എലിയറ്റ് എന്നത് രസമുള്ളൊരു പേരാണ്. ജോർജ് ഏറ്റവും പ്രിയപ്പെട്ടയാളുടെ പേരിന്റെ ഭാഗവും. രണ്ടും ചേർത്ത് മേരി ആൻ ഇവാൻസ് തന്റെ പേര് ജോർജ് എലിയറ്റ് എന്നാക്കി. 

ഇനിയാണ് കഥ. 

തത്വചിന്തകനും നിരൂപകനുമായ കാമുകൻ ജോർജ് ഹെൻറി ലൂയിസിനൊപ്പം ജീവിച്ച്, പിന്നെ വേർപിരിഞ്ഞ്, മരിക്കുന്നതിന് ആറുമാസം മുൻപ് ഒരുമിച്ചു താമസം തുടങ്ങിയ ജോൺ ക്രോസിനോട് അവർ തന്റെ ജീവിതകഥ മുഴുവൻ പറഞ്ഞു. വെറുതെ കേട്ടെഴുതി കുത്തിക്കെട്ടിയാൽത്തന്നെ അത് ഗംഭീരമാകും. 

അതിങ്ങനെയാണ്. 

സ്വന്തം പേരിൽ ഒരു നോവലിസ്റ്റായി ജീവിക്കാൻ അത്ര എളുപ്പമല്ല എന്നു മനസിലാക്കിയതുകൊണ്ടാണ് മേരി ആൻ ഇവാൻസ് സ്വന്തം പേര് മറച്ചുവച്ച് ജോർജ് എലിയറ്റ് എന്ന തൂലിക നാമം സ്വീകരിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടാണ്.

പുരുഷാധിപത്യം നിലനിന്ന ആ സമൂഹത്തിൽ സ്ത്രീയെ എങ്ങനെ കാണുവാനാണോ പുരുഷൻ ആഗ്രഹിച്ചിരുന്നത് അപ്രകാരമുള്ള സ്ത്രീയെക്കുറിച്ച് എഴുതുക എന്നതായിരുന്നു അന്നത്തെ നാട്ടുനടപ്പ്. എഴുതുന്നത് ഒരു പെണ്ണാണെങ്കിൽ പുകില് വേറെയും. എഴുത്തുകാരിയുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്യപ്പെട്ടതുതന്നെ.

മനസ്സ് ആഗ്രഹിക്കുന്നതുപോലെ എഴുതാൻ അന്നു ചില സ്ത്രീകൾ കണ്ടെത്തിയിരുന്ന വഴിയാണ് പുരുഷ തൂലികാ നാമങ്ങൾ. ആൻ, എമിലി, ഷാർലറ്റ് എന്നീ ബ്രോൺടി സഹോദരിമാർ ക്യുറർ ബെൽ, എല്ലിസ് ബെൽ, ആക്ടൺ ബെൽ എന്നീ പേരുകളിൽ അക്കാലത്ത് എഴുതിയിരുന്നു. സ്ത്രീ എങ്ങനെ എഴുതണം എന്ന് നിർവചിക്കപ്പെട്ടിരുന്നതു പോലെയല്ലാത്ത എഴുത്തുകൾ തങ്ങളെപ്പറ്റി മോശമായ മുൻവിധി ഉണ്ടാക്കിയേക്കാം എന്നതിനാലാണ് പുരുഷ നാമങ്ങൾ സ്വീകരിച്ചിരുന്നത് എന്ന് ബ്രോൺടി സഹോദരിമാർ പറഞ്ഞിട്ടുണ്ട്.

ലിറ്റിൽ വിമൻ എന്ന നോവൽ സ്വന്തം പേരിലെഴുതിയ ലൂയിസ മേ ആൽകോട്ട് ഗോഥിക് ത്രില്ലറുകളായ ബിഹൈൻഡ് ദ മാസ്ക്, എ ലോങ് ഫേറ്റൽ ലവ് ചേസ് എന്നീ പുസ്തകൾ എഴുതിയത് എ.എം. ബർണാഡ് എന്ന പേരിലാണ്. നോവലിന്റെ വിഷയം സ്ത്രൈണതയ്ക്ക് ചേരില്ല എന്നതിനാലാണത്രേ പേരുമാറ്റം. യാഥാസ്ഥിതികമല്ലാത്ത പ്രണയവും ബന്ധങ്ങളും പെണ്ണിന് എഴുതിക്കൂടായിരുന്നു അക്കാലത്ത്.

മിഡിൽ മാർച്ച്, മിൽ ഓൺ ദ ഫ്ലോസ്, സിലാസ് മാരിനർ എന്നിവയെഴുതിയ ജോർജ് എലിയറ്റെന്ന മേരി ആൻ അക്കാലത്തെ ഒരു ചെറിയ റിബൽ ആയിരുന്നു എന്ന് പറയാതെ വയ്യ. സ്ത്രീക്ക് അകത്തളങ്ങളും നേരമ്പോക്കിന് ചിത്രത്തുന്നലും പെൺകൂട്ടുകളും ആയിരുന്നല്ലോ വിക്ടോറിയൻ സമൂഹം നിർദ്ദേശിച്ചിരുന്നത്. 

വീട്ടിലും പുറത്തും പുരുഷ സൗഹൃദങ്ങൾ മേരിക്ക് എന്നുമുണ്ടായിരുന്നു. ബൗദ്ധിക തലത്തിലും സാഹിത്യ താൽപര്യങ്ങളിലും അവർക്കൊപ്പം നിൽക്കുന്ന, സംവദിക്കാനാവുന്ന സൗഹൃദങ്ങൾ. ഹെർബർട്ട് സ്പെൻസർ, റാൽഫ് വാൾഡോ എമേഴ്സൺ എന്നീ സുഹൃത്തുക്കൾക്കൊപ്പം തത്വചിന്തയും സാഹിത്യ ചർച്ചകളുമായി അവർ സൗഹൃദ സായാഹ്നങ്ങൾ പങ്കിട്ടിരുന്നു.

ചെറുപ്പത്തിൽ ക്രിസ്തുമത വിശ്വാസി ആയിരുന്നുവെങ്കിലും പിന്നീട് ഒരു വേള മതത്തിലെ പല വിശ്വാസങ്ങളേയും തള്ളിപ്പറഞ്ഞിട്ടുണ്ട് അവർ. ഇവാഞ്ചലിക്കൽ സഭാംഗമായിരുന്നു അവർ. ചാൾസ് ഹെന്നലിന്റെ ക്രിസ്തുമത വിശ്വാസത്തിന്റെ ഉൽപത്തിയെക്കുറിച്ചുള്ള അന്വേഷണം എന്ന പുസ്തകം വായിച്ചതോടെയാണ് മേരി ആനിന് അക്കാര്യത്തിൽ വകതിരിവുണ്ടായത്.

പള്ളിക്കും പട്ടക്കാർക്കും സമ്മതയല്ലാതെയാവാൻ അത് ഒരു കാരണം മാത്രം. എഴുത്തുകാരിയാണ് എന്നത് മറ്റൊന്ന്. മറ്റൊരു സ്ത്രീയുടെ ഭർത്താവായിരുന്നയാളെ സ്വന്തമാക്കി എന്നത് ഇനിയൊന്ന്. അവസാന ജീവിതപങ്കാളിയും ജീവചരിത്രകാരനുമായ ജോൺ ക്രോസ് എണ്ണിയെണ്ണി പറയുന്നു.

ഭാര്യയുമായി മുൻപേതന്നെ അകന്നു കഴിഞ്ഞിരുന്ന ജോർജ് ലൂയിസ് ആയിരുന്നു മേരി ആനിന്റെ ദീർഘകാല ജീവിത പങ്കാളി. പക്ഷേ ആ പ്രണയത്തിന്റെ പേരിൽ കുടുംബത്തിൽ നിന്നും സഭയിൽ നിന്നും അവർ തിരസ്കൃതയായി. കുടുംബ പാരമ്പര്യമനുസരിച്ച് മേരി ആൻ മരണശേഷം അടക്കപ്പെടേണ്ടിയിരുന്നത് സമൂഹത്തിലെ ആഢ്യന്മാർ അന്ത്യവിശ്രമം കൊള്ളുന്ന വെസ്റ്റ് മിനിസ്റ്റർ ആബിയിലാണ്. പക്ഷേ അതുണ്ടായില്ല. ഹൈ ഗേറ്റ് സെമിത്തേരിയിൽ സഭാ സമ്മതർ അല്ലാത്തവർക്കായുള്ള ഇടം ആണ് മേരി ആനിന് നൽകിയത്. 

അവരുടെ സ്മാരക ശിലയിൽ ജോർജ് എലിയറ്റ് എന്നു വലിയ അക്ഷരത്തിലും മേരി ആൻ ക്രോസ് എന്നു ചെറുതായും എഴുതിയിരിക്കുന്നു. അക്ഷരങ്ങളിലൂടെ, ജോർജ് എലിയറ്റ് ആയിത്തന്നെയാണ് വായനക്കാരിൽ എന്നും അവർ ജീവിക്കുന്നതും. 

അതുകൊണ്ടു മാത്രമല്ല അവിടെ അവരുടെ ആത്മാവ് ഏറ്റവും തൃപ്തയായിരിക്കുന്നത്. തൊട്ടടുത്ത കുഴിമാടത്തിൽ പ്രിയപ്പെട്ടവനായ ജോർജ് ലൂയിസ് ഉണ്ടല്ലോ. ഒരിക്കലും പിരിയരുത് എന്നാഗ്രഹിച്ചവർ മരണത്തോടെ യാദൃശ്ചികമായിട്ടാണെങ്കിലും എന്നേക്കുമായി അടുത്തടുത്ത് ഉറങ്ങി.

സുഹൃത്തായ ഹെർബർട്ട് സ്പെൻസറും അവിടെ അവർക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമായ പ്രിൻസിപ്പ്ൾസ് ഓഫ് സൈക്കോളജി എഴുതാൻ പ്രചോദനമായതു തന്നെ മേരി ആനും ലൂയിസുമായി സ്പെൻസർ നടത്തിയിരുന്ന ചർച്ചകളാണ്. 

മേരി ആൻ മരിച്ച്, രണ്ട് വർഷത്തിനു ശേഷം മറ്റൊരാളും അതിനടുത്ത് അന്ത്യ വിശ്രമത്തിനായി എത്തി. പേരൊഴികെ മറ്റൊരു വിശദീകരണവും ആവശ്യമല്ലാത്ത കാൾ മാർക്സ്.

ഹൈഗേറ്റ് സെമിത്തേരിയിലെ ഏറ്റവും അധികം സന്ദർശകരെത്തുന്ന ഇടമായി മാറിക്കഴിഞ്ഞു ഇവർ ഉറങ്ങുന്നയിടം. ചരിത്രം ഒറ്റപ്പെടുത്തിയ ഇടങ്ങളെ കാലം ആൾക്കൂട്ടങ്ങൾകൊണ്ട് ആദരിക്കുന്നത് അങ്ങനെയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT