രമേശാ നീ കൽക്കണ്ടം തീറ്റ നിർത്തുന്നുണ്ടോ? ഒന്നു പോ സാറേ, സാറിന് ആരോഗ്യശാസ്ത്രത്തെപ്പറ്റി എന്തറിയാം?
മലയാളികളെ മോഹിപ്പിച്ച സാഹിത്യകൃതികൾക്കു പിന്നിലുള്ള കഥകളെക്കുറിച്ച്... എഴുത്തുകാർ പുലർത്തുന്ന സവിശേഷബന്ധങ്ങളെക്കുറിച്ച്...
മലയാള സാഹിത്യത്തിലെ നേരും നുറുങ്ങുകളും പങ്കുവയ്ക്കുന്ന കോളം
പനംകൽക്കണ്ടത്തിന്റെ പേരിൽ വലിയൊരു അടി തന്നെ നടക്കേണ്ടതായിരുന്നു. അടി മൂത്തിരുന്നെങ്കിൽ ഒന്നുരണ്ടു പേർ ആശുപത്രിയിലാകുമായിരുന്നു. മലയാളത്തിലെ ഒന്നാംകിട കവികളായ ഒ.എൻ.വി. കുറുപ്പും പഴവിള രമേശനും. നാടകകൃത്തായ പിരപ്പൻകോട് മുരളിയുടെ ഇടപെൽമൂലം അതു സംഭവിച്ചില്ലെന്നു മാത്രം.
സംഭവം ഇങ്ങനെയാണ്-
കഴിഞ്ഞ ദിവസം അന്തരിച്ച കവി പഴവിള രമേശനാണു സംഭവം മൂപ്പിച്ചത്. പഴവിളയ്ക്കു നല്ലപോലെ പ്രമേഹമുണ്ട്. രോഗം മൂർച്ഛിച്ചു പില്ക്കാലത്ത് അദ്ദേഹത്തിന്റെ ഒരു കാലു മുറിച്ചുനീക്കേണ്ടിവന്നു. ഇതു കാലു മുറിക്കുന്നതിനു മുമ്പുള്ള കാലത്തുള്ള സംഭവമാണ്.
ഒ.എൻ.വിയും പിരപ്പൻകോടും പഴവിളയെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽചെന്നു. പഴവിളയുടെ അതിഥിസൽക്കാരം വളരെ പ്രസിദ്ധമാണ്. വയറുനിറയെ കഴിപ്പിച്ചിട്ടേ ആളുകളെ പറഞ്ഞുവിടൂ.
കേരളത്തിലെ ഏതൊരെഴുത്തുകാരനും തിരുവനന്തപുരത്തു ചെന്നാൽ പഴവിള വീട്ടിലേക്കു ക്ഷണിക്കും. ചെന്നില്ലെങ്കിൽ നീരസമാകും. പിന്നെ വായിൽത്തോന്നിയതൊക്കെ വിളിക്കും. അതു പേടിച്ച് എല്ലാവരും ‘പഴവിളവീട്ടി’ലേക്ക് ഓടിയെത്തും.
‘പഴവിളയുടെ കേരള ഹൗസ്’ എന്നാണ് ഒരിക്കൽ എൻ.പി. മുഹമ്മദ് പറഞ്ഞത്. ഡൽഹിയിലെ കേരള ഹൗസിൽ ചെന്നാൽ മലയാളിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അവിടെനിന്നും ലഭിക്കുമല്ലോ.
‘തിരുവനന്തപുരത്തെ കലവറ’, ‘തലസ്ഥാനത്തെ വാതിലടയാത്ത സത്രം’ എന്നൊക്കെയാണ് തിക്കോടിയൻ പഴവിളയുടെ വീടിനെപ്പറ്റി പറഞ്ഞത്. എംടിയും എൻ.പി. മുഹമ്മദുമൊക്കെ അവിടെ പലവട്ടം വന്നു.
പറഞ്ഞുവന്നതു പനംകൽക്കണ്ടത്തിന്റെ കാര്യമാണല്ലോ.
പഴവിളയുടെ വീട്ടിൽ രണ്ടു വലിയ ജാറുകളിൽ പനംകൽക്കണ്ടം സൂക്ഷിച്ചിരുന്നു. ഒ.എൻ.വിയും പിരപ്പൻകോടും ചെന്നപാടെ പഴവിള ജാറും പൊക്കിയെടുത്ത് അവരുടെ അടുത്തെത്തി. ഒരു പിഞ്ഞാണമെടുത്ത് കൽക്കണ്ടം അവർക്കു പകർന്നുകൊടുത്തു.
പിന്നെ ജാറിൽ നിന്നും സ്വയം വാരിക്കഴിക്കാൻ തുടങ്ങി.
ഒരു പ്രാവശ്യമായി.. രണ്ടായി... മൂന്നായി... നാലായി... പഴവിള നിർത്തുന്ന ഭാവമില്ല. അതിഥികൾക്കു പന്തികേടു തോന്നി.
ഒ.എൻ.വി പതിയെ കസേരയിൽ നിന്നെഴുന്നേറ്റു. പിന്നെ ഗൗരവം ഒട്ടുംവിടാതെ പറഞ്ഞു:
‘രമേശന് ഷുഗറാണ്.. നല്ല ഒന്നാന്തരം ഷുഗർ. ഇനിയിതു കഴിക്കരുത്. അഥവാ കഴിക്കാനാണു ഭാവമെങ്കിൽ സംഗതി പിശകാകും!’
പഴവിള അതു കേൾക്കാത്ത മട്ടിൽ ഒരു പിടികൂടി വാരിയെടുത്തു.
ഒ.എൻ.വിക്കു ക്ഷോഭം കൂടി. കൈകൾ കൂട്ടിത്തിരുമ്മി. വിരലുകൾ കോർത്തു ഞൊട്ടയിട്ടു.
അതു കൂസാതെയുള്ള പഴവിളയുടെ ചോദ്യം.: ‘അല്ല.. ഒ.എൻ.വിയ്ക്ക് പനം കൽക്കണ്ടത്തിന്റെ ഔഷധമൂല്യത്തെപ്പറ്റി എന്തറിയാം? ഇത് ആരോഗ്യത്തിനു വേണ്ടപ്പെട്ടതാണ്. അങ്ങയുടെ അച്ഛൻ വൈദ്യനായിരിക്കാം. പക്ഷേ നിങ്ങൾക്കു കവിതയും സാഹിത്യവുമല്ലേ അറിയൂ. വൈദ്യത്തെക്കുറിച്ച് നിങ്ങൾക്കു പിടിപാടൊന്നുമില്ലല്ലോ..!’
ഒ.എൻ.വിയുടെ ദേഷ്യം ഇരട്ടിയായി..
‘നീയെന്നെ ആരോഗ്യശാസ്ത്രമൊന്നും പഠിപ്പിക്കേണ്ട. തീറ്റ നിർത്തുന്നതാണ് നല്ലത്..’
ഒ.എൻ.വി നിന്നു വിറച്ചു. ജാറിലേക്കു പഴവിളയുടെ കൈ വീണ്ടും നീളുന്നതിനുമുമ്പു പിരപ്പൻകോട് വേഗത്തിൽ ജാറെടുത്തു മാറ്റി.
രണ്ടു ജാറിന്റെയും അടപ്പെടുത്തു മുറുക്കിയടച്ചു കൈവശം വച്ചു.
അതോടെ ഒ.എൻ.വിയുടെ കോപമൊന്നു ശമിച്ചു. പഴവിള നിരാശനായി ഒ.എൻ.വിയെയും പിരപ്പിൻകോടിനെയും മാറി മാറി നോക്കി.
അടുത്ത നിമിഷം സന്ദർഭം ഒരു കൂട്ടച്ചിരിയിലേക്കു മാറി. പഴവിളയുടെ പത്നി രാധ ഇതെല്ലാം കണ്ട് അവിടെ നിൽപുണ്ടായിരുന്നു.
മലയാള സാഹിത്യകാരന്മാരുടെ ഭാര്യമാരെപ്പറ്റി പറയുമ്പോൾ രണ്ടു പേരുടെ പേര് പ്രത്യേകം പറയണമെന്നു പിരപ്പൻകോട് മുരളി പറയുന്നു.
ഒന്ന് പഴവിളയുടെ ഭാര്യ രാധ തന്നെ. മറ്റെയാൾ കടമ്മനിട്ടയുടെ പത്നി ശാന്ത. ഭർത്താക്കന്മാർ മുൻകൂട്ടിപ്പറയാതെ പത്തുപതിനഞ്ചു സുഹൃത്തുക്കളുമായി ഏതു പാതിരാത്രി കയറിവന്നാലും അവർക്കു വച്ചുവിളമ്പിക്കൊടുക്കുന്ന സമർഥകളായ സാത്വികമാർ.
കടമ്മനിട്ടയുടെ പറമ്പിൽ നല്ല കപ്പയും കാച്ചിലുമൊക്കെ ഉണ്ടായിരുന്നതുകൊണ്ട് ശാന്ത വരുന്നവർക്ക് അതെല്ലാം വച്ചുണ്ടാക്കി ചോറു കൊടുക്കും. രാധയും അതേപൊലെ പെട്ടന്നു ഭക്ഷണം തയാറാക്കി പഴവിളയുടെ സുഹൃത്തുക്കളെ ഊട്ടിയിരുന്നു.