ആദ്യരാത്രിയെ കടിച്ചുകുടഞ്ഞ ആധുനിക സര്‍പ്പം
ചെറുകഥയെന്നാണ് പേരെങ്കിലും നീണ്ടകഥ പോലെ ദീര്‍ഘം. രൂപത്തിലും ഘടനയിലും കഥയേക്കാള്‍ പ്രബന്ധത്തിന്റെ സ്വഭാവം. ഇതു കഥയല്ലല്ലോ ശുദ്ധതെറിയല്ലേ എന്ന സംശയം. ഈ സംശയങ്ങളൊക്കെ ഉന്നയിക്കപ്പെട്ടിട്ടും മലയാള കഥാസാഹിത്യത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട് ‘സര്‍പ്പം’ എന്ന കഥയ്ക്ക്. കാരണം കഥയെഴുതിയത് നിസ്സാരക്കാരനല്ല. ആധുനിക മലയാള സാഹിത്യത്തിന്റെ വഴികാട്ടിയെന്നു വിശേഷിപ്പിക്കപ്പെട്ട എം. ഗോവിന്ദന്‍. എഴുതിയതിനേക്കാള്‍ എഴുതിക്കുകയും വളരുന്നതിനേക്കാള്‍ വളര്‍ത്തുകയും ചെയ്ത സാംസ്കാരിക തേജസ്സ്. അറുപതുകളും എഴുപതുകളുമുള്‍പ്പെടെയുള്ള ക്ഷുബ്ധകാലത്ത് മലയാളസാഹിത്യത്തിന്റെ തലസ്ഥാനം അന്നത്തെ മദ്രാസിലെ ഹാരിസ് റോഡിലേക്ക് മാറ്റി പ്രതിഷ്ഠിച്ച അതിമാനുഷന്‍. മദ്രാസ് അന്ന് അറിയപ്പെട്ടതുപോലും ഗോവിന്ദന്റെ ആസ്ഥാനം എന്ന നിലയില്‍. എഴുത്തിലും വായനയിലും താല്‍പര്യമുള്ളവരുടെ അഭയമായും ആശ്രയമായും മാറി ഗോവിന്ദന്റെ വീട്. അവിടെനിന്ന് പുതിയ ആശയങ്ങളുടെ ചൂടുമായി പുറത്തിറങ്ങിയവര്‍ മലയാളികളെ നയിച്ചത് പുതിയ കാലത്തിലേക്ക്, യുഗത്തിലേക്ക്. പുതിയ ഭാവനയിലേക്കും ഭാവപ്രപഞ്ചത്തിലേക്കും. മറ്റൊരു എഴുത്തുകാരനും സ്വപ്നംകാണാന്‍പോലും കഴിയാത്ത ‘ആധുനികതയുടെ വഴികാട്ടി’ സ്ഥാനം വര്‍ഷങ്ങളോളം അനിഷേധ്യമായി കൈവശം വച്ചിരുന്ന ഗോവിന്ദന്‍ എഴുതിയ കഥ സ്വാഭാവികമായും നിസ്സാരമാക്കി അവഗണിക്കാനാവില്ല. പ്രബന്ധമാവട്ടെ, പച്ചത്തെറിയാവട്ടെ, തത്ത്വചിന്തയാവട്ടെ.. സര്‍പ്പം വായിക്കപ്പെടേണ്ടതുതന്നെ. വിലയിരുത്തപ്പെടേണ്ടതുതന്നെ. പ്രത്യേകിച്ചും എം. ഗോവിന്ദന്റെ ജന്‍മശതാബ്ദി വര്‍ഷത്തില്‍.
ആദ്യരാത്രിയിലാണ് സര്‍പ്പം തുടങ്ങുന്നത്; അവസാനിക്കുന്നതും. കിടക്കയില്‍ കാത്തുകിടക്കുന്ന നവവധു. മണിയറയില്‍ നില്‍ക്കുന്ന നവവരന്റെ ചിന്തകളിലൂടെ സര്‍പ്പം തുടങ്ങുകയാണ്. ഒരു പൈങ്കിളി എഴുത്തുകാരനെ മത്തുപിടിപ്പിക്കാവുന്ന സാഹചര്യം. വര്‍ണനകളാലും വര്‍ണക്കൂട്ടുകളാലും എഴുതിയെഴുതിപ്പോകാവുന്ന അസുലഭ സന്ദര്‍ഭം. പക്ഷേ, ഗോവിന്ദന്റെ നായകന്റെ ചിന്തകളിലേക്ക് കടന്നുവരുന്നത് വിന്‍സന്റ് വാന്‍ഗോഗ്. ബോധത്തിനും ഭ്രാന്തിനുമിടയിലൂടെ ചുഴലിക്കാറ്റുപോലെ കടന്നുപോയ ഡച്ച് ചിത്രകാരന്‍.
ആദ്യരാത്രിക്കൊപ്പം അന്ന് തിരുവാതിര കൂടിയാണ്. ജനലഴികളിലൂടെ ഉതിരുന്നുണ്ട് നിലാവെളിച്ചം. ജനലിലെ വലക്കണ്ണികളുടെ വട്ടനിഴല്‍പ്പാടുകള്‍ കാവി മിനുക്കിയ നിലത്ത് കാണാം. കരവിരുതിലും കാവ്യച്ചമയത്തിലും സൂര്യകാന്തിപ്പൂക്കളുടെ ചന്തം പുതഞ്ഞ ഒരു കണി എന്നാണ് ഗോവിന്ദന്റെ വിശേഷണം. കാല്‍പനിക സൗന്ദര്യം തുളുമ്പുന്ന ഇമേജ് ഒരു മോഹന വാഗ്ദാനമായി തോന്നുമെങ്കിലും പെട്ടെന്നുതന്നെ കഥ വാന്‍ഗോഗിലേക്ക് കടക്കുന്നു; പ്രണയിനിക്കു ചെവി അറുത്തു സമ്മാനിച്ച വന്‍ഗോഗിലേക്ക്. ചെവിയില്ലാത്ത വാന്‍ഗോഗ് ചെരിച്ചുവച്ച ഒരു മുറിത്തേങ്ങപോലെ കാണപ്പെടുന്നു. മുഖത്തു കുറ്റിരോമം മുറ്റിയ കുറിയ മനുഷ്യന്‍ ഇല്ലാത്ത കാതിന്റെ പാതിയും ഇറക്കിവച്ച് കീറച്ചെരുപ്പുമിട്ട് നടന്നകലുകയാണ്. വധുവിനെ മറന്ന്, വരന്‍ വാന്‍ഗോഗിന്റെ ചിത്രങ്ങളുടെ അര്‍ഥങ്ങളിലേക്ക് ആഴത്തില്‍ ഊളിയിടുന്നു. ആത്മസംവാദമാണ് വാന്‍ഗോഗിന്റെ കലയെന്നു തിരിച്ചറിയുന്നു. വേദനയില്‍ ഉരച്ചുചാലിച്ചെടുത്ത ആത്മസംവാദം. ചിത്തഭ്രമത്തില്‍നിന്നു ചീന്തിയെടുത്ത ചന്തപ്പൊലി. ഗോവിന്ദന്‍ ഉറപ്പിച്ചുപറയുന്നു: കല ആത്മാവിഷ്ക്കാരമല്ല; ആത്മസംവാദം.
കല്യാണരാവിലാണ് കലയുടെ മര്‍മത്തിലേക്കും കര്‍മത്തിലേക്കും കലാകാരനായ വരന്‍ കടക്കുന്നത്. കടഞ്ഞുഴിഞ്ഞു കാന്തിയാര്‍ന്ന മരക്കട്ടിലില്‍ പുതുപ്പെണ്ണ് കാത്തിരിക്കുമ്പോള്‍. നാലു കുതിരകളെപ്പൂട്ടി മനോരാജ്യത്തിന്റെ പൂത്തേരില്‍ വരന്‍ സഞ്ചരിക്കുകയാണ്; മായാസഞ്ചാരം. കാമത്തെ യാന്ത്രികമാക്കിയ ലോകത്തിനെതിരെയുള്ള കലാപമാണ് സര്‍പ്പം എന്ന കഥയെന്നാണ് ആര്‍. നരേന്ദ്രപ്രസാദ് വിലയിരുത്തുന്നത്. രതിയെ സംബന്ധിച്ച കുറ്റബോധത്തിനും രതിയോടു പുലര്‍ത്തുന്ന കപടസദാചാരത്തിനും കച്ചവടമനോഭാവത്തിനും അതീതമായി ഒരു കലാകാരന്റെ ജീവിതകാമനയുടെ വെളിപാടായി സര്‍പ്പം ഉയരുന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിക്കുന്ന നാഗക്കളമാണു സര്‍പ്പം എന്നാണ് കെ.പി. അപ്പന്‍ വിലയിരുത്തുന്നത്. ടി.ആര്‍. രാമചന്ദ്രന്‍ ആകട്ടെ ഒരു പടി കൂടി കടന്ന് ‘കഥയുടെ അടിത്തട്ട് കുലുക്കുന്ന കഥ’ എന്നാണ് സര്‍പ്പത്തെ വിശേഷിപ്പിക്കുന്നത്. മനുഷ്യരാശിയുടെ സുവര്‍ണയുഗത്തില്‍ കാമം കലയായി മാറും. കലാകാരന്‍മാര്‍ കാമദേവതകളായി അഭിഷേകം ചെയ്യപ്പെടും. അത്തരമൊരു കാലത്തിലേക്കാണ് സര്‍പ്പം പത്തിവിടര്‍ത്തുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.