ഓരോ വാക്കും വന്ന വഴി തേടിയാൽ എത്ര രസകരമാണ് അതിനു പിന്നിലെ കഥകൾ. കൂട്ടുകാരുമൊത്തു കത്തിയടിച്ചിരിക്കുമ്പോൾ അറിയാതെ വന്നുപോയ ചില വാക്കുകൾ എത്ര പെട്ടെന്നാണ് ഒരു പുതിയ പ്രയോഗമായി മാറുന്നത്. ഓരോ കാലത്തും ഭാഷ പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വാക്കുകൾക്ക് പുതിയ അർഥമുണ്ടാകുന്നു. ശൈലികൾ പൊളിച്ച് പുതിയതുണ്ടാകുന്നു. ചെത്ത് പിള്ളേർ ഫ്രീക്ക് പിള്ളേർ ആയപോലെ, അടിപൊളി കിടു ആയപോലെ... അതൊക്കെപ്പോട്ടെ, ഇത് വായിക്കുന്നവരിപ്പോൾ മനസ്സിൽ പറയുന്നതെന്താവും? സംശയമെന്ത്, ‘തള്ള് നിർത്തിയിട്ട് കാര്യം പറയടേ’ എന്നു തന്നെ.

'മീനവിയൽ' എന്ന പദം വളരെപ്പെട്ടെന്നായിരുന്നു ഓൺലൈൻ ലോകത്തു താരമായത്. അന്നുമുതൽ പലരും അന്വേഷിച്ചു തുടങ്ങിയതാണ്. ഈ 'കുരുപ്പ്' ഇപ്പോൾ എവിടുന്നു വന്നെന്ന്? എന്താണ് ഇതിന്റെ അർഥമെന്ന്... 

ട്രോളന്മാർ ഏറ്റെടുത്ത് ഹിറ്റ് ആക്കുന്നതിനു മുൻപുതന്നെ മലയാളിയെ ചിരിപ്പിക്കുകയും ‘ഇതിപ്പം എന്താ സാധനം?’ എന്നു ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് മീനവിയൽ. നാടോടിക്കാറ്റ് എന്ന ഹിറ്റ് സിനിമയുടെ മൂന്നാം ഭാഗമായി, 1990 ൽ ആണ് ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘അക്കരെ അക്കരെ അക്കരെ’ പുറത്തിറങ്ങുന്നത്. അതിൽ മോഹൻലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും തമ്മിലുള്ള ഒരു സംഭാഷണരംഗം ഇങ്ങനെ:

വിജയൻ: നിനക്ക് ഏറ്റവും ഇഷ്ടമുള്ള ആ മുരിങ്ങയിലയും പരിപ്പും ചേർത്തിട്ടുള്ള കറിയില്ലേ, അത് ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ മീനവിയലും.

ദാസൻ: മീനവിയലോ?

വിജയൻ: ആ മീനവിയല്, ഭയങ്കര മനോഹരമായിരിക്കും...

ആ സംഭാഷണമെഴുതുമ്പോൾ മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ചിന്തിച്ചതേയില്ല, അന്നു ജനിച്ചിട്ടുപോലുമില്ലാത്ത ഒരു തലമുറ കാലങ്ങൾക്കപ്പുറം ആ വാക്കിനെ ഏറ്റെടുത്ത് ഹിറ്റാക്കുമെന്ന്. മീനവിയലിനെക്കുറിച്ച് ശ്രീനിവാസൻ പറയുന്നു:

എനിക്ക് അപ്പോൾ തോന്നിയ ഒരു കുസൃതി

‘മീനവിയൽ എന്നത് എനിക്ക് അപ്പോൾ തോന്നിയ ഒരു കുസൃതിയാണ്. അങ്ങനൊരു വിഭവമുണ്ടെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു കൗതുകത്തിനുവേണ്ടി അപ്പോൾ തോന്നിയത് സംഭാഷണത്തിനൊപ്പം ചേർത്തുവെച്ചു എന്നുമാത്രം. മീൻ കൊണ്ട് അവിയൽ എന്നു പറയുമ്പോൾ, അങ്ങനെ ഒന്ന് ശരിക്കും ഉണ്ടോ എന്നു കേൾവിക്കാരനു തോന്നുന്ന ഒരു കൗതുകമുണ്ടല്ലോ. അത്രമാത്രം. കാലങ്ങൾക്കു ശേഷം ആ വാക്ക് ഇങ്ങനെ ആഘോഷിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

പിന്നീട് ആ സിനിമ ഇറങ്ങിയതിനു ശേഷമാണ് മീനവിയൽ എന്നൊരു വിഭവം ഉണ്ടെന്ന് ആരോ പറഞ്ഞ് ഞാനറിയുന്നത്. ഉണ്ടെന്നല്ലാതെ, ഏതു കാലത്താണ് അല്ലെങ്കിൽ കേരളത്തിന്റെ ഏതുഭാഗത്താണ് ഇത്തരം ഒരു പാചകരീതി ഉള്ളത് എന്നൊന്നും അറിയില്ല. പുതിയ പദങ്ങളും പ്രയോഗങ്ങളും അർഥങ്ങളും നവമാധ്യമങ്ങളിലൂടെ രൂപപ്പെടുന്നു എന്നത് നല്ലതു തന്നെ എന്നാണ് എന്റെ അഭിപ്രായം.’

1957 ൽ പ്രസിദ്ധീകരിച്ച ജെ. അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന ഗ്രന്ഥത്തിൽ മീൻ അവിയൽ ഉണ്ടാക്കേണ്ടതെങ്ങനെ എന്ന പാചകകുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ചിത്രം സഹിതം എഴുത്തുകാരൻ എൻ.എസ്. മാധവൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ശ്രീനിവാസൻ സിനിമയിലെ ചിരി, അധികമാരും അറിയാതെ പോയ ഊൺമേശയിലെ ഒരു വിഭവം, ട്രോളന്മാർ മലയാളീകരിച്ചെടുത്ത meanwhile, ചേരാത്തവ തമ്മിലുള്ള ചേർച്ച... എത്ര രസകരമാണ് വാക്ക് വന്ന വഴികൾ... സന്ദർഭത്തിനും കാലത്തിനും അനുസരിച്ച് അതിനു സംഭവിക്കുന്ന അർഥവ്യത്യാസങ്ങൾ...