ഒന്നരനൂറ്റാണ്ടിനുശേഷം വീണ്ടുമൊരു ഡയറി. ഒരു ഭ്രാന്തന്റെ ഡയറി. അന്നു റഷ്യന്‍ ഭാഷയിലായിരുന്നു ഡയറി പ്രസിദ്ധീകരിച്ചതെങ്കില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച് അംഗീകാരം നേടി ഇപ്പോഴിതാ ഇംഗ്ലിഷിലേക്കും മൊഴിമാറ്റി എത്തിയിരിക്കുന്നു ഭ്രാന്തന്റെ ഡയറി. ഇതു മലയാളി ഭ്രാന്തന്റെ ഡയറി. ഡയറിയുടെ രൂപമാണെന്നതൊഴിച്ചാല്‍, ഉള്ളടക്കത്തിലോ ഭാഷയിലോ സമീപനത്തിലോ സാമ്യമോ സാദൃശ്യമോ ഇല്ല ഇരുഡയറികളും തമ്മില്‍. അതുകൊണ്ടുതന്നെയാണ് മലയാളത്തില്‍ ഒതുങ്ങിനില്‍ക്കാതെ ഈ മലയാളി ഭ്രാന്തന്‍ ധൈര്യത്തോടെ ഇംഗ്ളിഷിലേക്കും കടക്കുന്നത്. സ്വന്തമായി ഇരിപ്പിടം ഉറപ്പെന്ന ഉറച്ച വിശ്വാസത്തില്‍. 

മൊഴിമാറ്റം അംഗീകാരമാണ്. ഒരു ഭാഷയ്ക്കപ്പുറം പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്ന തിരിച്ചറിയലില്‍ സംഭവിക്കുന്നത്. മുമ്പൊക്കെ വിദേശഭാഷകളില്‍നിന്ന് മലയാളത്തിലേക്ക് കൃതികള്‍ മൊഴിമാറ്റം ചെയ്യുന്നുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ അതിര്‍ത്തി കടന്നുപോകുന്ന മലയാള പുസ്തകങ്ങള്‍ അപൂര്‍വതയായിരുന്നു. ഭാഷാ പഠനം വ്യാപകമാകുകയും ഭാഷകള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകള്‍ വ്യാപകമാകുകയും ചെയ്തതോടെ മലയാളത്തിലെ മികച്ച പുസ്തകങ്ങളും കടല്‍ കടക്കുകയാണ്; മികച്ച പരിഭാഷകരുടെ പ്രതിഭയുടെ മുദ്രയോടെ. ഈ പട്ടികയില്‍ എടുത്തുപറയേണ്ട പുസ്തകമാണ് ആറു വര്‍ഷം മുമ്പ് പുസ്തകരൂപത്തില്‍ പുറത്തുവന്ന ‘ഒരു മലയാളി ഭ്രാന്തന്റെ ഡയറി’. മലയാളത്തിന്റെ അംഗീകാരം നേടിയ പുസ്തകം ഇപ്പോള്‍ ഇംഗ്ളിഷിലും എത്തിയിരിക്കുന്നു. ഡയറി ഓഫ് എ മലയാളി മാഡ്മാന്‍ എന്ന പേരില്‍. ഉത്തരാധുനികതയുമായി ചേര്‍ത്തുവയ്ക്കാവുന്ന മികച്ച കൃതികള്‍ സമ്മാനിച്ച എന്‍.പ്രഭാകരന്റെ നോവല്‍ ഇംഗ്ളിഷിലേക്കു മാറ്റിയിരിക്കുന്നത് ജയശ്രീ കളത്തില്‍. പ്രസാധകര്‍ ഹാര്‍പര്‍ കോളിന്‍സ്. 

ഒരു നോവലിന്റെ രചനയുമായി ബന്ധപ്പെട്ട് അനിശ്ഛിതത്വം അനുഭവപ്പെട്ട കാലത്തിലാണ് ഒരു ഭ്രാന്തന്‍ എന്‍. പ്രഭാകരന്റെ ഭാവനയിലേക്കു കടന്നുവന്നത്. ലൊട്ടുലൊടുക്കു സാധനങ്ങളുമായി. നോവലിന്റെ രൂപത്തെക്കുറിച്ച് മാറി മാറി ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍. ഭ്രാന്തന്‍ കടന്നുവന്നതോടെ ഗോഗോളിനെക്കുറിച്ച് ആലോചിക്കാതിരിക്കാന്‍ വയ്യെന്നായി. 19-ാം നൂറ്റാണ്ടിലെ പ്രസിദ്ധ റഷ്യന്‍ എഴുത്തുകാരന്‍ നിക്കൊളായ് ഗോഗൊയ്. 1835 ലാണ് ഒരു ഭ്രാന്തന്റെ ഡയറി എന്ന അദ്ദേഹത്തിന്റെ കഥ പുറത്തുവന്നത്. തന്റെ ബോസിന്റെ മകളെ വ്യര്‍ഥമായി പ്രണയിക്കുന്ന ഒരു പാവം ചെറുപ്പക്കാരന്റെ കഥ. ഭ്രാന്തനായിരുന്നെങ്കിലും അയാള്‍ക്ക് ഒരിക്കലും അറിയില്ലായിരുന്നു അയാളുടെ ഭ്രാന്തിനെക്കുറിച്ച്. പക്ഷേ, പ്രഭാകരന്റെ നോവലിലെ നാല്‍പതുകളിലെത്തിയ ചെറുപ്പക്കാരന് അറിയാം അയാള്‍ക്ക് കുറച്ചു കുഴപ്പമുണ്ടെന്ന്. പക്ഷേ ഗുളിക കഴിക്കാനോ മറ്റോ ആരെങ്കിലും അയാളോടു പറഞ്ഞാല്‍ അവര്‍ വിവരമറിയുമെന്നു തീര്‍ച്ച. രണ്ടു പുസ്തകങ്ങള്‍ക്കും തമ്മിലുള്ള ഒരേയൊരു ബന്ധം ആ പേരില്‍ മാത്രമാണ്; അതിനപ്പുറം പ്രമേയത്തിലും അവതരണത്തിലുമെല്ലാം തികച്ചും വ്യത്യസ്തമാണ് മലയാളി ഭ്രാന്തന്റെ ഡയറി. 

ഒരു പോളി ഡിപ്ലോമക്കാരനാണ് മലയാളി ഭ്രാന്തന്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍. കോഴ്സ് കഴിഞ്ഞു ബെംഗളൂരുവില്‍ പോയി കുറച്ചുകാലം ചുറ്റിയടിച്ചു. ഗുണം പിടിക്കാതെ മുംബൈയിലേക്കു കടന്നു. ഒരു സ്കൂട്ടര്‍ കമ്പനിയില്‍ അപ്രന്റീസായി. അതും നീണ്ടുനിന്നില്ല. കമ്പനി വിട്ടു നാട്ടിലെത്തി. നല്ല നിലയില്‍ നടക്കുന്ന ഒരു വര്‍ക് ഷോപ്പിലെത്തി. അതോടെ വീട്ടുകാര്‍ കല്യാണാലോചന തുടങ്ങി. ജോലിയുള്ള പെണ്ണിനെയാണു നോക്കിയത്. മനസ്സില്‍ പിടിച്ച ആരെയും കിട്ടിയില്ല. ഒടുവില്‍ ഒരു സാദാ ബിഎക്കാരിയെ കിട്ടി. സോഷ്യോളജിയാണ് വിഷയമെങ്കിലും ചരിത്രത്തിലോ സാമൂഹികശാസ്ത്രത്തിലോ ഒരു വിവരമില്ലാത്ത പെണ്ണ്. പക്ഷേ, കുറച്ച് ഇംഗ്ളിഷ് അറിയാം. കല്യാണം കഴിഞ്ഞ് നാലാം നാള്‍ രാത്രി രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. സി.വി. രാമനു ശേഷമാണ് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ജീവിതകാലം എന്ന വാദത്തില്‍ നവവധു ഉറച്ചുനിന്നു. നിയന്ത്രണം വിട്ട വരന്‍ കുറച്ച് അസഭ്യമൊക്കെ പറഞ്ഞു. വിവാഹം ‍ഡിവോഴ്സിലെത്തി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ, അവിടെ തീരുന്നില്ല അയാളുടെ ജീവിതം. തുടങ്ങുകയാണ് ഒരു മലയാളി ഭ്രാന്തന്റെ ജീവിതകഥ.