ഞാന്‍ 

ഒരു ഇന്ത്യക്കാരി. 

തവിട്ടു നിറക്കാരി. 

മലബാറില്‍ ജനിച്ചവള്‍. 

ഞാന്‍ മൂന്നു ഭാഷകള്‍ സംസാരിക്കുന്നു. 

രണ്ടു ഭാഷയില്‍ എഴുതുന്നു. 

ഒരു ഭാഷയില്‍ സ്വപ്നം കാണുന്നു. 

മാധവിക്കുട്ടി ഇംഗ്ളിഷില്‍ കവിതകള്‍ എഴുതുന്നത് കൗതുകം നിറച്ചിരുന്നു മലയാളികളില്‍. കമലാദാസ് മലയാളത്തില്‍ കഥകള്‍ എഴുതുന്നത് കൗതുകം നിറച്ചത് അവരുടെ ഇംഗ്ളിഷ് കവിതകളുടെ വായനക്കാര്‍ക്കിടയില്‍. ഈ രണ്ടു വിഭാഗക്കാര്‍ക്കുമിടയില്‍, ഇഷ്ടപ്പെട്ട ഭാഷ സംസാരിച്ചും, ഇഷ്ടപ്പെട്ടത് എഴുതിയും, ഇഷ്ടപ്പെട്ട ഭാഷയില്‍ സ്വപ്നം കണ്ടും നാലപ്പാട്ടെ ആമി ജീവിച്ചു. എന്നും എല്ലാവരുടെയും മനസ്സില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്. ജീവിച്ചിരുന്നപ്പോള്‍ ഉത്തരം കിട്ടാത്ത സമസ്യയായിരുന്നു മാധവിക്കുട്ടിയെങ്കില്‍, ‘മലബാറിലെ പ്രണയത്തിന്റെ രാജകുമാരി’ വിയോഗത്തിനു പത്തു വര്‍ഷത്തിനുശേഷവും സമസ്യയായിത്തന്നെ തുടരുന്നു. പക്ഷേ, ഇക്കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനിടയ്ക്ക് കേരളത്തില്‍ സംഭവിച്ച സാമൂഹിക മാറ്റങ്ങളില്‍ മാധവിക്കുട്ടിയുടെ സ്വാധീനമുണ്ട്. എഴുത്തില്‍ അവരുടെ എഴുത്തിന്റെ മാറ്റൊലിയുണ്ട്. അനുഭവം എഴുതുന്നതില്‍ അവര്‍ അവശേഷിപ്പിച്ച അടയാളങ്ങളുണ്ട്. ഇന്നും സ്ത്രീകള്‍ ആഗ്രഹിക്കുന്നത് മാധവിക്കുട്ടിയെപ്പോലെ എഴുതാന്‍. ഭാവിയുടെ ഭാരമില്ലാതെ. ആശങ്കകളില്ലാതെ. പ്രത്യാഘാതത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ. 

ഇന്ന് 

സൂര്യന്റെ വെട്ടിത്തിളങ്ങുന്ന മുഖം 

എന്നില്‍ എന്താണ് ചെയ്യുന്നത് ? 

ഇന്ന് ആകാശത്തില്‍ കത്തിയെരിയുന്ന മുഖം 

എന്നെ ഓര്‍മിപ്പിക്കുന്നതെന്താണ് ? 

ഹാ, അതെ, അതവന്റെ മുഖമാണ്. 

എഴുതുന്നതെന്തും, എഴുതിയ വ്യക്തിയുടെ ജീവിതവുമായി അടുക്കിവച്ച് വായിക്കുന്നത് എന്നും സമൂഹത്തിന്റെ പതിവാണ്. ഒതുതരത്തിലുള്ള അപഥസഞ്ചാരം. എഴുതുന്നത് ഒരു സ്ത്രീയാണെങ്കില്‍, അതും സ്ഫോടനാത്മകമാണെങ്കില്‍, അതവരുടെ ജീവിതവുമായി ബന്ധപ്പെടുത്താനുള്ള പ്രവണത കൂടും. ഈ ചതിയും ഇരട്ടത്താപ്പും നന്നായി അറിയുന്ന വ്യക്തിയായിരുന്നു മാധവിക്കുട്ടി. മലയാളത്തിലെ കഥകളുടെ ശൈലിയല്ല, ഇംഗ്ളിഷ് കവിതകളില്‍ അവര്‍ അനുവര്‍ത്തിച്ചത്. ഒരേ വിഷയം കഥയിലും കവിതയും കൈകാര്യം ചെയ്തപ്പോള്‍പോലും രണ്ടു വ്യത്യസ്ത ശൈലികള്‍ അവര്‍ക്കു സ്വന്തമായിരുന്നു. കവിതകളില്‍ അവര്‍ മറയില്ലാതെ, തന്നെത്തന്നെ വെളിപ്പെടുത്തി. കഥകളില്‍ സ്വന്തം ചുറ്റുപാടുകളും. നീര്‍മാതളവും കലി നാരായണന്‍ നായരും പാറുവമ്മയും ഒക്കെ അങ്ങനെയാണ് അവരുടെ സ്ഥിരം കഥാപാത്രങ്ങളായത്. നിര്‍ദോഷവും നിഷ്കകളങ്കവുമായ കഥകള്‍. ബാല്യകാല സ്മരണകള്‍. നീര്‍മാതളം പൂത്ത കാലം. ഇതേ മാധവിക്കുട്ടി, ആദ്യകാല ഇംഗ്ളിഷ് കവിതകളില്‍ത്തന്നെ ചുറ്റുപാടുകള്‍ അണിയിക്കാന്‍ ശ്രമിച്ച ചങ്ങലക്കെട്ടുകളെ സഹതാപലേശം പോലുമില്ലാതെ വലിച്ചുപൊട്ടിച്ചുകൊണ്ടിരുന്നു. സ്വയം വിമോചിപ്പിച്ചുകൊണ്ടിരുന്നു. ലോകം ഉറയിലിട്ട വാളെന്നപോലെ അവളെ ഇറുക്കിവരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. കവിതകളില്‍ അവര്‍ ആ വാളെടുത്ത് വീശി. കഥകളില്‍ വല്ലപ്പോഴും മാത്രം രക്തം പുരണ്ട വാളിന്റെ ചില ഭാഗങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചു. 

അപരിചിതമായ നഗരങ്ങളില്‍ 

പാതിരാകളില്‍ 

പന്ത്രണ്ടുമണിക്ക് 

ഏകാകിനിയായി മദ്യപിക്കുന്നവള്‍ ഞാനാണ്. 

ചിരിക്കുന്നവള്‍ ഞാനാണ്. 

പ്രേമിക്കുന്നവള്‍ ഞാനാണ്. 

അപമാനം അനുഭവിക്കുന്നവളും 

ഞാന്‍ തന്നെ. 

ഇന്ത്യയിലെ രണ്ടു വ്യത്യസ്ത ദേശങ്ങളിലായാണ് മാധവിക്കുട്ടി വളര്‍ന്നത്. പരസ്പര ഭിന്നമായ സംസ്കാരങ്ങളില്‍. സദാചാരങ്ങളില്‍. വ്യത്യസ്തമായ ഭാഷയിലും വേഷത്തിലും. ഇത് മാധവിക്കുട്ടിക്കും അവരുടെ എഴുത്തിനും സമ്മാനിച്ചത് ദ്വന്ദ വ്യക്തിത്വം. ജീവിതത്തിലും എഴുത്തിലും കാത്തുസൂക്ഷിച്ച ഈ ഇരട്ടവ്യക്തിത്വം അവര്‍ മരണത്തില്‍പോലും കാത്തുസൂക്ഷിച്ചു എന്നത് കേവലം യാദൃഛികം മാത്രമായിരിക്കില്ല. അവസാനകാലം കേരളത്തില്‍ ജീവിച്ചിട്ടും മരിക്കാന്‍ അവര്‍ പുനെ എന്ന നഗരം തിരഞ്ഞെടുത്തു. അവസാന ഉറക്കത്തിന് വീണ്ടും കേരളവും. മാധവിക്കുട്ടിയില്ലാത്ത പത്തുവര്‍ഷങ്ങള്‍ക്കുശേഷം അവരെക്കുറിച്ച് ആലോചിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട്. എഴുത്തിലും ജീവിതത്തിലും മലയാളിയെ പുതിയ കാലത്തിലേക്ക് ആനയിക്കാന്‍ അവതരിച്ച സവിശേഷ വ്യക്തിത്വമായിരുന്നു മാധവിക്കുട്ടി. 

ഇന്നിപ്പോള്‍ ഒരുപരിധിവരെ മറയില്ലാതെ എഴുതാം മലയാളിക്ക്. പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും. മറയില്ലാതെ എഴുതിയും മാന്യമായി ജീവിക്കുന്നവരുടെ നാടാണ് കേരളവും. ഇങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞിട്ടില്ലാത്ത കാലത്തായിരുന്നു മാധവിക്കുട്ടി എന്റെ കഥ എഴുതിയത്. ഇഷ്ടപ്പെട്ട വേഷം ധരിച്ചും, ഇഷ്ടഭാഷ സംസാരിച്ചും മലയാളത്തിന്റെ പുതുതലമുറ ഇഷ്ടപ്പെട്ട രീതിയില്‍ ജീവിക്കുന്നു. അങ്ങനെയാണ് ജീവിക്കേണ്ടതെന്ന് പറഞ്ഞതിന്റെ പേരില്‍ ഒരിക്കല്‍ ആക്ഷേപിക്കപ്പെട്ടിരുന്നു മാധവിക്കുട്ടി. താന്‍ പറയുന്നത് തെറ്റിധരിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ സംസാരിച്ചത്. തന്നെ വായിക്കാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ എഴുതിയയും. ഒറ്റയ്ക്കല്ലെന്നും, സ്വാഭവികമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു തലമുറയും വരാനിരിക്കുന്ന തലമുറകളും തന്നിലൂടെ സംസാരിക്കുകയാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. 

ഞാന്‍ പാപിയാണ്. 

വിശുദ്ധയാണ്. 

കാമുകിയാണ്. 

വഞ്ചിക്കപ്പെട്ടവളുമാണ്. 

നിങ്ങളുടേതല്ലാത്ത ആഹ്ളാദങ്ങള്‍ എനിക്കില്ല. 

നിങ്ങളുടേതല്ലാത്ത വേദനകളുമില്ല. 

ഞാന്‍പോലും എന്നെ സ്വയം 

ഞാന്‍ എന്നു വിളിക്കുന്നു. 

2000- നുശേഷം അപൂര്‍വമായി മാത്രമാണ് മാധവിക്കുട്ടി എഴുതിയത്. അപ്പോഴേക്കും മാധവിക്കുട്ടിയില്‍നിന്ന് കമലാദാസില്‍നിന്ന് അവര്‍ കമലാ സുരയ്യയില്‍ എത്തിയിരുന്നു. അവരുടെ അവസാനകാല കഥകളിലൊന്നാണ് വെളുത്ത ബാബു. നഗരത്തില്‍ ഒറ്റയ്ക്ക് ഒരു വാടകക്കൊലയാളിയെ തിരഞ്ഞുനടക്കുന്ന വയോധിക. കൊലയാളിയെ കണ്ടെത്താത്ത നിരാശയില്‍ അവര്‍ നഗരത്തില്‍ നിന്ന് ഓട്ടോയില്‍ കയറുമ്പോള്‍ സഹതാപം തോന്നി അടുത്തുവന്നയാള്‍ ചോദിക്കുന്നു: 

ആരാണ് ശത്രു ? വധിക്കപ്പെടേണ്ട ശത്രു ആരാണ് ? 

ശത്രു ഞാന്‍ തന്നെ: അവള്‍ പറഞ്ഞു.