നുണപ്രചാരണങ്ങളെ വളരാൻ അനുവദിക്കരുത് : റഫീഖ് അഹമ്മദ്
തിരഞ്ഞെടുപ്പുഫലത്തെ സൂചിപ്പിച്ച് വർഗീയ പരാമർശങ്ങളുമായി പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് തന്റേതല്ലെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് റഫീഖ് അഹമ്മദിന്റെ പേരിൽ ഒരു കുറിപ്പ് സമൂഹമാധ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പെട്ടെന്നുതന്നെ അത് പ്രചരിക്കുകയും ചെയ്തിരുന്നു. മതപരമായ പരാമർശങ്ങളുള്ള പോസ്റ്റ് ധാരാളമായി ഷെയർ ചെയ്യപ്പെട്ടതിനെ തുടർന്നാണ്, കുറിപ്പും താനുമായി ബന്ധമില്ലെന്ന് റഫീഖ് അഹമ്മദ് വ്യക്തമാക്കിയത്.
വ്യാജപോസ്റ്റിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടി പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന ആശയങ്ങൾ മറ്റൊരാളുടെ പേര് ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപകടമാണ്. ഇതിന്റെ അപകടം നാം തിരിച്ചറിയണം.
ഇത്തരം നുണപ്രചാരണങ്ങളെ വളരാൻ അനുവദിച്ചാൽ ആർക്കും അവർ പറയാനാഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റൊരാളിന്റെ പേരിൽ പ്രചരിപ്പിക്കാം. അത് കൂടുതൽ ആളുകളിലേക്കെത്തിയാൽ എന്താവും സംഭവിക്കുക? ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുകതന്നെ വേണമെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.
ഭൂരിപക്ഷസമുദായങ്ങളെ വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളാണ് എന്നു സൂചിപ്പിക്കുന്ന കുറിപ്പാണ് പ്രചരിച്ചത്. "ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷമാണ് ഭരിക്കുക എന്നും മതത്തിന്റെ പേരിൽ രാജ്യത്ത് വേർതിരിവുണ്ടാക്കിയാൽ ഭൂരിപക്ഷ മതം ആയിരിക്കും അധികാരത്തിൽ വരുക എന്നും" വ്യാജപോസ്റ്റിൽ പറയുന്നുണ്ട്.