ലഹരിയുടെ കേന്ദ്രമായിരുന്നു നികുഞ്ജം; സാഹിത്യത്തിലും കലയിലും നിറഞ്ഞുനിന്നിരുന്ന എല്ലാ ലഹരിയുടെയും ആസ്ഥാനം. കേരളത്തിന്റെ തലസ്ഥാന നഗരത്തിലെ പൂർത്തിയാകാത്ത കെട്ടിടം. അടിയന്തരാവസ്ഥയുടെ ഭയവും ഇരുട്ടും നിറഞ്ഞ കാലത്തുപോലും ഇരുട്ട് ബാധിക്കാതിരുന്ന സൗഹൃദത്തിന്റെ, സർഗാത്മകതയുടെ ഇടത്താവളം. നികുഞ്ജത്തിലെ കൂട്ടായ്മകളിൽനിന്നു സാഹിത്യത്തിന്റെ വിശാലമായ ആകാശത്തേക്കു പറന്നുയർന്ന പ്രതിഭകൾ ഒട്ടേറെ; അവരിലൊരാളാണ് പഴവിള രമേശനും. അറുപതുകളിലെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതിനിധി. തിളയ്ക്കുന്ന സർഗാത്മകതയുടെ സഹചാരി. അറുപതുകളും എഴുപതുകളും കഴിഞ്ഞ് അരനൂറ്റാണ്ട് പിന്നിട്ടിട്ടും അന്നത്തെ ഓർമകളുടെ ശബ്ദങ്ങളിൽ ജീവിച്ചുകൊതിവരാത്ത സഹൃദയൻ. കവിതയുടെ മഴയും സൗഹൃദത്തിന്റെ തണലുമായി മലയാളസാഹിത്യത്തിനാകെ ആർദ്രത പകർന്നു കടന്നുപോയ ഒരു തലമുറയുടെ ശേഷിപ്പ്.

സ്വാഭാവികമായും നികുഞ്ജം കടന്നുവന്നിട്ടുണ്ട് പഴവിളയുടെ എഴുത്തിൽ. ഒന്നിലധികം കവിതകളിൽ. ‘ജനനം പോലെ ജീവിതം പോലെ മരണം പോലെ നികുഞ്ജവും എന്ന കവിത തിരുവനന്തപുരത്തെ ഒരുകാലത്തെ സാഹിത്യക്കൂട്ടായ്മയുടെ കഥയാണ്; ജീവചരിത്രവും. ആ കവിതയുടെ ഒരു താളിലും വരിയിലും പോലും സാന്നിധ്യമറിയിക്കാതെ പഴവിള ആ കാലത്തിന്റെ കഥ പറയുന്നു; വരികൾക്കിടയിൽനിന്നു വായിച്ചെടുക്കാം പഴവിളയുടെ അന്നത്തെ ജീവിതം; അനുഭവങ്ങളും. നികുഞ്ജത്തിന്റെ സുവർണകാലത്ത് അവിടെ അരങ്ങേറിയ കലയ്ക്കും കവിതയ്ക്കും നാടകത്തിനുമെല്ലാം സാക്ഷിയായിട്ടും അണിയറയിൽ മാത്രം ഒതുങ്ങിനിൽക്കുകയും പതിറ്റാണ്ടുകൾക്കുശേഷം ആ കഥ പറയുമ്പോൾപ്പോലും അണിയറയിൽത്തന്നെ നിൽപു തുടരുകയും ചെയ്യാൻ അറുപതുകൾ ഉൾപ്പെടുന്ന പോയ കാലത്തിന്റെ പൈതൃകം പേറുന്ന ഒരു കവിക്കു മാത്രമേ കഴിയൂ. നിസ്വാർഥ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കവിക്ക്. തന്നെപ്പറ്റി ഒന്നുമാലോചിക്കാതെ ഒരു കാലത്തിന്റെ ഹോമകുണ്ഡത്തിൽ തന്നെത്തന്നെ സമർപ്പിക്കാൻ കാണിച്ച ധീരതയുടെയും ത്യാഗത്തിന്റെയും കവിക്ക്. 

തിരുവനന്തപുരത്ത് വഴുതക്കാട്ട് ടാഗോർ സെന്റിനറി ഹാളിനും ശ്രീമൂലം ക്ലബിനും എതിർവശത്താണ് നികുഞ്ജം. ഒരു ബേക്കർ മോഡൽ കെട്ടിടം. കലോപാസകൻ കൂടിയായിരുന്ന ഒരു എഫ്എസിടി ഉദ്യോഗസ്ഥന്റെ മൗനമുടഞ്ഞുണ്ടായ കുടീരം. എഴുപതുകളിലെ സാഹിത്യക്കൂട്ടായ്മയുടെ ഇടം. കൂട്ടായ്മ സൃഷ്ടിച്ച സൗഹൃദത്തെ നിഷേധിക്കാതിരിക്കുമ്പോൾതന്നെ വെറുമൊരു കെട്ടിടം മാത്രമായിരുന്നില്ല നികുഞ്ജം; കൂടിച്ചേരലുകൾ മാത്രമായിരുന്നില്ല അവിടെ നടന്നതും. ആ കഥ പഴവിള തന്നെ പറഞ്ഞിട്ടുണ്ട്. 

പല ദൂരങ്ങളും നിരത്തുകളുടെ അരികുപറ്റി, മുണ്ടു മടക്കിക്കുത്തിയും അഴിച്ചിട്ടും നടന്ന് നികുഞ്ജത്തിലെത്തിയിരുന്ന കാലം. അവിടേയ്ക്ക് കവി വന്നതിനും പോയതിനും ഒന്നല്ല, ഒരായിരം അർഥങ്ങളുണ്ട്; അർഥതലങ്ങളുണ്ട്. ശിൽപികളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പഴവിള നികുഞ്ജത്തിന്റെ കഥ തുടങ്ങുന്നത്. കാനായി കുഞ്ഞിരാമനിൽ. നികുഞ്ജത്തിന്റെ അങ്കണത്തിൽ കാനായിയുണ്ട്. തന്നെ ഉപേക്ഷിച്ചുപോയ ശിൽപിയെ കാത്തിരിക്കുന്ന ഒരു ശിൽപത്തിൽ. ഒരു സ്തൂപവും സ്തൂപത്തിന്നുപരി ചിറകുവിടർത്തിയ പക്ഷിയുടെതെന്ന തോന്നലുമുളവാക്കുന്ന ശിൽപം. നികുഞ്ജത്തിന്റെ നിർമാണച്ചുമതല മറ്റൊരു ശിൽപിക്കായിരുന്നു; എം വി ദേവന്. താനൊരുക്കിയ കെട്ടിടത്തിന്റെ പണി തീരാത്ത ഉള്ളറകളിൽ എവിടെയോ ആയിരുന്ന ദേവന്റെ താമസം. കറുത്തു കുറുകിയ രൂപവും ചുണ്ടിൽ എരിയുന്ന പൈപ്പും. കെട്ടിടം പണി തീരാതിരിക്കുകയും ദേവൻ സ്ഥിരം അന്തേവാസിയാവുകയും ചെയ്തതോടെ കെട്ടിടമുടമ ഒരു തീരുമാനത്തിലെത്തി; നിർമാണം പൂർത്തിയായാലും ദേവനെ വിടില്ല. കണ്ണേറു തട്ടാതിരിക്കാൻ ഒരു ചുട്ടിക്കോമരമായി കെട്ടിടത്തിന്റെ മുന്നിൽതന്നെ നിർത്തും ! 

മുടി നീട്ടിവളർത്തിയ മറ്റൊരു ശിൽപിയും ദേവനൊപ്പമുണ്ട്: രൂപത്തിൽ കലയുടെ സ്ത്രൈണഭംഗി പ്രദർശിപ്പിച്ച ആർട്ടിസ്റ്റ് നമ്പൂതിരി. നികുഞ്ജത്തിലെ വർണ്ണച്ചില്ലുകളിൽ താൻ ചെയ്യാനുദ്ദേശിക്കുന്ന ശിൽപങ്ങളുടെ രൂപകൽപനയിലായിരുന്നു അന്നു നമ്പൂതിരി. പിന്നെ ആർക്കിടെക്ട്റ്റ് പുരുഷോത്തമനും. ഇവർക്കൊപ്പം അടൂർ ഗോപാലകൃഷ്ണൻ, പത്മരാജൻ തുടങ്ങിയ ചലച്ചിത്രകാരൻമാർ. സി.എൻ. ശ്രീകണ്ഠൻ നായർ. അയ്യപ്പപ്പണിക്കരും പി.കെ.ബാലകൃഷ്ണനും. ബാങ്കർ എന്ന ലേബലിനു പിന്നിൽ മറഞ്ഞിരുന്ന സേതു. പത്മരാജന്റെ കയ്യിൽ ‘നക്ഷത്രങ്ങളേ കാവൽ’ എന്ന നോവലിന്റെ തടിച്ച കയ്യെഴുത്തുപ്രതിയുണ്ടാകും. അക്കാലത്ത് ആ നോവലിനു കിട്ടാതെ പോയ ഒരു പുരസ്കാരം അവിടെ വലിയ ചർച്ചയ്ക്കു കാരണമായി. വൈകുന്നേരങ്ങളിൽ പാട്ടുപാടി എം.ജി. രാധാകൃഷ്ണൻ. ഇവർക്കൊപ്പം ചില ആസുരപ്രകൃതികളും നികുഞ്ജത്തെ ധന്യമാക്കാൻ എത്തി. സുരാസു, ജോൺ ഏബ്രഹാം, കടമ്മനിട്ട. കെട്ടിടത്തിന്റെ അടച്ചിട്ട മുറികളിലൊന്നിൽ കാ‍ഞ്ചനസീതയുടെ സ്ക്രിപ്റ്റുമായി അരവിന്ദൻ. അദ്ദേഹത്തിന്റെ അരികിൽനിന്നു വിട്ടുമാറാതെ ഷാജി എൻ. കരുൺ. 

നികുഞ്ജത്തിന്റെ പിൻമുറ്റത്തെ അടക്കിഭരിച്ചതാകട്ടെ ഭരതൻ. രൗദ്രരൂപങ്ങളുടെയും റിലീഫുകളുടെയും മധ്യത്തിൽ സ്വന്തം ദുഃഖങ്ങളെ മുക്കി സ്വയംമറന്നു കഴിഞ്ഞ ഭരതൻ. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമാണെങ്കിലും നികുഞ്ജത്തിനു മുന്നിൽ ഒരിക്കലും തിരക്കില്ല. അതും ആ കാലത്തിന്റെ പ്രത്യേകത. പൂർണമായും ഒരു നഗരമായി വികസിക്കാതിരുന്ന പട്ടണത്തിന്റെ മെല്ലെപ്പോക്ക്. സായാഹ്നയാത്രകളിൽ പങ്കെടുക്കുന്ന എഴുത്തുകാരും വേകുന്നേരമായാൽ നികുഞ്ജത്തിലെത്തും. എന്നും വസന്തം നിറഞ്ഞുനിന്ന ഇടം– ഋുതുഭേദങ്ങൾ ബാധിക്കാത്ത പർണകുടീരം. 

ജനനം പോലെ 

ജീവിതംപോലെ 

മരണം പോലെ 

എന്തൊക്കെയോ നികുഞ്ജത്തിലും സംഭവിച്ചു. 

അന്തേവാസികൾ പലവഴി പിരിഞ്ഞുപോയപ്പോൾ ആ ഇടത്താവളവും അനാഥമായെന്നു പറയരുത്. അതിന്നും ജീവിക്കുന്നു; കാലത്തെ മറികടന്ന കൃതികളിൽ, ശിൽപങ്ങളിൽ, സൗഹൃദത്തിൽ, സ്നേഹത്തിൽ..... 

എല്ലാറ്റിനും സാക്ഷിയായിട്ടും തന്നെക്കുറിച്ച് നിശ്ശബ്ദനായ പഴവിള നികുഞ്ജത്തിനു കവിതയിൽ തീർത്ത സ്മാരകമാണ് ‘ജനനംപോലെ ജീവിതം പോലെ മരണം പോലെ നികുഞ്ജവും’ എന്ന കവിത. നികുഞ്ജത്തിൽനിന്നു ചിറകടിച്ചുയർന്ന കവിയാണദ്ദേഹം. അവിടെനടന്ന ചർച്ചകളിൽനിന്ന് കാഴ്ചയും കാഴ്ചപ്പാടും രൂപീകരിച്ച ചിന്തകൻ. അതിഥിയും അതിഥേയനും അരങ്ങും അണിയറയുമായി ജീവിച്ച കാലത്തിന്റെ കർമസാക്ഷി. 

‘ഓർമയിലെ ശബ്ദങ്ങൾ’ എന്ന കവിതയിലും പൊയ്പ്പോയ തിരുവനന്തപുരം കാലം പഴവിള ഓർമിക്കുന്നുണ്ട്; തിരുവനന്തപുരത്ത് പട്ടത്ത് കൊട്ടാരവളപ്പിൽ ഉണ്ടായിരുന്ന ഹോട്ടൽ ഇന്നില്ല എന്ന വിഷാദത്തോടെയാണ് ആ കവിത തുടങ്ങുന്നതും. അന്നവിടെ നിരന്തരം സമ്മേളിച്ചവരും ഇന്നില്ല എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നു. വൈകുന്നേരം ഡൽഹിയിലെ കേരള ഹൗസിൽനിന്നു വീട്ടിലേക്കു പോയിരുന്നത് വാച്ചും പഴ്സും പേനയും ആരെയെങ്കിലും ഏൽപിച്ചിട്ടായിരുന്നെന്ന ഒ വി വിജയന്റെ ഭീതി നിറഞ്ഞ ശബ്ദം 

ഇന്നും മുഴങ്ങുന്നു. ഒപ്പം സൗഹൃദവും ആരാധനയും സമാസമം ചേർത്ത് കവിയുടെ ഓർമക്കൊട്ടകയിലൂടെ മിന്നിമറയുന്ന പേരുകൾ വായിക്കൂ... 

എസ് കെ നായർ 

മലയാറ്റൂർ 

ഒ വി വിജയൻ 

ജി അരവിന്ദൻ 

കാമ്പിശ്ശേരി 

തോപ്പിൽ ഭാസി 

പി ഭാസ്കരൻ 

തകഴി 

കേശവദേവ് 

കെ ബാലകൃഷ്ണൻ 

.....പഴവിള ഈ പേരുകളിൽ നിർത്തിയെകിലും എല്ലുറപ്പും ആർദ്രതയും സമാസം ചാലിച്ച കവിതകളിലൂടെ സ്വന്തമായി ഒരു ലോകം സൃഷ്ടിച്ച പഴവിളയുടെ പേരും ഈ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കേരളത്തിലെ സഹൃദയലോകം.