ജീവിതത്തിലെ തീവ്രവിഷാദം അവരെ ഒന്നിപ്പിച്ചു, ഹൃദയം തൊടും ഈ പ്രണയകഥ
മരണക്കിടക്കയ്ക്കു സമീപം നിന്ന് വേര്‍പാടിന്റെ വേദനയെക്കുറിച്ചു ചിന്തിച്ച രണ്ടുപേര്‍. അവരിരുവരും ആശ്വാസം കണ്ടെത്തിയത് അവരുടെ പ്രിയപ്പെട്ടവര്‍ അവശേഷിപ്പിച്ച ഓര്‍മക്കുറിപ്പുകളില്‍. ആ കുറിപ്പുകളിലൂടെ, വിധിയുടെ വിചിത്രമായ നിയോഗത്താല്‍ അവര്‍ കണ്ടു. സംസാരിച്ചു. ആശ്വാസം കണ്ടെത്തി. ഇനിയുള്ള നാളുകള്‍ എങ്ങനെ ഒറ്റയ്ക്കു നേരിടും എന്നു ചിന്തിച്ചു വിഷാദിച്ച അവര്‍ ലോകത്തെ ഒരുമിച്ചു നേരിടാന്‍ തീരുമാനിച്ചു. ലൂസി കലാനിതിയും ജോണ്‍ ഡൂബര്‍സ്റ്റൈനും. അവരുടെ കഥ അപൂര്‍വമായ വിഷാദത്തിന്റേത്. ഒറ്റപ്പെടലിന്റെയും തീവ്രമായ ഏകാന്തതയുടെയും. ജീവിതത്തിലെ തീവ്രവിഷാദം തന്നെ ആവരെ ഒരുമിപ്പിച്ചു; ആഹ്ളാദത്തിന്റെയും കൂടിച്ചേരലിന്റെയും അത്യപൂര്‍വമായ ആന്റി ക്ളൈമാക്സില്‍.
ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ന്യൂറോളജിസ്റ്റ് പോള്‍ കലാനിതി ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്നു മരിക്കുന്നത് 37-ാം വയസ്സില്‍. 2015 മാര്‍ച്ച് 9ന്. തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ അകാലത്തില്‍ മരണത്തെ ധീരതയോടെ നേരിട്ട അനുഭവം വിവരിക്കുന്ന കലാനിതിയുടെ പുസ്തകം പുറത്തുവന്നു- വെന്‍ ബ്രെത്ത് ബികംസ് എയര്‍. പുസ്തകം പൂര്‍ത്തിയാക്കി പ്രസിദ്ധീകരണത്തിന് തയാറാക്കിയത് ഭാര്യ ലൂസി കലാനിതി. ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു കുറിപ്പും അവര്‍ പുസ്തകത്തിന് അനുബന്ധമായി ചേര്‍ത്തു. അമേരിക്കയിലും ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളിലും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് എത്തി കലാനിതിയുടെ പുസ്തകം. പ്രശസ്തനായ ഒരു ഡോക്ടര്‍ പെട്ടന്നൊരു ദിവസം രോഗിയായി മാറി അവശേഷിക്കുന്ന നിമിഷങ്ങളെ വേദനയോടെ നേരിട്ട അനുഭവം.
2017 ല്‍ മറ്റൊരു പുസ്തകം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ എത്തി - ദ് ബ്രൈറ്റ് അവര്‍. കാന്‍സര്‍ ബാധിച്ച് 39-ാം വയസ്സില്‍ മരിച്ച നീന റിഗ്സ് എന്ന യുവതിയുടെ ഓര്‍മക്കുറിപ്പുകള്‍. അതിനുശേഷം പ്രസിദ്ധീകരണശാലകളിലും വായനശാലകളിലുമൊക്കെ ഈ രണ്ടു പുസ്തകങ്ങളും അടുത്തടുത്താണിരുന്നത്. അകാലത്തില്‍ മരണം നേരിടേണ്ടിവന്ന അനുഭവവും തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സ്നേഹസ്മരണകളും നിറഞ്ഞ രണ്ടു പുസ്തകങ്ങള്‍. രണ്ടു പുസ്തകങ്ങളുടെയും രചയിതാക്കളുടെ പ്രിയപ്പെട്ടവര്‍ ഒറ്റപ്പെടലിനൊടുവില്‍ ഒരുമിച്ചു ജീവിക്കാന്‍ തിരുമാനിച്ചപ്പോള്‍ പുസ്തകങ്ങള്‍ ജീവിതത്തിലേക്കു വളര്‍ന്നു; ജീവിതം തന്നെയായി. ലൂസി കലാനിതിയും ജോണ്‍ ഡൂബര്‍സ്റ്റെയിനും അവരുടെ മുന്‍ പങ്കാളികള്‍ സമ്മാനിച്ച കുട്ടികളുമായി ഒരുമിച്ചു ജീവിക്കുന്ന അതിശയം. ജീവിതം കാത്തുവച്ച അത്യപൂര്‍വമായ അദ്ഭുതം.
ലൂസിയും ജോണും പരിചയപ്പെടുന്നത് മരണക്കിടക്കയ്ക്കു സമീപം നിന്ന്. മരണം ഉറപ്പിച്ചശേഷം 39 വയസ്സുകാരി നീന റിഗ്സിനെ ഏറ്റവും വിഷമിപ്പിച്ചത് ഭര്‍ത്താവ് ജോണിന്റെ ഭാവി. അദ്ദേഹം എങ്ങനെ ഒറ്റയ്ക്കു ലോകത്തെ നേരിടുമെന്ന ആശങ്ക. ഒടുവല്‍ അവര്‍ തന്നെ പരിഹാരവും കണ്ടെത്തി: ലൂസിയോടു സംസാരിക്കുക. സമാനസാഹചര്യത്തെ നേരിട്ട അനുഭവമുണ്ട് അവര്‍ക്ക്. ലൂസി പറഞ്ഞുതരും എങ്ങനെ ഒറ്റയ്ക്ക് ജീവിതത്തെ നേരിടാമെന്ന്. ജോണിന് അപ്പോള്‍ ലൂസിയെക്കുറിച്ച് അധികമൊന്നും അറിയില്ല. വെന്‍ ബ്രെത്ത് ബികംസ് എയര്‍ എന്ന പുസ്തകം വായിച്ചുതീര്‍ത്തിട്ടുമുണ്ടായിരുന്നില്ല. എങ്കിലും അവര്‍ പരസ്പരം അറിയണമെന്നായിരുന്നു വിധിയുടെ തീരുമാനം.
ലൂസി നീനയെ അറിയുന്നത് അമേരിക്കയിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ. അസുഖബാധിതയാണെന്നും നീന മരണത്തെ സമീപിക്കുകയാണെന്നും മനസ്സിലാക്കിയ ലൂസി നീനയെ ബന്ധപ്പെട്ടു. പോള്‍ കലാനിതിയുടെ ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അപ്പോഴുമവര്‍. തന്റെ അതേ അവസ്ഥ നേരിടുന്ന ജോണിനോട് സഹതാപം തോന്നുന്നത് സ്വാഭാവികം. നീന മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ലൂസി അവര്‍ക്കൊരു ഇ മെയ്ല്‍ അയച്ചു. അതിനു മറുപടി അയച്ചത് ജോണ്‍. കത്ത് വായിക്കാന്‍ നീന കാത്തുനിന്നില്ല. പകരം കത്ത് വായിക്കാനും മറുപടി അയയ്ക്കാനും വിധി നിയോഗിച്ചത് ജോണിനെ. അതായിരുന്നു അവരുടെ ആദ്യത്തെ സമ്പര്‍ക്കം. 41 വയസ്സുകാരനായ ജോണ്‍ അഭിഭാഷകനാണ്. നീനയുടെ വിയോഗത്തോടെ ആകെ തകര്‍ന്നുപോയ മനുഷ്യന്‍. ശേഷിക്കുന്ന പകലുകളും രാത്രികളും നീനയില്ലാതെ എങ്ങനെ ഒറ്റയ്ക്കു നേരിടുമെന്ന് ആലോചിച്ച് വിഷാദിച്ച പുരുഷന്‍. ലൂസിയുടെ ഇ മെയ്‍ലിനു മറുപടി അയച്ച ജോണ്‍ പിന്നീട് തുടരെത്തുടരെ ലൂസിക്ക് എഴുതിക്കൊണ്ടിരുന്നു. അവര്‍ പരസ്പരം മെയ്‍ലുകള്‍ അയച്ചു. ഒറ്റപ്പെടലിനെ മറികടക്കാന്‍ ശ്രമിച്ചു. ഏകാന്തതയെ അതിജീവിക്കാനും.
സ്റ്റാന്‍ഫോഡില്‍ ക്ളിനിക്കല്‍ അസിസ്റ്റന്റ് പ്രഫസര്‍ പദവിയിലെത്തിയ ലൂസിക്ക് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒരു യാത്രയുണ്ടായിരുന്നു. കരോലിനിയിലേക്ക്. അവിടെനിന്ന് ജോണിന്റെ വസതിയിലേക്ക് ഒരുമണിക്കൂറിന്റെ ദൂരം മാത്രം. ജോണിനെ കാണണമെന്ന് ലൂസി തീരുമാനിച്ചു. ലൂസിയെ കാണണമെന്ന് ജോണും. അതുവരെ അവര്‍ സംസാരിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഇ മെയ്‍ലുകള്‍ മാത്രമാണ് അവരെ പരസ്പരം ഇണക്കിയത്. ഒടുവില്‍ ഒരുമിച്ചു കണ്ടപ്പോഴാകട്ടെ അവര്‍ പരസ്പരം ചേര്‍ന്നുനിന്നു. ഇനിയൊരിക്കലും ഒരുനിമിഷം പോലും വേര്‍പിരിയാനാവാത്തവരെപ്പോലെ. കരോലിനയില്‍നിന്ന് കലിഫോര്‍ണിയയിലേക്ക് ലൂസി മടങ്ങിയെങ്കിലും അവരുടെ ബന്ധം ശക്തമായിത്തുടര്‍ന്നു.
ജോണിന് നീനയില്‍ രണ്ടു മക്കളുണ്ട്. പത്തുവയസ്സുകാരന്‍ ഫ്രെഡ്ഡിയും രണ്ടു വയസ്സിന് ഇളയ ബെന്നിയും. ലൂസിയുടെ മകള്‍ക്ക് മൂന്നുവയസ്സും. 2018 ജൂണ്‍ മാസത്തില്‍ ലൂസിയും ജോണും വീണ്ടും ഒരുമിച്ചുകണ്ടു. അവരെ ഒരുമിപ്പിച്ച പുസ്തകങ്ങളുടെ പ്രസാധകര്‍ ഒരുക്കിയ വേദിയില്‍. അവിടെവച്ച് പരിപാടിയുടെ അവതാരകയുടെ ഒരു ചോദ്യം കേട്ടപ്പോള്‍ ജോണ്‍ വിളറിപ്പോയി: നിങ്ങള്‍ എന്നാണ് ഒരുമിക്കുന്നത് എന്നായിരുന്നു ചോദ്യം. ആ ചോദ്യം അവരെ കൂടുതല്‍ അടുപ്പിച്ചു; അവരുടെ കുടുംബങ്ങളെയും. വേനല്‍ക്കാലമെത്തിയപ്പോഴേക്കും അവര്‍ ബന്ധുക്കളെയും മക്കളെയും സ്നേഹബന്ധത്തെക്കുറിച്ച് അറിയിച്ചു. അവര്‍ കൂടുതല്‍ അടുത്തു; അവരുടെ ബന്ധുക്കളും.
കരോലിനിയ്ക്കും കലിഫോര്‍ണിയയ്ക്കുമിടയില്‍ ഇനിയവര്‍ക്ക് ഒരു വീട് കണ്ടെത്തുക എന്നതായി അവരുടെ അടുത്ത നിയോഗം. മൂന്നു കുട്ടികള്‍ക്കും അവര്‍ക്കും താമസിക്കാന്‍ കഴിയുന്ന വിശാലമായ ഒരു വീട്. പോള്‍ കലാനിതിയുടെയും നീന റിഗ്സിന്റെയും ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന വീട്. ഒപ്പം തങ്ങളുടെ പ്രിയപ്പെട്ടവരുടെ പുസ്തക ങ്ങള്‍ക്ക് ഒരു അനുബന്ധവും. മരണത്തെക്കുറിച്ചുള്ള പുസ്തകങ്ങളാണ് അവരെ ഒരുമിപ്പിച്ചതെങ്കില്‍ ഇനിയവര്‍ എഴുതാന്‍ പോകുന്നത് ജീവിതത്തെക്കുറിച്ചുള്ള പുസ്തകം. മരണത്തെ അതിജീവിക്കുന്ന സ്നേഹത്തെക്കുറിച്ച്. വേദനയെ അതിജീവിക്കാന്‍ സഹായിച്ച പ്രണയത്തെക്കുറിച്ചും.