കടമ്മനിട്ടയുടെ ജീപ്പും അയ്യപ്പന്റെ ശപഥവും
മലയാളത്തിലെ ഭൂരിഭാഗം എഴുത്തുകാരുമായും നേരിട്ടിടപെടാനും അവരുടെ രചനകൾ വായിച്ചു പ്രസിദ്ധീകരിക്കാനും അവസരം ലഭിച്ച കഥാകൃത്തും നോവലിസ്റ്റുമാണ് എസ്.ആർ. ലാൽ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ‘ഗ്രന്ഥാലോക’ത്തിന്റെ പത്രാധിപ സമിതി അംഗമാണ് ലാൽ. എഴുത്തുകാരുടെ രചനകളുമായി മാത്രമല്ല ലാലിനു പരിചയം. എത്രയോ പ്രശസ്തരായ എഴുത്തുകാരുടെ ഉള്ളിലെ ‘പച്ചമനുഷ്യരെ ’ ലാലിനറിയാം! അതേക്കുറിച്ച് എഴുതിയാൽ ഒരു മികച്ച പുസ്തകം തന്നെ ലാലിനു പ്രസിദ്ധീകരിക്കാം.
കവി കടമ്മനിട്ട രാമകൃഷ്ണൻ ലൈബ്രറി കൗൺസിലിന്റെ ഭാരവാഹിയായിരുന്ന കാലത്തെ രസകരമായ സംഭവങ്ങളാണ് ഇവിടെ എസ്.ആർ. ലാൽ പറയുന്നത്.
ലൈബ്രറി കൗണ്‍സിലിന്റെ ആദ്യ പ്രസിഡന്റുകൂടിയായിരുന്നു കടമ്മനിട്ട. കേരള ഗ്രന്ഥശാലാ സംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലായി മാറിയ കാലമാണ്. അന്നു തലസ്ഥാനത്തു നന്ദാവനത്തു പബ്ലിക് ലൈബ്രയോടു ചേര്‍ന്നാണു കൗൺസിലിന്റെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. ഓഫിസിന്റെ ഒരു ഭാഗം കോണ്‍ക്രീറ്റുകൊണ്ടുള്ള രണ്ടു നിലകെട്ടിടം. മറു ഭാഗം ഓടിട്ട പഴയ കെട്ടിടവും. ആ ഭാഗത്താണ് കടമ്മനിട്ടയുടെ മുറി. പകല്‍ ആ ഭാഗം ശാന്തമാണ്. മഴമരങ്ങള്‍ തണലിട്ടു നില്‍ക്കുന്നതിനാല്‍ ഒട്ടും ചൂടില്ല. സുഖകരമായ കാലാവസ്ഥ. രാത്രിയായാല്‍ പക്ഷേ ‘ആളനക്കം’ കൂടും. മരപ്പട്ടിയും എലികളും കൂടി തട്ടിന്‍പുറം ഭരിക്കും. അവരുടെ രാത്രികാല ഭരണത്തിന്റെ രക്തസാക്ഷിയായിട്ടുമുണ്ട് കടമ്മനിട്ട.
ഓഫിസിലുണ്ടെങ്കില്‍ ഭക്ഷണവും കഴിഞ്ഞ് വെറ്റില മുറുക്കിയ ശേഷം കടമ്മനിട്ട ഉച്ചയുറക്കത്തിനു കയറും. ചാരുകസാലയിലാണ് ഉറങ്ങാൻ കിടക്കുന്നത്. (കടമ്മനിട്ടയ്ക്ക് അക്കാലത്തു വെറ്റിലമുറുക്കെന്ന ദുശീലമേയുള്ളൂ. മദ്യപാനത്തോടു പൂര്‍ണമായും വിടപറഞ്ഞിരുന്നു.)
ഒരുനാൾ കടമ്മനിട്ടയുടെ ഉച്ചയുറക്കത്തിനിടയില്‍ കവി എ. അയ്യപ്പന്‍ ഓഫിസ് മുറ്റത്തു പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സാമ്രാജ്യം പബ്ലിക് ലൈബ്രറി കന്റീനടുത്തുള്ള പ്രദേശമാണ്. തിരുവനന്തപുരത്തുണ്ടെങ്കില്‍ അയ്യപ്പന്‍ അവിടെ വരാതെ പോകില്ല. അയ്യപ്പന് ഇരിക്കാന്‍ പാകത്തില്‍ അവിടെ നീളത്തിലുള്ള ഒരു പാറക്കഷണമുണ്ട്. ചുറ്റും സുഹൃദ്‌വലയം തമ്പടിച്ചിരിക്കും. ചങ്ങാതിമാരോടു കാത്തിരിക്കാന്‍ പറഞ്ഞിട്ട്, അവിടെനിന്നും ലൈബ്രറി കൗൺസിലേക്കു വന്നിരിക്കുകയാണ് അയ്യപ്പന്‍. പതിവിലും കൂടുതല്‍ മുഷിഞ്ഞ വേഷം. മദ്യത്തിന്റെ രൂക്ഷഗന്ധവുമുണ്ട്.
ലാലിനോട് അയ്യപ്പന്റെ ചോദ്യം: ‘കടമ്മനുണ്ടോടാ?’
ഉറങ്ങുന്ന സമയത്ത് അയ്യപ്പന്‍ ചെല്ലുന്നത് അത്ര ഭംഗിയല്ലെന്നു ലാലിനു തോന്നി. ഉറങ്ങുന്ന മുറി ചാരിയിരിക്കുകയാണ്.
‘ഇല്ല’. ലാൽ പറഞ്ഞു.
‘കടമ്മന്റെ ജീപ്പുണ്ടല്ലോ..?’
ശരിയാണ്. കടമ്മനിട്ടയുടെ ജീപ്പു ഓഫിസിന്റെ മുറ്റത്തു കിടപ്പുണ്ട്.
കെഎല്‍ –01 ജി– 189 ടിവിഎസ്. മഹീന്ദ്ര. കവി സെക്കൻഡ് ഹാൻഡായി വാങ്ങിയതാണ്. വണ്ടി സ്വന്തമാക്കിയിട്ട് ഒരാഴ്ച പോലുമായിട്ടില്ല. അയ്യപ്പന്‍ ഇതെങ്ങനെ അറിഞ്ഞിട്ടുണ്ടാവും എന്നായി ലാലിന്റെ ചിന്ത. നിരന്തരമായ ചോദ്യത്തിനിടയിൽ ഗത്യന്തരമില്ലാതെ പറയേണ്ടിവന്നു.
‘ഉറക്കത്തിലാണ്.’
‘അതു സാരമില്ല.’
അയ്യപ്പന്‍ എതിര്‍പ്പൊന്നും കണ്ടതായി ഭാവിക്കാതെ വാതില്‍ തുറന്ന് അകത്തുകടന്നു.
കുറച്ചുനിമിഷങ്ങൾ കടന്നുപോയി.
അകത്ത് എന്തു സംഭവിച്ചു എന്നറിയില്ല.
കടമ്മനിട്ടയുടെ ഒച്ച ഉയര്‍ന്നു കേട്ടു..
‘ഇറങ്ങിപ്പോ, ഈ രൂപത്തില്‍ എന്റെയടുത്തു വന്നു പോകരുതെന്ന് നിന്നോട് പലവട്ടം പറഞ്ഞിട്ടുള്ളതല്ലേ..?’
അയ്യപ്പന്‍ പുറത്തു പ്രത്യക്ഷപ്പെട്ടു.. ലാലിനെ അടുത്തേക്കു വിളിച്ചു.
‘ഞങ്ങളൊരുമിച്ച് ഒള്ള കള്ളുഷാപ്പിലെല്ലാം കയറി മദ്യപിച്ചു നടന്നവരാ. കടമ്മന്‍ കള്ളുകുടി നിര്‍ത്തി. അതിന് ഞാനെന്തുപിഴച്ചു. കടമ്മനിപ്പൊ ജീപ്പായി, എംഎല്‍എ ആയി. ലൈബ്രറി കൗണ്‍സിലിന്റെ പ്രസിഡന്റുമായി. ഞാനും കള്ളുകുടി നിര്‍ത്താന്‍ പോവാടാ. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റായിട്ടു ഞാന്‍ വരും. അടുത്ത ഇലക്ഷന്‍ വരട്ടെ, നോക്കിക്കോ ഞാനും എംഎല്‍എ ആവും.’
ലാലിന്റെ കൈയിൽ തൊട്ട് അയ്യപ്പന്‍ നന്ദാവനം റോഡിലേക്കിറങ്ങി.
പിന്നീടു പലവട്ടവും അയ്യപ്പൻ ലൈബ്രറി കൗൺസിൽ ഓഫിസിലേക്കു കയറിവന്നിട്ടുണ്ട്. പക്ഷേ ഒരിക്കൽപ്പോലും താൻ നടത്തിയ പ്രതിജ്ഞയെപ്പറ്റി ലാലിനോടു ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നതു കൗതുകം.
കവിയുടെ തമാശ പേച്ചുകളുടെ കൂട്ടത്തിൽ അതിനെ ചേർത്തു ലാലും ചിരിക്കുന്നു.