ഏദൻ തോട്ടം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ... ഇതിനകത്താണ് എന്റെ പുസ്തക ജീവിതം
എവിടെ നിന്നാണു പറഞ്ഞു തുടങ്ങേണ്ടത് എന്നാണ് ഞാനാലോചിക്കുന്നത്. വാസനാവികൃതി മുതലിങ്ങോട്ട് എന്നതു നല്ല തുടക്കമാണ്. അതിൽ ഒരു വാസനയുണ്ട്, വികൃതിയുമുണ്ട്. വാസന എന്നത് സാഹിത്യവാസനയാവാം, ഗന്ധമാവാം എന്തുമാകാം. ഒരു പുസ്തകം കിട്ടിയാൽ അതു തുറന്ന് മണത്തു നോക്കുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. അങ്ങനെ മണത്തുമണത്താണ് അക്ബർ കക്കട്ടിലിലേക്കുള്ള വഴി പണ്ട് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ കണ്ടുപിടിക്കുന്നത്. നിനക്കൊരു ഗന്ധമുണ്ട് എന്നെന്നോടാദ്യം പറഞ്ഞത് അക്ബർക്കയാണ്. ഞാൻ വായിച്ച പുസ്തകങ്ങളുടെ മണമായിരുന്നു അത്. പക്ഷേ ഇങ്ങനെ വാസനാവികൃതിയിൽ തുടങ്ങിയാൽ കഥയിൽ നിന്നാണ് നമ്മുടെ സാഹിത്യം ആരംഭിക്കുന്നത് എന്ന സൂചന - ഒരു കഥയിൽ നിന്നാണ് വായന ആരംഭിക്കേണ്ടത് എന്ന സൂചന അതിലുണ്ടെന്ന് കഥകളേക്കാളേറെ കവിതയെ സ്നേഹിക്കുന്നവർ പരാതി പറഞ്ഞേക്കും. കവിതയോട് ഒരു ബഹുമാനക്കുറവും എനിക്കില്ല കേട്ടോ. ശാസ്ത്രത്തിന്റെ അമ്പരപ്പിക്കുന്ന വളർച്ചയിൽ തകർന്നുവീണുകൊണ്ടിരിക്കുന്ന ആദർശവിശ്വാസങ്ങളുടെ ലോകത്ത് കവിത ഒന്നുമാത്രമേ തേജോമയമായി അവശേഷിക്കൂ എന്ന മാത്യു ആർണോൾഡിന്റെ പക്ഷമാണ് എന്റെ പക്ഷം. 1968 ൽ ആധുനിക കവിതയെക്കുറിച്ച് കേരള സാഹിത്യ സമിതിക്കു വേണ്ടി എം.എൻ.വിജയൻ മാഷ് നടത്തിയ ഒരു പ്രസംഗമുണ്ട്. അദ്ദേഹമതാരംഭിക്കുന്നത് ‘എവിടെ നിന്നും തുടങ്ങാതിരിക്കുകയാണ് ഏറ്റവും എളുപ്പമായ വഴി’ എന്നു പറഞ്ഞുകൊണ്ടാണ്. എങ്കിലും എവിടെ നിന്നെങ്കിലും തുടങ്ങണമല്ലോ !
കഥയിൽനിന്നു തുടങ്ങുന്നത് കവികൾക്കും കവിതയിൽനിന്നു തുടങ്ങുന്നത് കഥാപ്രേമികൾക്കും ഇഷ്ടക്കേടുണ്ടാക്കുന്നതുകൊണ്ട് നമുക്ക് ആദാമിൽനിന്നു തുടങ്ങാം. ആദിപുസ്തകത്തിലെ ആദ്യത്തെ അധ്യായം തുടങ്ങുന്നത് ആദാമിന്റെ കഥയിൽ നിന്നാണ്. ആപ്പിളിന്റെ രുചി ആദത്തിന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണവൻ ആപ്പിൾ തിന്നത് അതിനോടുള്ള കൊതി കൊണ്ടായിരുന്നില്ല, അത് വിലക്കപ്പെട്ടതുകൊണ്ടായിരുന്നു എന്നും മാർക് ട്വയിന്റെ ഒരു നിരീക്ഷണമുണ്ട്. വിലക്കപ്പെട്ടതായിരുന്നെങ്കിൽ അവൻ പാമ്പിനെത്തന്നെ തിന്നേനേ എന്നാണ് മാർക് ട്വയിന്റെ പക്ഷം. വിലക്കപ്പെട്ട പുസ്തകങ്ങൾ വായിച്ചത്രയും സാഹസികമായി, വിലക്കപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കിയ അത്രയും ആത്മാർഥമായി എന്നിലെ വായനക്കാരൻ ഉണർന്നു പ്രവർത്തിച്ച ചരിത്ര സന്ദർഭങ്ങൾ കുറവായിരിക്കും.
ചുറ്റും പുസ്തകങ്ങളില്ലെങ്കില്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല എന്ന് ബോർഹസ് എഴുതിയിട്ടുണ്ട്. സത്യമാണത്, വിലക്കപ്പെട്ട പുസ്തകങ്ങളുടെ ഏദനിലാണ് ഞാൻ ദീർഘകാലം ഉറങ്ങിയിരുന്നത്. അന്നെന്റെ മാഷിന് ഇഷ്ടമില്ലാതിരുന്ന പമ്മനെ വായിച്ചതു കൊണ്ടാണ് ഇന്ന് ഫാസിസത്തിന്റെ സ്കൂളിന് ഇഷ്ടമില്ലാത്ത പെരുമാൾ മുരുകനെ ഞാൻ വായിക്കുന്നത്. അന്ന് മുട്ടത്തു വർക്കിയെ കിടപ്പുമുറിയിലേക്ക് ഒളിച്ചു കടത്തിയ ധീരതയാണ് ഇന്ന് തസ്ലിമയെ, സൽമാൻ റുഷ്ദിയെ, അരുന്ധതി റോയിയെ വായിക്കുന്നത്. വായന എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ഫ്രെഡ്രിക് ഡഗ്ലസിന്റെ ഭാഷയിൽ പറഞ്ഞാൽ, വായിക്കാന്‍ പഠിച്ചതോടെയാണ് ഞാൻ എന്നന്നേക്കുമായി സ്വതന്ത്രനാക്കപ്പെട്ടത്. 1970 മുതൽ ഇങ്ങ് 2017 വരെ ഇംഗ്ലിഷ് സിനിമയിൽ സജീവമായ തിരക്കഥാകൃത്ത് അലന്‍ ബെന്നറ്റാണ് ‘തന്റെ ഭാവനയ്ക്കു ചിറകു നല്‍കുന്ന ഉപകരണം’ എന്ന് പുസ്തകങ്ങളെ വാഴ്ത്തിയത്. നമ്മെ സ്വതന്ത്രമാക്കുക വായനയാണ് - നമുക്ക് പറക്കാൻ ചിറക് തുന്നിത്തരിക നാം വായിക്കുന്ന പുസ്തകങ്ങളാണ്.
ഇങ്ങനെ നീലനിറമുള്ള പൂക്കളെ മണത്തു നടന്ന ആൺകുട്ടിക്കാലത്തിനു മുമ്പ് ഞാൻ വായിച്ചതു മുഴുവൻ ബഷീറിനെയായിരുന്നു. ഏദനിലല്ല മാങ്കോസ്റ്റിൻ മരച്ചുവട്ടിലാണ് ഞാൻ ജനിച്ചത്. വളർച്ചയുടെ ഏതോ ഘട്ടത്തിലാണ് ഏദൻ എന്നെ മാടിവിളിക്കുന്നത്. നർമബോധവും സ്നേഹവും കൊണ്ട് ബഷീർ പണിത ഉള്ളമാണ് എന്നെപ്പോലെ ശരാശരിയായ അന്നത്തെ കുട്ടികൾക്ക് ഉണ്ടായിരുന്നത്. അതാണ് എന്റെ ലെഗസി! ബഷീർ എന്ന സാഹിത്യകാരനും ബഷീർ എന്ന ദൈനംദിന ജീവിയും ഒറ്റയാളായിരുന്നു. കൃത്രിമത്വങ്ങളില്ലാതെ ജീവിക്കാനും കൃത്രിമത്വങ്ങളില്ലാതെ എഴുതാനും പഠിപ്പിച്ചത് ബഷീറാണ്. കോഴിക്കോട് സർവകലാശാലയിൽ നടത്തിയ ഒരു ബഷീർ അനുസ്മരണ പ്രഭാഷണം അവസാനിപ്പിക്കുമ്പോൾ സക്കറിയ പറഞ്ഞു, 'ബഷീർ എഴുതിയത് ബുദ്ധിജീവികൾക്കു വേണ്ടിയല്ല. ബുദ്ധിജീവികൾ ബഷീറിന്റെ വായനക്കാർക്കിടയിൽ പിന്നീട് കടന്നു കൂടിയതാണ്' എന്ന്. അതിനു മുമ്പ് ഞാൻ ബഷീറിൽ നിന്നു പോയിക്കഴിഞ്ഞിരുന്നു.
ബഷീറിനെ ഓർക്കുമ്പോഴെല്ലാം നാം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരത്തെക്കുറിച്ചു പറയാറുണ്ട്. മാങ്കോസ്റ്റിൻ മരത്തിന് ഒരു പ്രത്യേകതയുണ്ട്, ആൺ മാങ്കോസ്റ്റിനും പെൺ മാങ്കോസ്റ്റിനും ഉണ്ട് എന്നതാണത്. പെൺ മാങ്കോസ്റ്റിനിലാണ് ധാരാളം പഴങ്ങൾ ഉണ്ടാകുന്നത്. അങ്ങനെ കനികൾ കാട്ടി പെൺമരങ്ങൾ പ്രലോഭിപ്പിച്ചു തുടങ്ങിയ ശേഷമാണ് ഞാൻ ഏദനിലെത്തുന്നത്. ഒരു മരത്തിൽനിന്ന് കാട്ടിലേക്കുള്ള കയറ്റമായിരുന്നു അത്. ഏദൻ എനിക്ക് തോന്ന്യാക്ഷരങ്ങളെത്തന്നു! ഏദൻ എനിക്ക് തെമ്മാടിക്കുഴി തന്നു!
വായനാനുഭവങ്ങളുടെ ചരിത്ര പുസ്തകത്തിലെ രണ്ടധ്യായങ്ങളാണ് നാം പിന്നിട്ടത്, ഒന്ന് - മാങ്കോസ്റ്റിൻ മരം, രണ്ട് - ഏദൻ തോട്ടം. മൂന്നാമത്തേതിന്റെ തലക്കെട്ട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാണ്. അപ്പോഴേക്കും ബാല്യകൗമാരങ്ങൾ കടന്ന് ഞാൻ മുതിർന്നിരുന്നു. മുതിർന്നയാൾ ശീലിക്കേണ്ട നിയമങ്ങളും മുതിരുന്നതോടെ പാലിക്കേണ്ട ജീവിതമൂല്യങ്ങളുമെല്ലാം അന്ന് ചുറ്റിലുമുണ്ട്. ഐൻസ്റ്റീൻ തിയറി ഓഫ് റിലേറ്റീവിറ്റിയുമായി വന്ന സമയമാണത്. പ്രപഞ്ചം തന്നെ ആപേക്ഷികമായിരിക്കെ അതിലെ നിസ്സാരനായ മനുഷ്യന്റെ നിയമങ്ങളും ജീവിത മൂല്യങ്ങളും ശാശ്വതമാണെന്ന വിശ്വാസത്തെക്കാൾ വലിയ ബ്ലണ്ടറില്ലെന്നു പഠിപ്പിച്ച് ശാസ്ത്രം റിബലാക്കിയ കാലത്താണ് വേദാന്തം പഠിക്കാൻ ഒരു സിംഹത്തിന്റെ മടയിൽ കയറിച്ചെല്ലുന്നത്, അതായിരുന്നു കാൾ മാർക്സ്! മാർക്സിനെ വായിച്ചത് ഹൃദയം കൊണ്ടായിരുന്നു– ജീവിതം കൊണ്ടായിരുന്നു. ദാരിദ്ര്യം വിധിയല്ലെന്നും തൊഴിലാളിയാണ് സാമൂഹികോൽപാദനത്തിന്റെ ആണിക്കല്ലെന്നും മാർക്സ് പറഞ്ഞത് സർവകലാശാലാ പ്രഫസർമാർ ഒഴികെ എല്ലാവർക്കും മനസ്സിലായിരുന്നു എന്ന് വിജയൻ മാഷ് പറയും. മാർക്സിനെ, ഏംഗൽസിനെ, ഗ്രാംഷിയെ, റോസ ലക്സംബർഗിനെ .. അങ്ങനെ മൂന്നാമധ്യായത്തിലാണ് വായന സമ്പൂർണമായി ആഗോളവൽക്കരിക്കപ്പെടുന്നത്.
ബഷീറിനും മുമ്പാണ്, മായാവിയെയും ഡിങ്കനെയും വായിച്ച അമർച്ചിത്രകഥക്കാലത്ത് ഷെർലക് ഹോംസാണ് വായനയെ ആദ്യമായി കടൽ കടത്തുന്നത്. പിന്നെ ഗളിവർ വന്നു, ടോട്ടോച്ചാനും ആൻഫ്രാങ്കും റിൽകെയും വന്നു. ‘എന്റെ മധുരപ്പെൺകിടാവേ’ എന്നാരംഭിക്കുന്ന ഷെല്ലിയുടെ കത്തും ‘സാറാമ്മേ, കേശവൻ നായരാണ്’ എന്ന ബഷീറിന്റെ കത്തും ഞാൻ പ്രേമകാലത്തയച്ചിട്ടുണ്ട്. ‘മെറ്റിൽഡേ ഉറൂഷ്യാ, ഞാനായിരിക്കുന്നതും അല്ലാതായിരിക്കുന്നതും നിനക്കായി ഇവിടെ വിട്ടു പോകുന്നു’ എന്ന നെരൂദയുടെ കവിതയും ‘ആരുടെ സ്വപ്നമാണ് നീയും ഞാനും’ എന്ന ടി.പി.രാജീവന്റെ കവിതയും ഞാൻ പ്രണയലേഖനത്തിൽ പകർത്തിയിട്ടുണ്ട്. വായനയെ ആഗോളവൽക്കരിച്ചത് പ്രണയമാണ്. ഉമ്മവെക്കുമ്പോൾ ഞാൻ പാതിമലയാളിയും പാതി ഫ്രഞ്ചുകാരനുമാണ് എന്നു ഞാൻ തന്നെ എഴുതിയിട്ടുണ്ട്. മാർക്കേസും മുകുന്ദനും എനിക്കു വേണ്ടി പുസ്തകമെഴുതിയതും പ്രണയകാലത്താണ്. കോളറാ കാലത്തെ പ്രണയത്തിലെ ഫ്ലോറന്റിനോ അരിസ ഞാനാണ്, ആദിത്യനും രാധയും മറ്റു ചിലരും എന്റെ കഥയാണ്. വായനയുടെ ചരിത്രത്തിലെ നാലാമധ്യായത്തിന്റെ തലവാചകം ആഗോളവൽക്കരണം എന്നാണ്.
സൈബർ വായനയുടെ അഞ്ചാമത്തെ ചാപ്റ്ററിലാണ് നാം പരിചയക്കാരായത്. വംശാനന്തരതലമുറകളെ മുഴുവൻ നാമിവിടെ ചർച്ചയ്ക്കു വെച്ചു. ഗോവർധനും ആടുജീവിതവും ലീലയും മീശയും തൊട്ടപ്പനും കരിക്കോട്ടക്കരിയും കന്യകാ ടാക്കീസും ചുംബന ശബ്ദതാരാവലിയും ആലാഹയുടെ പെൺമക്കളും ആരാച്ചാരും പെൺകാക്കയും സുഗന്ധിയും ലന്തൻബത്തേരിയും ഭാസ്കരപട്ടേലരും ബിരിയാണിയും ബുദ്ധന്റെ ഗോപയും നീർമാതളവും അങ്ങനെയങ്ങനെ എണ്ണിത്തീർക്കാനാകാത്ത സ്മാരകശിലകൾ പാകിപ്പാകിയാണ് നാം പോയത്. സമുദ്രശിലയിൽ സുഭാഷ് ചന്ദ്രനെഴുതിയ പോലെ, എഴുത്തുകാരൻ കരിമ്പ് എന്ന് എഴുതിയതു വായിച്ചപ്പോൾ ഇമ്പമുള്ള ഒരു മധുരച്ചാറു വന്ന് നമ്മുടെ നാവിന്റെ രസമുകുളങ്ങളെ വെഞ്ചരിച്ചു. നാം വാഴ്ത്തപ്പെട്ടു.
വിക്ടർ ഹ്യൂഗോയുടെ ഒരു കഥയുണ്ട്, അതു പറഞ്ഞവസാനിപ്പിക്കാം. മകളുടെ കുഞ്ഞിന് 5 വയസ്സുള്ളപ്പോൾ വിക്ടർ ഹ്യൂഗോ ആ കുഞ്ഞിന്റെ കൈ പിടിച്ച് നടക്കാൻ പോകും. ഒരു ഒലീവ് മരത്തിന്റെ ചുവട്ടിൽ പോയിരുന്ന് എന്നും കുഞ്ഞിനോട് അദ്ദേഹം കഥ പറയും. എന്തു ഭാഗ്യമാണല്ലേ, വിക്ടർ ഹ്യൂഗോയുടെ കഥ നേരിട്ടു കേട്ട് വളരാനാവുക! ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം കാലത്ത് നമ്മുടെ കുഞ്ഞ് ജ്വരം വന്ന് പെട്ടെന്നു മരിച്ചു പോയി. പള്ളിയിലെ അടക്കൊക്കെ കഴിഞ്ഞ് ഹ്യൂഗോ നടന്ന് ഒലീവ് മരത്തിന്റെ ചുവട്ടിലെത്തി. എന്നും കുഞ്ഞ് പിടിക്കുന്ന വിരലിൽ തണുപ്പ് കയറുന്ന പോലെ തോന്നി. ഹ്യൂഗോ മരച്ചുവട്ടിലിരുന്നു. നിറയെ പൂക്കളും പൂമൊട്ടുകളും വീണ് കിടപ്പുണ്ട്. അതിലൊന്നെടുത്ത് വിക്ടർ ഹ്യൂഗോ പറഞ്ഞു, ''ദൈവമേ - നിനക്ക് എത്രായിരം മരങ്ങൾ, ഓരോ മരത്തിലും എത്ര കോടി പൂക്കൾ ! അതിലൊന്ന് പ്രായമെത്തും മുമ്പേ കരിഞ്ഞ് താഴെ വീണുപോയാൽ നിനക്കെന്ത്! നിനക്കിനിയും ആയിരമായിരം ആരാമങ്ങളിൽ പൂക്കൾ നിറയ്ക്കാം. എനിക്കോ? എന്നെ നോക്കാതെ നീ തലയൊന്ന് തിരിക്കൂ, എനിക്കൊന്നു കരയണം.''
വിക്ടർ ഹ്യൂഗോ അന്ന് കരഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല. അത് വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു. വിക്ടർ ഹ്യൂഗോയുടെ ഒലീവ് മരം എന്റെ വീട്ടുമുറ്റത്തുണ്ട്, സുഭാഷ് ചന്ദ്രന്റെ കരിമ്പിൻ കാടിനു നടുവിലാണ് ആ വീട്. വായന എന്തു തരുന്നു? എന്ന ചോദ്യത്തിന് ഇതാണ് എന്റെ ഉത്തരം– വായന നിങ്ങളെ ഒരു ആഗോള മനുഷ്യനാക്കുന്നു.