പഠനത്തിനും സമയം കൊല്ലാനും വേണ്ട നിരവധി പുസ്തകങ്ങള്‍ ഇന്ന് നിയമപരമായി തന്നെ, കാശുകൊടുക്കാതെ ഡൗണ്‍ലോഡ് ചെയ്തു വായിക്കാം. വിഖ്യാത നാടക രചയിതാവ് വില്യം ഷെയ്ക്‌സ്പിയറിന്റേതു മുതല്‍ പുതിയ കാലത്തെ രചയിതാക്കളുടെ നോവലുകളും കഥകളും, സാങ്കേതികവിദ്യയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വരെ ഇങ്ങനെ ലഭിക്കും. ചില പുസ്തകങ്ങളുടെ കോപ്പിറൈറ്റ് അവകാശം കഴിഞ്ഞതിനാലും, ചില എഴുത്തുകാര്‍ ഇനി കാശു വാങ്ങേണ്ട എന്നു കരുതിയതിനാലുമാണ് പുസ്തകങ്ങള്‍ ഫ്രീ ആയി ലഭിക്കുന്നത്. വിക്കിബുക്‌സില്‍ നിങ്ങള്‍ക്കു വായിക്കാനും എഡിറ്റു ചെയ്യാനും കഴിയുന്ന പുസ്തകങ്ങളും ഉണ്ട്! ഇത്തരം പുസ്തകങ്ങളുമായി കാത്തിരിക്കുന്ന വെബ്‌സൈറ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നത് വായനാ പ്രേമികള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. നിങ്ങള്‍ മലയാളത്തില്‍ വായിച്ച, എന്നാല്‍ ഒറിജിനല്‍ കാണാന്‍ ആഗ്രഹമുള്ള പുസ്തകമൊക്കെ ഇങ്ങനെ ഫ്രീ ആയി കിട്ടിയേക്കാം. ഇവയില്‍ ചില പുസ്തകങ്ങള്‍ക്ക് വിലയിട്ടിട്ടില്ല എന്നു കരുതി അവ പബ്ലിക് ഡൊമെയ്‌നിലാണ് എന്നു കരുതരുത്. ചിലതിന്റെ അവകാശം എഴുത്തുകാരന്‍ കൈവശം വച്ചിട്ടുണ്ടാകാം.

പ്രൊജക്ട് ഗുട്ടെന്‍ബര്‍ഗ്

ഫ്രീ ഇബുക്കുകളുടെ ഒരു വമ്പന്‍ ശേഖരമാണ് പ്രൊജക്ട് ഗുട്ടെന്‍ബര്‍ഗ് (Project Gutenberg). വായനയെയും അറിവിനെയും ജനകീയവല്‍ക്കരിച്ച പ്രിന്റിങ് പ്രസിന്റെ പേരുതന്നെയാണ് ഇതിനു നല്‍കിയിരിക്കുന്നത് എന്നത് യാദൃശ്ചികമല്ല. ഇതില്‍ 53,000ലേറെ പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. പുസ്തകം നേരിട്ടു വായിക്കുകയോ, അവ നിങ്ങളുടെ ക്ലൗഡ് സ്‌റ്റോറേജിലേക്ക് (ഉദാഹരണം വണ്‍ഡ്രൈവ്) അയച്ച ശേഷം വായിക്കുകയോ ചെയ്യാം. 

പുസ്തകത്തിന്റെയോ എഴുത്തുകാരന്റെയോ പേര് ഉപയോഗിച്ച് സേര്‍ച്ചു ചെയ്ത് പുസ്തകം ഉണ്ടോ എന്നു നോക്കാം. ഫിക്ഷനും നോണ്‍ഫിക്ഷനും വേര്‍തിരിച്ചിട്ടില്ല എന്നതു മാത്രമാണ് പറയാവുന്ന ഒരു കുറവ്. വെബ്‌സൈറ്റ് ഇഗ്ലിഷ് അടക്കം അഞ്ചു ഭാഷകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആംഗല പുസ്തകങ്ങളോടും, തര്‍ജ്ജമകളോടും ഒരു പക്ഷപാതമുള്ളതായി തോന്നും. 

ഇനി നിങ്ങള്‍ ഫിക്ഷന്‍ വായനക്കാരനാല്ല അക്കാഡമിക് പുസ്തകങ്ങള്‍ അന്വേഷിച്ചാണ് ഇവിടെയെത്തിയതെങ്കിലാണ് കണ്ണു മഞ്ഞളിച്ചു പോകുന്നത്! അത്രയ്ക്കുണ്ട് കളക്ഷന്‍. എന്നാല്‍, അവയില്‍ ചിലതിന് അമേരിക്കയ്ക്കു വെളിയില്‍ കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ കണ്ടേക്കാം. പുസ്തക പ്രേമികള്‍ നിശ്ചയമായും സന്ദര്‍ശിച്ചിരിക്കേണ്ട വെബ്‌സൈറ്റിന്റെ വിലാസമിതാ: https://www.gutenberg.org/

ആമസോണ്‍ ചീപ് റീഡ്‌സ് ഫോര്‍ കിന്‍ഡ്ല്‍

പ്രൊജക്ട് ഗുട്ടെന്‍ബര്‍ഗ് പലര്‍ക്കും പരിചിതമാണ്. പക്ഷേ, ആമസോണ്‍ കിന്‍ഡ്ല്‍ ഇ–റീഡര്‍ വര്‍ഷങ്ങളായി കയ്യില്‍വച്ചിരിക്കുന്നവര്‍ക്കു പോലും പരിചയമില്ലാത്ത താരതമ്യേന ഗോപ്യമായ ഒരു വെബ് സേവനമാണ് ആമസോണ്‍ ചീപ് റീഡ്‌സ് ഫോര്‍ കിന്‍ഡ്ല്‍ (Amazon Cheap Reads for Kindle). ആമസോണിന്റെ തന്നെ കീഴിലുള്ളതാണിത്. ഇപ്പോള്‍ കോപ്പിറൈറ്റ് ഇല്ലാത്ത ക്ലാസിക്കുകള്‍ മുതല്‍, തങ്ങളുടെ പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഫ്രീ ആയി നല്‍കാന്‍ തീരുമാനിച്ച എഴുത്തുകാരുടെ പുസ്തകങ്ങള്‍ വരെ വായനക്കാരനെ കാത്തിരിക്കുന്നു. (വില നല്‍കേണ്ട ചില പുസ്തകങ്ങളും ഇവിടെയുണ്ട് എന്ന കാരണം കൊണ്ട് ഇതു പരിശോധിക്കാതിരിക്കേണ്ട കാര്യമില്ല.) 

പ്രൊജക്ട് ഗുട്ടെന്‍ബര്‍ഗിന്റെ കാര്യത്തിലേതു പോലെയല്ലാതെ ഇവിടെ പുസ്തകങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത് വായനക്കാരുടെ റെയ്റ്റിങ് അടിസ്ഥാനമാക്കിയാണ്. കേട്ടിട്ടില്ലാത്ത പുസ്തകങ്ങളുടെ റിവ്യൂകളെ കാര്യമായി എടുക്കേണ്ട. അവ എഴുത്തുകാരന്റെ  കുടുംബക്കാരോ കൂട്ടുകാരോ എഴുതിയവ ആയിരിക്കാം. ഈ വെബ്‌സൈറ്റിന്റെ ഒരു പ്രശ്‌നം പുസ്തങ്ങള്‍ മുഴുവന്‍ കിന്‍ഡ്ല്‍ ഫോര്‍മാറ്റിലുള്ളവയാണ് എന്നതാണ്. ഇവ വായിക്കാന്‍ കിന്‍ഡ്ല്‍ ഇറീഡര്‍ വാങ്ങേണ്ട കാര്യമില്ല. കിന്‍ഡ്ല്‍ ആപ്പ്, ഐഓഎസ് ആപ് സ്റ്റോറില്‍ നിന്നോ, ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ഫോണിലോ ടാബിലോ ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ മതിയാകും. ഇതാ വെബ് സെക്ഷനിലേക്കുള്ള ലിങ്ക്: https://amzn.to/2Y39gFq

ഫ്രീ-ഇബുക്‌സ് ഡോട് നെറ്റ്

ഫ്രീ-ഇബുക്‌സ് ഡോട്ട് നെറ്റ് (Free-Ebooks.net) സ്വതന്ത്ര എഴുത്തുകാരുടെ ഒരു കൂ്ട്ടായ്മയില്‍ ഉടലെടുത്ത സംരംഭമാണ്. പരമ്പരാഗത പബ്ലിഷിങ് സമ്പ്രദായത്തോടു മുഖം തിരിച്ച ഇവര്‍ പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു. ഇവിടെ നിങ്ങള്‍ക്ക് ഷെയ്ക്‌സ്പിയറുടെയും മറ്റും പുസ്തകങ്ങള്‍ കിട്ടില്ല. പക്ഷെ പുതിയ നോവലുകളുടെയും ലേഖനങ്ങളുടെയും ഓഡിയോ ബുക്‌സിന്റെയുമൊക്കെ ശേഖരമാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. മിക്ക ദിവസങ്ങളിലും പുതിയ പുസ്തകങ്ങള്‍ ചേര്‍ക്കപ്പെടുന്നു എന്നതും ഈ വെബ്‌സൈറ്റിന്റെ ആകര്‍ഷണീയതയാണ്. ഇവിടെ ഫ്രീ പുസ്തകങ്ങള്‍ മാത്രമെയുള്ളു എന്നത് ഗൂഗിള്‍പ്ലേ ബുക്‌സിലെയോ, മുകളില്‍ കണ്ട ആമസോണ്‍ സേവനത്തെയോ പോലെയല്ലാതെ കാശു നല്‍കേണ്ട പുസ്തകങ്ങളെ ഒഴിവാക്കാന്‍ പാടുപെടുകയും വേണ്ട. 

വിവിധ ഗണങ്ങളിലായി പുസ്തകങ്ങളെ ആദ്യപേജില്‍ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. പിഡിഎഫ്, ഇപബ്, കിന്‍ഡ്ല്‍, ടെക്സ്റ്റ് ഫയല്‍സ് തുടങ്ങിയ ഫോര്‍മാറ്റുകളില്‍ പുസ്തകങ്ങള്‍ ലഭ്യമാണ്. ഇമെയില്‍ സൈന്‍-അപ് വേണമെന്നുള്ളതാണ് ഇവിടെ പറയാവുന്ന ഒരു കുഴപ്പം. വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് ഇതാ: https://www.free-ebooks.net/

ഗൂഗിൾ പ്ലേബുക്‌സ്

അറിവിന്റെ അധിപനായ ഗൂഗിൾ അതിന്റെ സ്വന്തം പുസ്തക സ്റ്റോറും നടത്തുന്നുണ്ട്. നിരവധി ഫ്രീ പുസ്തകങ്ങള്‍ അടങ്ങുന്നതാണിത്. വെബ് ബ്രൗസറില്‍ നിന്നോ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ നിന്നോ ഇതിലേക്ക് പ്രവേശിക്കാം. ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിലെ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ക്രെഡിറ്റ് കാര്‍ഡും രജിസ്റ്റര്‍ ചെയ്യണം എന്നതാണ് പുസ്തകപ്രേമികളെ കുഴപ്പിക്കുന്ന ഒരു പ്രശ്‌നം. ഇപബ്, പിഡിഎഫ് ഫോര്‍മാറ്റുകളിലുള്ള ബുക്കുകളാണ് ഇവിടെ ലഭിക്കുക. (കിന്‍ഡ്ല്‍ വായനക്കാരനാണെങ്കില്‍ പുസ്തകങ്ങളെ ഡോട്ട്‌മോബി ഫോര്‍മാറ്റിലേക്ക് കണ്‍വേര്‍ട്ടു ചെയ്യേണ്ടതായി വരും.)

പുസ്തകങ്ങളെ തരം തിരിക്കുന്ന ഒരു മെനു പോലും ഇതുവരെയും കമ്പനി നല്‍കിയിട്ടില്ല എന്നതും നിരാശാജനകമാണ്. ഇവിടെ ലഭ്യമായ മിക്ക ഫ്രീ ബുക്കുകളും രചയിതാവു തന്നെ പബ്ലിഷു ചെയ്തവയാണ്. ഷെയ്ക്‌സ്പിയറുടെ പുസ്തകങ്ങളുടെ സമ്പൂര്‍ണ്ണ എഡിഷനു പോലും വില നല്‍കണം.

വിക്കിബുക്‌സ്

കഥയും നോവലും തിരഞ്ഞെത്തുന്നവര്‍ വിക്കിബുക്‌സിലേക്കു (Wikibooks) കടക്കേണ്ട. അറിവു പങ്കുവയ്ക്കലാണ് വിക്കിബുക്‌സ് എന്ന ആശയത്തിനു പിന്നില്‍. വിക്കിപിഡിയയ്ക്കു പിന്നിലുള്ള ആശയം ഉപയോഗിച്ചു ചെയ്തിരിക്കുന്ന ഒന്നാണിത്. തുറന്ന കണ്ടെന്റ് ഉള്ള ടെക്സ്റ്റ് ബുക്കുകളാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. ഇവ ആര്‍ക്കും എഡിറ്റു ചെയ്യാം. നങ്ങള്‍ക്കു പോലും. വസ്തുതകള്‍ അടുക്കി വച്ചു സൃഷ്ടിച്ച വിക്കിപീഡിയ ലേഖനങ്ങളെ പോലെയല്ലാതെ ഇവിടെയുള്ള ആശയങ്ങള്‍ അധ്യായങ്ങളായി വേര്‍തിരിച്ചിരിക്കുകയാണ്. വിവിധ വിഷയങ്ങളെക്കുറിച്ചു പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാണ്. വിഷയാധിഷ്ഠിതമായ സേര്‍ച്ചുകള്‍ നടത്താം. ഏതു പേജും പിഡിഎഫ് ആയി ഡൗണ്‍ലോഡ് ചെയ്യുകയും ആകാം. മറ്റു ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://bit.ly/2dAO83L

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT