മലയാള കഥയുടെ ഒന്നേകാൽ നൂറ്റാണ്ടിലൂടെ ഒരു സഞ്ചാരം... ലിജീഷ് കുമാർ എഴുതുന്ന പംക്തി - 'കഥകൾ /കഥ പറഞ്ഞ മനുഷ്യർ-ഭാഗം 4'.

''കുട്ടികളെപ്പോലെ ഒച്ചവെച്ച്, നനഞ്ഞ് കുതിർന്ന്, കിതച്ച്, ഗോവണിപ്പടവുകളിൽ ഒച്ചയുണ്ടാക്കി, ഞങ്ങൾ വിശ്രമമുറിയിലേക്ക് പാഞ്ഞു കയറി.''

നതാലിയ വ്ലോദിമിറോവ്ന പറഞ്ഞ കഥയാണിത്. ഗ്രാമത്തിലെ ഒഴിവുകാലത്ത് അവൾക്ക് കൂട്ടിനു കിട്ടിയ പ്യോത്ർ സെർജിയോവിച്ചിനെക്കുറിച്ച്. തണുപ്പു കാലത്ത് പച്ചവെള്ളരി തിന്നാൽ ശ്വാസത്തിന് വസന്തത്തിന്റെ വാസനയുണ്ടാകുമെന്ന് അവളെ പഠിപ്പിച്ചത് സെർജിയോവിച്ചാണ്. 

''കിടക്ക വിരിക്കുമ്പോൾ ഞാനൊരു മെഴുകുതിരി കത്തിച്ചുവെച്ച് ജനാലകൾ മലർക്കെ തുറന്നിട്ടു, തോട്ടത്തിൽ മഞ്ഞുവീണപ്പോൾ മുറിയിലേക്കരിച്ചു കടന്ന തണുപ്പിൽ വിറച്ച് ഞാൻ പ്യോത്ർ സെർജിയോവിച്ചുമായുള്ള ബന്ധത്തെക്കുറിച്ചാലോചിച്ചു - ഞാനദ്ദേഹവുമായി പ്രണയത്തിലാണോ? തീരുമാനത്തിലെത്തും മുമ്പ് ഞാനുറങ്ങിപ്പോയി. 

രാവിലെ കിടക്കയിൽ സൂര്യവെളിച്ചത്തിന്റെ പുള്ളിക്കുത്തുകളും നാരകയിലകളുടെ നിഴലും കണ്ടപ്പോൾ തലേന്നത്തെ സായാഹ്നം എന്റെ ഓർമകളിൽ തെളിഞ്ഞു വന്നു. ജീവിതം ഏറെ സമ്പന്നവും, വൈവിധ്യം നിറഞ്ഞതും, മാന്ത്രികവുമായി എനിക്കു തോന്നി. ഒരു പാട്ടുമൂളി വേഗത്തിൽ വസ്ത്രം ധരിച്ച് ഞാൻ തോട്ടത്തിലേക്കോടി!

എന്നിട്ടെന്തു സംഭവിച്ചു?

എന്നിട്ടൊന്നും സംഭവിച്ചില്ല. തണുപ്പുകാലത്ത് ഞങ്ങൾ നഗരത്തിലായിരിക്കുമ്പോൾ പ്യോത്ർ സെർജിയോവിച്ച് ചിലപ്പോഴൊക്കെ ഞങ്ങളെ കാണാൻ വന്നു. നാട്ടിൻപുറത്തെ കൂട്ടുകാർ നാട്ടിൻപുറത്ത് മാത്രം - ഒഴിവുകാലത്ത് മാത്രം പറ്റിയവരാണ്. നഗരത്തിൽ, അതും തണുപ്പുകാലത്ത് അവരുടെ ആകർഷകത്വം പകുതിയും നഷ്ടപ്പെടും. നഗരത്തിൽ അവർക്ക് ചായ കൊടുക്കുമ്പോൾ നിങ്ങൾ അവരുടെ കുപ്പായത്തിലേക്ക് നോക്കും– അവ വാടകക്കെടുത്തവയാണെന്ന് തോന്നും, പഞ്ചസാരയിളക്കാൻ ഒരുപാട് സമയം എടുക്കുന്നുവെന്ന് തോന്നും. നഗരത്തിൽ വെച്ചും പ്യോത്ർ സെർജിയോവിച്ച് സ്നേഹത്തെ കുറിച്ച് സംസാരിച്ചു. പക്ഷേ അതൊന്നും പഴയതുപോലെയായിരുന്നില്ല.'' 

നൂറ്റിപ്പതിനഞ്ച് കൊല്ലം മുമ്പ് മരിച്ചുപോയ ഒരാൾ അതിനും മുമ്പാണ് ഈ കഥ എഴുതുന്നത്. കഥയുടെ പേര്: 'മിസ് എന്നിന്റെ കഥ', എഴുതിയത് ആന്റൺ ചെഖോവ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ കാലഘട്ടമാണ് ചെഖോവിന്റേത്. അതിന്റെ ആദ്യദശകങ്ങളിൽ തന്നെ എങ്ങനെ ചെറുകഥകൾ എഴുതാം എന്ന അന്വേഷണങ്ങൾ ലോകത്താരംഭിച്ചിരുന്നു. വാഷിംഗ്ടൺ ഇർവിംഗിനെയും നഥാനിയേൽ ഹാത്തോണിനെയും പോലുള്ള അമേരിക്കക്കാരും പുഷ്കിനെപ്പോലുള്ള റഷ്യക്കാരും ഫ്ളോബേറിനേയും ബൽസാക്കിനേയും പോലുള്ള ഫ്രഞ്ചുകാരും അക്കാലത്ത് ചെറിയ കഥകൾ എഴുതിയവരാണ്. കഥാസാഹിത്യത്തിന്  അമേരിക്കയിൽ അടിക്കല്ലിട്ട എഡ്ഗർ അലൻപോയുടെ ചെറുകഥയുടെ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ  വരുന്നത്, 1842 ൽ അദ്ദേഹം നഥാനിയേൽ ഹാത്തോണിന്റെ കഥാസമാഹാരത്തിന് എഴുതിയ ആമുഖത്തിലാണ്. അതിനെ പിൻപറ്റി 1884 ൽ ബ്രാൻഡർ മാത്യൂസ് 'ഫിലോസഫി ഓഫ് ഷോർട്ട് സ്റ്റോറി' എന്ന പ്രബന്ധം എഴുതി. അങ്ങനെ ചെറിയ കഥകൾ ചെറുകഥകളിലേക്കുള്ള പുറപ്പാട് തുടങ്ങി.

അറബിക്കഥകളുടെ ആയിരത്തൊന്ന് രാവുകളും, മാർഗരറ്റ് രാജ്ഞിയുടെ ഹെപ്റ്റാമറോൺ കഥകളും, ചോസറുടെ കാന്റർബറി കഥകളും, ബക്കോച്ചിയുടെ ഡക്കാമറോൺ കഥകളും തരംഗമുണ്ടാക്കിയ കഥയുടെ വിപണിയിൽ, 'എങ്ങനെ മികച്ച ചെറുകഥ എഴുതാം' എന്ന കൈപ്പുസ്തകങ്ങൾ വരെ പ്രത്യക്ഷപ്പെട്ടു. പക്ഷേ ആ പുസ്തകങ്ങളൊന്നും കഥകളേയോ കഥാകൃത്തുക്കളേയോ ഉണ്ടാക്കിയില്ല. എങ്ങനെ മികച്ച ചെറുകഥ എഴുതാം എന്ന ചോദ്യത്തിന് അന്ന് ഒറ്റ വാക്കിൽ ആന്റൺ ചെഖോവ് ഉത്തരം പറഞ്ഞു. വേണ്ടാത്തൊരു മൊട്ടുസൂചി പോലും കഥയിൽ കാണാതിരുന്നാൽ മതിയെന്ന്, ഒരിക്കലും വെടിയുതിർക്കാത്ത തോക്കുകൾ കഥയുടെ ഭിത്തിയില്‍ തൂക്കിയിടരുതെന്ന് ലോകത്തെമ്പാടുമുള്ള കഥയെഴുത്തുകാർ പഠിച്ചത് അയാളിൽ നിന്നാണ്. ആധുനിക ചെറുകഥയുടെ അപ്പൻ ആന്റൺ ചെഖോവാണ്.

പരാജയപ്പെട്ടു പോയ ഒരപ്പനാണ് ചെഖോവിനെ മലയാളിക്ക് പരിചയപ്പെടുത്തിയത്. കേരളത്തിന്റെ ധൈഷണിക ജീവിതത്തിന്റെ ഘനകേന്ദ്രമായിരുന്നു ആ മനുഷ്യൻ, പക്ഷേ ബുദ്ധി വിറ്റ് പണമുണ്ടാക്കാൻ അയാൾക്കറിഞ്ഞുകൂടായിരുന്നു. ഒരേയൊരു മകളായിരുന്നു, ദാരിദ്ര്യത്താലും രോഗപീഡയാലും അവൾ മരിച്ചു പോയി. ലോകത്തെ മുഴുവന്‍ സ്‌നേഹിച്ചതുകൊണ്ട്  ഭാര്യയെയും മകളെയും പ്രത്യേകമായി സ്‌നേഹിക്കാന്‍ കഴിഞ്ഞില്ലെന്ന് അയാൾ കുറ്റസമ്മതമെഴുതി. ഭാര്യ ഒരു കുഞ്ഞിനെയെന്നപോലെ തന്നെ കരുതിയപ്പോഴും താന്‍ തന്റെ ആശയങ്ങളെയാണ് കൂടുതല്‍ ശ്രദ്ധിച്ചതെന്ന്. ആശയലോകമാകട്ടെ സോപ്പുകുമിളയെന്നും കിറുക്കനെന്നും  ഉണക്കശാസ്ത്രിയെന്നുമൊക്കെ അയാളെ പരിഹസിച്ചു. ''ബാലകൃഷ്ണപിള്ളയുടെ ജീവിതത്തിലെ സർവ്വപ്രധാനമായ അനുഭവം അദ്ദേഹം അർഹിക്കുന്നതൊന്നും അദ്ദേഹത്തിന് ലഭിക്കാറുണ്ടായിരുന്നില്ല എന്നതാണ് '' എന്ന്, അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ എ. ശ്രീധരൻപിള്ള എഴുതി.

ലോകം എന്നും ഇങ്ങനെയായിരുന്നു എന്ന ആർഷചിന്തയിൽ വിശ്വസിച്ചിരുന്ന കേരളക്കരക്ക് ലോകം ഒരിക്കലും ഇങ്ങനെയായിരുന്നില്ല എന്ന വിപ്ലവകരമായ അറിവ് പകർന്നു കൊടുത്തത് 1922-ല്‍, തന്റെ 33-ാം വയസ്സില്‍ എ. ബാലകൃഷ്ണപിള്ള ആരംഭിക്കുകയും 1935-ല്‍ അവസാനിപ്പിക്കുകയും ചെയ്ത പത്രാധിപത്യമായിരുന്നു. ഇക്കാലയളവിൽ സമദര്‍ശി, പ്രബോധകന്‍, കേസരി എന്നീ മൂന്ന് പത്രങ്ങളുടെ പത്രാധിപക്കസേരയിലിരുന്നു ബാലകൃഷ്ണപിള്ള. പ്രബോധകന്റേയും കേസരിയുടേയും ഉടമയും അദ്ദേഹം തന്നെയായിരുന്നു. 1926-ല്‍ പത്രമുടമയുമായുള്ള അഭിപ്രായഭിന്നത മൂത്ത്  സമദര്‍ശിയുടെ പത്രാധിപത്യം രാജിവെച്ചശേഷമാണ് 1930 ൽ പ്രബോധകന്‍ ആരംഭിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞപ്പഴേക്കും സര്‍ക്കാര്‍ അതടച്ചുപൂട്ടി. പിറ്റേ ആഴ്ച, കേസരി പുറത്തിറക്കിക്കൊണ്ട് ബാലകൃഷ്ണപിള്ള സർക്കാരിനെ വെല്ലുവിളിച്ചു. തുടർന്ന് 1935 വരെയുള്ള കേസരി പത്രത്തിന്റെ കാലം മലയാളത്തിലെ കഥാകൃത്തുക്കൾക്ക് പുതിയ ജീവിതസമീപനവും പുതിയ രൂപമാതൃകകളും പകർന്നുകൊടുത്ത കാലമാണ്.

ചെഖോവിനെ മാത്രമല്ല കേസരി ബാലകൃഷ്ണപിള്ള മലയാളിക്ക് പരിചയപ്പെടുത്തിയത്. ഐസക് ബാബേലും ഫയോദോർ സെലോഗുബും ലിനോനിവ് ആന്ദ്രയേവും അലക്സാണ്ടർ കുപ്രിനും ആന്റൺ ചെഖോവിന് പിന്നാലെ ബാലകൃഷ്ണപിള്ളയ്ക്കൊപ്പം റഷ്യയിൽ നിന്ന് കടൽ കടന്ന് വന്നവരാണ്. ഫ്രഞ്ച് കഥാകൃത്തുക്കളായ മോപ്പസാങ്, ജൂലിയസ് ലെമൈറ്റർ, അനറ്റോൾ ഫ്രാൻസ്, ഫ്രഡറിക് ബൂതേ, ഫെർഡിനാൻഡ് വന്ദേരം തുടങ്ങിയവരെല്ലാം കേസരിയിലൂടെ മലയാളീകരിക്കപ്പെട്ടു. ജർമനിയിൽ നിന്നും വന്ന കാഫ്കയെ മലയാളി കൊണ്ടാടി. സ്വീഡിഷ്, സ്പാനിഷ്, ഹംഗേറിയൻ, ഡച്ച്, പോളിഷ്, ഹീബ്രു, നോർവീജിയൻ, ഇറ്റാലിയൻ, സെർവിയൻ ഭാഷകളിലെല്ലാമുള്ള കഥകൾ കേസരി തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിന് പുറത്തുള്ള യൂറോപ്യൻ ഭാഷകളിലാണ് മികച്ച കഥകൾ ഉണ്ടാവുന്നതെന്ന് മലയാളി പഠിച്ചു. പ്രേമവും അപസർപ്പകവും മാത്രമെഴുതിയവർ വിശപ്പും കാമവുമെല്ലാം ആവിഷ്കരിച്ചു തുടങ്ങി.

വാസനാവികൃതിക്ക് ശേഷം മലയാളത്തിൽ പ്രചാരം കിട്ടിയ ആദ്യകാല കഥകളിലൊന്ന് സി.എസ്. ഗോപാലപ്പണിക്കരുടെ മുതലനായാട്ടാണ്. ഭീമച്ചൻ എന്ന മുതല ചത്ത്മലച്ച് കൊച്ചി കായലിൽ മുങ്ങിത്താഴുന്നിടത്താണ് ആ കഥ അവസാനിക്കുന്നത്. സംസ്കൃത സാഹിത്യത്തെ സേവിച്ചു വീർത്ത ഒരു വൻമുതലയെ കേസരി ബാലകൃഷ്ണപിള്ള വീഴ്ത്തി. മൂർക്കോത്തു കുമാരനും അമ്പാടി നാരായണപൊതുവാളും എം.ആർ.കെ.സിയും പറഞ്ഞ കഥകളായിരുന്നില്ല ചെറുകഥകൾ എന്ന് മലയാളി പഠിച്ചു. ശൃംഗാരമെഴുതി കയ്യടി നേടിയ കെ. സുകുമാരനും, ഫലിതമെഴുതി പ്രചാരം നേടിയ ഇ.വി. കൃഷ്ണപ്പിള്ളയുമെല്ലാം ഓർമയായി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, പന്തളം കേരളവർമ്മ, സി.പി.അച്യുതമേനോൻ, ടി.വി.കല്യാണി അമ്മ, കെ.പി. കേശവമേനോന്‍, കെ.എസ്. മണി തുടങ്ങി അക്കാലത്ത് സജീവമായി എഴുതിയ ഒരുപാട്  കഥാകൃത്തുക്കളെ കേസരി തുറന്നു വിട്ട ഭാവുകത്വപരിണാമത്തിന്റെ ഭൂതം വിഴുങ്ങി. അങ്ങനെ പിന്മടങ്ങുമ്പോഴും വി.ടി. ഭട്ടതിരിപ്പാട്, എം.ആർ.ബി തുടങ്ങിയ നമ്പൂതിരി സമുദായത്തിലെ ഉല്പതിഷ്ണുക്കളായ യുവാക്കൾ പറഞ്ഞ കഥകൾക്ക് ഒരായുധം എന്ന രീതിയിൽ ചെറുകഥയുടെ ചരിത്രത്തിൽ ഇടമുണ്ട്. ജാതിയുടെ ചെളിയില്‍ പൂണ്ടുകിടന്ന മനുഷ്യര്‍ ഒരു ജനത എന്ന രീതിയില്‍ പുന:സംഘടിപ്പിക്കപ്പെട്ടതിന്റെ ചരിത്രമാണത്. ദേശീയ സ്വാതന്ത്രസമരം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ രംഗപ്രവേശം, കര്‍ഷക സമരങ്ങള്‍, തൊഴിലാളി വര്‍ഗ്ഗങ്ങളുടെ മുന്നേറ്റം, സി.പി. രാമസ്വാമി അയ്യരുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായി ഉടലെടുത്ത പ്രക്ഷോഭങ്ങള്‍, ഇത്തരം പൊള്ളുന്ന രാഷ്ട്രീയാന്തരീക്ഷമാണ് മലയാളകഥയെ മാറ്റിപ്പണിയാൻ സഹായിച്ചത്. അതിന് നമുക്ക് ഒരു വഴികാട്ടി ആവശ്യമുണ്ടായിരുന്നു. ആ വഴിയായിരുന്നു കേസരി എ.ബാലകൃഷ്ണപിള്ള.

ബാലകൃഷ്ണപിള്ള എഴുതി, ''പ്രൊക്രസ്റ്റസ് എന്ന കൊള്ളക്കാരൻ ഇരുമ്പുകട്ടിലല്ല, പിന്നെയോ, കുറച്ചധികം വലിച്ചു നീട്ടാവുന്നതും കുറെ അധികം കുറയ്ക്കാവുന്നതുമായ ഒരു സ്പ്രിംഗ് കട്ടിലാണ് സാഹിത്യാഭിവൃദ്ധിക്കു വേണ്ടത്. ഇങ്ങനെയുള്ള ഒരു സ്പ്രിംഗ് കട്ടിൽ ഉണ്ടാക്കുവാനുള്ള എളിയ ശ്രമമാണ് ഞാൻ ഭാഷാ ലോകത്ത് നടത്തിവന്നത്.'' ആ ശ്രമത്തിൽ ബാലകൃഷ്ണപിള്ള വിജയിച്ചിരുന്നോ? നമ്മൾ വിജയിച്ചു, നമ്മുടെ ഭാഷയും ഭാവുകത്വവുമെല്ലാം നവീകരിക്കപ്പെട്ടു - പക്ഷേ ബാലകൃഷ്ണപിള്ള തോറ്റു പോയി. തിരുവനന്തപുരത്തെ ശാരദ പ്രസ് വിറ്റ് ജീവനക്കാരുടെ ശമ്പളകുടിശ്ശികയും കടങ്ങളും കൊടുത്തുതീര്‍ത്ത് നിത്യദാരിദ്ര്യത്തിലേക്ക് അദ്ദേഹം നടന്നു നീങ്ങി.

കേസരി ബാലകൃഷ്ണപിള്ളയ്ക്ക് അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ച് കേരളത്തിലെ സാഹിത്യകാരന്മാർ ഒരു മംഗളപത്രം കൊടുത്തു. അതിന് മറുപടിയായി അദ്ദേഹം പ്രസംഗിച്ചു. ''40 വയസ്സുമുതൽക്ക് സാഹിത്യ നിർമ്മാണശേഷി കുറഞ്ഞു വരുമെന്നുള്ള ഡൊണാൾഡ്സെന്റെ കണ്ടുപിടുത്തത്തെ നവീന ഗവേഷകന്മാർ പിന്താങ്ങിയിട്ടുണ്ട്. ദ്രുതഗതിയിലുള്ള ഇന്നത്തെ സമുദായപരിവർത്തനം അതിവേഗം മനസ്സിലാക്കുവാനുള്ള ശക്തി യുവാക്കൾക്ക് മാത്രമേയുള്ളൂ. ഇതു നിമിത്തം യുവസാഹിത്യകാരന്മാർ വേണം നമ്മെ നയിക്കാൻ.'' കേസരി തുറന്നു വിട്ട യുവാക്കളുണ്ടാക്കിയതാണ് നാമിന്നും കൊണ്ടാടുന്ന കഥകൾ. 

'ദി മോസ്റ്റ് ഫേമസ് ബ്യൂട്ടി ഓഫ് ചൈന' എന്നൊരു പുസ്തകമുണ്ട്. എട്ടാം ശതാബ്ദത്തില്‍ ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷു ആന്‍ ദ്സൂങിന്റെ വെപ്പാട്ടി, യാങ്ഗ്വയീ ഫേയെക്കുറിച്ച് എഴുതപ്പെട്ടതാണത്. ചൈനയില്‍ 'ബ്രാ' പ്രചാരത്തില്‍ വരുത്തിയത് അവളാണ്. ജാരന്മാര്‍ ദന്തക്ഷതമേല്പിക്കാതിരിക്കാന്‍ വേണ്ടിയാണ് അവളത് ധരിച്ചത്. ചക്രവര്‍ത്തി കാണുമ്പോൾ, അവളയാൾക്ക് മാത്രമേ കൂട്ടുകിടക്കുന്നുള്ളൂവെന്ന് തോന്നാൻ. അവളെ അനുകരിച്ച് മറ്റുള്ള സ്ത്രീകളും അത് ധരിക്കാന്‍ പഠിച്ചു, ദന്തക്ഷതമേല്ക്കാതിരിക്കാനല്ല മാറിടത്തെ സുന്ദരമാക്കാൻ. ലോകകഥയിൽ നിന്ന് മലയാള കഥ പഠിച്ചതും ഇതാണ്. അവരുടെ പടച്ചട്ട കൊണ്ട് ഭംഗിയുള്ള കുപ്പായം തുന്നാൻ. 

മലയാളത്തിലേക്ക് തർജ്ജമ ചെയ്തു വന്ന ലോകകഥകൾ മലയാള കഥയെ അടിമുടി മാറ്റിപ്പണിതു എന്ന പരാമർശം ഉണ്ടാക്കാനിടയുള്ള തെറ്റിദ്ധാരണയെ ഖണ്ഡിച്ച് പോകേണ്ടത് എന്റെ ഉത്തരവാദിത്തമായതു കൊണ്ടു മാത്രം ഒരു തമാശ പറഞ്ഞവസാനിപ്പിക്കാം. ഓസ്കാർ വൈൽഡിനെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു തമാശക്കഥയാണ്. മറ്റുള്ളവരുടെ ആശയങ്ങൾ പലതും അദ്ദേഹം കട്ടെടുക്കുമെന്ന ദുഷ്പേര് വൈൽഡിനുള്ള സമയത്താണ്, വിസ്‌ലർ എന്ന ചിത്രകാരൻ വൈൽഡിനെ കാണാൻ വന്നു. അന്ന് സംഭാഷണത്തിനിടെ വിസ്‌ലർ എന്തോ പറഞ്ഞപ്പോൾ, ആ പ്രയോഗത്തിന്റെ ഭംഗിയിൽ ആകൃഷ്ടനായി ഓസ്കാർ വൈൽഡ് പറഞ്ഞു, ''ഹാ! എനിക്കതു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ,'' അതു കേട്ടയുടൻ വിസ്‌ലർ പറഞ്ഞു, ''നിങ്ങൾ പറയും ഓസ്കാർ, നിങ്ങൾ പറയും.'' പക്ഷേ മലയാള കഥാകൃത്തുക്കൾ അത് ചെയ്തില്ല. വിദേശ കഥകളുടെ വെളിച്ചത്തിലൂടെ നടന്നു എന്നല്ലാതെ അക്കഥകളെയൊന്നും മലയാളകഥ ആവർത്തിച്ചില്ല. അതുകൊണ്ടു തന്നെ, 'ഒന്നുകൂടി പറയുന്ന കഥയേക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട്' എന്ന ഹോമറിന്റെ ചോദ്യം മലയാള കഥയെക്കുറിച്ചല്ല.