ചൂടൻ ചിത്രങ്ങളുടെ പേരിൽ സഹോദരനാൽ കൊല്ലപ്പെട്ടു; ആ ജീവിതം പുസ്തകമാകുന്നു
അവളെപ്പോലെയാകുക എന്നത് പേടിപ്പെടുത്തുന്ന അനുഭവമാണ്. ഒരുപക്ഷേ അവളെ ഇല്ലാതാക്കിയപ്പോള്‍ അതുതന്നെയായിരിക്കണം കൊലപാതകി ആഗ്രഹിച്ചതും; ഒരിക്കലും ആരും അവളെപ്പോലെയാകാതിരിക്കാന്‍. അതിനുവേണ്ടി കഴുമരത്തിലേറാനും ഒരാള്‍ തയാറാകുമ്പോള്‍ അവളെപ്പോലെയാകുക എന്നത് എങ്ങനെയാണെന്നറിയാന്‍ ആരും ആഗ്രഹിക്കും. പക്ഷേ, ലോകം അറിഞ്ഞതിനേക്കാള്‍ കൂടുതലായി അവള് ശരിക്കും ആരായിരുന്നു, അവള് എന്താണ് ചെയ്തത്, അവള് എങ്ങനെയാണ് ചുറ്റും ഭയപ്പാട് സൃഷ്ടിച്ചത് എന്ന് അന്വേഷിക്കുകയാണ് ഒരു യുവ നോവലിസ്റ്റ്– സനം മഹര്‍. അവള് ജീവിച്ചിരുന്ന നാട്ടിലൂടെ സഞ്ചരിച്ച്, വീട് സന്ദര്‍ശിച്ച്, അവള്‍ക്കു പരിചയമുള്ളവരെയെല്ലാം കണ്ടു സംസാരിച്ച് തയാറാക്കിയ നോവല്‍. ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ നോവല്‍ വിവാദമുയര്‍ത്തിക്കഴിഞ്ഞു; ചൂടേറിയ ചര്‍ച്ചയും. കൂടുതല്‍ വിവാദങ്ങള്‍ നോവല്‍ പ്രകാശനത്തിനുശേഷവും ഉണ്ടായേക്കും. അടുത്ത മാസമാണ് നോവൽ പുറത്തിറങ്ങുന്നത്. നോവലിന്റെ പേര്: എ വുമണ്‍ ലൈക്ക് ഹെര്‍.
സനം മഹറിന്റെ നോവല്‍ വിവാദം സൃഷ്ടിക്കാന്‍ കാരണമുണ്ട്. സാങ്കല്പികമോ ഭാവനയോ അല്ല അത്, മറിച്ച് യഥാര്‍ഥത്തില്‍ ജീവിച്ചിരുന്ന ഒരു യുവതിയെക്കുറിച്ചാണ്. 26-ാം വയസ്സില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ പാക്കിസ്ഥാന്‍കാരി ഫൗസിയ അസീം എന്ന ഖന്ദീൽ ബലോച്ചിനെക്കുറിച്ച്. പാക്കിസ്ഥാനില്‍നിന്ന് ലോകശ്രദ്ധയിലേക്ക് ഉയര്‍ന്ന സമൂഹമാധ്യമ താരത്തെക്കുറിച്ച്...
സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഫൗസിയ അസീം കൊല്ലപ്പെട്ടത്. കൊലപാതകി സ്വന്തം സഹോദരന് തന്നെ. ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കാരണമായി അയാള്‍ പറഞ്ഞത്, അവള് കുടുംബത്തിനു ദുഷ്പ്പേര് വരുത്തിവച്ചു എന്ന്, സമൂഹമാധ്യമങ്ങളില്‍ ഹിറ്റായ ചിത്രങ്ങളും വിഡിയോകളും സൃഷ്ടിച്ചുവെന്ന്. സഹോദരിയുടെ ചൂടന്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തുതരാമോയെന്ന് മൊബൈല്‍ കട നടത്തുന്ന അയാളുടെ അടുത്തുവന്ന് ആള്ക്കാര് ചോദിക്കാന്‍ തുടങ്ങിയത്രേ. അതായിരുന്നു പെട്ടെന്നുള്ള കാരണം. കൊലയ്ക്കുശേഷം അയാളെ പശ്ചാത്താപം തൊട്ടുതീണ്ടിയിട്ടു പോലുമുണ്ടായിരുന്നില്ല. താന്‍ ചെയ്തത് ഏതോ വീരകൃത്യമാണെന്ന് അയാള്‍ ഉറപ്പായും വിശ്വസിച്ചു. ആ ഉറപ്പോടെ ജയിലിലേക്കു നടന്നു.
2016 ജൂലൈ 15 നായിരുന്നു ഫൗസിയ അസീമിന്റെ കൊലപാതകം; മൂന്നുവര്‍ഷം മുമ്പ്. ഈ വര്‍ഷം മൂന്നാം ചരമവാര്‍ഷികത്തില്‍ ലോകം ഫൗസിയയെക്കുറിച്ചു വായിക്കാന്‍ പോകുകയാണ്. സനം മഹറിന്റെ നോവലിലൂടെ.
വിവാദങ്ങള്‍ സൃഷ്ടിച്ച മൂന്നുവര്‍ഷങ്ങളാണ് ഫൗസിയയെ സമൂഹ മാധ്യമങ്ങളിലെ താരമാക്കിയത്, പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തികളില്‍ ഒരാളാക്കിയത്, ദശലക്ഷക്കണക്കിനുപേര്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമയാക്കിയത്. പാക്കിസ്ഥാനിലെ യാഥാസ്ഥിതിക സമൂഹം ഒരിക്കലും അംഗീകരിക്കാത്ത ധീരമായ കമന്റുകളും ചിത്രങ്ങളും വിഡിയോകളുമാണ് ഫൗസിയയുടെ ജനപ്രീതി വര്‍ധിപ്പിച്ചത്.
പാക്കിസ്ഥാനി ഐഡല്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രംഗത്തെത്തിയ ഫൗസിയ ‘എന്നെ കാണാന്‍ എങ്ങനെയുണ്ട്’ എന്ന പേരിലുള്ള വിഡിയോയിലൂടെ യുവജനങ്ങള്‍ക്കു സുപരിചിതയായി. കിം കര്‍ദാഷിയനുമായാണ് അവര്‍ താരതമ്യം ചെയ്യപ്പെട്ടത്. കര്‍ദാഷിയനേക്കാള്‍ ധൈര്യമുള്ള വ്യക്തിയായും അവര്‍ വാഴ്ത്തപ്പെട്ടു. ദിനചര്യകളെക്കുറിച്ചുള്ള അവരുടെ കൊച്ചു കൊച്ചു വിഡിയോകളും ജനങ്ങള്‍ ഏറ്റെടുത്തു. പ്രശസ്തി വര്‍ധിക്കുന്നതനുസരിച്ച് ഫൗസിയയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളും പ്രചരിച്ചുതുടങ്ങി. വിവാഹം മറച്ചുവച്ചുവെന്നും ഒളിച്ചോടിയെന്നും മറ്റുമുള്ള പല പല കഥകള്‍. അവ അവളെ കുപ്രസിദ്ധയാക്കി. ഒടുവില്‍ അപ്രതീക്ഷിതമായി കൊലപാതകത്തിന്റെ ഇരയും.
പാക്കിസ്ഥാനില്‍ വ്യാപകമായി സഞ്ചരിച്ചാണ് സനം മഹര്‍ നോവല്‍ എഴുതിയിയിരിക്കുന്നത്. ഫൗസിയയുടെ ജീവിതംപോലെ നോവലും വിവാദം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ ലോകം ചര്‍ച്ച ചെയ്യാന്‍ പോകുന്നതും സനം മഹറിന്റെ നോവല്‍ തന്നെയായിരിക്കും: എ വുമണ്‍ ലൈക്ക് ഹെര്‍- ദ് ഷോര്‍ട് ലൈഫ് ഓഫ് ഖന്ദീൽ ബലോച്ച്.