തോക്ക്, മദ്യം, കാളപ്പോര്, നായാട്ട്, യുദ്ധം. ആണത്തത്തിന്റെ അടയാളമെന്ന്‌ കരുതുന്ന എന്തിനോടും അഭിനിവേശമായിരുന്നു ഹെമിങ്‌വേയ്ക്ക്. സ്വന്തം ചരമ വാർത്ത പത്രത്തിൽ അടിച്ചുവന്നതുപോലും വായിച്ചിട്ടുള്ള ആളാണ്. അതിലും വലിയ സാഹസികത വേറെന്തുണ്ട്. ബെൽജിയൻ കോംഗോയിലെ അവധിക്കാലത്ത് അടുപ്പിച്ചടുപ്പിച്ച ദിവസങ്ങളിലെ രണ്ട് വിമാനാപകടങ്ങളിൽ പരുക്കേറ്റ് അവശനായ അദ്ദേഹം മരിച്ചെന്നു കരുതിയാണ് പത്രങ്ങൾ അങ്ങനെ റിപ്പോർട്ട് ചെയ്തത്.

തകർക്കാനാവും പക്ഷേ തോൽപ്പിക്കാനാവില്ല മനുഷ്യനെ; എന്നദ്ദേഹം എഴുതി. ജീവിത സായാഹ്നത്തിൽ, രൗദ്രഭാവം പൂണ്ട കടലിൽ ഒറ്റയ്ക്ക് വമ്പനൊരു മത്സ്യത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്ന സാന്റിയാഗോയിലൂടെയാണ് അദ്ദേഹമങ്ങനെ പറഞ്ഞത്. കിഴവനും കടലും എന്ന ചെറു നോവലിലെ പ്രധാന കഥാപാത്രമാണ് സാന്റിയാഗോ. ഭൗതിക സാഹചര്യങ്ങൾ ആകെയുലച്ചു കഴിഞ്ഞിട്ടും ആത്മബലം കൈവിടാത്ത ശക്തനായ മുക്കുവൻ. തന്റെ കായിക ശക്തിയെ കുറച്ചിട്ടുണ്ട് എന്നല്ലാതെ മനോധൈര്യത്തെ തൊടാൻ കാലത്തിന് ആയിട്ടില്ല എന്നു പറയുന്നയാളാണ് സാന്റിയാഗോ. 

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിലും സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലും പങ്കെടുത്ത ഏറെ സാഹസികനായിരുന്നു ഹെമിങ്‌വേ. സാഹസികതയ്ക്കും ധൈര്യത്തിനും ഇറ്റലിയും അമേരിക്കയും മെഡൽ നൽകി ആദരിച്ചിട്ടുവരെയുണ്ട്. 

ദ സൺ ആൾസോ റൈസസ്, എ ഫെയർവെൽ റ്റു ആംസ്, ഫോർ ഹും ദ ബെൽ ടോൾസ് ഉൾപ്പെടെ അദ്ദേഹത്തിന്റെ മിക്ക കൃതികളിലും സാഹസികനായ ഹെമിങ്‌വേയുടെ കയ്യൊപ്പ് കാണാം. 

എഴുത്തിന്റെ ലോകത്തെ അതികായനായ ഹെമിങ്‌വേ അടുത്തടുത്ത വർഷങ്ങളിൽ പുലിറ്റ്സർ സമ്മാനവും നൊബേൽ സമ്മാനവും കരസ്ഥമാക്കി. അമേരിക്കൻ എഴുത്തിനെ മാറ്റിമറിച്ചയാൾ എന്നാണ് ജെയിംസ് നഗെൽ ഹെമിങ്‌വേയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അടക്കവുമൊതുക്കവുമുള്ള എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്. കുഞ്ഞോളങ്ങളാണ് കാണുന്നതെങ്കിലും അഗാധതയിലായിരുന്നു അതിന്റെ ആത്മാവ്; ഹെമിങ്‌വേയുടെ ജീവിതം പോലെതന്നെ. 

എഴുത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ അദ്ദേഹത്തെ, സാന്റിയാഗോ പറഞ്ഞതുപോലെ, തകർക്കാനോ തോൽപ്പിക്കാനോ ആകുമെന്ന് ആരും കരുതില്ല. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ഏണസ്റ്റ് ഹെമിങ്‌വേയെ തകർത്തത് മറ്റാരുമല്ല. അവനവൻ തന്നെ, അഥവാ സ്വന്തം ശീലങ്ങൾ തന്നെയായിരുന്നു. 

എത്രയെത്ര കാമിനിമാർ, കൂട്ടുകാർ. പാരീസിലെ ഗ്ലാമർ ലോകത്ത് 1920 കളിൽ ഹെമിങ്‌വേ കൂട്ടുകാരനാണെന്ന് പറയാനാഗ്രഹിക്കാത്തവർ ചുരുക്കമായിരുന്നിരിക്കും; പ്രത്യേകിച്ച് പെണ്ണുങ്ങൾ. അത്രയധികം ആഘോഷിക്കപ്പെട്ടിരുന്നപ്പോഴും അദ്ദേഹം അതിനൊത്ത ആനന്ദം അനുഭവിച്ചിരുന്നില്ല. 'അതിബുദ്ധിമാന്മാർക്ക് സന്തോഷമുണ്ടാവുക അപൂർവമാണ് ' എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. അസമാധാനം അനുഭവിക്കുന്ന മനസിന്റ‌െ പ്രസ്താവനയാണ് അത്. അതുകൊണ്ടായിരിക്കാം പ്രിയപ്പെട്ടവരാൽ പപ്പ എന്നു വിളിക്കപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചത്. പപ്പ ഹെമിങ്‌വേ എന്ന പേര് മറ്റുള്ളവരുടെ മുന്നിൽ അദ്ദേഹം സ്വയം പ്രചരിപ്പിക്കുകയായിരുന്നു.

എത്ര സാഹസികനായിരിക്കുമ്പോഴും പരാജയഭീതി അതിന്റെ പാരമ്യത്തിലുള്ള ഒരു ഹെമിങ്​വേ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. നാലു തവണ വിവാഹിതനായ അദ്ദേഹം ഓരോ ഭാര്യയും തന്നെ ഉപേക്ഷിക്കാനിടയുണ്ടെന്നു ഭയന്ന് അവരെ ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെടുന്നത് താങ്ങാനാവില്ല എന്നു ഭയപ്പെട്ട് സ്വയം പിന്മാറുകയായിരുന്നു ഹെമിങ്‌വേ. പ്രണയങ്ങളേറെയും ഉപേക്ഷിക്കാൻ കാരണവും ഈ ഭീതി തന്നെയായിരുന്നു.

വിഷാദരോഗവും തുടർന്ന് ഷോക്ക് ട്രീറ്റ്മെന്റുമൊക്കെ അദ്ദേഹത്തെ കൂടുതൽ കുഴപ്പത്തിലാക്കി. ഏറെ വിജയിച്ച പലരും അവനവനോട് തന്നെ പരാജയപ്പെടുന്ന അസരങ്ങൾ ഏറെയാണ്. വിർജീനിയ വൂൾഫ് ഓവർ കോട്ടിന്റെ പോക്കറ്റിൽ നിറയെ കല്ലുകൾ നിറച്ച് ഔസ് നദിയിലേക്കിറങ്ങിച്ചെന്ന രാത്രിയും മറ്റൊരു പരാജയത്തെ അടയാളപ്പെടുത്തുന്നു. സ്വന്തം മനസ്സിനെ വരുതിയാലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടും വിഷാദരോഗത്തോട് മല്ലിട്ട് നിൽക്കാനാവാതെയും ജീവിതം മതിയാക്കി മടങ്ങിയ മറ്റൊരാളാണ് സിൽവിയ പ്ലാത്ത്.

ഗിൽഫോർഡ് പ്രസ് പ്രസിദ്ധീകരിക്കുന്ന മനഃശാസ്ത്ര ജേർണലിൽ, ക്രിസ്റ്റഫർ സി. മാർട്ടിൻ ഒരു ആത്മഹത്യയുടെ മനഃശാസ്ത്ര വിശകലനം (A Psychological Autopsy of a Suicide) എന്ന പേരിൽ ഹെമിങ്​വേയെക്കുറിച്ച് എഴുതിയിട്ടുണ്ട്. തകർക്കാനേയാവുള്ളു, മനുഷ്യനെ തോൽപ്പിക്കാനാവില്ല എന്നു പറഞ്ഞ ഹെമിങ് വേ ജീവിതത്തിൽ ക്രമേണ തോൽവി സമ്മതിച്ചു എന്നു കാണാം. മാനസിക പിരിമുറുക്കങ്ങളും മദ്യാസക്തിയും തലച്ചോറിനേറ്റ ക്ഷതത്തിന്റെ അനന്തരഫലങ്ങളും താറുമാറാക്കിയ ജീവിത സായാഹ്നത്തിൽ പരാജയപ്പെട്ടവനെന്ന് സ്വയം വിധിയെഴുതി ഹെമിങ്‌വേ. സ്വന്തം നെറ്റിയിലേക്ക് തോക്ക് ചേർത്തുപിടിച്ചു നിറയൊഴിച്ചു. അതിസാഹസികനായ ഒരാൾ ഉപയോഗിച്ച അവസാനത്തെ വെടിയുണ്ടയായിരുന്നു അത്.