സല്യൂട്ട്; പ്രളയത്തില്‍ കൈപിടിച്ച തീരസൈനികര്ക്ക് നന്ദി ചൊല്ലി കേരളം
2018 ഓഗസ്റ്റ് 18. വൈകിട്ട് അഞ്ചു മണിയായിക്കാണും.
സാജുവും ജാക്കും ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ ചെങ്ങന്നൂരില്‍നിന്ന് സ്വദേശമായ തിരുവനന്തപുരത്തേക്ക് മടക്കയാത്രയ്ക്കൊരുങ്ങുന്നു. ഏതാനും ദിവസങ്ങളായി അവര്‍ അസാധാരണമായ ഒരു ജോലിയില്‍ ഏർപ്പെട്ടിരിക്കുകയായിരുന്നു. മഹാപ്രളയത്തിൽനിന്നു കേരളത്തെ കരകയറ്റാനുള്ള ശ്രമത്തിൽ. മധ്യതിരുവിതാംകൂറിലെ ഗ്രാമങ്ങള്‍ അപ്രതീക്ഷിതമായി മുങ്ങിയെന്നു കേട്ടപ്പോള്‍ കഴിയുന്നത്രപേരെ രക്ഷപ്പെടുത്താന്‍ എത്തിയതാണ്. കടമ വിജയകരമായി നിറവേറ്റി അവർ മടങ്ങുകയാണ്. ക്ഷീണിതരെങ്കിലും ആവേശഭരിതരാണവര്‍. വിലപ്പെട്ട മനുഷ്യജീവനുകൾ രക്ഷിച്ചതിന്റെ സംതൃപ്തിയാണവരുടെ ആവേശത്തിന് കാരണം.
മാധ്യമങ്ങള്‍ അപ്പോള്‍ ആഘോഷിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികളുടെ ധീരകൃത്യങ്ങള്‍. സാഹസികമായി അവര്‍ ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനെക്കുറിച്ച്. പക്ഷേ സാജുവും സംഘവും അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. കയ്യിൽ കിട്ടിയതു മാത്രമെടുത്ത് വീട്ടിൽ പോലും പറയാതെ അവർ യാത്രയ്ക്കിറങ്ങിയതാണ്. വേഗം വീടെത്തണം. പതിവു ജോലിയിലേക്കു മടങ്ങിപ്പോകണം. ശാരീരിക ക്ഷീണത്തിന്റെ അവശത. മുറിവുകളുടെ വേദന. ഉറക്കമില്ലാത്തതിന്റെ അസ്വസ്ഥത. വീരപുരുഷന്‍മാരായെങ്കിലും അതറിയാതെ അവർ മടക്കയാത്ര തുടങ്ങി.
യാത്രയ്ക്കിടെ രാത്രി വൈകി റോഡരികിലെ ഒരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിക്കുന്നതിനിടെ ഹോട്ടലുടമ ചോദിച്ചു. രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ കൂട്ടത്തിൽ പെട്ടവരാണോ? അതെ എന്നു പറഞ്ഞപ്പോൾ ആ മുഖത്തു തെളിഞ്ഞതു സന്തോഷം, സ്നേഹം, നന്ദി. മത്സ്യത്തൊഴിലാളികൾ മുന്നിട്ടിറങ്ങിയില്ലായിരുന്നെങ്കിൽ മരണസംഖ്യ വീണ്ടും ഉയരുമായിരുന്നു എന്നു കൂടി പറഞ്ഞുകേട്ടപ്പോൾ വലിയ സംതൃപ്തി തോന്നി സാജുവിനും സംഘത്തിനും. ഭക്ഷണത്തിനു പണം വാങ്ങാൻ കടയുടമ കൂട്ടാക്കിയില്ല. ഇത്രയധികം പേരുടെ ജീവൻ രക്ഷപ്പെടുത്തിയ നിങ്ങളോട് ഇതെങ്കിലും ഞാൻ ചെയ്യേണ്ടേ എന്നു പറഞ്ഞ് സ്നേഹത്തോടെ അദ്ദേഹം പണം നിരസിച്ചിട്ട്, മൊബൈൽ ഫോണിൽ ഒരു ചിത്രം കാണിച്ചുകൊടുത്തു. ഹോളിവുഡിൽ സൂപ്പർമാനും ബാറ്റ്മാനും ഉണ്ടെങ്കിലെന്താ, കേരളത്തിനു ഫിഷർമെൻ ഉണ്ടല്ലോ എന്നായിരുന്നു അതിലെഴുതിയിരുന്നത്. അപ്പോഴാണ് തങ്ങൾക്കു നാട്ടുകാർ സ്നേഹത്തോടെ പതിച്ചുതന്ന വീരപരിവേഷത്തെക്കുറിച്ച് അവർ അറിയുന്നതു തന്നെ.
സാജുവും ജാക്കും അടങ്ങുന്ന സംഘം മാത്രം 1200ൽ അധികം പേരെയാണ് മധ്യതിരുവിതാംകൂറില്‍ പ്രളയത്തില്‍നിന്ന് കരകയറ്റിയത്. അവരുള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം രേഖപ്പെടുത്തുന്ന പുസ്തകമാണ് ‘സല്യൂട്ട്’. തീരസേനാനികള്‍ക്ക് കടപ്പാട് രേഖപ്പെടുത്തുന്ന പുസ്തകം. നിസ്വാര്‍ഥരായ ഒരു കൂട്ടം മനുഷ്യരുടെ ധീരത, ഭാവിക്കുവേണ്ടി കാലത്തിന്റെ ചുവരില്‍ കോറിയിടുന്ന എഴുത്ത്.
ഓഖി ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ കേരളത്തിന്റെ തീരപ്രദേശത്ത് വിതച്ചത് അളവില്ലാത്ത ദുരിതങ്ങള്‍. അപ്രവചനീയമായ കാലാവസ്ഥയും അവഗണന തുടരുന്ന അധികാരികളും കൂടി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വേറെ. എന്നിട്ടും ഒരുനിമിഷം പോലും ആലോചിച്ചു നില്‍ക്കാതെയാണ് അവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. അതു തീര്‍ച്ചയായും ഒരു പുസ്തകത്തിലൂടെ അനശ്വരമാകണമെന്ന ചിന്തയില്‍നിന്നാണ് സല്യൂട്ട് പിറക്കുന്നത്. രചന മാധ്യമപ്രവര്‍ത്തകനായ രെജിമോന്‍ കുട്ടപ്പന്‍. ഇംഗ്ലിഷില്‍ എഴുതിയ ‘റോവിങ് ബിറ്റ്‍വീന്‍ ദ് റൂഫ്ടോപ്സ്’ എന്ന പുസ്തകം മലയാളത്തിലേക്കു മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നതു മനോരമ ബുക്സ്. 99- ലെ വെള്ളപ്പൊക്കത്തിനുശേഷം കേരളം നേരിട്ട മഹാപ്രളയത്തിന്റെ സജീവമായ ചരിത്രമാണ് സല്യൂട്ട്; ഒപ്പം അതിജീവനത്തിന്റെയും കരകയറ്റാന്‍ കൈപിടിച്ചവരുടെയും ചിത്രീകരണവും.
തിരുവനന്തപുരത്ത് വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പ്രകാശനച്ചടങ്ങിലും ‘സല്യൂട്ട്’ രചിച്ചത് വേറിട്ട അധ്യായം. പുസ്തകം കേരളത്തിനു പരിചയപ്പെടുത്തുന്ന തീരസൈനികര്‍ തന്നെയാണ് പ്രകാശനവും നിര്‍വഹിക്കുന്നത്. വൈകിപ്പോയ അംഗീകാരം അക്ഷരരൂപത്തിലൂടെ പ്രളയരക്ഷാപ്രവര്‍ത്തകരെ തേടിയെത്തുകയാണ്. ഒപ്പം നാട് എന്നെന്നും ഓര്‍മിക്കേണ്ട പേരുകള്‍ നാടിന്റെ മനസാക്ഷിയില്‍ കുറിച്ചിടുകയും. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന സല്യൂട്ട് ഇനി കേരളത്തിനു സ്വന്തം. ഒരു നാട് ഒന്നായിപ്പറയുന്ന വാക്ക്: സല്യൂട്ട്.