നവോത്ഥാനത്തിനു ലിംഗനീതി നടപ്പാക്കാനായില്ല: സാറാ ജോസഫ്
സ്ത്രീ സമത്വവുമായി ബന്ധപ്പെട്ടു നവോത്ഥാനകാലത്തു മാറ്റമോ വിമോചനമോ അല്ല ഒത്തുതീർപ്പിലധിഷ്ഠിതമായ പരിഷ്‌കരണം മാത്രമാണുണ്ടായതെന്നു സാറാ ജോസഫ്. നവോത്ഥാന കാലത്തു ചില പരിശ്രമങ്ങളുണ്ടായെങ്കിലും ലിംഗനീതി നടപ്പാക്കാനായില്ല. വേണമെങ്കിൽ പുരഷന്റെ മേന്മയ്ക്കു വേണ്ടി സ്ത്രീ അബലയായിത്തന്നെ ഇരുന്നോട്ടെ, എന്നാൽ അവളുടെ പട്ടുചേലയുടെ വക്കു വേണം രാജ്യത്തിന്റെ മുറിവു കെട്ടാൻ എന്നാണു വി.ടി. ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ’ എന്ന നാടകത്തിന്റെ ആദ്യ പതിപ്പുകളുടെ അവസാനഭാഗത്തു കുറിച്ചത്. ഇത് ഒത്തുതീർപ്പാണ്.
മറ്റൊരു നാടകമുണ്ട്. അക്കാലത്തു സ്ത്രീകൾ നിർമിച്ച് പുറത്തിറക്കിയ ‘തൊഴിൽ കേന്ദ്രത്തിലേക്ക് ’. ആ നാടകത്തിൽ ഒരു ഒത്തുതീർപ്പുമില്ലായിരുന്നു. തൊഴിലെടുക്കാനുള്ള അവകാശത്തെക്കുറിച്ചും അത് ഭർത്താവും പിതാവും അടക്കം ആർക്കും നിഷേധിക്കാൻ പറ്റില്ലെന്നും സ്ത്രീകൾ പ്രഖ്യാപിച്ച ആ നാടകം പാർശ്വവൽക്കരിക്കപ്പെട്ടപ്പോൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു ചർച്ചചെയ്യപ്പെട്ടതാണു നവോത്ഥാന കാലഘട്ടത്തിൽ സംഭവിച്ചതെന്നു സാറാ ജോസഫ് പറഞ്ഞു. ഭീതി ഒരു അനുഭവമായി നിലനിൽക്കുന്ന കാലത്താണ് ഇപ്പോൾ നാം ജീവിക്കുന്നത്. മുഖ്യധാരാ എഴുത്തിൽ സ്ത്രീകളുടെ ഇടം അംഗീകരിക്കുന്നതിൽ നിരൂപണ രംഗത്തെ പ്രമുഖർ നിഷേധാത്മക സമീപനം സ്വീകരിക്കുന്നു. ലിംഗനീതി പറയാൻ എളുപ്പമാണെങ്കിലും പ്രായോഗിക തലത്തിൽ യാഥാർഥ്യമാവുന്നില്ല. സംഗീത ശ്രീനിവാസൻ, സെന്റ് സേവ്യേഴ്‌സ് കോളജ് ഇംഗ്ലിഷ് വിഭാഗം മേധാവി മിലൻ ഫ്രാൻസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.