ഒരിക്കലും ഒരു മാതൃകയല്ലാത്തയാള്‍ സ്വന്തം ജീവിതം എന്തിന് എഴുതണം എന്ന ചോദ്യം ഒരിക്കലല്ല പലവട്ടം സ്വയം ചോദിച്ചിട്ടുണ്ട് നസീറുദ്ദീന്‍ ഷാ എന്ന നടന്‍. മറ്റാരോടുമല്ല; തന്നോടുതന്നെ. ആ ചോദ്യത്തിന് ഉത്തരം കിട്ടാത്തതുകൊണ്ടുതന്നെ എഴുതിവച്ചതെല്ലാം ഒന്നിലധികം തവണ നഷ്ടപ്പെട്ടപ്പോഴും അദ്ദേഹത്തിനു നഷ്ടബോധം തോന്നിയില്ല. അനുഭവപ്പെട്ടത് ആശ്വാസം. പക്ഷേ, അല്‍പായുസ്സായ ആശ്വാസത്തിനുശേഷം വീണ്ടും എഴുത്തിന്റെ അസ്വസ്ഥത അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. ഒടുവില്‍ എഴുതിവച്ചതെല്ലാം സ്വരുക്കൂട്ടി പ്രസാധകനെ ഏല്‍പിച്ചിട്ടു ഷാ പറഞ്ഞു: ക്ലാസ്സില്‍ ഏറ്റവും അവസാനക്കാരനാകുന്ന ആണ്‍കുട്ടിക്കോ പെണ്‍കുട്ടിക്കോ ഇതു സമ്മാനിക്കുക! 

വാക്കു പാലിക്കാന്‍ മെനക്കെടാതെ പ്രസാധകര്‍ ഷായുടെ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു; ക്ളാസ്സില്‍ മുന്‍നിരക്കാരായ വിദ്യാര്‍ഥികളും ജീവിതത്തില്‍ വിജയം വരിച്ചവരുമെല്ലാം ഇഷ്ടപ്പെടുന്ന മനോഹരമായ ഒരു പുസ്തകം- അങ്ങനെ ഒരു ദിനം. 

അങ്ങനെ ഒരു ദിനം ഏതാണ്.. ജനിച്ച ദിവസമാണോ. ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ നിന്ന നിമിഷമാണോ. പ്രണയത്തിന്റെ സൂര്യനാല്‍ ജ്വലിച്ച നിമിഷമാണോ. പുരസ്കാരത്തിനര്‍ഹനായ ദിവസമാണോ... അതേ ഏതു ദിവസവുമാകാം. ഏതു ദിവസവുമല്ലാതിരിക്കാം... അല്ലെങ്കില്‍ത്തന്നെ ഏതു ദിവസത്തിനാണ് അത്ര വലിയ പ്രത്യേകത. ഒരുപോലെയല്ലേ എല്ലാ ദിവസങ്ങളും... ഈ ഉദാസീനതയാണ് ഷായുടെ ഓര്‍മക്കുറിപ്പുകളുടെയും ആത്മകഥയുടെയും മുഖമുദ്ര. എന്തു ചെയ്താലും വേഗം മടുക്കുന്ന സ്വഭാവക്കാരനായതിനാല്‍ സ്വന്തം കഥയും അദ്ദേഹത്തെ മടുപ്പിച്ചു. എങ്കിലും എഴുതിക്കൊണ്ടേയിരുന്നു. 2002-ല്‍ ഒരു വന്‍ബജറ്റ് ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതോടെ ലഭിച്ച പ്രതിഫലം കൊണ്ടു വാങ്ങിച്ച ലാപ് ടോപില്‍. ആറു മാസം നീണ്ടുനിന്ന ഷൂട്ടിങ് കാലത്ത് ജോലിയേക്കാളേറെ ഒഴിവുസമയമായിരുന്നു അധികവും. അടുത്ത രംഗത്തിനുവേണ്ടി കാത്തിരുന്ന ഇടവേളകളില്‍ ഷാ ലാപ്ടോപ്പിൽ പ്രവര്‍ത്തനനിരതനായി. ആരും അനുകരിക്കരുതേ എന്ന് ആഗ്രഹിച്ചുകൊണ്ട് സ്വന്തം ജീവിതം എഴുതി. കഥ പറഞ്ഞു. നാടകീയതയില്ലാത്ത നാടകം പോലെ. ക്ളൈമാക്സ് ഇല്ലാത്ത സിനിമ പോലെ. ഈണവും താളവുമില്ലാത്ത കവിത പോലെ. എന്നിട്ടും ജീവിതം ജ്വലിച്ചുനിന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍. സത്യം മിന്നിക്കത്തി അനുഭവകഥകളില്‍. അങ്ങനെ ഒരു ദിനം എന്ന നസീറുദ്ദീന്‍ ഷായുടെ ആത്മകഥ വായിച്ചു വലിച്ചെറിയാനുള്ളതല്ല. അലസമായി മറിച്ചുനോക്കാനുമുള്ളതല്ല. വായിക്കുകയും സൂക്ഷിച്ചുവച്ച് വീണ്ടും വായിക്കുകയും ചെയ്യേണ്ട പ്രൗഡമായ ഗ്രന്ഥം. 

ആത്മകഥയുടെ തുടക്കമായി ഷാ തിരഞ്ഞെടുത്തത് ഞാന്‍ ജനിച്ചത്... എന്ന രണ്ടു വാക്കുകളായിരുന്നു. പക്ഷേ ആ വാക്കുകള്‍ എവിടെയോ നഷ്ടപ്പെട്ടു. തുടക്കവും. ലാപില്‍ ആത്മകഥ തുടങ്ങിയപ്പോഴാകട്ടെ ഒരു വര്‍ഷത്തില്‍നിന്ന് അദ്ദേഹം കഥ തുടങ്ങി:

1949 ജൂലൈയിലോ 1950 ഓഗസ്റ്റിലോ ലക്നൗവിനടുത്തുള്ള ഒരു ചെറിയ പട്ടണമായ ബാരാബങ്കിയില്‍ ഞാന്‍ ജനിച്ചു.. എന്ന വാചകത്തില്‍. 

അവസാനിപ്പിക്കുന്നതാകട്ടെ അനിശ്ചിതത്വത്തിലും. തുടര്‍ന്ന് ഞങ്ങളെല്ലാവരും എക്കാലവും സന്തോഷമായി ജീവിച്ചു എന്നു പറഞ്ഞു നിര്‍ത്താനായിരുന്നു ഷായ്ക്കു താല്‍പര്യം. പക്ഷേ അപ്പോഴാണ് ജീവിതത്തിന്റെ സങ്കീര്‍ണത അദ്ദേഹത്തെ തളര്‍ത്തിയത്. അഴകുള്ള ഒരു വിരാമത്തിന് ജീവിതം വഴങ്ങില്ല എന്ന സത്യം ബോധ്യമായത്. അതായത് ഇനിയും പറയാനുണ്ടെന്ന പരമാര്‍ഥം. മറ്റൊരിക്കല്‍ മറ്റൊരു ദിവസത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് വീണ്ടുമെഴുതാം എന്ന വാഗ്ദാനത്തില്‍ ഷാ നിര്‍ത്തുന്നു. 

പദ്മശ്രിയും പദ്മഭൂഷണും വരെ ലഭിച്ചിട്ടുള്ള, അഭിനയത്തിനുള്ള ദേശീയ പുരസ്കാരം മൂന്നു തവണ ലഭിച്ച നസീറുദ്ദീന്‍ ഷായുടെ ജീവിതകഥ അദ്ദേഹത്തിന്റെ മാത്രം കഥയല്ല. അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റെ മാത്രം ചരിത്രവുമല്ല. ഇരുന്നൂറിലേറെ നാടകങ്ങളും സിനിമകളും അഭിനേതാക്കളും നാടകപ്രവര്‍ത്തകരും ചലച്ചിത്രപ്രവര്‍ത്തകരും പ്രത്യക്ഷപ്പെടുന്ന ഇതിഹാസം. ആ പേരുകള്‍ മാത്രം ഉള്‍പ്പെടുത്തി ഒരു പഠനം നടത്തിയാല്‍പ്പോലും ലോക നാടക-ചലച്ചിത്രവേദികളുടെ വിശകലനമായി മാറും. അത്ര വിപുലമാണ് ഷായുടെ ക്യാന്‍വാസ്. അഭിനയത്തന്റെ വിവിധ ശൈലികളും ഭാവങ്ങളും നാടകാഭിനയവും ചലച്ചിത്രാഭിനയവും തമ്മിലുള്ള വ്യത്യാസവും എല്ലാം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അനാവരണം ചെയ്യുന്ന പഠനഗ്രന്ഥം. 

ആത്മകഥ ഷാ സമര്‍പ്പിച്ചിരിക്കുന്നതാകട്ടെ പുസ്കത്തില്‍ ഒരിടത്തും പ്രത്യക്ഷപ്പെടാത്ത രണ്ടുപേര്‍ക്ക്: മക്കളായ ഇമാദിനും വിവാനും. ആദ്യവിവാഹത്തിലെ മകളായ ഹിബാ ധാരാളമായി പ്രത്യക്ഷപ്പെടുന്നുമുണ്ട്. 

‘മുടിയനായ പുത്രന്‍’ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഷാ സ്വന്തം വീട്ടിനുള്ളില്‍ മാത്രമല്ല, വീടിനു പുറത്തെ തിണ്ണയിലും കിടന്നുറങ്ങിയിട്ടുണ്ട്. 16-ാം വയസ്സില്‍ ബോംബെയിലേക്ക് ഒളിച്ചോടി, പരാജയപ്പെട്ട് തിരിച്ചെത്തിയപ്പോഴാണ് ഒരു കൗമാരക്കാരനായിരുന്ന ഷായ്ക്ക് വീടിനു പുറത്ത് ഉറങ്ങേണ്ടിവന്നത്. പകല്‍ തന്നെ വീട്ടിലെത്താമായിരുന്നു. അച്ഛനമ്മമാരെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചിന്തയില്‍ അദ്ദേഹം ഒരു പകല്‍ അലസമായി കഴിച്ചുകൂട്ടി. രാത്രി അവസാനത്തെ ബസില്‍ അവശേഷിച്ച നാണയത്തുട്ടുകള്‍ ചെലവാക്കി ഷാ വീട്ടിലേക്കു പുറപ്പെട്ടു. വീട്ടില്‍ ചെന്നുകയറുമ്പോള്‍ 11 മണി. അമ്മി ഉറങ്ങിയിരുന്നില്ല. അവര്‍ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു. ഒരുപക്ഷേ ഒരു വാക്കുപോലും പറയാതെ പുറപ്പെട്ടുപോയ മകന്‍ തിരിച്ചെത്തുമ്പോഴേക്കും ഇഷ്ടവിഭവങ്ങള്‍ തയാറാക്കുകയായിരിക്കാം. അടുക്കളയുടെ ജനാലയുടെ സമീപം കുറച്ചുനേരം കാത്തുനിന്നു. ശബ്ദം പുറത്തേക്കുവരുന്നില്ല. വീട്ടിലെ ഓരോ വിളക്കും അണയാന്‍വേണ്ടി കാത്തിരുന്നു. നാടും വീടും ഇരുട്ടിലാണ്ടപ്പോള്‍ കയ്യിലുണ്ടായിരുന്ന പുതപ്പ് വിരിച്ച് വീടിനു പുറത്ത് ഉറക്കവും തുടങ്ങി. ശൈത്യകാലത്തിന്റെ തണുപ്പിനെ പ്രതിരോധിച്ചുകൊണ്ട്. പിറ്റേന്ന് ആരെ ഒഴിവാക്കാനാണോ വീടിനു പുറത്ത് കിടന്നുറങ്ങിയത് അതേ ആള്‍ തന്നെ ഷായെ വിളിച്ചുണര്‍ത്തി. ബാബ. ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങിയപ്പോള്‍ തട്ടിയുണര്‍ത്തിയ പൊലീസുകാരന്‍ വിളിക്കുകയാണെന്ന ധാരണയില്‍ കയ്യിലുണ്ടായിരുന്ന സാധനങ്ങള്‍ കൂട്ടിപ്പിടിച്ച് എഴുന്നേറ്റ് ഓടാന്‍ തുടങ്ങിയപ്പോള്‍ ബാബയുടെ ശബ്ദം വ്യക്തമായി കേട്ടു: എഴുന്നേല്‍ക്ക്. എഴുന്നേറ്റുപോയി നിന്റെ അമ്മയെ കാണ്! അന്ന് ആദ്യമായി നമാസ് മുഴുമിക്കാതെ അമ്മി പുറത്തേക്കുവന്നു. തീവ്രതയോടെ കെട്ടിപ്പിടിച്ചു. തേങ്ങിക്കരഞ്ഞു. മകനെ തിരിച്ചുതന്ന സര്‍വശക്തനായ ദൈവത്തിനു നന്ദി പറഞ്ഞു. 

നസീറുദ്ദീന്‍ ഷാ എന്ന നടനെ ഇന്ത്യന്‍ അഭിനയവേദിക്കു സമ്മാനിച്ച ആ അമ്മിക്കും ബാബായ്ക്കും പലവട്ടം നന്ദി പറഞ്ഞിട്ടുണ്ട് ഇന്ത്യയിലെയും വിദേശത്തെയും പ്രബുദ്ധരായ പ്രേക്ഷകര്‍. അതിശയിപ്പിക്കുന്ന അഭിനയ സിദ്ധിക്ക് സാക്ഷികളാകുമ്പോഴൊക്കെ. കഥ അവസാനിച്ചിട്ടില്ല. അത് ഇനിയും തുടരും. ഇത് ഇടവേള മാത്രമാണ്. കഥയുടെ ബാക്കിക്കുവേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അവരോടുള്ള വാക്ക് പാലിച്ച് ഷാ തന്റെ ജീവിതം ഇനിയും എഴുതുമെന്ന പ്രതീക്ഷയില്‍ സംതൃപ്തിയോടെ മടക്കിവയ്ക്കാം അങ്ങനെ ഒരു ദിനം.