തന്റെ ബാല്യകാലം മുതലേ പുസ്തകങ്ങളെ സ്നേഹിച്ചു വളർന്ന നടനാണ് പൃഥ്വിരാജ്. ഒരു പബ്ലിക് ലൈബ്രറിയോട് കിടപിടിക്കാവുന്നത്ര വലിയ പുസ്തകശേഖരമാണ് തന്റെ അച്ഛൻ സുകുമാരനുണ്ടായിരുന്നതെന്ന് പൃഥ്വിരാജ് മുന്‍പ് പറഞ്ഞിട്ടുണ്ട്.

നിറം പിടിച്ച പുസ്തകച്ചട്ടകൾക്കിടയിലെ കറുത്ത വരികളിലൂടെ പൃഥ്വിരാജ് നടത്തിയ യാത്രകൾ ഇന്നെത്തി നിൽക്കുന്നത് അഭ്രപാളികളിൽ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സംവിധായകനിലാണ്. ലൂസിഫർ എന്ന സിനിമയിൽ വിവേക് ഒബ്റോയ് അവതരിപ്പിച്ച കഥാപാത്രം മകൾക്ക് സമ്മാനിക്കുന്ന ഒരു പുസ്തകമുണ്ട്. നീലയും ചുവപ്പും കലർന്ന കവറോടു കൂടിയ ആ പുസ്തകം പൃഥ്വിരാജ് എന്ന വ്യക്തിക്കും ഏറെ പ്രിയപ്പെട്ടതാണ്. പുസ്തകത്തിന്റെ പേര് – ശാന്താറാം. ആസ്ട്രേലിയൻ സ്വദേശിയായ ഗ്രിഗറി ഡേവിഡ് റോബർട്ട്സ് (Gregory David Roberts) 2003 ൽ മുംബൈ പശ്ചാത്തലമാക്കി പുറത്തിറക്കിയ പുസ്തകമാണ് ശാന്താറാം.

ഒരു പുസ്തകം വായിച്ച് അതിൽ പകർത്തി വച്ചിരിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് വായനക്കാർക്ക് ചിലപ്പോൾ തോന്നാറുണ്ട്. ശാന്താറാം വായിച്ച് അതിൽ പറയുന്ന സ്ഥലങ്ങൾ നേരിൽ കാണാൻ കൊതിതോന്നിയെന്ന് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജിന്റെ ആ ആഗ്രഹത്തിന് സഹയാത്രികയായി കൂട്ടുനിന്നത് അന്ന് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തും ജേർണലിസ്റ്റുമായ സുപ്രിയ മേനോനാണ്.

ശാന്താറാമിൽ വിവരിക്കുന്ന മുംബൈയിലെ ലിയോപോൾഡ് കഫേ (2008 ൽ ഭീകരാക്രമണം നടന്ന സ്ഥലങ്ങളിൽ ഒന്ന് ഇവിടമായിരുന്നു), ഹാജി അലി തുടങ്ങിയ സ്ഥലങ്ങളിൽ അവരൊന്നിച്ച് യാത്ര ചെയ്തു. പുസ്തകയാത്രയിലെ ആ കൂട്ടുകാരി പൃഥ്വിരാജിന്റെ ജീവിതപങ്കാളിയായി. 

ഒരു പുസ്തകം സിനിമയാക്കാൻ അവസരം ലഭിച്ചാൽ ഏത് തിരഞ്ഞെടുക്കുമെന്ന് ഒരു ടിവി അഭിമുഖത്തിൽ പൃഥ്വിരാജിനോട് ചോദിച്ചപ്പോൾ മറുപടി ഉടനെ വന്നു– ശാന്താറാം. 

2003–ൽ ഈ പുസ്തകം അന്താരാഷ്ട്ര വിപണിയിൽ വൻതോതിൽ വിറ്റഴിഞ്ഞപ്പോൾ മുതൽ അതിന്റെ സിനിമാ ചർച്ചകൾ കേട്ട് തുടങ്ങിയതാണ്. പല വൻസംവിധായകരുടെയും സൂപ്പർ താരങ്ങളുടേയും പേരുകൾ ആ പ്രോജക്ടിനോടൊപ്പം ചേർന്നു വന്നെങ്കിലും ഇന്നും അത് ബിഗ് സ്ക്രീനിലെത്തിയിട്ടില്ല. ആ പേരുകളിൽ ഇന്ത്യൻ സൂപ്പർ താരം അമിതാഭ് ബച്ചനും ഉൾപ്പെടുന്നു. 

നിരൂപക പ്രശംസ നേടിയ പല ഇംഗ്ലിഷ് ചിത്രങ്ങളുമൊരുക്കിയ മീരാ നായർ അത് സംവിധാനം ചെയ്യുമെന്നും വാർത്തകളുണ്ടായിരുന്നു. പല ഭാഷകളിലായി അറുപത് ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം ആപ്പിൾ വെബ് സീരീസായി പുറത്തിറക്കാനും ആലോചനയുണ്ട്.