പ്രണയത്തിലൂടെ മരണത്തിലേക്കൊരു മെറ്റമോർഫോസിസ്
തണുപ്പത്ത് മെഴുതിരി കത്തിച്ച് ആ തീനാളത്തിൽ ആഹാരം ചൂടാക്കി കഴിക്കേണ്ടി വന്നിട്ടുണ്ട് കാഫ്കയ്ക്ക്. ദാരിദ്ര്യത്തിന്റെ ആ അത്താഴവേളകളെ ഡോറ ഡൈമന്റ് പ്രണയം കൊണ്ട് വിരുന്നാഘോഷമാക്കി മാറ്റി. ക്ഷയം ബാധിച്ച കാഫ്കയുടെ നെഞ്ചിൻകൂടിലേക്ക് അവർ പ്രണയത്തിന്റെ പ്രാണവായു നിറച്ചു. ഇനിയൊരു രൂപാന്തരമില്ല, ഡോറയുടെ കാമുകൻ എന്നതാണ് തന്റെ ജീവിതത്തിലെ ഒടുവിലത്തെ വേഷം എന്ന് അതോടെ കാഫ്ക തിരിച്ചറിഞ്ഞിരുന്നു എന്നു വേണം കരുതാൻ. ഡോറയ്ക്ക് അത് ആദ്യ പ്രണയവുമായിരുന്നു.
ആദ്യ പ്രണയത്തോളം തീവ്രത അവസാന പ്രണയത്തിനുണ്ടാകുമോ. അതിലേറെയും ഉണ്ടാകാനിടയുണ്ടോ എന്നൊക്കെ ഒരുകൂട്ടം ചോദ്യങ്ങളിൽ നിന്ന് ഉത്തരത്തിലേക്കുള്ള രൂപാന്തരപ്രാപ്തിയാണ് കാഫ്കയുടെ അവസാന നാളുകൾ. അത്രമേൽ രോഗഗ്രസ്തമായ അദ്ദേഹത്തിൻറെ ശ്വാസകോശത്തിൽ പ്രത്യാശയുടെ ശ്വാസം നിറയ്ക്കാൻ ഡോറയ്ക്ക് കഴിഞ്ഞു. ജീവിതത്തിൽ നിന്നു മരണത്തിലേക്ക് പ്രണയത്തിലൂടെയൊരു മെറ്റമോർഫോസിസ് ആയിരുന്നു അത്.
കാഫ്കയുടെ മറ്റ് പല പ്രണയങ്ങളും ആഘോഷിക്കപ്പെട്ടുവെങ്കിലും തീരെ ആഘോഷിക്കപ്പെടാതെയും അംഗീകരിക്കപ്പെടാതെയുമിരുന്ന പ്രണയമാണ് ഡോറയുമായുള്ളത്. പക്ഷേ, കാഫ്കയുടെ ഏറ്റവും അടുത്ത സുഹൃത്തും ജീവചരിത്രകാരനുമായ മാക്സ് ബ്രോഡ്, ഡോറയെ കാഫ്കയുടെ ജീവിതസഖി എന്നുതന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഡോറ ഡൈമന്റിനെ കാണുന്നതു വരെ മറ്റ് പ്രണയങ്ങളും ലൈംഗിക ബന്ധങ്ങളും കാഫ്കയിൽ കുറ്റബോധം ജനിപ്പിച്ചിരുന്നു. ആ ബന്ധങ്ങൾ അത്ര ഉപരിപ്ലവമായിരുന്നു എന്നതായിരിക്കണം കാരണം. കാഫ്കയുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് എത്താൻ ആ പ്രണയിനിമാർക്ക് കഴിഞ്ഞിരുന്നില്ല എന്നതുകൊണ്ട് ആകുമല്ലോ ആ കുറ്റബോധം.
ഡോറയുമായി അടുക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും വിഷമഘട്ടങ്ങളിലായിരുന്നു. ഡോറയെ നേരത്തേ കണ്ടിരുന്നെങ്കിൽ ജീവിക്കാനുള്ള ത്വരയും മനശക്തിയും കാഫ്കയ്ക്ക് കൂടുതലായുണ്ടായേനെ എന്നും ബ്രോഡ് പറയുന്നു.
ജർമ്മൻ ഭാഷ സംസാരിക്കുന്ന, പക്ഷേ ബൊഹീമിയക്കാരനായ ജൂതനായിരുന്നു കാഫ്ക. എങ്കിലും ആത്യന്തികമായി ഒരൊറ്റ അടിസ്ഥാന പാരമ്പര്യത്തിൽ ഉറച്ച് നിൽക്കാത്തതുകൊണ്ടുതന്നെ ബൊഹീമിയയും ജർമ്മനിയും ജൂതരും അദ്ദേഹത്തെ അന്യനായാണ് കണ്ടിരുന്നത്. സ്വതവേ ഒതുങ്ങിക്കൂടിയിരുന്ന കാഫ്കയ്ക്ക് കൂടുതൽ അരക്ഷിതത്വം തോന്നാൻ ഇത് ഇടയാക്കിയിട്ടുണ്ട്.
ഡോറയുടെ പോളിഷ് - ജൂത സംസ്കാരവും കാഫ്കയ്ക്ക് അവരിൽ താൽപര്യമുണ്ടാകാൻ കാരണമായിട്ടുണ്ട്.
മാതാപിതാക്കളുമായി ആശയപരമായി അകന്നിരുന്നുവെങ്കിലും സ്വന്തമായി ശക്തമായ ഒരു നിലപാടെടുത്ത് അവരിൽനിന്ന് അകന്ന് താമസിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു കാഫ്ക. മെറ്റമോർഫോസിസിലെ നായകനായ ഗ്രിഗർ സാംസയെപ്പോലെ മറ്റുള്ളവരിൽനിന്ന് വളരെ വ്യത്യസ്തനായി മാറിയ അദ്ദേഹം സ്വന്തം വീട്ടിൽ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. ഒരു പ്രഭാതത്തിൽ ഷഡ്പദമായി മാറി വീട്ടിലുള്ളവരിൽ നിന്നൊറ്റപ്പെട്ടു പോകുന്ന ഗ്രിഗർ സാംസയിൽ നോവലിസ്റ്റിന്റെ ആത്മാംശം കാണാൻ കഴിയും.
ഒട്ടും സംതൃപ്തമല്ലാത്ത ആ ജീവിതത്തിൽനിന്നു പുറത്തു കടക്കാൻ അദ്ദേഹത്തിനായതുതന്നെ ഡോറുമായുള്ള അടുപ്പത്താലും അവർ പകർന്ന മനശക്തിയാലും മാത്രമാണ്. എന്നിട്ടും ബർലിനിലേക്കുള്ള പറിച്ചുനടലിനെക്കുറിച്ച് കാഫ്കയുടെ വാക്കുകൾ 'റഷ്യയിലേക്ക് നെപ്പോളിയൻ മാർച്ച് ചെയ്തതുപോലെ' എന്നാണ്. അത്ര ശ്രമകരവും ധൈര്യം വേണ്ടതുമായിരുന്നു കാഫ്കയെ സംബന്ധിച്ചിടത്തോളം മടുപ്പിക്കുന്ന കുടുംബാന്തരീക്ഷത്തിൽ നിന്ന് പുറത്തക്ക് കടക്കൽ.
ഏകാന്തതയും അസംതൃപ്ത മനസിന്റെ ആകുലതകളും ഡോറയും അനുഭവിച്ചിട്ടുണ്ട് എന്നത് അവരുടെ ബന്ധത്തെ കൂടുതൽ ഉറപ്പിച്ചു. പാശ്ചാത്യ സംസ്കാരം അദ്ദേഹമവരെ പഠിപ്പിച്ചു. അവർ അദ്ദേഹത്തെ പഠിപ്പിച്ചത് ജീവിതവും ഹിബ്രു ഭാഷയും. ഒന്നിച്ച് അവർ ബൈബിളും ഗെയ്ഥെയെയും ഫെയറി ടെയ്‌ലുകളും വായിച്ചു. വായനയും എഴുത്തും നടന്നിരുന്നു എങ്കിലും സാമ്പത്തികമായി വളരെ തകർന്ന അവസ്ഥയിലാണ് അവർ കഴിഞ്ഞത്. ദാരിദ്രത്തിൻറെ പരകോടി കണ്ട നാളുകളായിരുന്നു അത്.
ബർലിനിൽ ഒന്നിച്ചു കഴിയുന്ന കാലത്ത് ക്ഷയരോഗം മൂർഛിക്കുകയും അവർ ബ്രോഡിന്റെ ഉപദേശപ്രകാരം അദ്ദേഹം താമസിച്ചിരുന്ന ഓസ്ട്രിയയിൽ എത്തുകയും ചെയ്തു. താമസിയാതെ കാഫ്കയെ വിയന്നയിലെ സാനട്ടോറിയത്തിൽ പ്രവേശിപ്പിക്കേണ്ടതായി വന്നു. പക്ഷേ അപ്പോഴും ഒറ്റപ്പെടുത്താതെ കൂടെ താമസിക്കുകയാണ് ഡോറ ചെയ്തത്. കാഫ്കയുടെ പല മുൻ പ്രണയിനിമാരിൽ ആരും ചെയ്യാനിടയില്ലാത്ത കാര്യമാണത്. ഒടുവിൽ ശരിയായ തീരത്താണ് ആ ജീവിതനൗക അടിഞ്ഞിരുന്നത് എന്നത് എത്ര വ്യക്തമാണ്.
കാഫ്കയുടെ മരണമടുക്കാറായപ്പോൾ, അദ്ദേഹം നേരത്തേ ആവശ്യപ്പെട്ടതനുസരിച്ച് ഡോറക്ക് മറ്റെന്തോ ഉത്തരവാദിത്തം കൊടുത്ത് അവരെ ആശുപത്രിയിൽനിന്ന് പുറത്തേക്കയച്ചു. അവസാന നിമിഷങ്ങളിലെ വൈഷമ്യങ്ങൾ ഡോറ കണ്ട് വിഷമിക്കരുത് എന്നു കരുതിയാണ് അങ്ങനെ ചെയ്തത്. പക്ഷേ അവസാനത്തോട് അടുത്തപ്പോൾ കാഫ്ക ആവശ്യപ്പെട്ടതനുസരിച്ച് അവരെ തിരിച്ചുവിളിക്കുകയായിരുന്നു.
അർഹിച്ചിരുന്ന പ്രശസ്തി കാഫ്കയുടെ ജീവിതകാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. താനെഴുതിയതെല്ലാം കത്തിച്ചു കളയാനായി കാഫ്ക സുഹൃത്തായ മാക്സ് ബ്രോഡിനെ ഏൽപ്പിച്ചിരുന്നു. ബ്രോഡിന് ആ കൃതികളുടെ മഹത്വം തിരിച്ചറിയാനായതുകൊണ്ടും കാഫ്കയുടെ മരണശേഷം അവ പ്രസിദ്ധീകരിക്കാൻ നൽകിയതുകൊണ്ടും ഇനിയും വരുന്ന പല തലമുറകൾക്കും വായിക്കാനായി കാഫ്കയുണ്ട്.
ഡോറ പിന്നീട് നടിയും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയുമായി. തനിക്ക് കാഫ്കയിൽ ഒരു കുഞ്ഞുണ്ടായില്ല എന്ന വിഷമത്തോടെയാണ് അവർ ജീവിച്ചു മരിച്ചത്.
പ്രണയത്തെ സങ്കടംകൊണ്ട് സ്നാനപ്പെടുത്തിയ ഡോറയുടെ ശവക്കല്ലറയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'ഡോറയെ അറിയുന്നവർക്ക് പ്രണയം എന്തെന്നറിയാം.' അതിലെല്ലാം അടക്കംചെയ്തിട്ടുണ്ട്.