സ്വന്തം ഇഷ്ടത്തിനു ജീവിക്കാൻ വീടും നാടും ഉപേക്ഷിക്കേണ്ടി വന്ന എഴുത്തുകാരി
എംബിബിഎസ് ബിരുദധാരിണി. ബംഗ്ലദേശിലെ ഏറ്റവും പ്രശസ്തമായ ആശുപത്രിയിൽ ഡോക്ടർ. അറിയപ്പെടുന്ന കുടുംബത്തിലെ അംഗം. സൗന്ദര്യവും യൗവ്വനവും. പക്ഷേ, വാടകയ്ക്കു താമസിക്കുന്ന ഫ്ളാറ്റിൽനിന്ന് തടവുകാരിയെ ചങ്ങലയ്ക്കിട്ടുകൊണ്ടുപോകുന്നതുപോലെ വാഹനത്തിൽകയറ്റിക്കൊണ്ടുപോകുമ്പോൾ എതിർക്കാനോ പ്രതിഷേധിക്കാനോ അവസരം പോലും കിട്ടിയില്ല തസ്‍ലിമ നസ്രീൻ എന്ന യുവതിക്ക്.
സ്വന്തം പിതാവിന്റെ നേതൃത്വത്തിലായിരുന്നു ആ തട്ടിക്കൊണ്ടുപോകൽ. പ്രായപൂർത്തിയായി, സ്വന്തം കാലിൽ നിൽക്കുന്ന മകളെ. തസ്‍ലിമയെ കൊണ്ടുപോയത് ജനിച്ചുവളർന്ന വീട്ടിലേക്ക്. അത് അസ്വാതന്ത്ര്യത്തിലേക്കാണെന്ന് അവർക്ക് അറിയാമായിരുന്നു. ഇരുട്ടിലേക്കും അടിമത്തത്തിലേക്കും. പിതാവു തന്നെ ആ യുവതിയെ കുടുംബവീട്ടിലെ മുറിയിലേക്കു പിടിച്ചുതള്ളി, മുഖമടച്ച് അടികൊടുത്തു തള്ളിയിട്ടപ്പോൾ ശരീരത്തേക്കാൾ വേദനിച്ചു മനസ്സ്. മുഖത്തെ മുറവിൽനിന്നു രക്തമൊഴുകിയപ്പോൾ, വെറും നിലത്ത് വീണുകിടന്ന് കണ്ണീർ വാർത്തപ്പോൾ, ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ടപ്പോഴും പരാജയം സമ്മതിക്കാൻ അവർ തയാറായില്ല. ഒറ്റയ്ക്ക് താമസിക്കുന്നത് തന്റെ അവകാശം തന്നെ എന്നു തീർത്തുപറഞ്ഞു. ഇഷ്ടപ്പെട്ട പുരുഷനെ വീട്ടിൽ കയറ്റുന്നതും ഒരുമിച്ചു ജീവിക്കുന്നതും ഉപേക്ഷിക്കാൻ തയാറല്ലെന്നു പറഞ്ഞു. മനസ്സിൽ തോന്നുന്നത് എഴുതുന്ന പതിവ് നിർത്താൻ തയാറല്ലെന്നും. ദിവസങ്ങൾ നീണ്ട തടവുജീവിതത്തിൽ മുറിയിലേക്കു വീട്ടുജോലിക്കാരി നീട്ടിക്കൊടുത്ത ഭക്ഷണവും വെള്ളവും അവർ ഉപേക്ഷിച്ചു.
ദിവസങ്ങൾക്കുശേഷം പിതാവും വീട്ടുകാരും തോറ്റുപിൻമാറുമ്പോൾ തസ്‍ലിമ വീടു വിട്ടിറങ്ങി. സ്വാതന്ത്ര്യത്തിലേക്ക്. വെളിച്ചത്തിലേക്ക്. ശുദ്ധവായുവിലേക്ക്. ഭാവനയുടെ വിശാലമായ ലോകത്തേക്ക്. അതൊരു മുറിച്ചുമാറ്റലായിരുന്നു. നിർബന്ധിതമായ വേർപെടുത്തൽ. പൊക്കിൾക്കൊടി മുറിക്കുന്നതുപോലെ വേദനാജനകമെങ്കിലും അനിവാര്യം. സ്വന്തം വീട്ടിൽനിന്നെന്നപോലെ, ഇഷ്ടപ്പെട്ട പലതിൽനിന്നും നിർബന്ധിതമായി വേർപെടുത്തപ്പെട്ട, വെട്ടിമുറിക്കപ്പെടുകയും അടർത്തിമാറ്റുകയും ചെയ്ത ജീവിതമാണ് തസ്ലിമ നയിച്ചത്. അതുകൊണ്ടാണവർ ആത്മകഥയ്ക്ക് സ്പ്ളിറ്റ് എന്നു പേരിട്ടതും. തുറന്നുപറച്ചിലുകൾ കൊണ്ടും ആർജവത്താലും ആത്മാർഥതയാലും ശ്രദ്ധിക്കപ്പെട്ട സ്ത്രീയുടെ നേരനുഭവങ്ങൾ. വിഭജനത്തിന്റയും വേർപാടുകളുടെയും നൊമ്പരങ്ങൾ.
ജനിച്ചുവളർന്ന വീടിനെ സ്നേഹിക്കാത്തവരില്ല; നാടിനെയും. അയൽരാജ്യങ്ങളിലേക്കും വിദേശത്തേക്കുമുള്ള യാത്രകൾ പോലും തിരിച്ചുവരാൻവേണ്ടിയാണ്. പ്രവാസത്തിൽനിന്നു നാടിന്റെ തണലിലേക്ക്. ഒരിക്കലും ഒരു പ്രവാസിയാകാൻ ഇഷ്ടപ്പെട്ടിട്ടില്ല തസ്‍ലിമ. ബംഗ്ലദേശിൽ, പ്രിയപ്പെട്ട ധാക്കയിൽതന്നെ ജീവിച്ചുമരിക്കാനാണ് അവർ ആഗ്രഹിച്ചത്. അതിനുവേണ്ടി അസാധാരണമായി പോരാടുകയും ചെയ്തു. പക്ഷേ, വീട്ടിൽനിന്നെന്നപോലെ നാട്ടിൽനിന്നും അവർക്ക് സ്വാതന്ത്യം തേടി പോകേണ്ടി വന്നു. അയൽരാജ്യത്ത് അഭയം തേടേണ്ടി വന്നു. നിർബന്ധിതമായ മുറിച്ചുമാറ്റൽ അഥവാ വെട്ടിമുറിക്കൽ. മറ്റൊരു സ്പ്ളിറ്റ്.
കവിതയിലാണ് തസ്‍ലിമ തുടങ്ങിയത്. വിവാഹ ജീവിതം തുടങ്ങിയതു കവിയുമായും. അവരുടെ ആദ്യകാല കവിതകൾ തന്നെ രാജ്യത്തു നിരോധിക്കപ്പെട്ടു. കവിത ആവശ്യപ്പെട്ടുവാങ്ങിയ പ്രസാധകർ പോലും പ്രസിദ്ധീകരിക്കാൻ മടിച്ചു. പുസ്തകം പ്രസിദ്ധീകരിച്ചവർക്കാകട്ടെ അക്രമവും നാശനഷ്ടങ്ങളും നേരിടേണ്ടിവരികയും ചെയ്തു. പക്ഷേ, അതൊന്നും എഴുത്ത് നിർത്താൻ കാരണമായില്ല. പകരം ആവേശത്തോടെ, കൂടുതൽ എഴുതാനും പ്രസിദ്ധീകരിക്കാനും പ്രേരണയാകുകയായിരുന്നു. സ്പ്ളിറ്റ് എന്ന പുസ്തകം തന്നെ നിരോധിക്കപ്പെട്ടിട്ടുണ്ട്. സദാചാര വിരുദ്ധമെന്നും അധാർമികമെന്നും ആരോപിക്കപ്പെട്ട വിവരണങ്ങളുടെ പേരിൽ. കാമുകനുമൊത്തുള്ള ജീവിതത്തിന്റെ വൈകാരിക വിവരണങ്ങളുടെ പേരിൽ. തോൽക്കാൻ തയാറാകാതെ തസ്‍ലിമ പുസ്തകം പ്രസിദ്ധീകരിച്ചു. ഒഴിവാക്കാൻ ആവശ്യപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കിയെങ്കിലും ആ പേജുകൾ ഉൾപ്പെടുത്തി; ശൂന്യമായ താളുകളുമായി. സ്പ്ളിറ്റിൽ ഒന്നിലേറെ അധ്യായങ്ങൾ അപൂർണമാണ്. ചില പേജുകളിൽ നമ്പരുകൾ മാത്രമേയുള്ളൂ. വായനക്കാർക്ക് ഊഹിക്കാം എന്താണ് തസ്‍ലിമ എഴുതിയതെന്ന്. എന്താണ് നിരോധിക്കപ്പെട്ടതെന്ന്. എന്തിന്റെ പേരിലാണ് ഭരണകൂടം ഭയപ്പെട്ടതെന്നും. പേജുകൾ ശൂന്യമാക്കിയിട്ടതുകൊണ്ടുമാത്രം തസ്ലിമയ്ക്കു സ്വന്തം നാട്ടിൽ തുടരാനായില്ലെന്നു മാത്രം. ഒറ്റപ്പെട്ട പ്രതിഷേധങ്ങളിലായിരുന്നു തുടക്കം. ധാക്കയിൽനടന്ന പുസ്തകോൽസവത്തിൽ എതിർപ്പിനു സംഘടിത മാനം കൈവന്നു.
വായിക്കാനും എഴുതാനും തുടങ്ങിയ നാളുകൾ മുതലേ പുസ്തകോത്സവങ്ങൾക്കു കാത്തിരിക്കുമായിരുന്നു തസ്‍ലിമ. സൗഹൃദങ്ങൾ പുതുക്കിയും തേടിയെത്തുന്ന വായനക്കാർക്കു സ്വന്തം പുസ്തകങ്ങൾ കയ്യൊപ്പിട്ടുകൊടുത്തുമെല്ലാം സജീവമാകുന്ന നാളുകൾ. പുസ്തകോത്സവത്തിൽനിന്നു മാറിനിൽക്കുക എന്നത് ആലോചിക്കാനേ കഴിഞ്ഞില്ല തസ്‍ലിമയ്ക്ക്. ഭീഷണിയുണ്ടെന്ന് അറിയാം. ചിലരൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, സ്വന്തം നാട്ടിൽ, സ്വന്തം നഗരത്തിൽ, സ്വന്തം പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിയുന്ന പുസ്തകോത്സവത്തിൽ നിന്ന് ഭീരുവിനെപ്പോലെ മാറിനിൽക്കുന്നത് അവർക്ക് ചിന്തിക്കാനേ ആയില്ല. പ്രതീക്ഷിച്ചത് ഒറ്റപ്പെട്ട പ്രതിഷേധമാണെങ്കിലും ജീവനെടുക്കാൻ പോലും മടിയില്ലാതെ ഭ്രാന്തമായ ആൾക്കൂട്ടം പാഞ്ഞടുത്തപ്പോൾ ഓടിപ്പോകേണ്ടിവന്നു തസ്‍ലിമയ്ക്ക്, സ്വരാജ്യത്തുനിന്ന് പുറത്താക്കപ്പട്ടവളെപ്പോലെ. പ്രതിഷേധത്തിനു കാരണമായത് കലാപത്തിന്റെ നാളുകളിൽ കണ്ടതും കേട്ടതുമെല്ലാം സത്യസന്ധമായി എഴുതിയത്. ലജ്ജ തോന്നിപ്പിക്കേണ്ട അനുഭവങ്ങളെ അങ്ങനെതന്നെ അവതരിപ്പിച്ചതിന്. മൗലികവാദികൾ ആഗ്രഹിക്കുന്ന രീതിയിൽ അവരെ പിന്തുണച്ചുകൊണ്ട് എഴുതാതിരുന്നതിന്. ഭൂരിപക്ഷത്തിന്റെ ആശയങ്ങൾക്കും അഭിലാഷങ്ങൾക്കും വഴങ്ങാതിരുന്നതിനും അടിച്ചമർത്തൽ അംഗീകരിക്കാതിരുന്നതിനും.
രാജ്യത്തുനിന്ന് പുറത്താക്കപ്പെടുന്നതിനു മുമ്പു തന്നെ കാമുകനിൽനിന്ന് അവർ അകറ്റപ്പെട്ടിരുന്നു. വിവാഹിതരാകുകയും പിന്നീട് വേർപിരിയുകയും ചെയ്ത പ്രിയപ്പെട്ട കവിയിൽനിന്ന്. ചില പ്രത്യേക സാഹചര്യങ്ങളിൽ വേർപിരിഞ്ഞെങ്കിലും സുഹൃത്തുക്കളായിരുന്നു അവർ. അദ്ദേഹം വീണ്ടും കവിതകളിലേക്കും സൗഹൃദങ്ങളിലേക്കും പൂതിയ കൂട്ടുകെട്ടുകളിലേക്കും തേൻ തേടുന്ന ചിത്രശലഭത്തെപ്പോലെ സഞ്ചരിച്ചുകൊണ്ടിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ തസ്ലിമ അദ്ദേഹത്തെ കണ്ടു. സൗഹൃദവും സന്തോഷവും പുതുക്കി. ഒരുമിച്ചു യാത്ര ചെയ്തു. ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ഒരുമിച്ചുതന്നെ ഉറങ്ങുകയും ചെയ്തു. കവിയുടെ പേര് തസ്‍ലിമ ആത്മകഥയിൽ എഴുതുന്നില്ല. ഇനിഷ്യൽ മാത്രമാണു പറയുന്നത്. അപ്രതീക്ഷിതമായി അദ്ദേഹം മരിച്ചപ്പോൾ ഭാര്യയെപ്പോലെതന്നെ അലമുറയിട്ട് തസ്‍ലിമ അദ്ദേഹത്തിന്റെ സവിധത്തിലെത്തി. അവസാനമായി ഒരിക്കൽക്കൂടി കവിതകൾ തുടിക്കുന്ന മാറിടത്തിൽ ചേർന്നുകിടക്കണമെന്ന് ആഗ്രഹിച്ചു. കവിയുടെ ബന്ധുക്കളാൽ ആട്ടിയിറക്കപ്പെട്ടു തസ്‌ലിമ. വിലാപയാത്രയിൽ അനുഗമിക്കുന്നിതിൽ നിന്നുപോലും വിലക്കപ്പെട്ടു. സംസ്കാരച്ചടങ്ങളിൽ പങ്കെടുക്കാൻ അനുമതി നിഷേധിക്കപ്പെട്ടു. വെട്ടിമുറിക്കപ്പെടുകയായിരുന്നു തസ്‍ലിമ– സ്നേഹത്തിൽനിന്ന്. സ്നേഹിതനിൽനിന്ന്. കവിയിൽനിന്ന്, കവിതയിൽ നിന്ന്. ഒടുവിൽ അവയവങ്ങൾ അടർത്തിമാറ്റപ്പെട്ടവളെപ്പോലെ അയൽരാജ്യത്ത് അന്യയെപ്പോലെ അതിജീവിക്കാനുള്ള പോരാട്ടം തുടങ്ങുമ്പോൾ ആത്മകഥ സ്പ്ളിറ്റ് അവസാനിക്കുന്നു. ശേഷം ജീവിതം.... കഥയെ തോൽപിക്കുന്ന യഥാർഥ ജീവിതം.