കുമാരനാശാന്റെ സീതയില്‍ മാത്രമേ സീത പറഞ്ഞ കടുവാക്കുകളുടെ പരാമര്‍ശമുള്ളുവെന്നും സാക്ഷാല്‍ കാളിദാസന്‍ പോലും അതിന് ധൈര്യപ്പെട്ടില്ലെന്നും നിരൂപക ഡോ. എം. ലീലാവതി. കൃതി വിജ്ഞാനോത്സവത്തില്‍ ചിന്താവിഷ്ടയായ സീതയുടെ 100 വര്‍ഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവർ. 

സീതാകാവ്യത്തിന്റെ ആദ്യപകുതിയില്‍ നിറയെ സീത രാമനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ സീതയുടെ മനസ്സ് മാറുന്നതാണ് അനുവാചകര്‍ കാണുന്നത്.

കാളിദാസന്റെ സീത താനനുഭവിക്കുന്ന ദു:ഖങ്ങള്‍ക്ക് കഴിഞ്ഞ ജന്മത്തിലെ തെറ്റുകളെ പഴിക്കുമ്പോള്‍ കുമാരനാശാന്റെ സീത ഈ ജന്മത്തില്‍ത്തന്നെ താന്‍ ചെയ്ത തെറ്റുകളെ കണ്ടെത്തി ഓര്‍ക്കുകയാണ്. ദുഷ്യന്തനെ വെള്ള പൂശിയപോലെ സീത തെറ്റു ചെയ്തിട്ടില്ലെന്ന് തമസ്‌ക്കരിക്കുകയാണ് കാളിദാസന്‍. സാക്ഷാല്‍ വിവേകാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പോലും സീതയുടെ തെറ്റുകള്‍ കണ്ടില്ല. രാമന്‍ അനേകമുണ്ടാവാം എന്നാല്‍ സീത ഒന്നുമാത്രം എന്നാണ് വിവേകാനന്ദന്‍പോലും പറഞ്ഞത്. എന്നാല്‍ വാത്മീകി രാമായണത്തില്‍ സീതയുടെ എത്രയോ കടുവാക്കുകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. സീതയ്ക്ക് തെറ്റുപറ്റില്ല എന്നൊരു വിചാരമുണ്ട്. അത് ഉപേക്ഷിക്കപ്പെട്ടവളോടുള്ള അനുകമ്പയില്‍ നിന്നുണ്ടാകുന്നതാകണം. ആശാന്‍ മാത്രം വാത്മീകിയില്‍ നിന്ന് വ്യതിചലിച്ചില്ല.

മനുഷ്യരായ മനുഷ്യര്‍ക്കൊക്കെ ഓര്‍ക്കാപ്പുറത്ത് തെറ്റു പറ്റാം. അത്തരം തെറ്റാണ് ലക്ഷ്മണനോട് സീത പറഞ്ഞ കടുവാക്കുകള്‍. കനിവാര്‍ന്ന് അനുജാ ആ വാക്കുകള്‍ പൊറുക്കണം എന്നാണ് ആശാന്റെ സീത പറയുന്നത് നമ്മളാരും, സീതയും രാമനും ഉള്‍പ്പെടെ, പരമമായ നന്മയുെട അവതാരങ്ങളല്ല.

ഇന്നത്തെക്കാലത്ത് രാജാവിനെപ്പറ്റി അപവാദം പറഞ്ഞാല്‍ ആ ആളെപ്പറ്റി പിന്നെ കേള്‍ക്കുകയില്ല. എന്നാല്‍ രാമന്‍ എന്ന രാജാവ് രാജ്യലക്ഷ്മിയുടെ ഹിതം നോക്കുകയായിരുന്നു. രാജ്യത്തിന്റെ ഐശ്വര്യം രാജാവിന്റെ രണ്ടാം ഭാര്യയാണ്. രാമന്‍ അതു വെടിഞ്ഞില്ല എന്ന സീതയുടെ പരിഭവമാണ് ആദ്യഭാഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ശ്ലോകം. രാമന്റെ കൂടെ സീത വനവാസത്തിനു പോയി. എങ്കില്‍ എന്തുകൊണ്ട് ഒടുവില്‍ കാട്ടില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ സീതയുടെ കൂടെ രാമനും വനവാസത്തിനു പോയില്ല? നാടു ഭരിക്കുവാന്‍ യോഗ്യന്മാരായ സഹോദരര്‍ ഉണ്ടായിരുന്നല്ലോ, ആശാന്റെ സീത ചോദിക്കുന്നു. 

ഉപബോധമനസ്സിലെ ശ്ലോകം എന്നെല്ലാം പറഞ്ഞ് ഏറെ പ്രധാനപ്പെട്ട 84-ാം ശ്ലോകം അഴീക്കോട് തെറ്റായി വ്യാഖ്യാനിച്ചു. പടുരാക്ഷസ ചക്രവര്‍ത്തിയിലെ പടു എന്ന വാക്കിലാണ് പി.കെ. ബാലകൃഷ്ണന് തെറ്റു പറ്റിയത്. 

സീതയുടെ അപവാദം നിര്‍മാര്‍ജനം ചെയ്യാനാണ് വാത്മീകിയുടെ ആശ്രമത്തിനരികില്‍ത്തന്നെ രാമന്‍ സീതയെ ഉപേക്ഷിക്കുന്നത്. അതാണ് രാമായണം. മഹര്‍ഷിയുടെ ചിന്താഗതി തന്നെയാണ് കുമാരനാശാനും പുലര്‍ത്തുന്നത്. സീതാകാവ്യത്തിലൂടെ, സീതയുടെ വാക്കുകളിലൂടെ രാമന്‍ വിശുദ്ധനാണെന്ന് ആശാന്‍ തെളിയിക്കുന്നു. കുറ്റബോധത്തില്‍ നീറി നീറി സീത ശുദ്ധയാകുന്നതും നമ്മള്‍ കാണുന്നു.