സ്കൂളിലെങ്കിലും മലയാളം പഠിപ്പിക്കണം. പാസാക്കിയ നിയമം നടപ്പാക്കേണ്ടതു പ്രധാനമാണ്. തടസം രണ്ടാണെന്നു കരുതുന്നു. മാതാപിതാക്കളുടെ സമീപനവും വിദ്യാഭ്യാസ വകുപ്പിന്റെ ശുഷ്കാന്തിയില്ലായ്മയും. മലയാളം മാധ്യമത്തിൽ പഠിച്ചാൽ ഇംഗ്ലിഷിൽ വേണ്ടത്ര പ്രാവീണ്യമുണ്ടാകില്ലെന്ന തെറ്റിദ്ധാരണ മാതാപിതാക്കൾക്കുണ്ട്. മികച്ച ഉന്നത വിദ്യാഭ്യാസത്തിനും ജോലി നേടാനും ഇംഗ്ലിഷ് ആണ് സഹായിക്കുക എന്ന തെറ്റിദ്ധാരണ. മാതൃഭാഷയിൽ പഠിച്ചുവന്ന് ഇംഗ്ലിഷിൽ എഴുതുന്ന ധാരാളം പേരുണ്ട്.  മലയാളം നന്നായി പഠിക്കുന്നവർക്ക് ഏതു ഭാഷയും വശപ്പെടുത്താനാകും. 25 വർഷം ഇംഗ്ലിഷ് അധ്യാപകനായിരുന്ന എന്റെ അനുഭവത്തിൽ വ്യാകരണത്തെറ്റില്ലാതെ ഇംഗ്ലിഷ് കൂടുതൽ നന്നായി എഴുതുന്നതു മലയാളം മാധ്യമത്തിൽനിന്നു വന്നവരാണ്.

മലയാളം നിർബന്ധമാക്കുന്ന നിമയം കർക്കശമായി പിന്തുടരണം. മറ്റൊന്ന്, മലയാളത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ്. കോടതിഭാഷയും മറ്റും മലയാളമാകണം. ഔദ്യോഗികഭാഷയായി നടപ്പാക്കാനും ഉത്തവാദിത്തം ഏറ്റെടുക്കണം. ഔദ്യോഗിക ഉത്തരവുകളും മലയാളത്തിലാവട്ടെ. ഇംഗ്ലിഷ് പഠിക്കണം. അതിനു മലയാളം തടസമല്ല, ഇംഗ്ലിഷിൽ പ്രവീണ്യമുണ്ടാകാനും തടസമല്ല. 

ഭാഷയെ പെറ്റമ്മയെ പോലെ കരുതണം: എസ്. രമേശൻ നായർ

സർക്കാരിനെയോ നിയമത്തെയോ ആശ്രയിക്കാതെ ഇതെന്റെ പെറ്റമ്മയാണെന്ന ബോധം നമുക്കുണ്ടാകുന്ന ദിവസം മലയാളം രക്ഷപ്പെടും. നടപ്പാക്കാൻ കഴിയുന്നവർക്കു മാത്രമാണു നിയമമുണ്ടാക്കാൻ അവകാശം. നിയമം നടപ്പാക്കാനാകുന്നില്ലെങ്കിൽ അതിനു തുനിയരുത്. പെറ്റമ്മയെ നിരസിക്കുന്നതിനു തുല്യമാണു ഭാഷയെ നിരസിക്കുന്നത്. അമ്മയെ സ്നേഹിക്കണമെന്നതു നിയമത്തിലൂടെ എങ്ങനെ കൈവരും? ജനത നിൽക്കുന്ന നിലപാടുതറ അവരുടെ ആർജിത സംസ്കാരമാണ്. അതിൽ ഭാഷ സുപ്രധാന കണ്ണിയാണ്. ഭാഷ ഒലിച്ചുപോയാൽ അസ്തിത്വമില്ലാത്ത അവസ്ഥയാകും.  പഴഞ്ചൊല്ലുകൾ മലയാളത്തിലെപ്പോലെ മറ്റൊരു ഭാഷയിലില്ല. ശൈലികൾ എന്ന കടഞ്ഞെടുത്ത രത്നങ്ങൾ നമ്മുടെ കയ്യിലിരിക്കെ മറ്റു പലതും തേടിപ്പോകുന്നു. 

മലയാളം കൂടിയേ തീരൂ: അനിസ് സലിം 

സാഹിത്യത്തിലേക്ക് എന്നെ കൈപിടിച്ചുയർത്തിയതു മലയാളമാണ്.  മലയാളപഠനം ഇംഗ്ലിഷിൽ പ്രാവീണ്യം നേടുന്നതിനോ എഴുതുന്നതിനോ തടസമാവണമെന്നില്ല. സ്കൂൾതലം വരെ പൂർണമായി മലയാളം മീഡിയം സ്കൂളിലാണു പഠിച്ചത്. നല്ല പുസ്തകങ്ങൾ വായിക്കാൻ പ്രേരണ കിട്ടിയതു മലയാളത്തിലൂടെയാണ്. മലയാളം പാടേ ഉപേക്ഷിച്ചിട്ട് ഇംഗ്ലിഷ് നല്ലതാണെന്നു കരുതുന്നില്ല. മാതൃഭാഷയായ മലയാളം അറിയാതെ കേരളത്തിന്റെ സംസ്കാരം ഉൾക്കൊള്ളാനാവില്ല. മലയാളം പഠിക്കുന്നതു ഭാവന പോഷിപ്പിക്കുമെന്നതാണ് എന്റെ അനുഭവം.