മധ്യവയസ്കനായിരുന്നു അദ്ദേഹം. ഇരുകാലുകൾക്കും സ്വാധീനം നഷ്ടപ്പെട്ടയാൾ. വീടിനുള്ളിലൂടെ ഇരുന്ന് നിരങ്ങി സഞ്ചരിക്കാൻ മാത്രം ചലനസ്വാതന്ത്ര്യമുള്ളയാൾ. എഴുന്നേറ്റുനിൽക്കാനാവാത്ത, എഴുന്നേറ്റുനടക്കാനാവാത്ത അയാളുടെ ലോകത്താകട്ടെ എണ്ണമറ്റ മനുഷ്യരുണ്ടായിരുന്നു. പല പേരുകളിൽ, പ്രായത്തിൽ, പല തരത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ. അവരെയാരെയും അയാൾ നേരിട്ടു കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. ഒരിക്കലും അവരെ കാണാനാവില്ലെന്നും അറിയാമെങ്കിലും അയാൾ സന്തുഷ്ടനായിരുന്നു. അയാളുടെ ലോകം സമ്പന്നമാക്കിയ എണ്ണമറ്റ മനുഷ്യർ ആരാണെന്നല്ലേ... തുടരൻ നോവലുകളിലെ കഥാപാത്രങ്ങൾ. ഭാര്യയോ മക്കളോ പുറത്തുപോയിവരുമ്പോൾ വാങ്ങിക്കൊണ്ടുവരുന്ന ജനപ്രിയവാരികകളിലെ കഥാപാത്രങ്ങൾ. കോപിക്കുകയും കാമിക്കുകയും സ്നേഹിക്കുകയും ദ്വേഷിക്കുകയും സത്യം പറയുകയും പറയാതിരിക്കുകയും കള്ളത്തരം പ്രവർത്തിക്കുകയുമൊക്കെ ചെയ്തിരുന്നവർ. വീട്ടിലിരുന്ന് ജനാലയിലൂടെ മാത്രം പുറംലോകം കണ്ടിരുന്ന, കാലുകൾക്കു സ്വാധീനശേഷിയില്ലാത്ത മനുഷ്യനാകട്ടെ അവരിലൂടെ ലോകത്തെ അറിഞ്ഞു. ആസ്വദിച്ചു. അനുഭവിച്ചു. അവർക്കുവേണ്ടി കാത്തിരുന്നു. വാരികകൾക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അയാളുടെ ലോകം. അവ കയ്യിൽകിട്ടുമ്പോൾ ഒറ്റശ്വാസത്തിനു വായിക്കുന്ന കഥകളായിരുന്നു ജീവൻ. ഈ ഭൂമിയിൽ അയാളെ ജീവിക്കാൻ പ്രേരിപ്പിച്ച ഒരേയൊരു വികാരം. 

നാട്ടുകാർ അയാളെ കുഞ്ഞമ്മാവൻ എന്നുവിളിച്ചു. ഗോപാലൻ എന്നായിരുന്നു യഥാർഥ പേര്. കുഞ്ഞമ്മാവൻ വായിച്ചു മാറ്റിവയ്ക്കുന്ന വാരികകളിലെ കഥകളിലൂടെ സാഹിത്യലോകത്തെത്തിയ കഥാകാരനാണ് സുസ്മേഷ് ചന്ത്രോത്ത്. ഇടുക്കിയിലെ വെള്ളത്തൂവലിൽനിന്ന് എണ്ണം പറഞ്ഞ കഥകളുമായി മലയാള സാഹിത്യത്തറവാട്ടിലേക്ക് കടന്നുവന്ന നോവലിസ്റ്റും ചെറുകഥാകൃത്തും. അക്ഷരങ്ങളിലേക്ക് പിച്ച നടത്തിച്ച, എഴുത്തിലൂടെ കൈ പിടിച്ചു നടത്തിയ കുഞ്ഞമ്മാവനെക്കുറിച്ച് സ്നേഹപൂർവം എഴുതിയിട്ടുണ്ട് സുസ്മേഷ്. ഓർമിച്ചാൽ നമ്മളിൽ പലരുടെയും മനസ്സിലുണ്ടായിരിക്കും ഇങ്ങനെയുള്ള ചില ആളുകൾ. ജീവൻ നിലനിർത്താനുള്ള ഉപാധിയെന്നപോലെ അക്ഷരങ്ങളെ പ്രണിയിച്ച, പുസ്തകങ്ങളെ മാറോടടുക്കിപ്പിടിച്ചവർ. അവരുടെ ദിവസമാണിന്ന്. അവരുടെ സ്നേഹത്തിന്റെ മുദ്ര പതിഞ്ഞ ദിവസം. അവരുടെ ഗാഡാനുരാഗത്തിന്റെ തീവ്രത അടയാളപ്പെടുത്തിയ ദിവസം. അവരുടെയും അവരുടെ പ്രിയപ്പെട്ട പുസ്തകങ്ങളുടെയും ദിവസം. ലോക പുസ്തകദിനം. 

ഗബ്രിയേൽ ഗാർസിയ മാർക്കേസ് ഒരു പുസ്തകത്തെക്കുറിച്ച് ആവർത്തിച്ചുപറഞ്ഞിട്ടുണ്ട്. ഒരു കഥയെക്കുറിച്ച്. തന്നെ എഴുത്തുകാരനാക്കിയത് ആ കഥയാണെന്ന് സമ്മതിച്ചിട്ടുമുണ്ട്. ഒരു വൈകുന്നേരം കയ്യിലെടുത്ത കഥ. താഴെ വയ്ക്കാൻ കഴിയാതെ അന്നുരാത്രി മുഴുവൻ ആവേശത്തോടെ വായിച്ച കഥ. ആ കഥയാണ് എഴുതാനുള്ള ആവേശം മാർക്കേസിൽ ജനിപ്പിക്കുന്നത്. അതു പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥയായിരുന്നില്ല. വെട്ടിപ്പിടിക്കലിന്റെയും കീഴടക്കലിന്റെയും വീരചരിതവുമായിരുന്നില്ല. ഒരു പ്രഭാതത്തിൽ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ സ്വന്തം രൂപപരിണാമം കണ്ട് അന്തിച്ചുനിന്ന ഗ്രിഗർ സാംസ എന്ന ചെറുപ്പക്കാരന്റെ ദയനീയവും പരിതാപകരവുമായ ജീവിതത്തിന്റെ കഥ. ഫ്രാൻസ് കാഫ്കയുടെ മെറ്റമോർഫസിസ്. വായിക്കുമ്പോഴും പിന്നെ ഓർമിക്കുമ്പോഴുമെല്ലാം ഒരു നടുക്കമുണ്ടാക്കി ഹൃദയത്തിൽ വികാരങ്ങളുടെ വേലിയേറ്റങ്ങളും ചുഴലിക്കാറ്റും സൃഷ്ടിച്ച കഥ. ഏകാന്തതയുടെ നൂറു വർഷങ്ങളും കോളറക്കാലത്തെ പ്രണയവും ഏകാധിപതിയുടെ ഏകാന്തതയുമൊക്കെ എഴുതി മാർക്കേസ് ലോകത്തിനു പ്രിയപ്പെട്ടവനായപ്പോഴും അദ്ദേഹം മറന്നില്ല ഒരിക്കൽ ഒരു രാത്രിയിൽ ഒരൊറ്റ കഥയിലൂടെ തന്നെ എഴുത്തിലേക്കു വശീകരിച്ച കാഫ്കയെക്കുറിച്ച്; ജീവിതം മാറ്റിമറിച്ച കഥയെക്കുറിച്ച്. 

സ്മാരകശിലകളും മരുന്നുമുൾപ്പെടെയുള്ള നോവലുകളും ക്ഷേത്രവിളക്കുകൾ പോലുള്ള ഉദാത്തമായ കഥകളുമെഴുതി മലയാളത്തിൽ വേറിട്ട സൗന്ദര്യം സൃഷ്ടിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള താൻ അംഗീകരിക്കപ്പെട്ടത് ജനപ്രിയ വാരികകളിൽ എഴുതിയതിനുശേഷമാണെന്ന് ആവർത്തിച്ചുപറഞ്ഞിട്ടുണ്ട്. അരാധകർ ഏറെയുണ്ടായിട്ടും അവസാനകാലത്ത് എഴുതിയ അത്ര അഗാധമല്ലാത്ത ചില നോവലുകൾ സാധാരണക്കാർ ഏറ്റെടുക്കുകയും അവർ സ്നേഹം മറയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തതാണ് കാപട്യത്തെ വെറുത്ത പുനത്തിലിനെ ആകർഷിച്ചതും സാഹിത്യലോകത്തെ അംഗീകാര മാനദണ്ഡങ്ങളെ തള്ളിപ്പറയാൻ പ്രാപ്തനാക്കിയതും. ആലോചിക്കുമ്പോൾ, എഴുതുമ്പോൾ, അച്ചടിച്ചുവരുമ്പോൾ കൂടുതൽ പേരിലേക്ക് എത്തുകയെന്നതാണ് ഏത് എഴുത്തുകാരനും ആഗ്രഹിക്കുക. വായിച്ചവർ തങ്ങളുടെ അനുഭൂതി പ്രകടിപ്പിക്കുന്നതാണ് പുരസ്കാരങ്ങളേക്കാൾ ഏറെ പ്രിയങ്കരവും. 

പുസ്തകങ്ങളും മനുഷ്യരെപ്പോലെയാണ്. അവർ നമ്മെ എന്തൊക്കെയോ ഓർമിപ്പിക്കുന്നുണ്ട്. ആഗ്രഹിപ്പിക്കുന്നുണ്ട്. അജ്ഞാതമായ ലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. വർഷങ്ങളിലൂടെ, പലരിലൂടെ കൈമാറിവരുന്ന ചില പുസ്തകങ്ങളുണ്ട്. ഒരു നിയോഗം പോലെ ജീവിതത്തിൽ വൈകിമാത്രം കാണുകയും പിന്നീട് അനിവാര്യരായി മാറുകയും ചെയ്യുന്ന മനുഷ്യരെപ്പോലെ. അത്തരത്തിൽ ചില പുസ്തകങ്ങൾ വഴിയോരക്കടകളിൽനിന്നായിരിക്കും ചിലപ്പോൾ ലഭിക്കുക. പേജുകൾ പലയിടത്തും കീറിയ, മഞ്ഞനിറം പുരണ്ട, പുറം ചട്ട തന്നെ നഷ്ടമായവ. ഗംഭീര പുസ്തകങ്ങളായിരിക്കും അവ. വായിക്കണമെന്ന് ആഗഹിച്ചിട്ടും പല കാരണങ്ങളാൽ വായിക്കാൻ കഴിയാതിരുന്നവ. മറിച്ചുനോക്കുമ്പാഴായിരിക്കും കാത്തിരുന്നത് ഈ പുസ്തകത്തിനുവേണ്ടിയായിരുന്നുവെന്ന് മനസ്സിലാകുക. വേഗം സ്വന്തമാക്കി പുസ്തകശേഖരത്തിലേക്കു കൂട്ടുമ്പോൾ വർധിക്കുന്നതു സ്നേഹബലം. സൗഹൃദത്തിന്റെ ശക്തി. ഏകാന്തതയും ഒറ്റപ്പെടലും കുറച്ചുകൊണ്ട്, പിന്നീടുള്ള ജീവിതത്തിൽ അവ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാകുന്നു. അങ്ങനെയുള്ള ഒന്നിലധികം പുസ്തകങ്ങളുടെ കഥ പറയാനുണ്ടാകും എല്ലാ നല്ല വായനക്കാർക്കും. 

ശക്തിയേറിയ ആയുധം പോലും ഉപയോഗിക്കാതിരുന്നാൽ കാലപ്പഴക്കത്താൽ ഉപയോഗയോഗ്യമല്ലാതാകും. അത് ഒരു ആയുധം തന്നെ അല്ലാതായി മാറും. അപ്പമോ റൊട്ടിയോ ആണെങ്കിലും അവയും ചീത്തയാകും. പല കൈ മറിഞ്ഞും പല നാടു താണ്ടിയും പലകാലം പിന്നിട്ടും വരുന്ന പുസ്തകമാകട്ടെ പഴക്കമില്ലാതെ, ചൂടു പോകാതെ, തീവ്രത നഷ്ടപ്പെടാതെ, പുതിയ വായനക്കാരെത്തേടി പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു. അനന്തമായ കാലപ്രവാഹത്തിൽ പുസ്തകവും യാത്ര ചെയ്യുകയാണ്; കാത്തിരിക്കുന്ന കൈകളിലേക്ക്. ഏറ്റുവാങ്ങാൻ കൊതിക്കുന്ന മനസ്സുകളിലേക്ക്. അവ പഴകുന്നില്ല. അവയിൽനിന്നു ദുർഗന്ധം വമിക്കുന്നില്ല. അതാണു പുസ്തകങ്ങളുടെ കരു

ത്ത്. ആ കരുത്തിന്റെ ആഘോഷമാണ് പുസ്തക ദിനം. ആത്മാവിൻ പുസ്തകത്താളിൽ രേഖപ്പെടുത്തുന്ന അക്ഷരങ്ങളുടെ സുദിനം.