ഇന്ദുലേഖയ്ക്ക് പ്രായം 130 കടന്നു!

കേട്ട് അത്ഭുതപ്പെടേണ്ട. അത്രകാലം ജീവിച്ചിരിക്കുമോയെന്ന ആശങ്കയും വേണ്ട. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ ഇന്ദുലേഖയുടെ കാര്യത്തിൽ പ്രായം 260 ആയാലും ‘ജീവിക്കും’!.

മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ "ഇന്ദുലേഖ"യുടെ നൂറ്റിമുപ്പതാം വാർഷികത്തോടനുബന്ധിച്ച് തൃശൂരിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിക്കുന്നു . മേയ് 28 വൈകുന്നേരം അഞ്ചിനു സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരനും വാഗ്മിയുമായ ഡോ . സുനിൽ പി . ഇളയിടം, മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ . ജയകുമാർ,  ആഷാമേനോൻ , എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ രശ്മി ബിനോയ് എന്നിവർ പങ്കെടുക്കും.

'പത്തൊൻപതാം നൂറ്റാണ്ട് മുതൽ 2019 വരെ - കേരളവും ആധുനികതയും' എന്ന വിഷയത്തിലാണു ചർച്ച . ഇന്ദുലേഖയുടെ നൂറ്റിമുപ്പതാം വർഷം വിവിധ സാഹിത്യ, സാംസ്കാരിക പരിപാടികളോടെ ആഘോഷമാക്കുകയാണ് ഒ. ചന്തുമേനോൻ ഫൗണ്ടേഷൻ. 

ചന്തുമേനോന്റെ സ്മരണാർഥം ഷോർട്ട്ഫിലിം മൽസരം പ്രഖ്യാപിച്ചിട്ടുണ്ട് . 'സ്ത്രീക്കു വേണ്ടി നിലകൊള്ളുന്ന പുരുഷൻ' എന്ന വിഷയത്തെ അധികരിച്ചുള്ള സൃഷ്ടികളാണു ക്ഷണിച്ചിട്ടുള്ളത് . 

നോവലിനെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അടങ്ങിയ വെബ് സൈറ്റ് indulekha.online പ്രവർത്തനം തുടങ്ങി.