിരുന്നെന്നു പറയാം. എന്നിട്ടും, ബഷീർ തന്റെ പുസ്‌തകങ്ങൾ മംഗളോദയത്തിൽനിന്നു പിൻവലിച്ച് സംഘത്തിനു കൊടുത്തു. എഴുത്തുകാർക്കുവേണ്ടി പിറന്ന സഹകരണപുസ്‌തകപ്രസാധനത്തിന് ഒട്ടേറെ മെച്ചങ്ങളുണ്ടെന്ന് ന്യായം പറഞ്ഞു.
സംഘത്തെ ഇത്രയേറെ സ്‌നേഹിക്കുകയും അതിന് ആയുസു നേരുകയും ചെയ്‌ത ബഷീറിനോട് സംഘം തിരിച്ചെങ്ങനെയാണു പെരുമാറിയതെന്നത് പ്രസാധനചരിത്രത്തിലെ കറുത്ത ഏടാണെന്നു പറയേണ്ടി വരും. അർഹതപ്പെട്ട കാശ് സംഘം കൊടുക്കാതിരുന്നതും സമയാസമയം പുതിയ പതിപ്പുകൾ ഇറക്കാതിരുന്നതും ബഷീറിന്റെ മനസ്സിനെ നോവിച്ചിട്ടുണ്ട്. ഏകീകൃത കവർ രൂപകൽപനപോലെ അദ്ദേഹത്തിനുണ്ടായിരുന്ന നവീന ആശയങ്ങൾ നടപ്പാക്കാൻ സംഘം കൂട്ടാക്കിയിരുന്നുമില്ല. തിരഞ്ഞെടുത്ത കഥകൾക്ക് അവതാരിക വേണമെന്നു സംഘം പിടിവാശി കാട്ടിയപ്പോൾ എന്നെ ആരും അവതരിപ്പിക്കേണ്ട, ഞാൻ സ്വയം അവതരിച്ചുകൊള്ളാമെന്നു പറഞ്ഞ് ബഷീറും നിലപാടെടുത്തു.
ഒരാവശ്യം വരുമ്പോൾ ഒന്നിച്ചൊരു തുക നൽകി സഹായിക്കുന്നതിനുപകരം സംഘം അദ്ദേഹത്തോടു വകുപ്പുകൾ പറഞ്ഞുകൊണ്ടേയിരുന്നു.
കാശുചോദിക്കുമ്പോഴെല്ലാം, ബഷീറിനെന്തിനാ പണം എന്ന് കാരൂർ ചോദിക്കും. ഇതു പതിവായപ്പോൾ ബഷീർ കാശിനൊരു ആവശ്യം ഉണ്ടാക്കിയെടുത്തു: തലയോലപ്പറമ്പിലൊരു വീടു വയ്‌ക്കണം. താനും ഭാര്യ ഫാബിയും ഇപ്പോൾ വാടകവീട്ടിലാണ്. വീടുവയ്‌ക്കാനല്ലേ, ആവശ്യം കമ്മിറ്റി അംഗീകരിച്ചു; പണം അനുവദിച്ചു. ആന നിന്നാൽ കാണാത്തത്ര വലുപ്പമുള്ള വെട്ടുകല്ലുകുഴി കഷ്‌ടപ്പെട്ടു മണ്ണിട്ടു നിരത്തി ബഷീർ ആ വീടു വച്ചു കഴിഞ്ഞപ്പോൾ റോയൽറ്റി വെട്ടിക്കുറയ്‌ക്കുകയാണെന്ന് സംഘം അറിയിച്ചു. പാഠപുസ്‌തകമായ 'ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാർന്ന്' ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ സർക്കാർ ലംഘിച്ചതിനെതിരെ കേസിനു പോകാനുള്ള തുക കണ്ടെത്താനായിരുന്നു ഇരുപതു ശതമാനം റോയൽറ്റി വെട്ടിക്കുറച്ചത്. പിന്നീട് കേസൊന്നും കൂടാതെതന്നെ, കെട്ടിക്കിടന്ന പുസ്‌തകങ്ങൾ സർക്കാർ ഏറ്റെടുത്തു. പക്ഷേ ബഷീറിന്റെ റോയൽറ്റി 20 ശതമാനം വെട്ടിക്കുറച്ചത് സംഘം പൂർവസ്‌ഥിതിയിലാക്കിയില്ല. അതു ബഷീറിനെ വല്ലാതെ വേദനിപ്പിച്ചു. കാരൂരിനോടു പരാതിപ്പെട്ടപ്പോൾ കമ്മിറ്റിയോടു ചോദിക്കണമെന്നായി. അന്യായമായി തട്ടിയെടുത്ത" തന്റെ പണം ഉപയോഗിച്ചാണ് സംഘം പിന്നീടൊരു കാറു വാങ്ങിയതെന്ന് ബഷീർ ഉറച്ചു വിശ്വസിച്ചു. അതിന്റെ നിജസ്‌ഥിതി എനിക്കറിയില്ല. ശരിയായിരുന്നിരിക്കാം.
ബഷീർ ഒരു പ്രതിഭാസംപോലെയായിരുന്നു. മനുഷ്യത്വത്തിന്റെ ഉദാത്തമാതൃക. ഈ ലോകത്തെയും പ്രിയപ്പെട്ടവരെയും സ്വന്തം ആത്മാവോളം സ്‌നേഹിച്ച വ്യക്‌തി. അവർക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയാറായ മനുഷ്യൻ. അതെനിക്കു വ്യക്‌തിപരമായി ബോധ്യപ്പെട്ട ഒരു സന്ദർഭമുണ്ടായിട്ടുണ്ട്:
വയനാട്ടിലെ കൽപ്പറ്റയിൽ നാഷനൽ ബുക് സ്‌റ്റാൾ ശാഖ തുറക്കുകയാണ്. സംഘവും ബഷീറും പരസ്‌പരം അകന്നു കഴിയുന്ന കാലം. ബഷീർ സംഘത്തിന്റെ സ്‌ഥാപക എഴുത്തുകാരിലൊരാൾ. പക്ഷേ കൽപ്പറ്റ ശാഖ ഉദ്‌ഘാടനത്തെപ്പറ്റി അദ്ദേഹത്തെ അറിയിച്ചിട്ടുപോലുമില്ല. ഉദ്‌ഘാടനച്ചടങ്ങിന്റെ ഒരുക്കങ്ങൾക്കായി ഞാൻ തലേന്നുതന്നെ കോഴിക്കോട്ടെത്തി. ബഷീറിനെ വിവരങ്ങളൊന്നും അറിയിക്കാത്തതിന്റെ സങ്കടം എന്റെ മനസ്സിലിരുന്നു വിങ്ങുന്നു. ബേപ്പൂരിൽ നേരിട്ടു ചെന്നു കാണണമെന്നുണ്ട്. പക്ഷേ പ്രതികരണമെങ്ങനെയാകുമെന്ന് ഊഹിക്കാൻ വയ്യ. എൻബിഎസിന്റെ കോഴിക്കോട്ട് ബ്രാഞ്ച് മാനേജർ ശ്രീധരനാണ് എനിക്കപ്പോൾ ധൈര്യം പകർന്നത്. ബഷീറിന് സംഘത്തോടു യാതൊരു വിരോധവുമില്ലെന്നും ആയിടെ ഏതോ സംഭവത്തിൽ സംഘത്തെ ന്യായീകരിച്ചു സംസാരിച്ചിരുന്നെന്നും ശ്രീധരൻ പറഞ്ഞു.
എന്തും വരട്ടെ, ബഷീർ എങ്ങനെ വേണമെങ്കിലും പ്രതികരിച്ചുകൊള്ളട്ടെ, ഞാൻ ബേപ്പൂർക്കു പോകാൻ തീരുമാനിച്ചു. ഞാൻ വൈലാലിൽ വീട്ടിലെത്തുമ്പോൾ ആസ്‌ത്‌മ കടുത്ത് ബഷീർ വലിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങൾ പറഞ്ഞു. നല്ല കാര്യമെന്നു ബഷീർ.
കൽപ്പറ്റയിൽ എൻബിഎസ് ശാഖയായാൽ പുസ്‌തകം വാങ്ങാനിനി വായനക്കാർക്കു വയനാടുചുരമിറങ്ങേണ്ട. വളരെ നല്ല കാര്യം. ഉദ്‌ഘാടനത്തിനു ഞാൻ വരാം!
അതു കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം. ബഷീർ ചടങ്ങിനു വരാൻ തയാറാകുമെന്നതു പോയിട്ട് സന്തോഷത്തോടെ സംസാരിക്കുമെന്നുപോലും കരുതിയല്ല കാണാൻ ചെന്നത്. പിറ്റേന്നു രാവിലെ പത്തരയ്‌ക്ക് സഹകരണവകുപ്പുമന്ത്രി എം. കമലമാണ് ബ്രാഞ്ച് ഉദ്‌ഘാടനം ചെയ്യുന്നത്. ബേപ്പൂരുനിന്ന് ഏഴുമണിക്കെങ്കിലും പുറപ്പെടേണ്ടി വരും.
ഞാൻ വരാം- ബഷീർ പറഞ്ഞു.
രാവിലെ ആറരയ്‌ക്കു കാറു കൊണ്ടുവരാമെന്നും പറഞ്ഞ്, ചായ കുടിച്ച് ഞാൻ മടങ്ങി. രാവിലെ കാറുമായി ബേപ്പൂരിനു പുറപ്പെടുമ്പോഴും എനിക്കൊരുറപ്പുമില്ലായിരുന്നു. ബഷീർ വരാനിടയില്ല. പക്ഷേ വീട്ടിൽ ചെന്നപ്പോൾ, എന്റെ സന്ദേഹങ്ങളെയാകെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ബഷീർ കൽപ്പറ്റ യാത്രയ്‌ക്കൊരുങ്ങിയിരിക്കുന്നു. ശുഭ്രവസ്‌ത്രമണിഞ്ഞ്, എന്നെയും കാത്തിരിക്കുകയാണ്. ഫാബി എനിക്കു സുലൈമാനിയുമായെത്തി.
നേരത്തേ വിളിച്ചുണർത്തണമെന്ന് ഇവളോടു പറഞ്ഞു ചട്ടം കെട്ടിയിരുന്നെങ്കിലും അതിന്റെ ആവശ്യം വേണ്ടി വന്നില്ല. വലിവു കൂടിയതു മൂലം ഇന്നലെ രാത്രി ഞാനുറങ്ങിയതേയില്ല!- ബഷീർ പറഞ്ഞു.
ബഷീറിനെയും കൊണ്ടു കൽപ്പറ്റയിലെത്തിയപ്പോൾ ജനസാഗരമായിരുന്നു. ബേപ്പൂർ സുൽത്താൻ ഉദ്‌ഘാടനച്ചടങ്ങിനു വരുന്നുണ്ടെന്നറിഞ്ഞ് ആൾക്കൂട്ടം കാത്തുനിൽക്കുകയായിരുന്നു. ഉദ്‌ഘാടനച്ചടങ്ങു കഴിഞ്ഞ് ബഷീറിനെ വീട്ടിൽ തിരിച്ചെത്തിച്ചപ്പോൾ രാത്രി പതിനൊന്നുമണി.
എന്റെ ബഷീർ ഓർമകളിൽ ഏറ്റവും ഹൃദ്യമായി ഞാൻ സൂക്ഷിക്കുന്നത് ഈ സംഭവമാണ്.