മൗനത്തിന്റെ മുഴക്കമാണ് ആറ്റൂരിനു കവിത; നിശ്ശബ്ദതയുടെ സംഗീതവും. ആറ്റിക്കുറുക്കിയ വാക്കുകളില്‍ കുറച്ചുമാത്രം പറഞ്ഞ് കൂടുതല്‍ അനുഭവിപ്പിക്കുന്ന നിഗൂഢസൗന്ദര്യം. ദീര്‍ഘകാലത്തിനു കവി സമ്മാനിച്ചത് എണ്ണത്തില്‍ കുറച്ചുമാത്രം കവിതകള്‍. ആ കവിതകളാകട്ടെ അദ്ദേഹത്തിനു മാത്രം എഴുതാന്‍ കഴിയുന്നതും. കവിതയുടെ എണ്ണപ്പെരുക്കത്തിലോ ആള്‍ക്കൂട്ടവായനകളിലോ ആറ്റൂര്‍ ഉള്‍പ്പെട്ടിട്ടില്ല. സാംസ്കാരിക സദസ്സുകളിലോ എഴുത്തുകാരുടെ ശക്തിപ്രകടത്തിലോ മുഷ്ടി ചുരുട്ടിയില്ല. ഏകാന്തവും എന്നാല്‍ അനിവാര്യവുമായ നിമിഷങ്ങളില്‍ തന്നെ അതീജീവിച്ച വരികള്‍ സമാനഹൃദയര്‍ക്കുവേണ്ടി കുറിച്ച് കവി പിന്‍വാങ്ങി; അവകാശവാദങ്ങളില്ലാതെ, അര്‍ഹതയുടെ കണക്കുപറയാതെ. എന്നും വിരിയുന്ന പൂക്കള്‍ ആഹ്ളാദകരമാണെങ്കിലും സുഗന്ധത്തിന്റെ വാഗ്ദാനവുമായി കാത്തിരിപ്പിനുശേഷം വിരിയുന്ന പൂക്കളുടെ ആനന്ദകാലവുമുണ്ട്. ആറ്റൂരിന്റെ കവിതകള്‍ അനുവാചകര്‍ക്കു സമ്മാനിച്ചത് ഋതുപ്പകര്‍ച്ചകളില്‍ ആഹ്ളാദവുമായെത്തുന്ന അപൂര്‍വസുഗന്ധങ്ങളുടെ തീക്ഷ്ണത. ഒറ്റവായനയില്‍ അവസാനിക്കാത്ത അര്‍ഥങ്ങളുടെ വിസ്ഫോടനം. ആവര്‍ത്തിച്ച് അയവിറക്കുമ്പോള്‍ മാധുര്യമേറുന്ന ഇരട്ടിമധുരത്തിന്റെ ഔഷധമൂല്യം. 

കടവോ കുറ്റിയോ 

പങ്കായമോ തോണിയോ 

ആയിരുന്നില്ല ഞാന്‍ 

വെറും ഓളം... 

എന്ന വരികളില്‍ ആറ്റൂര്‍ തന്നെത്തന്നെ അടയാളപ്പെടുത്തുന്നുണ്ട്; തന്റെ നാടിനെപ്പോലെ. സ്ഥിരതയുടെ വ്യാജാഭിമാനങ്ങളില്‍ അഭിരമിക്കുന്നവര്‍ പ്രകൃതിയെ അറിയുന്നില്ല. എന്നും എപ്പോഴും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിയില്‍ പിടിച്ചുനില്‍ക്കുന്നവര്‍ ഒഴുക്കില്‍പ്പെടുകയാണ്. എന്നും ചലച്ചികൊണ്ടിരിക്കുന്നവരോ ഓളങ്ങളില്‍, ഒഴുക്കില്‍ അതിജീവിച്ചുകൊണ്ടിരിക്കുന്നു; ആറ്റൂരിന്റെ കവിതയെപ്പോലെ. 

എനിക്ക് മൗനമാണ് ഇഷ്ടം. പുലര്‍ച്ചയ്ക്കോ വൈകുന്നേരമോ നടപ്പാതകളിലൂടെ നടത്തം. ഞാന്‍ മാത്രം. ഞാനുമില്ല. ഒപ്പം വാക്കുകള്‍. മൗനത്തില്‍നിന്നാണ് എന്റെ കവിത പിറക്കുന്നത്. ഹിമാലയമൗനത്തില്‍ വ്യാസഗുഹ. സംഗീതത്തിന്റെ ചുറ്റും മൗനമുണ്ട്. ഞാന്‍ മൗനം ശീലിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ പെട്ടാലും. അതുകൊണ്ടാകാം, നിങ്ങള്‍ സംശയിച്ചതുപോലെ ഞാന്‍ നിശ്ശബ്ദനായിപ്പോയത്... 

മൗനത്തിന്റെ ഉപാസകനായുള്ള ഈ ഏറ്റുപറച്ചില്‍ ആറ്റൂരിന്റെ കവിതകളെ പുതിയൊരു വെളിച്ചത്തില്‍ കാണാന്‍ സഹായിക്കും. 

നീ കൃഷ്ണശില തന്‍ താളം! 

വിണ്ണിലോലുന്ന നീലിമ ! 

ആഴിതന്‍ നിത്യമാം തേങ്ങല്‍ ! 

പൗര്‍ണ്ണമിക്കുള്ള പൂര്‍ണ്ണത ! 

ഓരോ വാക്കും ഒരു പൂര്‍ണ്ണകവിതയാകുകയാണ്. ഓരോ വരിയുടെയും അവസാനത്തില്‍ ആശ്ചര്യചിഹ്നവും. ഒരു വാക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മറ്റാനാവാത്തരീതിയില്‍ പണിക്കുറ തീര്‍ന്ന കാവ്യശില്‍പമാണ് മൗനത്തില്‍നിന്ന് ആറ്റൂര്‍ കടഞ്ഞെടുക്കുന്നത്. ദീര്‍ഘതപസ്സിനുശേഷം മാത്രം കരഗതമാവുന്ന അര്‍ഥങ്ങളുടെ ആഴങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന, മുഴക്കമുള്ള വാക്കുകള്‍.

ആധുനികതയുടെ സംക്രമണകാലത്തായിരുന്നു ആറ്റൂരിന്റെ യൗവനം. ആധുനിക ആശയങ്ങളെ മലയാളത്തിനു പരിചയപ്പെടുത്തിയ  എം. ഗോവിന്ദന്‍ എന്ന ഗുരുവിന്റെ സവിധത്തിലുമായിരുന്നു ആറ്റൂര്‍ എന്ന ശിഷ്യന്‍. എന്നിട്ടും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ തള്ളിപ്പറയാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. ആന്തരസംഗീതത്തെ ഊറ്റിക്കളഞ്ഞ്, ഗദ്യത്തോടടുപ്പിച്ച് കവിതയെഴുതിയ ആധുനികരുടെക്കൂടെ കൂടിയുമില്ല. കാല്‍പനികതയുടെ ചെടിപ്പിക്കുന്ന ലോകത്തെ പിന്നില്‍ ഉപേക്ഷിച്ചും ആധുനികത കാഴ്ചവച്ച മരുസ്ഥലങ്ങളെ അകറ്റിനിര്‍ത്തിയും സ്വന്തമായി കവിതയുടെ ഒരു മരുപ്പച്ച സൃഷ്ടിച്ചു ആറ്റൂര്‍. നിറയെ കായ്കളും പൂക്കളും സുഗന്ധവും പച്ചപ്പും ഉല്‍സവമാക്കുന്ന കവിതയുടെ വസന്തകാലം. 

അണുധൂളിപ്രസാരത്തിന്ന-

വിശുദ്ധ ദിനങ്ങളില്‍ 

മുങ്ങിക്കിടന്നു നീ പൂര്‍വ 

പുണ്യത്തിന്‍ കയങ്ങളില്‍.