ദിവസങ്ങളായി കേരളം ഉള്ളിൽ തട്ടി കരയുന്നുണ്ട് തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനിരായ ആ ഏഴുവയസ്സുകാരനു വേണ്ടിയും, കരുനാഗപ്പള്ളി ഓയൂരിൽ ഭർതൃവീട്ടുകാരുടെ മർദ്ദനങ്ങൾക്കൊടുവിൽ പട്ടിണി കിടന്ന് മരിക്കേണ്ടി വന്ന പെൺകുട്ടിയെ ഓർത്തും. സമ്പൂർണസാക്ഷരതയിലും, രാഷ്ട്രീയ ബോധത്തിലുമൊക്കെ ഒരുപടി മുന്നിലെന്ന് അഭിമാനിക്കുമ്പോഴും ഇത്തരം ഒറ്റപ്പെട്ട (ഒറ്റപ്പെട്ടതോ?) സംഭവങ്ങൾ നമ്മളെ കൂടുതൽ അസ്വസ്തരാക്കുണ്ട്. അടങ്ങി ഒതുങ്ങികഴിയണമെന്നു പറഞ്ഞ് പെൺമക്കളെ വളർത്തുമ്പോൾ അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെകുറിച്ച് ചിന്തിക്കാറുണ്ടോ? ഇത്തരത്തിൽ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതാണ് സമൂഹമാധ്യമത്തിൽ ശാരദക്കുട്ടി പങ്കുവെച്ച രണ്ട് കുറിപ്പുകൾ. 

കുടുംബഭദ്രതയ്ക്ക് എന്ന പേരിൽ പെണ്ണുങ്ങളെ ബലിയാടാക്കുന്നതിനെ കുറിച്ച് ശാരദക്കുട്ടി എഴുതിയ കുറിപ്പ്–

"അന്നു രാത്രി ഊണു കഴിഞ്ഞ് കിടക്കുന്നതിനു മുൻപ് പിള്ളാരെ വളർത്തേണ്ട രീതിയെപ്പറ്റി അവിടെയുള്ള പിതാക്കന്മാരോടു ഞാൻ സംസാരിച്ചു. തളളമാർക്ക് ശരിക്കു ചോറു കൊടുക്കേണ്ട കാര്യത്തെക്കുറിച്ചും സംസാരിച്ചു." ( വൈക്കം മുഹമ്മദ് ബഷീർ )

ചോറും നല്ല കറികളുമെല്ലാം ആണുങ്ങൾക്കു കൊടുത്തിട്ട് ഉണക്കുകപ്പ പൊടിച്ച് പുട്ടുണ്ടാക്കി അതും തേയില തിളപ്പിച്ച വെള്ളവും കുടിക്കുന്ന പെണ്ണുങ്ങൾ ബഷീറെഴുതിയ പോലെ ഇന്നും പല ഭർതൃവീടുകളിലുമുണ്ട്. പെറ്റു കിടക്കുന്ന തള്ളയാട് നേന്ത്രപ്പഴം കട്ടു തിന്നപ്പോൾ പാത്തുമ്മാ പറഞ്ഞത്, 'പോട്ടെ ഇക്കാക്കാ, അതിനു വെശന്നിട്ടാ, ഞാൻ വേറെ രണ്ടെണ്ണം വാങ്ങിത്തരാം' എന്നാണ്.

ഇന്നലെ മരിച്ച സ്ത്രീക്ക് അതു പോലുമുണ്ടായിരുന്നില്ല. 20kg!!!! വായിൽ തിരുകിയ തുണികൾ അവരുടെ അലർച്ച പുറത്തേക്കു കൊണ്ടുവരികയില്ല. പുറത്തേക്കു വന്നാലും അന്യവീടുകളിലെ പ്രശ്നങ്ങളിൽ പഴയതുപോലെ സമൂഹം ഇടപെടുകയില്ല. എല്ലാം ഓരോ വ്യത്യസ്ത യൂണിറ്റാണ്. ചെന്നു കയറി ഇടപെടാൻ പാടില്ലാത്ത വിധം അടച്ചത്.

അധികാരിയുടെ ഉടൽ ഭർത്താവിൽ നിന്ന് അയാളുടെ അമ്മയിലേക്കും നീളുന്നു. ആണാവുക മാത്രമല്ല, ആണിന്റെ അമ്മയാകുന്നതും ഒരധികാരമാണ്, അവകാശമാണ്. വീട്ടിലേക്കു വന്നു കയറുന്ന പെൺകുട്ടിയുടെ ജീവിതമൊന്നും അവരുടെ അജണ്ടയിലില്ല. ആൺകോയ്മയുടെ യുക്തികളെ അവർ ലളിതമായി സംരക്ഷിക്കും. പാലങ്ങളുറപ്പിക്കാൻ നരബലി നടത്തുന്നതു പോലെ കുടുംബ 'ഭദ്രതയ്ക്ക്' വേണ്ടി ഇവർ പെൺ ബലി നടത്തും. 'ഭദ്രത' പ്രധാനമല്ലേ? അതിനാൽ അടങ്ങിയൊതുങ്ങിക്കഴിയാൻ ഇനിയും പെൺകുട്ടികളോടു നാം പറഞ്ഞു കൊണ്ടേയിരിക്കും.

അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല. പക്ഷേ, കൂടെ ജീവിച്ചു തുടങ്ങുമ്പോൾ ഒരു ശ്വാസത്തിലെങ്കിലും ദുഷ്ടത അനുഭവപ്പെട്ടാൽ ഒഴിവാക്കാൻ കഴിയണമെന്ന് ഓർമിപ്പിക്കുന്നുണ്ട് മറ്റൊരു കുറിപ്പിൽ ശാരദക്കുട്ടി.

ഞാൻ കാഞ്ചന ടീച്ചറെ ഓർക്കുന്നു. കുഞ്ഞിന് ഒരു വയസ്സുള്ളപ്പോൾ ടീച്ചർ വിധവയായി. അതിസുന്ദരിയായ ടീച്ചറെ പുനർവിവാഹം ചെയ്യാൻ പലരും തയാറായി. പരിചയപ്പെട്ട്, വളരെ അടുത്തിടപഴകി, ബോധ്യപ്പെട്ട ഒരു സുഹൃത്തിനെ ടീച്ചർ പുനർവിവാഹം ചെയ്തു. മൂന്നാമത്തെ ദിവസം അയാൾ പറഞ്ഞു കുട്ടിയെ മാറ്റിക്കിടത്തണം. ടീച്ചർ പറഞ്ഞു, സാവകാശം അവൻ തനിയെ മാറിക്കിടക്കും, അല്ലാതെ അവന് ഷോക്കുണ്ടാകുന്ന ഒന്നും ഞാൻ ചെയ്യില്ല. രണ്ടു ദിവസത്തിൽ കൂടുതൽ അയാളുടെ അസഹ്യതയും ഗൗരവവും സഹിക്കാൻ ടീച്ചർ തയാറായില്ല. വിവാഹത്തിന്റെ ആറാം ദിവസം അയാളോട് ബന്ധം തുടരാൻ സാധ്യമല്ല, അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്ന് ടീച്ചർ തീർത്തു പറയുകയും അയാളെ പറഞ്ഞു വിടുകയും ചെയ്തു.

ടീച്ചർ വരുമാനമുള്ളതുകൊണ്ടും ആത്മാഭിമാനമുള്ളതുകൊണ്ടും രക്ഷപ്പെട്ടു. ഇന്നും പുറം നിറഞ്ഞു കിടക്കുന്ന ആ മുടിയും വിരിച്ചിട്ട് ടീച്ചർ,തലയുയർത്തി നടന്നു പോകുന്നതു കാണുമ്പോൾ ബഹുമാനമേ തോന്നിയിട്ടുള്ളു. പുനർവിവാഹത്തിനും ആരേയും ഭയന്നില്ല, അതു വേണ്ടെന്നു വെക്കാനും ആരോടും ചോദിച്ചില്ല.തന്റെ മാത്രമായ കുഞ്ഞിനെ സ്നേഹിക്കാൻ അയാൾക്കു പറ്റില്ലെന്ന് ടീച്ചർക്കു ബോധ്യപ്പെട്ടിരുന്നു.

അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല. പക്ഷേ, കൂടെ ജീവിച്ചു തുടങ്ങുമ്പോൾ ഒരു ശ്വാസത്തിലെങ്കിലും ദുഷ്ടത അനുഭവപ്പെട്ടാൽ ഒഴിവാക്കാൻ കഴിയണം. വരുമാനമുള്ള ഒരു സ്ത്രീക്ക് അടിമത്തത്തിന്റെ ആവശ്യമേയില്ല. വെയിലത്ത് നടക്കുമ്പോൾ കൂടെയുള്ളയാൾ തണലാകുന്നില്ലെങ്കിൽ, ഒറ്റക്ക് ആ വെയിൽ കൊള്ളാൻ തയ്യാറാകണം. അതിനു വരുമാനം വേണം. അതുണ്ടാക്കിയിട്ട് പ്രണയിക്കണം.

കാഞ്ചന ടീച്ചർ മാതൃകയാകട്ടെ. പിഞ്ചുകുഞ്ഞിന്റെ മരണവേദന കണ്ടാൽ ആർക്കാണ് നെഞ്ച് വേകാതിരിക്കുക. സ്ത്രീകൾ പ്രായോഗികമായ ബുദ്ധി ഉപയോഗിച്ചു ജീവിക്കൂ.. ആണായാലും പെണ്ണായാലും സ്വന്തം സുരക്ഷിതത്വം, സമാധാനം എല്ലാം പ്രധാനമാണ്. ഉത്തമ സാമൂഹിക ജീവി ആയിരിക്കാനും അതു വേണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT