കഥകളുടെ തമ്പുരാൻ കഥാവശേഷനായിട്ട് ഇന്ന് ഇരുപതാണ്ട്
തകഴിയൊഴിഞ്ഞ ശങ്കരമംഗലത്തു കഥകൾ ഇപ്പോഴും ഉണർന്നിരിപ്പുണ്ട്. തെക്കേപ്പറമ്പിൽ കഥകളുടെ തമ്പുരാൻ നിത്യനിദ്രയിലാണ്. തൊട്ടടുത്ത് കാത്ത അലിഞ്ഞു ചേർന്ന മണ്ണിൽ പ്രണയാർദ്രമായ ഓർമകളുടെ ഇളനീരുമായി തെങ്ങു വളർന്നിട്ടുണ്ട്. കുട്ടനാടിന്റെ ഇതിഹാസകാരൻ തകഴി ശിവശങ്കരപ്പിള്ള കഥാവശേഷനായിട്ട് ഇന്ന് 20 വർഷം തികയുന്നു.
മരണം വരെ, അവസാന ഏഴു വർഷം തകഴിയുടെ ഡ്രൈവറായിരുന്നു തകഴി നിർമലാലയത്തിൽ ടി.ഡി.സന്തോഷ് (57). ശങ്കരമംഗലം പുരാവസ്തു വകുപ്പ് ഏറ്റെടുത്തപ്പോൾ കാത്തയുടെ ശുപാർശയിൽ സന്തോഷിനു തകഴി സ്മാരകത്തിൽ ജോലി കിട്ടി.
‘എഴുത്തച്ഛൻ പുരസ്കാരം വാങ്ങാനുള്ള യാത്രയിലാണ് ഞാൻ ആദ്യമായി തകഴിയപ്പൂപ്പന്റെ ഡ്രൈവറായത്’– സന്തോഷ് പറഞ്ഞു. അതുവരെ ഡ്രൈവറായിരുന്ന പങ്കജാക്ഷന് മറ്റൊരു ജോലി കിട്ടിയപ്പോഴാണു തകഴി, സന്തോഷിനെ കൂടെക്കൂട്ടിയത്. പിന്നീട്, തകഴിയുടെ സ്ഥിരം സാരഥിയായി സന്തോഷ്.
ആദ്യം മാരുതി 800 ആയിരുന്നു തകഴിയുടെ കാർ. അതുവിറ്റ് മാരുതി സെൻ വാങ്ങി. യാത്രകളധികവും കോട്ടയത്തെ പ്രസാധകരുടെ അടുക്കലേക്കാണ്. വീട്ടിൽ വെറുതെയിരിക്കുന്ന ദിവസങ്ങളിൽ നടക്കാനിറങ്ങും. പിന്നെ, കാറിൽ കയറി കടത്തുവരെയോ അമ്പലപ്പുഴ വരെയോ സുഹൃത്തുക്കളെ കാണാനിറങ്ങും.
കോട്ടയത്തേക്കാണു പോകുന്നതെങ്കിൽ സുഹൃത്ത് കൃഷ്ണൻകുട്ടിയെ കൂടെക്കൂട്ടും. എടത്വയിൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മകൻ ഡോ. ബാലകൃഷ്ണനെ കണ്ട്, കിടങ്ങറ വഴി ചങ്ങനാശേരിയിലെത്തി ഒരു ചായയും വടയും കഴിക്കും. കോട്ടയം എത്തുംമുൻപ് പതിവു കടയിൽനിന്ന് ഒരു പഴം വാങ്ങി പകുതി കഴിക്കും.
പകുതി കൃഷ്ണൻകുട്ടിക്കുള്ളതാണ്. ഉച്ചയ്ക്കു കൃത്യം 12 ന് ഊണ് നിർബന്ധം. ചിലപ്പോൾ കോട്ടയത്തു ഡീസിയുടെ വീട്ടിൽ. അല്ലെങ്കിൽ കോട്ടയം ആനന്ദമന്ദിരത്തിൽ. വീടിനു പുറത്തിറങ്ങിയാൽ വെജിറ്റേറിയനാണു പതിവ്. വീട്ടിലാണെങ്കിൽ നല്ല പുഴമീൻ പ്രിയമാണ്.
പരിപാടികൾക്കു വിളിച്ചാൽ അര മണിക്കൂർ നേരത്തെയെത്തും. പരിപാടി തുടങ്ങാൻ വൈകിയാൽ വീട്ടിലെത്താനുള്ള വെപ്രാളം തുടങ്ങും. രാത്രി പരമാവധി 7 മണിക്കുള്ളിൽ, കാത്തിരിക്കുന്ന കാത്തയെക്കാണാൻ ഓടിയെത്തും. കേട്ടറിഞ്ഞത്രയും പിശുക്കനായിരുന്നില്ല തകഴിെയന്ന് ഏഴു വർഷത്തെ അനുഭവത്തിൽ സന്തോഷ് പറയുന്നു.
തകഴി ശങ്കരമംഗലം ഇപ്പോൾ സ്മാരകമാണ്. ഇവിടെ പൂമുഖത്ത്, തകഴി ചാരിക്കിടന്ന കസേരയുണ്ട്. അകത്തെ മുറിയുടെ മധ്യഭാഗത്തു ജ്ഞാനപീഠം പുരസ്കാരത്തിനൊപ്പം ലഭിച്ച വഗ്ദേവതാ ശിൽപം. മരണനന്തര ബഹുമതികൾ ഉൾപ്പെടെ വിലയേറിയ പുരസ്കാരങ്ങൾ, പുസ്തകങ്ങൾ, ഊന്നുവടി, കണ്ണട, ടൈപ്പ് റൈറ്റർ... എല്ലാം തകഴിയുടെ വിരലടയാളം വീണവ. എല്ലാത്തിനും പറയാൻ കഥകളുണ്ടാകണം. പക്ഷേ, എഴുതാൻ തകഴിയില്ലല്ലോ.