രണ്ടു നൂറ്റാണ്ടുകളിലായാണ് അവരുടെ ജനനം. 31 വര്‍ഷത്തിന്റെ ഇടവേളയില്‍. എന്നിട്ടും അവര്‍ തമ്മില്‍ കാണണം എന്നായിരുന്നു വിധി. പരിചയപ്പെടണം എന്നതായിരുന്നു നിയോഗം. സ്നേഹിക്കപ്പെടണം എന്നതു സന്തോഷം. വേര്‍പിരിയണം എന്നത് കാലത്തിന്റെ കാരുണ്യമില്ലാത്ത കല്‍പനയും. ഒരു നൂറ്റാണ്ടിനുശേഷം അവരുടെ പുനഃസമാഗമം യാഥാര്‍ഥ്യമാകുമ്പോള്‍ തോറ്റുപോകുന്നതു കാലം തന്നെ. ഒരിക്കല്‍ അവരെ തമ്മില്‍ അകറ്റി, രണ്ടു ഭൂഖണ്ഡങ്ങളിലാക്കി, ഓര്‍മകളുടെ തടവറയില്‍ തളച്ചിട്ട അതേ കാലം. വിജയിക്കുന്നതു പ്രണയവും. മരണത്തെപ്പോലും അപ്രസക്തമാക്കുന്ന ജീവിതത്തിന്റെ വിളക്കും വെളിച്ചവും. 

സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിച്ച് ഫ്രഞ്ച് പൗരനായി വളര്‍ന്ന ലോകപ്രശസ്ത വാസ്തുശില്‍പി ലെ കോര്‍ബൂസിയര്‍ ആണ് അനശ്വര പ്രണയകഥയിലെ നായകന്‍. ശ്രീലങ്കയിലെ ആധുനിക കാലത്തെ ആദ്യ വനിതാ വാസ്തുശില്‍പി മിന്നറ്റ് ഡിസില്‍വ നായികയും. വാസ്തുവിദ്യയിലെ താല്‍പര്യവും അഭിരുചിയുമാണ് അവരെ തമ്മില്‍ അടുപ്പിച്ചത്. കാലം രേഖപ്പെടുത്താതെപോയ അവരുടെ പ്രണയവും വേര്‍പിരിയലും ഇനി വായിക്കാം; ഷിറോമി പിന്റോ എഴുതിയ പ്ലാസ്റ്റിക് ഇമോഷന്‍സ് എന്ന പുതിയ നോവലിലൂടെ. 

ചിത്രത്തിന് സമൂഹമാധ്യമങ്ങളോട് കടപ്പാട്

പ്ലാസ്റ്റിക് ഇമോഷന്‍സ് ഒരു പ്രണയകഥ മാത്രമല്ല, കാലങ്ങളിലൂടെയും ദേശങ്ങളിലൂടെയുമുള്ള സഞ്ചാരം കൂടിയാണ്. ശ്രീലങ്കയിലെ മലകളും കുന്നുകളും നിറഞ്ഞ കാന്‍ഡിയില്‍നിന്നു തുടങ്ങി ഇന്ത്യയിലെ ചണ്ഡിഗഡ്, പാരിസ്, ലണ്ടന്‍ വഴി സിംഹളദ്വീപിലെ ഏകാന്തതയില്‍ അവസാനിക്കുന്ന സംഭവബഹുലമല്ലെങ്കിലും ഹൃദയത്തെ മഥിക്കുന്ന ജീവിതകഥ. 

1947 എന്ന വര്‍ഷം ബാക്കിയാക്കിയ രണ്ടു ചിത്രങ്ങളുണ്ട്. കറുപ്പിലും വെളുപ്പിലുമുള്ളത്. രാജ്യാന്തരതലത്തില്‍ യൂറോപ്പില്‍ വച്ച് വാസ്തുവിദ്യയിലെ മാറുന്ന പ്രവണതകളെക്കുറിച്ച് ലോകത്തെ അറിയപ്പെടുന്ന ശില്‍പികളും കലാകാരന്‍മാരും പങ്കെടുത്ത ഒരു സമ്മേളനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍. ചര്‍ച്ചകള്‍ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുന്ന സദസ്സിന്റെ ചിത്രമാണൊന്ന്. മുന്‍വരിയില്‍ അന്നുതന്നെ പ്രശസ്തനായ ലെ കൊര്‍ബൂസിയറുണ്ട്. തൊട്ടടുത്ത് മിന്നറ്റ് ഡിസില്‍വയും. രണ്ടാമത്തെ ചിത്രത്തില്‍ ലെ കൊര്‍ബൂസിയറും മിന്നറ്റും ഡില്‍സവയുമാണുള്ളത്. തൊപ്പിയും കണ്ണടയും വച്ച് ഒരു കയ്യില്‍ കോട്ട് തൂക്കിയിട്ടുനിന്നു സംസാരിക്കുന്ന കോര്‍ബൂസിയര്‍. പരമ്പരാഗത രീതിയില്‍ സാരിത്തലപ്പ് തലയിലൂടെയിട്ട്, ഏതാനും പേപ്പറുകള്‍ മാറത്തടുക്കിപ്പിടിച്ച് കൊര്‍ബൂസിയറുടെ മുഖത്തേക്ക് ഉറ്റുനോക്കി, അദ്ദേഹത്തിനു പറയാനുള്ളതു ശ്രദ്ധയോടെ കേള്‍ക്കുന്ന മിന്നറ്റ്. 

തൊട്ടടുത്ത വര്‍ഷം ശ്രീലങ്കയില്‍ സ്വാതന്ത്ര്യത്തിന്റെ ഉദയമായി. മിന്നറ്റ് യൂറോപ്പില്‍നിന്നു ശ്രീലങ്കയിലേക്ക്. അതോടെ ആ ബന്ധം അവസാനിച്ചില്ല. യഥാര്‍ഥത്തില്‍ അവരുടെ ബന്ധം ശക്തമായതും തീവ്രമായതും അതിനുശേഷമാണ്. വാസ്തുവിദ്യയിലെ രണ്ടു പ്രമുഖര്‍ കുത്തിക്കുറിച്ച വാക്കുകളിലൂടെ. അവ വാക്കുകളായിരുന്നില്ല. സൗഹൃദത്തിനും പ്രണയത്തിനും വേണ്ടി അവര്‍ അക്ഷരങ്ങളില്‍ നിര്‍മിച്ച സ്മാരകങ്ങളായിരുന്നു. കാലത്തിന്റെ കാറ്റില്‍ തകര്‍ന്നുപോകാത്ത, വിധിയുടെ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകാത്ത പ്രണയകുടീരങ്ങള്‍. കത്തുകളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. ശ്രീലങ്കയില്‍ നിന്നു ഫ്രാന്‍സിലേക്കും തിരിച്ചും. വിവാഹിതനായിരുന്നെങ്കിലും ഭാര്യയോടുള്ള വിശ്വസ്തതയ്ക്ക് വലിയ മൂല്യമൊന്നും കല്‍പിക്കാതിരുന്ന കൊര്‍ബൂസിയര്‍ ‘ഓയിസു’ എന്ന ഓമനപ്പേരിലാണ് മിന്നറ്റിനെ അഭിസംബോധന ചെയ്തിരുന്നത്. കത്ത് അവസാനിപ്പിക്കുന്നതാകട്ടെ അദ്ദേഹം വരച്ച കാക്കയുടെ ഒരു ചിത്രത്തിലും. മിന്നറ്റ് ആകട്ടെ ‘കോര്‍ബു’ എന്ന്  കോര്‍ബൂസിയറെ സ്നേഹത്തോടെ വിളിച്ചു. അവര്‍ക്ക് അയാള്‍ ഗുരുവായിരുന്നു. സുഹൃത്തും വഴികാട്ടിയും കാമുകനുമായിരുന്നു. കൊര്‍ബൂസിയര്‍ക്കോ..? 

ഷിറോമി പിന്റോ പ്ലാസ്റ്റിക് ഇമോഷന്‍സ് എന്ന നോവലിലൂടെ പറയുന്നത് മിന്നറ്റിന്റെ അറിയപ്പെടാത്ത ജീവിതം കൂടിയാണ്. വാസ്തുവിദ്യയുടെ ഉയരങ്ങളിലെത്തിയിട്ടും ശ്രീലങ്കയില്‍ അര്‍ഹിച്ച അംഗീകാരവും പദവികളും ലഭിക്കാതിരുന്ന, ദാരിദ്ര്യത്തിന്റെ ഇരുട്ടില്‍ അവസാനകാലം കഴിച്ചുകൂട്ടേണ്ടിവന്ന, ഏകാന്തതയ്ക്കും വിരഹത്തിനും തന്നെത്തന്നെ വിട്ടുകൊടുത്ത ഒരു സ്ത്രീയുടെ ദുരന്തകഥ. 

2019-ല്‍ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുസ്തകം കൂടിയാണ് പ്ലാസ്റ്റിക് ഇമോഷന്‍സ്. നോവലിലെ കവിത എന്നു വിശേഷിപ്പിക്കാവുന്ന പ്രണയവും വിരഹവും നിറഞ്ഞ ദുരന്ത കാവ്യങ്ങളിലൊന്ന്.