അഞ്ചാം വയസ്സിൽ പോളിയോ തളർത്തി; വിധിയോട് പൊരുതിയ എഴുത്തുകാരി സരസു ഇനി ഓർമ
അക്ഷരങ്ങളിലൂടെ അനശ്വരരാകാന്‍ കഴിയുന്നത് അപൂര്വഭാഗ്യങ്ങളിലൊന്നാണ്. പ്രതിഭാശാലികളായ എഴുത്തുകാര്‍ക്കു മാത്രം ലഭിക്കുന്ന സുകൃതം. എഴുത്തും എഴുത്തുകാരും സ്വപ്നങ്ങള്‍ക്ക് അപ്പുറമായിരുന്നെങ്കിലും സരസുവും ഓര്‍മിക്കപ്പെടുകയാണ്-അക്ഷരങ്ങളിലൂടെ. അസുഖക്കിടക്കയിലേക്ക് വലിച്ചെറിയപ്പെട്ടുവെങ്കിലും ആകാരമൊത്ത ഒരാളായിത്തന്നെ മനസ്സില്‍ നിറയുകയാണ്. എഴുതിയത് വളരെക്കുറിച്ചുമാത്രമെങ്കിലും അതിജീവിക്കുകയാണ്. സരസു തന്നെ എഴുതിയതുപോലെ കാര്‍മേഘത്തിനും മീതെ പ്രഭ ചൊരിയുന്ന സൂര്യനെപ്പോലെ മരണത്തിനുശേഷം ജീവിക്കുകയാണ്.... സരസു എന്ന സരസു തോമസ്. ഇതാണെന്റെ കഥയും ഗീതവും എന്ന പൂസ്തകത്തിലൂടെ. ചിറകറ്റുവീണ രാപ്പാടി ഇല്ലാത്ത ചിറകിന്റെ താളത്തില്‍ പാടുന്ന പാട്ടുപോലെ.
1960-ലെ ക്രിസ്മസ് കാലം. ആകാശത്ത് നക്ഷത്രങ്ങളും ഭൂമിയില്‍ നന്മയും മിഴിതുറന്ന ആ മഞ്ഞുകാലത്താണ് സരസുവിന് സാധാരണ ജീവിതം നിഷേധിക്കപ്പെട്ടതും. അഞ്ചാം വയസ്സില്‍. വില്ലനായത് പോളിയോ. ശരീരം തളര്‍ന്ന ആ കുട്ടി പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ല. സാധാരണപോലെ ഒന്ന് ഇരുന്നിട്ടുപോലുമില്ല. സ്കൂളില്‍ പോയിട്ടില്ല. വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. പക്ഷേ, തളരാത്ത മനസ്സിന്റെ ശക്തിയില്‍ സരസു പഠിച്ചത് രണ്ടു ഭാഷകള്‍. എഴുതിക്കൂട്ടിയത് പുസ്തകങ്ങള്‍. അവയാകട്ടെ ആലംബമറ്റവര്‍ക്ക് ആശ്രയമായും തളര്‍ച്ചയില്‍ കരുത്തായും നിരാശയില്‍ പ്രതീക്ഷയായും സ്വന്തം മരണത്തെപ്പോലും അതിജീവിച്ച് പ്രഭ പരത്തുന്നു. തൂവല്‍ കൊഴിഞ്ഞിട്ടും വേദനയാലുള്ളം തേങ്ങിയിട്ടും പാടുന്ന രാപ്പാടിയുടെ പാട്ടുപോലെ.
സരസു എന്ന സരസു തോമസിനെ ഓര്‍മിക്കാന്‍ പ്രത്യേകിച്ചൊരു കാരണം വേണ്ട. വേദനയുടെ ഓരോ നിമിഷത്തിലും പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും ക്ഷണിക്കാതെയെത്തുന്ന പ്രിയപ്പെട്ട അതിഥിയെപ്പോലെ സരസു മനസ്സില്‍ നിറയും. നേരിട്ടു കണ്ടതുകൊണ്ടല്ല-ജീവന് തുടിക്കുന്ന ഒരു പുസ്തകത്തിലൂടെ. ഇതാണെന്റെ കഥയും ഗീതവും. ഇക്കഴിഞ്ഞദിവസം ഒരിക്കല്‍ക്കൂടി ഇതാണെന്റെ കഥയും ഗീതവും കൈയിലെടുത്തു- വിറയ്ക്കുന്ന അക്ഷരങ്ങളില്‍ സരസു കുത്തിക്കുറിച്ച കവിത വായിച്ചു.....
ചിറകറ്റുവീണൊരു രാപ്പാടിയെങ്കിലും
പാടുമിന്നും ഞാന്‍ പാടും
ആളും ആരവങ്ങളുമില്ലാതെ ജീവിച്ച ഒരു എഴുത്തുകാരിക്ക് വിടനല്കാന്. വേദനയുടെ തീവ്രനിമിഷങ്ങളിലും ജീവിതം അനുഗ്രഹമാണെന്നു പഠിപ്പിച്ച അധ്യാപികയ്ക്ക് യാത്രാമൊഴിയേകാന്‍.
കമിഴ്ന്നുകിടന്ന് സ്വാധീനമില്ലാത്ത കൈകള്‍കൊണ്ട് തിരുവനന്തപുരം ചെഷയര്‍ ഹോമില്വച്ചാണ് സരസു ആത്മകഥ എഴുതുന്നത്. ആറുമാസത്തില്ത്താഴെ മാത്രം ഒന്നാം ക്ലാസ് വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള യുവതി. നേടാന്‍ കഴിയുന്ന അറിവൊക്കെ നേടിയവര്‍പോലും പിന്നീട് ആവര്‍ത്തിച്ചുവായിച്ചു സരസുവിന്റെ ജീവിതപുസ്തകം. ഓരോ വായനയിലും പുതിയ പുതിയ അറിവുള്ക്കൊണ്ടു. ജീവിതപാഠങ്ങള്‍ പഠിച്ചു. കടുത്ത ഏകാന്തതയിലും ശപിക്കപ്പെട്ട വേദനയുടെ കയ്പ് മറന്നു.
ജീവിതം മുഴുവന്‍ ഒരു ഇരുണ്ട മുറിയില്‍ അടയ്ക്കപ്പെട്ടുവെങ്കിലും സരസുവിന്റെ പുസ്തകത്തിലും ജീവിതത്തിലും ഇല്ലാതിരുന്നത് ഇരുട്ടു മാത്രമായിരുന്നു. പകയുടെയും വിദ്വേഷത്തിന്റെയും ഇരുട്ട്. ഇരുട്ടിനൊടുവില്‍ തെളിയുന്ന വെളിച്ചമാകട്ടെ ആ ജീവിതം മുഴുവന്‍ നിറഞ്ഞുനില്ക്കുകയും ചെയ്തു. തിരക്കിനിടെ, വേഗതയ്ക്കിടെ, വിശ്രമമില്ലാത്ത അലച്ചിലിനിടെ നാം കാണാതെ പോകുന്ന എത്രയോ കാഴ്ചകള്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട് സരസു. മുത്തങ്ങാച്ചെടി തന്നെ നല്ല ഉദാഹരണം. മുറ്റത്ത് ആരോടും അനുവാദം ചോദിക്കാതെ മുളച്ചുവരാറുണ്ട് മുത്തങ്ങാച്ചെടികള്. സമയം കിട്ടുമ്പോള്‍ ആര്‍ക്കും ഒരു ഉപകാരവുമില്ലാത്ത ആ ചെടികള്‍ പറിച്ചുകളയും. കൂടുതല്‍ വളരാന്‍ അനുദിക്കാറില്ല. അകാലത്തില്‍ പിഴുതെറിയപ്പെട്ട മുത്തങ്ങാച്ചെടികളായിരുന്നു ഒരിക്കല്‍ സരസുവിന് കൂട്ട്. വീടിന്റെ മുന്വാതില്ക്കല് ചാരുകസേരയില്‍ തലയിണകളില്‍ ചാരിയിരുത്തപ്പെട്ട കാലത്ത്. വളരാന്‍ കൊതിക്കുകയും പിഴുതെറിയപ്പെടുകയും ചെയ്യുന്ന മുത്തങ്ങാച്ചെടികളെ നോക്കിയിരുന്ന് ജീവിതത്തിന്റെ നൈമിഷികത പഠിച്ച സരസു ഇക്കഴിഞ്ഞദിവസം യാത്രയായി; മായാത്ത ഓര്‍മയായി ഇതാണെന്റെ കഥയും ഗീതവും എന്ന ആത്മകഥ സമ്മാനിച്ചിട്ട്. കഥ തീരുന്നില്ല; കവിതയും. സരസുവിന്റെ പ്രിയപ്പെട്ട കവിതയിലെ അവസാന വരികള്‍ വീണ്ടും മുഴങ്ങുന്നു ....
രാഗമില്ലെങ്കിലും താളമില്ലെങ്കിലും
താരകമണിദീപം കൊളുത്തിയില്ലെങ്കിലും
പാതിരാപ്പൂവുകള്‍ മിഴി തുറന്നീടുമ്പോള്‍
പാടും വീണയാകും ഞാന്‍...
പാടും വീണയാകും....