നാളെ വായനദിനം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എൻ. പണിക്കരുടെ ജന്മദിനമാണു വായനദിനമായി ആചരിക്കുന്നത്. കുട്ടികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ഏതാനും പുസ്തകങ്ങൾ പരിചയപ്പെടാം. വായനദിനത്തിൽ തന്നെ തുടങ്ങാം നല്ല വായനശീലം.

മായാജാല കഥകളും വിനോദവും ഫലിതവും സഞ്ചാരാനുഭവങ്ങളും ഉൾപ്പെട്ട അത്തരം ചില കൃതികൾ ഇതാ. ആമസോൺ പോലെയുള്ള സൈറ്റുകളിൽ ലഭ്യമാണ് ഈ പുസ്തകങ്ങളെല്ലാം. 

ദ് ലയൺ, ദ് വിച്ച് ആൻഡ് ദി വാർഡ്രോബ്

(രചന: സി.എസ്. ലൂയിസ്)

സിംഹം, മന്ത്രവാദിനി പിന്നെ അലമാരയും. ഏഴു പതിറ്റാണ്ടു മുൻപ് എഴുതപ്പെട്ട് ഇപ്പോഴും കുട്ടികളെ പിടിച്ചിരുത്തുന്ന അത്ഭുത നോവൽ. വസ്ത്രങ്ങൾ സൂക്ഷിക്കുന്ന മാന്ത്രിക അലമാര വഴി നാർനിയ എന്ന സാങ്കൽപിക ലോകത്തു പ്രവേശിക്കുന്ന ലൂസി എന്ന പെൺകുട്ടിയുടെ രസകരമായ കഥ. സാഹസികതയും മായാജാലവുമാണു കഥയുടെ രസച്ചരട്.

ചാർളി ആൻഡ് ദ് ചോക്കലേറ്റ് ഫാക്ടറി

(രചന: റൊവാൾഡ് ഡാൽ)

ചാർളിയും ചോക്കലേറ്റ് കമ്പനിയും. 1964ൽ കുട്ടികൾക്കുവേണ്ടി എഴുതപ്പെട്ട നോവൽ. വില്ലി വോങ്ക എന്ന ചോക്കലേറ്റ് ഉൽപാദകന്റെ ഫാക്ടറിയിൽ ചെല്ലാൻ ആഗ്രഹിച്ച ചാർളി ബക്കറ്റ് എന്ന കൊച്ചുകുട്ടിയുടെ രസകരമായ അനുഭവങ്ങൾ.

ഷാർലറ്റ്സ് വെബ്

(രചന– ഇ.ബി. വൈറ്റ്)

അമേരിക്കൻ എഴുത്തുകാരൻ ഇ.ബി. വൈറ്റ് 1952ൽ എഴുതിയ നോവൽ. വിൽബർ എന്നു പേരുള്ള വളർത്തു പന്നിക്കുട്ടിയുടെയും ഷാർലറ്റ് എന്ന ചിലന്തിയുടെയും അത്മാർഥ സൗഹൃദത്തിന്റെ കഥ. സൗഹൃദത്തിന്റെ വില മനസിലാക്കിത്തരുന്ന ഇതിവൃത്തം.

ദ് ഗേൾ ഹൂ ഡ്രാങ്ക് ദ് മൂൺ

(രചന: കെല്ലി ബാൺഹിൽ)

മന്ത്രവാദിനി വളർത്തിയ ലൂണ എന്ന പെൺകുട്ടിക്ക് അപ്രതീക്ഷിതമായി മാന്ത്രിക ശക്തി ലഭിച്ചു. ഈ ശക്തി ലൂണ നല്ലകാര്യത്തിന് ഉപയോഗിക്കുമോ അതോ തിന്മയ്ക്ക് ഉപയോഗിക്കുമോ? ഇതാണ് കഥയുടെ ഇതിവൃത്തം.

ദ് ഡയറി ഓഫ് എ യങ് ഗേൾ

(രചന: ആൻ ഫ്രാങ്ക്)

13 വയസുകാരി ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ആത്മകഥയാണ് ദി ഡയറി ഓഫ് എ യങ് ഗേൾ. 1947ൽ എഴുതിയ ഈ പുസ്തകം ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള പുസ്തകങ്ങളിലൊന്നാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ പട്ടാളക്കാരിൽ നിന്നു രക്ഷപ്പെടാൻ ഒളിവിൽ കഴിഞ്ഞ സമയത്തെ  അനുഭവങ്ങളെഴുതിയ ഡയറിക്കുറിപ്പുകളാണ് പിന്നീട് പുസ്തകമായി മാറിയത്. ആ ഒളിവുകാലത്തു തന്നെ ആൻ ഫ്രാങ്ക് മരിച്ചു. 

ദി ഓൾഡ് മാൻ ആൻഡ് ദ് സീ

(രചന: ഏണസ്റ്റ് ഹെമിങ്‌വേ)

കിഴവനും കടലും എന്ന പേരിൽ മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃതി. നൊബേൽ സമ്മാനം, പുലിസ്റ്റർ സമ്മാനം ഇവ ലഭിച്ചു. തൊഴിലിനുവണ്ടി കടലിലിറങ്ങുന്ന ക്യൂബൻ മുക്കുവനായ വൃദ്ധൻ സാന്റിയാഗോയുടെ കടൽ അനുഭവങ്ങളാണ് ഇതിവൃത്തം. സഹനശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും കരുത്തിൽ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാമെന്ന് ഈ കൃതി പഠിപ്പിക്കുന്നു.

ദ് ക്യാറ്റ് ഇൻ ദ് ഹാറ്റ്

(രചന: ഡോ. സ്വെസ്)

ഡോ. സ്വെസ് എന്ന തൂലികാനാമത്തിൽ തിയഡർ ഗ്വിസൽ എഴുതിയ കഥ. സാലി എന്ന പെൺകുട്ടിയുടെയും സഹോദരന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഒരു പൂച്ച. മനുഷ്യരൂപങ്ങളുള്ള ചുവന്ന തൊപ്പി വച്ച പൂച്ചയാണിത്. 

അത്ഭുതങ്ങളും സാഹസികതകളും നിറഞ്ഞ യാത്രാനുഭവം. 

ദി എക്സ്പ്ലോറർ

(രചന: കാതറിൻ റസൽ)

വിമാന അപകടത്തിൽ ആമസോൺ മഴക്കാടുകളിൽ അകപ്പെട്ട ഒരുപറ്റം കുട്ടികളുടെ സാഹസികാനുഭവങ്ങളുടെ കഥയാണ് ദി എക്സ്പ്ലോറർ. അടുത്തിടെ ഇറങ്ങിയ പുസ്തകം ഒട്ടേറെ വായനക്കാരെ സൃഷ്ടിച്ചു. 

ദി അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ

(രചന: മാർക് ട്വെയിൻ )

ടോം സോയർ എന്ന അനാഥ ബാലന്റെ സാഹസികതകൾ. 150 വർഷം മുൻപ് രചിക്കപ്പെട്ടതാണ് ഈ നോവൽ. മിസിസിപ്പി നദിയുടെ പശ്ചാത്തലത്തിലുള്ള ഈ കഥ മനസ്സിൽ ഇടം പിടിക്കും. 

ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ

(രചന: റിച്ചാർഡ് ബാച്ച്)

1960ൽ എഴുതപ്പെട്ട നൊവെല്ല. ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽക്കാക്കയുടെ കഥ. സ്വപ്നം കാണാൻ പഠിപ്പിക്കുന്ന കൃതി. ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും പ്രചോദിപ്പിക്കും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT