മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതുമായ എഴുത്തുകാരനാണ് ഏറ്റവും കൂടുതല്‍ ചോദ്യചിഹ്നം ഉപയോഗിച്ചിട്ടുള്ളത്. ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആശങ്കകള്‍ പങ്കുവച്ചത്. ജീവിതം തന്നെ അനന്തമായ ഒരു പ്രാര്‍ഥനയാണെന്നു പറഞ്ഞത്. ദുര്‍ബലനും രോഗിയും മാനസിക ദൗര്‍ബല്യത്തിനു ചികില്‍സ തേടുകയും ചെയ്ത ആ മനുഷ്യനു ചുറ്റും എന്നും ഒരു ഇതിഹാസനായകന്റെ പ്രഭാവലയമുണ്ടായിരുന്നു.

അയാള്‍ ഉപയോഗിച്ചതു സംസാരഭാഷ. വര്‍ത്തമാനം നേരേചൊവ്വേ. നാട് പോരാട്ടച്ചൂടില്‍ ഉയിര്‍ത്തെണീറ്റപ്പോള്‍ അയാളും പോരാട്ടത്തിന്റെ ഭാഗമായി. ലക്ഷ്യമായ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞപ്പോള്‍ സ്ഥാനമാനങ്ങള്‍ തേടിപ്പോകാതെ വിശ്രമജീവിതത്തിലേക്കു മടങ്ങി. ബീഡി വലിച്ചു. പാട്ടു കേട്ടു. മരച്ചുവട്ടില്‍ കാറ്റുകൊണ്ടിരുന്നു. അതിഥികള്‍ വീട്ടില്‍ വരുമ്പോള്‍ എടിയേ.... എന്ന് വീടിനകത്തേക്കു നോക്കി നീട്ടി വിളിച്ചു. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചിട്ടും ആ മനുഷ്യനാണ് ഇന്നും മലയാളത്തിലെ വിശ്വസാഹിത്യകാരന്‍. വലിയ പുരസ്കാരങ്ങളുടെ പ്രഭയില്ലെങ്കിലും നാടും നാട്ടുകാരും ഏറ്റെടുത്ത വലിയ എഴുത്തുകാരന്‍. വലിയ പ്രസംഗങ്ങള്‍ ചെയ്തിട്ടില്ലെങ്കിലും ഇന്നും സാഹിത്യലോകം കാതോര്‍ക്കുന്ന വ്യക്തി. കള്ളനും സൂഫിയുമായി ഒരേ ജീവിതത്തില്‍ വേഷം മാറിയ ഏകാന്തവീഥിയിലെ അവധൂതന്‍. ഭാഷയിലെ ഒരേയൊരു സുല്‍ത്താന്‍-വൈക്കം മുഹമ്മദ് ബഷീര്‍. 

ഈ ജൂലൈ മാസത്തില്‍ ഭൂമിയെ ചുംബിക്കുന്ന മഴത്തുള്ളികളില്‍ പ്രിയപ്പെട്ട സുല്‍ത്താനുമുണ്ടാകില്ലേ. ചരമവാര്‍ഷിക കണക്കുകളുടെ അക്കങ്ങളിലും തീയതികളിലും ഒതുങ്ങാതെ ജീവിച്ചു മരിച്ച ഭൂമിയുടെ അവകാശികളില്‍ ഒരാളായ ആ ‘സുപ്രസിദ്ധ സാഹിത്യകാരന്‍’. 

ആശ്ചര്യചിഹ്നങ്ങളും ചോദ്യചിഹ്നങ്ങളുമായിരുന്നു ബഷീറിന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍. ഈ രണ്ടു ചിഹ്നങ്ങളും അദ്ദേഹം കലവറയില്ലാതെ ഉപയോഗിച്ചു; പ്രത്യേകിച്ചും അദ്ദേഹത്തിന്റെ തത്ത്വചിന്താപരമായ ലേഖനങ്ങളില്‍. ഒന്നും തീര്‍ത്തുപറയാതെ, സംശയങ്ങളും ആശങ്കകളും ആശംസകളും മാത്രം ചൊരിഞ്ഞിട്ടും എന്തുകൊണ്ടായിരിക്കാം ബഷീറിനെ മലയാളം ഏറ്റെടുത്തത്? 

അറിവിന്റെ ആകെത്തുക ബഷീര്‍ കൂട്ടിനോക്കുന്നുണ്ട്. ബാക്കിവന്നതാകട്ടെ ഒന്നും അറിയില്ലെന്ന ബോധം. ആ അറിവും തിരിച്ചറിവും വെളിപാടും തന്നെയായിരിക്കും ബഷീറിനെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കിയത്. ലളിതമായ ആ സത്യത്തില്‍ അവര്‍ കണ്ടത്തിയത് ആത്യന്തിക അറിവുതന്നെയായിരിക്കും. 

മണ്‍മറ‍ഞ്ഞുപോയ തലമുറയില്‍ നിന്നു ഞാന്‍ വളരെ പഠിച്ചു. ജീവിക്കുന്ന തലമുറകളില്‍നിന്നു ഞാന്‍ വളരെ പഠിച്ചു. മരിച്ചവരുടെയും ജീവിക്കുന്നവരുടെയും ചിന്താസന്താനങ്ങളായ ഗ്രന്ഥസമൂഹങ്ങളില്‍നിന്നും ഞാന്‍ വളരെ പഠിച്ചു. എന്റെ അറിവ് ഈ ഭൂഗോളത്തിന്റെ ഇന്നുവരെയുള്ള അറിവാണ്. മഹനീയ നേട്ടമാണിതെന്ന് എനിക്കും അഭിമാനമുണ്ട്. പക്ഷേ, എന്റെ അറിവിന്റെ ആകെത്തുക ഞാന്‍ കൂട്ടിനോക്കുമ്പോള്‍ എന്താണുള്ളത്? 

ജീവിതത്തിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും ബഷീറിന് സ്വന്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അത് സ്വന്തം ജീവിതത്തിലെ അനുഭവങ്ങളെ ആധാരമാക്കി അദ്ദേഹം രൂപപ്പെടുത്തിയവയാണ്. അനുകരിച്ചതോ അനുവര്‍ത്തിച്ചതോ കേട്ടുപഠിച്ചതോ അല്ല. അതാണതിന്റെ പുതുമയും കരുത്തും. 

ഞാന്‍ വിശ്വസിച്ചിരുന്നത്, പരിപൂര്‍ണതയുടെ പരമോദാഹരണമാണ് ഞാന്‍ എന്നാണ്. അങ്ങനെയാണോ? സമസ്തജീവജാലങ്ങളെയും പോലെ ഞാനും ഒരു ബന്ധനസ്ഥന്‍. കൈവിലങ്ങും കാല്‍ച്ചങ്ങലയും എനിക്കുണ്ട്. അദൃശ്യമായത്. എല്ലാവര്‍ക്കുമുണ്ട്. ഈ ലോകമാകുന്ന മഹാകാരാഗാരത്തിലെ തടവുകാര്‍ക്കു കൈവിലങ്ങുകളും കാല്‍ച്ചങ്ങലകളും അത്യാവശ്യമാണത്രേ! 

ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണെന്നു ബഷീറിനോടു ചോദിച്ചാലോ. 

നമുക്കു വിശ്വസമായുള്ളതു മരണപ്പെട്ടുപോയ ചില തടവുകാരുടെ സ്വപ്നങ്ങളല്ലേ? 

മരിച്ച സ്വപ്നങ്ങള്‍ ! 

നാം അതില്‍ വിശ്വസിക്കുന്നു. സംഘം സംഘമായി മാറി തമ്മില്‍ പൊരുതുന്നു. അന്യോന്യം വെട്ടിനുറുക്കുന്നു. ചോരപ്പുഴ ഒഴുക്കുന്നു. എന്തിനുവേണ്ടി? 

സ്നേഹത്തെക്കുറിച്ച്, സ്നേഹദുരന്തത്തെക്കുറിച്ച്, സ്നേഹം ബാക്കിയാക്കുന്നതിനെക്കുറിച്ചും ബഷീര്‍ എഴുതിയിട്ടുണ്ട്; സ്വന്തം (ബാല്യകാല) സഖിയുടെ വിധിയുടെ പശ്ഛാത്തലത്തില്‍. 

നല്ല മുന്തിരിച്ചാറിന്റെ കുളിര്‍മാധുര്യത്തോടെ പാടുന്ന ഒരു സഖി അദ്ദേഹത്തിനുണ്ടായിരുന്നു. റോസാപ്പൂവിന്റെ സൗരഭ്യമുണ്ടായിരുന്നു അവളുടെ ഹൃദയത്തിന്. പൂനിലാവില്‍ പൊയ്കയ്ക്കടുത്തിരുന്ന് എത്രയോ തവണ അവള്‍ പാടി. അഭിലാഷങ്ങളെക്കുറിച്ചു പറഞ്ഞു. അവള്‍ ഇന്ന് എവിടെ? 

ശ്മശാനത്തില്‍. ചീഞ്ഞഴുകി ദ്രവിച്ചു ഭൂമിയോടു ചേര്‍ന്നുപോയിരിക്കണം. അവളെപ്പറ്റി ഒന്നും ഓര്‍ക്കരുതെന്ന് വിചാരിച്ചതാണ്. പക്ഷേ, നിനച്ചിരിയാതെ ഓര്‍മ വന്നുപോയി. പുതുമയുള്ളതല്ല. സ്നഹി ച്ചിരുന്നവര്‍ മരിച്ചുപോകുക-ഇതില്‍ അദ്ഭുതകരമായി എന്തുണ്ട് ? 

ഈ ഒരൊറ്റച്ചോദ്യത്തില്‍ ബഷീര്‍ ജീവിതത്തെ നിസ്സാരമാക്കുന്നു; മരണത്തെയും. 

ബാല്യകാലസഖിയിലെ അവസാന വാചകം ഓര്‍മയില്ലേ. അതും ഒരു ചോദ്യത്തിലാണ് അവസാനിക്കുന്നത്. ചോദ്യചിഹ്നത്തിലും. 

എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാന്‍ തുടങ്ങിയത്? ഈ ചോദ്യമാണ് ഇന്നും മലയാളത്തില്‍ പ്രണയത്തിന്റെ സത്യം തിരയാനുള്ള താക്കോല്‍. പറയാതെ പോയ വാക്കുകള്‍. പറയാന്‍ കൊതിച്ച വാക്കുകള്‍. ഇനിയൊരിക്കലും പറയാന്‍ അവസരമില്ലാത്ത വാക്കുകള്‍. 

മലയാളത്തില്‍നിന്ന് ഒരേയൊരു പുസ്തകം മാത്രമേ വായിക്കൂ എന്നു ശഠിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും സമ്മാനിക്കണം ബഷീറിന്റെ ഒരു പുസ്തകം. അനര്‍ഘനിമിഷമോ ബാല്യകാലസഖിയോ ഓര്‍മിക്കുറിപ്പുകളോ പ്രേമലേഖനമോ എന്തും... ഒറ്റപ്പുസ്തകമെന്ന പ്രതിജ്ഞ തെറ്റിച്ച് ആ വ്യക്തി ബഷീറിന്റെ എല്ലാ പുസ്തകങ്ങളും വായിക്കും. വൈക്കത്തു പോകും. ബേപ്പൂരില്‍ പോകും. ആ മാങ്കോസ്റ്റിന്‍ മരത്തിന്റെ ചുവട്ടില്‍ ഗ്രാമഫോണിലെ പാട്ടും കേട്ട് സോജാ രാജകുമാരിയെ ഉറക്കും. ജീവിതത്തെ ഉപേക്ഷിച്ച് ജീവിതത്തെ ഉള്‍ക്കൊള്ളും. അനന്തമായ പ്രാര്‍ഥനയ്ക്ക് സ്വയം സമര്‍പ്പിക്കും. 

പുറത്തേക്കു നോക്കുമ്പോള്‍ നാമെല്ലാം കാണുന്നതെന്താണ്. യാത്രക്കാര്‍. അതായത് നമ്മള്‍. നമ്മെ നോക്കി, നമ്മുടെ പരിമിതികളും അസ്വാതന്ത്ര്യങ്ങളും അര്‍ഥമില്ലായ്മകളും നോക്കി പരിഹസിച്ചു ചിരിക്കാത്ത, പുച്ഛിച്ചു ചുണ്ടു കോട്ടാത്ത ഒരേയൊരു എഴുത്തുകാരന്‍ കൂടിയാണ് ബഷീര്‍. അദ്ദേഹം വിളിക്കുന്നതു കേള്‍ക്കൂ. പറയുന്നതു കേള്‍ക്കൂ. ആ വിറപൂണ്ട വാക്കുകളില്‍ എല്ലാമുണ്ട്. എല്ലാമെല്ലാം. മലയാളത്തിലെ എല്ലാ പുസ്തകങ്ങളും വായിച്ചാലും കിട്ടാത്ത അനര്‍ഘനിധി.

അനന്തമായ പാതയിലെ സഞ്ചാരികളേ- നിങ്ങളെങ്ങോട്ടാണ് ? 

നിശ്ചിതമായ വല്ല ലക്ഷ്യവുമുണ്ടോ നിങ്ങള്‍ക്ക്? സ്നേഹിക്കുന്ന വല്ല ഹൃദയങ്ങളും നിങ്ങളെ കാത്തിരുപ്പുണ്ടോ? ...എങ്കില്‍ - എങ്കിലെന്റെ സഖാക്കളേ, പോകുവിന്‍ ! വേഗം പോകുവിന്‍! നിങ്ങള്‍ക്കാശിസ്സുകള്‍ നേരുന്നു. ഭവിക്കട്ടെ സര്‍വമംഗളങ്ങളും !