വലിച്ചു കെടുത്തിയ ഒരു സിഗററ്റ് കുറ്റിയിൽ പ്രണയത്തിന്റെ എത്ര കവിൾപ്പുക ബാക്കിനിൽക്കും. കുടിച്ചു വച്ച ഒരു കാപ്പിക്കപ്പിൽ ഓർമയുടെ എത്ര അടിമ്പ് അവശേഷിക്കും. അടിമയായിപ്പോയ ആ ലഹരിയോളം, അല്ലെങ്കിൽ മരണംവരെയുള്ള മറക്കായ്കയോളം. 

അത്രത്തോളമായാരുന്നു അമൃതാ പ്രീതത്തിന്റെ പ്രണയവും സഹീർ ലുധിയാൻവിക്ക് അവരോടുള്ള ആഭിമുഖ്യവും. സഹീറിൽ തുടങ്ങി ഇംറോസിൽ അവസാനിച്ച ആ ജീവിതം അവർ രേഖപ്പെടുത്തിയപ്പോൾ അതിന് നൽകിയ പേര് റവന്യൂ സ്റ്റാമ്പ് എന്നായിരുന്നു.

ആത്മകഥയ്ക്ക് അങ്ങനെയൊരു പേരിടാൻ അവർ ആധാരമെഴുത്തുകാരിയൊന്നും ആയിരുന്നില്ല. മറ്റൊരു ഭീകരകാമുകനാണ് അതിന് കാരണക്കാരൻ. സഖിമാരും ഞാനും എന്ന് ജീവിതം രേഖപ്പെടുത്തിയ ഖുഷ്വന്ത് സിങ്ങായിരുന്നു ആ പേരിടാൻ പ്രേരണയായത്.

ആത്മകഥ എഴുതിയാലോ എന്നൊരാഗ്രഹം അമൃതാ പ്രീതം അടുത്ത സുഹൃത്തായ അദ്ദേഹത്തോട് പങ്കുവച്ചു. കട്ടികണ്ണടയ്ക്ക് പിന്നിലെ കണ്ണിറുക്കിച്ചിരിയുമായി ഖുഷ്വന്ത് സിങ്ങ് ഒരു റവന്യൂ സ്റ്റാമ്പെടുത്തു നീട്ടി. ഇതിന്റെ പിന്നിലെ ചെറിയ ചതുരവെള്ളയിൽ എഴുതാനുള്ളതല്ലേ ഉള്ളൂ എന്ന ചിരിയായിരുന്നു അത്. 

കൂടിയാൽ ഒന്നോ രണ്ടോ സംഭവങ്ങൾ എന്നു പറഞ്ഞ ഖുഷ്വന്ത് സിങ്ങിനുള്ള വെല്ലുവിളിപോലെ എങ്കിലതെഴുതിയിട്ടു തന്നെ എന്ന തീരുമാനമാണ് ഉടനടി ആത്മകഥ എഴുതുന്നതിലേക്ക് അവരെ എത്തിച്ചത്. 'റവന്യൂ സ്റ്റാംപ്’ എന്നു തന്നെ അമൃതാ പ്രീതം ആത്മകഥയ്ക്ക് പേരിടുകയും ചെയ്തു. 

മനസ്സ് ചില ചെറിയ അഭിപ്രായങ്ങളെയും വാശി പിടിപ്പിക്കലുകളെയും ഒക്കെ ചിലപ്പോൾ ഒരു വെല്ലുവിളിയായി സ്വീകരിക്കുന്നത്  അങ്ങനെയാണ്. അതേറ്റെടുക്കുന്നത് വളരെ സുന്ദരമായ ഒരു സൃഷ്ടിക്ക് കാരണമാകുന്നിടത്ത് ആ വാശി പിടിപ്പിക്കൽ, അല്ലെങ്കിൽ ഒരു കളിയാക്കൽ പോലും എത്ര നല്ലതാകുന്നു.

ഇന്ത്യാ വിഭജനകാലത്തും പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അക്ഷര വഴികളിലൂടെ നടന്ന അമൃതാ പ്രീതത്തിന് അനുഭവ ദാരിദ്ര്യം കൊണ്ട് ആത്മകഥയുടെ പേജെണ്ണം കുറയ്ക്കേണ്ട ആവശ്യമേയില്ലായിരുന്നു.

ഒരാത്മകഥക്കെത്ര നീളമാകാം? ജീവിതാനുഭവങ്ങളല്ലേ അതിന്റെ അളവ് നിർണ്ണയിക്കുന്നത്. അത്രയ്ക്കൊന്നും പറയാനില്ലാത്തവർക്ക് പോലും വെറുമൊരാറ്റ കടലാസിൽ തീർക്കാനാവുന്നതല്ല അവരവരുടെ അനുഭവസാക്ഷ്യങ്ങൾ. അറിയപ്പെടുന്ന ഒരെഴുത്തുകാരിയുടെ ജീവിതമാകുമ്പോൾ അതെത്രയുമാകാം. 

കാച്ചിക്കുറുക്കിയ എഴുത്തു രീതിയാണ് റവന്യൂ സ്റ്റാമ്പിനെ ചെറിയ പുസ്തകമാക്കിയത്. അസാമാന്യ കയ്യടക്കത്തോടെ എഴുതിത്തന്നെയാണ് അവർ പത്മശ്രീയും ജ്ഞാനപീഠവുമൊക്കെ നേടിയതും.  

ആ എഴുത്തിന്റെ വഴികളെക്കുറിച്ച് അമൃത വിശദമായി എഴുതിയെങ്കിൽ അത് നീണ്ട ഒരു പുസ്തകമായേനെ. ഓരോ പുസ്തകങ്ങളെഴുതുന്നതിനു പിന്നിലും ഒരെഴുത്തുകാരിക്ക് എത്രയോ കഥകൾ പറയാനുണ്ടാകും. പുസ്തകങ്ങളെക്കുറിച്ചും കവിതകളെക്കുറിച്ചും അവയെഴുതാനുണ്ടായ കാരണങ്ങളേക്കുറിച്ചും പ്രതിപാദിക്കുന്നുണ്ടെങ്കിലും അമൃതയിലെ പ്രണയിനിയേയും സുഹൃത്തിനേയുമാണ് റവന്യൂ സ്റ്റാമ്പിൽ വായിച്ചെടുക്കാനാകുന്നത്.

'ആത്മകഥകൾ യഥാർഥ എഴുത്തിന്റെ സത്യത്തിൽ നിന്നു സത്യത്തിലേക്കുള്ള നിലയ്ക്കാത്ത പ്രയാണമാണ്. ആത്മകഥ എഴുതുന്നവർ ഭാവനയിലെ കഥാപാത്രങ്ങൾക്കപ്പുറം സ്വയം കഥാപാത്രമാവുകയാണ്. എഴുത്തുകാർ വായനക്കാരെ സങ്കോചമില്ലാതെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. അവിടെ സത്യത്തെ മറച്ചുവയ്ക്കുന്നത് അതിഥിക്കും ആതിഥേയനും ഒരേ പോലെ അപമാനകരമാണ്.' തന്റെ ആത്മകഥയെക്കുറിച്ച് അമൃതാ പ്രീതം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. എത്രയും സത്യസന്ധമായാണ് റവന്യൂ സ്റ്റാമ്പ് എഴുതിയിരിക്കുന്നത് എന്നറിയാൻ വായനയിൽ കവിഞ്ഞ ഒരു സാക്ഷ്യപത്രവും ആവശ്യമില്ല താനും.

ബാല്യം മുതൽതന്നെ ഒരു കഥക്കുട്ടി ആയിരുന്നു അമൃത. സങ്കൽപ ലോകത്ത് കഥ മെനയുന്ന അമൃതയുടെ ആദ്യ കൂട്ടുകാരൻ രാജനായിരുന്നു. മാധവിക്കുട്ടിയുടെ കൃഷ്ണനെപ്പോലെ എപ്പോഴും കൂടെയുള്ള, എന്നാൽ മറ്റാർക്കും കാണാനാവാത്ത കൂട്ടുകാരൻ. തന്നെ മനസിലാക്കുന്ന കൂട്ടുകാരനായി പത്തു വയസുകാരി അമൃത സൃഷ്ടിച്ച രാജൻ. 

വളരെ ചെറുപ്രായത്തിൽത്തന്നെ വിവാഹിതയായെങ്കിലും ഭർത്താവിനെ പ്രണയിക്കാൻ അവർക്കായില്ല. അത്ര വ്യത്യസ്തരായ മനുഷ്യർ ആയിരുന്നു അവരിരുവരും. മുതിർന്നപ്പോൾ അമൃതാ പ്രീതത്തിന്റെ ഹൃദയം നിറയെ പ്രശസ്ത കവി സഹീർ ലുധിയാൻവിയോടുള്ള പ്രണയം കൊണ്ട് നിറഞ്ഞു. കത്തുകളിലൂടെ അവർ അടുത്തു. ട്രങ്ക് കാൾ ബുക്ക് ചെയ്ത് കാത്തിരുന്ന് അവർ അദ്ദേഹത്തോട് സംസാരിച്ചു. ക്രമേണ നേരിൽ കാണാനുള്ള അവസരങ്ങളും ഉണ്ടാക്കി.  വാചാലമായ മൗനമായിരുന്നു നേരിട്ടു കാണുമ്പോൾ അവർക്കിടയിൽ ഉണ്ടായത് എന്ന് റവന്യൂ സ്റ്റാമ്പ് എന്ന ആത്മകഥയിൽ പറയുന്നുണ്ട്. തുടരെ സിഗരറ്റു വലിക്കുന്ന ശീലക്കാരനായ സഹീർ ചുണ്ടു ചേർത്ത സിഗരറ്റിന്റെ കുറ്റികൾ അദ്ദേഹം പൊയ്ക്കഴിഞ്ഞ് അമൃത ചുണ്ടോട് ചേർത്തു. പ്രണയത്തിന്റെ നിക്കോട്ടിൻ ഗന്ധത്തിന് സ്വയം അവർ അടിമയായി.

എന്നാൽ അമൃതാ പ്രീതത്തിന്റെ സ്നേഹം അതേ നാണയത്തിൽ തിരിച്ചു കൊടുക്കാൻ സഹീറിനായില്ല. അത്രയും നിസ്സീമമായ സ്നേഹം അദ്ദേഹം അർഹിച്ചിരുന്നില്ല എന്നും സംശയിക്കേണ്ടിവരും. സഹീറിനുള്ള ട്രങ്ക് കാൾ ബുക്ക് ചെയ്ത് അദ്ദേഹത്തോട് സംസാരിക്കാൻ കാത്തിരിക്കുന്ന വേളയിലായിരുന്നു പുതിയ ലക്കം ബ്ലിറ്റ്സ് കയ്യിൽ കിട്ടിയത്. പുതിയ കാമുകിയുമൊത്ത് സഹീർ നിൽക്കുന്ന ചിത്രം അതിൽ അച്ചടിച്ചുവന്നിരിക്കുന്നു. വിശ്വാസവഞ്ചനയുടെ ആ കമ്മട്ടം സാക്ഷിയാക്കി അവിടെ തീരുകയായിരുന്നു ആ ബന്ധം. ബന്ധം തീർന്നുവെന്നേ പറയാനാകൂ, അമൃതയുടെ മനസിൽ സഹീറിനോട് പിന്നെയും എന്നും പ്രണയമായിരുന്നു. 

ഗർഭകാലം മുഴുവൻ സഹീറിനെക്കുറിച്ച് ചിന്തിച്ചതു കൊണ്ടാവാം മകന് സഹീറിന്റെ ഛായ എന്ന് അമൃത കരുതി. 'ഞാൻ സഹീറിന്റെ മകനാണോ? ആണെങ്കിൽ ആ സത്യം അമ്മ തുറന്നു പറയൂ. എനിക്കദ്ദേഹത്തെ ഇഷ്ടമാണ് ' എന്ന് മകനൊരിക്കൽ പറഞ്ഞപ്പോൾ അമൃത പറഞ്ഞത്, ‘അല്ല. അതു സത്യമായിരുന്നെങ്കിൽ ആ സത്യം ഞാൻ സന്തോഷത്തോടെ നിന്നോട് പറയുമായിരുന്നു. അതെന്റെ ഒരു മോഹം മാത്രമാണ്’ എന്നായിരുന്നു.

‘സുനേഹരേ’യ്ക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതറിഞ്ഞ അമൃതാ പ്രീതം പറഞ്ഞത്: ‘ഞാൻ സുനേഹരേ അവാർഡിനു വേണ്ടിയല്ല എഴുതിയത്. ആർക്കു വേണ്ടിയാണോ അതെഴുതിയത്, അവരത് ശ്രദ്ധിക്കാതിരിക്കുകയും ലോകം മുഴുവൻ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടെന്താണ് പ്രയോജനം?’ എന്നാണ്. സഹീർ അമൃതയുടെ മനസിലും എഴുത്തിലും നിറഞ്ഞുനിന്നു. അവരുടെ നോവലുകളായ അശുവിലും ഏക് സീ അനീതയിലും ദില്ലി ദിയാൻ ഗലിയാനിലുമെല്ലാം  സഹീറിന്റെ രൂപം വായിച്ചെടുക്കാനാകും.

സഹീറിനും അമൃതയെ മറക്കാനായില്ല എന്നു വേണം കരുതാൻ. തന്റെ അമ്മയോടുള്ള വളരെ ശക്തമായ സ്നേഹവും ആശ്രയത്വവും ലുധിയാൻവിയുടെ മറ്റു പ്രണയങ്ങളും പരാജയപ്പെടാൻ ഒരു കാരണമാണ്. ഒരുതരം ഈഡിപ്പസ് കോംപ്ലക്സിനോടടുത്ത, ആരാധന കലർന്ന സ്നേഹമായിരുന്നു സഹീറിന് അമ്മയോട്. എങ്കിലും അമൃതയ്ക്കാണ് അദ്ദേഹത്തിൽ സ്വാധീനം ചെലുത്താൻ മറ്റു സ്ത്രീകളേക്കാൾ കഴിഞ്ഞത്.  

പഞ്ചാബി ഗാനരചയിതാവായ ജയ്ദേവ്, സഹീറിനെ സന്ദർശിച്ചപ്പോൾ സഹീറിന്റെ മേശപ്പുറത്ത് എന്നോ ചായ കുടിച്ച ഒരു ഗ്ലാസ് കഴുകാതെ വച്ചിരിക്കുന്നത് കണ്ടു. അത് തൊടാമെന്ന് കരുതണ്ട എന്ന് സഹീർ ജയ്ദേവിനെ താക്കീത് ചെയ്തു. അമൃത ഒടുവിൽ വന്നപ്പോൾ ചുണ്ടു ചേർത്ത് കാപ്പി കുടിച്ച കപ്പ് കഴുകാതെ സൂക്ഷിക്കുകയായിരുന്നു അദ്ദേഹം. ഓർമ്മകളുടെ കഫീൻ രുചിയെ കാലത്തിന് മേൽ കാത്തുവയ്ക്കുകയായിരുന്നു സഹീർ.

അമൃത ആഗ്രഹിച്ചതു പോലെ സ്നേഹിക്കപ്പെട്ടത് ചിത്രകാരൻ ഇംറോസുമൊത്തുള്ള ജീവിതകാലത്ത് ആണ്. സഹീറിന്റെ നഷ്ടം താങ്ങാനാവാതെ വിഷാദരോഗത്തിന്റെ പിടിയിലായ അമൃതയ്ക്ക് താങ്ങായത് അദ്ദേഹത്തിന്റെ സ്നേഹത്തണലാണ്. ഇംറോസ് എന്ന ചിത്രകാരൻ കവിയായത് അമൃതാ പ്രീതം മരിച്ചതിനു ശേഷമാണ്. അത്രയധികം സ്നേഹിച്ചയാൾക്ക് തന്റെ കവിത്വം പകരം നൽകി അവർ മൃതിയടഞ്ഞുവെന്ന് വേണം കരുതാൻ.

പ്രണയത്തിൽ മാത്രമല്ല സൗഹൃദത്തിലും അങ്ങേയറ്റം ആത്മാർഥത അമൃതയ്ക്കുണ്ടായിരുന്നു. പാകിസ്ഥാനി കവിയായ സജ്ജാദ് ഹൈദറുമായുള്ള കൂട്ടാണ് ഇതിന് ഉത്തമ ഉദാഹരണം. പ്രണയത്തിൽനിന്നു മാത്രമല്ല സൗഹൃദത്തിൽനിന്നും കവിത പിറക്കാമെന്ന് സജ്ജാദുമായുള്ള കൂട്ട് അമൃതയ്ക്ക് മനസിലാക്കിക്കൊടുത്തു.

ഇന്ത്യാ പാക് വിഭജനം അമൃതയിലുണ്ടാക്കിയ മുറിവ് നിസ്സാരമല്ല. ലഹോറിൽ നിന്ന് ഇന്ത്യയിലേക്ക് ഇരുപത്തിയെട്ടാം വയസിൽ പറിച്ചു നടപ്പെട്ട ഒരു പൂമരമാണ് അമൃത.‘ആജ്ജ് അക്ഖാൻ വാരിസ് ഷാനു’ (വാരിസ് ഷായ്ക്ക് കാവ്യാഞ്ജലി) എന്ന കവിത വിഭജനത്തിൽ മനം നൊന്താണ് എഴുതിയത്. ഇന്ത്യാ പാക് ബന്ധത്തിലെ പൊരുത്തക്കേടുകൾ അമൃതയെ വേദനിപ്പിച്ചിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായ സജ്ജാദുമായുള്ള ആശയ വിനിമയവും പലപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്താൽ അസാധ്യവുമായിരുന്നു. 

‘എനിക്കു ധാരാളം സമകാലീനർ ഉണ്ട്.

ഞാൻ മാത്രം എനിക്കു സമകാലീനയല്ല' എന്നു പറയുന്ന അമൃതാ പ്രീതത്തിന്റെ കവിതകൾ കാലത്തിന്റെ അതിർവരമ്പുകൾ ബാധകമല്ലാതെ എന്നും ഇവിടെ മുഴങ്ങുകതന്നെ ചെയ്യും. 

‘എന്റെ വീട്ടു വാതിൽക്കൽ വന്ന്

സൂര്യനൊരു തീക്കനൽ

ചോദിച്ചു വാങ്ങി

അഗ്നി ജ്വലിപ്പിക്കാൻ’ 

കവിതയുടെ ആ തീ നാളം ഇന്നും കെടാതെ കാലം കൈമാറ്റം ചെയ്യുന്നുമുണ്ട്. 

നന്ദിയുണ്ട് സഹീർ, ഇംറോസ്, സജ്ജാദ്….. അമൃതയുടെ അക്ഷരങ്ങൾക്ക് കാരണമായ നിങ്ങളോട് ഏറെ നന്ദിയുണ്ട്. സൂര്യന് ജ്വാലയേകിയ പെൺകുട്ടി ഒരിക്കലും മങ്ങാത്ത നക്ഷത്രമായിത്തന്നെ തുടരും.