കാതുസൂത്രവുമല്ല, കാമസൂത്രവുമല്ല, ഇതൊരു കാമനസൂത്രം !
ഫ്രാൻസിസ് നൊറോണയുടെ 'കാതുസൂത്രം' കഥയെക്കുറിച്ച് തനുജ ഭട്ടതിരി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫേസ്ബുക്ക് കുറിപ്പ് : കാതുസൂത്രവുമല്ല, കാമസൂത്രവുമല്ല, ഇതൊരു കാമനസൂത്രം ! പ്രപഞ്ച സത്യങ്ങളൊക്കെ തേടിപ്പിടിച്ച് കൈയിലൊതുക്കുമ്പോഴും ആർക്കും പിടി കൊടുക്കാതെ വഴുതിമാറുന്ന മനുഷ്യ
ഫ്രാൻസിസ് നൊറോണയുടെ 'കാതുസൂത്രം' കഥയെക്കുറിച്ച് തനുജ ഭട്ടതിരി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫേസ്ബുക്ക് കുറിപ്പ് : കാതുസൂത്രവുമല്ല, കാമസൂത്രവുമല്ല, ഇതൊരു കാമനസൂത്രം ! പ്രപഞ്ച സത്യങ്ങളൊക്കെ തേടിപ്പിടിച്ച് കൈയിലൊതുക്കുമ്പോഴും ആർക്കും പിടി കൊടുക്കാതെ വഴുതിമാറുന്ന മനുഷ്യ
ഫ്രാൻസിസ് നൊറോണയുടെ 'കാതുസൂത്രം' കഥയെക്കുറിച്ച് തനുജ ഭട്ടതിരി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫേസ്ബുക്ക് കുറിപ്പ് : കാതുസൂത്രവുമല്ല, കാമസൂത്രവുമല്ല, ഇതൊരു കാമനസൂത്രം ! പ്രപഞ്ച സത്യങ്ങളൊക്കെ തേടിപ്പിടിച്ച് കൈയിലൊതുക്കുമ്പോഴും ആർക്കും പിടി കൊടുക്കാതെ വഴുതിമാറുന്ന മനുഷ്യ
ഫ്രാൻസിസ് നൊറോണയുടെ ‘കാതുസൂത്രം’ കഥയെക്കുറിച്ച് തനൂജ ഭട്ടതിരി എഴുതിയ ഫെയ്സ്ബുക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഫെയ്സ്ബുക് കുറിപ്പ് :
കാതുസൂത്രവുമല്ല, കാമസൂത്രവുമല്ല, ഇതൊരു കാമനസൂത്രം
പ്രപഞ്ച സത്യങ്ങളൊക്കെ തേടിപ്പിടിച്ച് കൈയിലൊതുക്കുമ്പോഴും ആർക്കും പിടി കൊടുക്കാതെ വഴുതിമാറുന്ന മനുഷ്യ മനസ്സിന്റെ കാമനവർണന അതാണ് എന്റെ അഭിപ്രായത്തിൽ ഫ്രാൻസിസ് നൊറോണയുടെ കാതുസൂത്രം ! ഈ കഥവായിച്ചഭിപ്രായം പറയാൻ ആരുമൊന്നു മടിക്കും. നിങ്ങൾ ചിന്തിക്കുന്നതും ചെയ്യുന്നതും അനുഭവിക്കുന്നതും ഇത് തന്നെയല്ലേ? അതല്ലേ ഈ കഥ നിങ്ങളെ ആകർഷിച്ചത് എന്ന ചോദിക്കാചോദ്യത്തിനു മുന്നിൽ നിൽക്കാൻ ആർക്കും താൽപര്യമുണ്ടാവില്ല ! പ്രത്യേകിച്ചും, ഒരു ഭർത്താവിനും ഒരു ഭാര്യക്കും ഒരു കാമുകനും ഒരു കാമുകിക്കും ഒരു മകനും ഒരു മകൾക്കും!
അതുകൊണ്ട് വായിച്ച് ഒന്നു പിടച്ച് കടന്നു പോകാനാണ് ഈ കഥക്ക് വിധി എന്നു ഞാൻ കരുതുന്നു.
എനിക്ക് പറയാനുള്ളത് ആരെങ്കിലും എഴുതിയിരുന്നെങ്കിൽ ഗൗരവമായതൊന്നും എഴുതാനിപ്പോൾ മടിച്ചിരിക്കുന്ന ഞാൻ ഇവിടെ എഴുതുമായിരുന്നില്ലിത്. ആദ്യ വായനയിൽ തോന്നിയേക്കാവുന്ന ശാരീരിക താല്പര്യമൊന്നുമല്ല കഥയുടെ കാതൽ.
പൊതുവെ ഒരേ കഥാപാത്രം ഇങ്ങനെ പറഞ്ഞു പോകുന്ന കഥ എനിക്ക് അത്ര ഇഷ്ടപ്പെടാറില്ല. നല്ല ഭാഷയും ശൈലിയും നിരീക്ഷണവും ഒക്കെയുണ്ടെങ്കിലും അത് കഥാകൃത്തിന്റെ കുറവായാണ് എനിക്ക് തോന്നുക. എന്നാൽ ഒരേ കഥാപാത്രത്തിന്റെ ഉള്ളിലൂടെയുള്ള ഈ കുത്തൊഴുക്കിൽ പായുമ്പോൾ എഴുത്തുകാരന്റെ കഴിവിൽ അത്‌ഭുതം തോന്നും.
ഒരു താളമുണ്ട് ഈ കഥക്ക് ,സംഗീതത്തിലെന്നപോലെ പതിഞ്ഞ സ്ഥായിയൽ തുടങ്ങി ദൃതതാളത്തിലെത്തി കമ്പനം ചെയ്ത് മരണ സമയത്തെ ഹൃദയമിടിപ്പിന്റെ നേർരേഖ പോലെ അവസാനിക്കുന്നു!
ആൺകുട്ടിയാണ് കഥ പറയുന്നതെന്നാണ് ഞാനാദ്യം വിചാരിച്ചത്. പകുതിയെത്തിയപ്പാൾ പെറ്റിക്കോട്ട് ശരിയാക്കിയിടുന്ന രംഗം വന്നപ്പോൾ മനസ്സിലായി മകളാണെന്ന്. അപ്പച്ചി ചാരുകസേരയിൽ കിടന്ന് കാരക്ക ഉപ്പിലിട്ടത് കോപ്പയിൽ കൈയിട്ട് , ആഴ്ചപ്പതിപ്പ് വായിക്കുന്ന ,മൂക്കിൻ തുമ്പിലേക്ക് കണ്ണടതാഴ്ത്തി ,അതിക്രമിച്ച് അതിര് കടക്കുന്ന പൂച്ചയേയും കാക്കയേയും നോക്കി പേടിപ്പിച്ച് ഓടിക്കുന്ന രംഗം പോലെ ദൃശ്യാവിഷ്കാരചാരുത തിളങ്ങുന്നവരികൾ ഏറെയാണ്.
അമ്മയും ഒരു മകനും മകളുമാണ് സ്ഥിരം വീട്ടിൽ. ആന്റമാനിലാണ് അച്ഛന് ജോലി. ഇടക്ക് വരും. ഉദ്യോഗസ്ഥയായ അമ്മ, അച്ഛൻ വരുമ്പോൾ പതിനഞ്ചു ദിവസത്തെ അവധിയെടുക്കും. ആദ്യ കുറെദിവസങ്ങൾ വീട് വൃത്തിയാക്കാനാണ്. ഒരു തുള്ളി അഴുക്കോപൊടിയോ കണ്ടാൽ അച്ഛന് പ്രശ്നമാണ്. അല്ലാതെ സാധാരണ കുടുംബത്തിലെ പോലെ പ്രശ്നങളൊന്നുമില്ല. അച്ഛൻ സ്നേഹവാനല്ല എന്ന് തീരുമാനിക്കാനാവില്ല അതിനാൽ.
മാത്രവുമല്ല ഭക്ഷണം കഴിക്കുമ്പോൾ ഭാര്യയെ മൂന്നു തവണയെങ്കിലും പേര് ചൊല്ലി വിളിച്ചിരിക്കും. അടുത്തിരുത്തും. ചുടു ചുടാ കാച്ചികൊടുക്കുന്ന പപ്പടം പൊട്ടിച്ച് തിന്നുന്നതിനോടാപ്പം ഒരു നല്ല ഭർത്താവായിരിക്കേണ്ടയാൾ ചെയ്യുന്നതൊക്കെ അയാളും ചെയ്യുന്നുണ്ട്.
മക്കളെ കളിപ്പിക്കും. പഠിപ്പിക്കും. ബന്ധു ഗൃഹയാത്രകൾ...
അങ്ങനെ ഒരാൾക്കും അയാൾ കുടുംബം നോക്കിയില്ല എന്നു പരാതി പറയാൻ പറ്റാത്ത വിധം അയാൾ ജീവിക്കുന്നുണ്ട്.
ഭാര്യയാണെങ്കിലോ മിടുമിടുക്കി. വീട് മുഴുവൻ ഒറ്റക്ക് നോക്കി നടത്തും. മക്കളുടെ എല്ലാ കാര്യവും ഭംഗിയായി നോക്കും. കുട്ടികളെ സ്വയംപര്യാപ്തരാക്കി മിടുക്കരാക്കി വളർത്താൻ അവർ ശ്രമിക്കുന്നുണ്ട്.
കഥയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന മകളാണ് വില്ലാളി വീര.
അമ്മയുടെ മൊബൈൽ ലോക്ക് സീക്രറ്റ് കോഡ് ഒക്കെ അവൾ മനസ്സിലാക്കി വെച്ചിട്ടുണ്ട്. പക്ഷേ അമ്മക്ക് സംശയം തോന്നാതിരിക്കാൻ ഇടക്കിടക്ക് ഗെയിം കളിക്കാനെന്ന ഭാവത്തിൽ അമ്മയെ കൊണ്ടു തന്നെ ലോക്ക് തുറപ്പിക്കും. അതിനിടയിൽ മെസേജോ ഫോണോ വന്നാൽ അമ്മക്ക് ആകെ വെപ്രാളമാണ്. അമ്മക്ക് രണ്ട് എഫ് ബി അക്കൗണ്ടുണ്ട്. ഒന്നിൽ കുടുംബ ഫോട്ടോകൾ മറ്റു വ്യക്തിവിശേഷങൾ. മറ്റേ അക്കൗണ്ടിൽ ചെറുകവിതകൾ കുറിപ്പുകൾ. തന്റെ സർഗലോകം പ്രകടമാക്കുന്ന സ്ഥലം .
എന്തായാലും അച്ഛനുള്ളപ്പോൾ അമ്മ കാതുസൂത്രം ഉപയോഗിക്കില്ല. എത്രചിട്ടപ്പടി കുടുംബിനിയാകാമോ അത്രയും ആയി അവൾ വിലസും. ഇടക്കെപ്പോഴോ ഫോണിൽ അടക്കിപ്പിടിച്ച് ആരോടോ പറയും 'എന്റെ കൂട്ടുസേ എനിക്ക് പറ്റാത്തോണ്ടല്ലേ ? 'അച്ഛനോട് കളിച്ച് ചിരിച്ച് സംസാരിക്കുന്ന അമ്മ,അച്ഛൻ പോകാൻ കാത്തിരിക്കും മൂളിപ്പാട്ടുമായി ഫോണെടുത്ത് സ്വതന്ത്രമായി ജീവിക്കാൻ.
അപ്പോൾ അത്ര പേടിയില്ലാതെ വിളി തുടങ്ങും "കൂട്ടൂസേ... "
അപ്പച്ചിയുടെ മരണ ശേഷം അച്ഛൻ മതിൽ വീണ്ടും പൊക്കി കുപ്പിച്ചില്ല് വെച്ചു. സിറ്റൌട്ട് ഗ്രില്ലിട്ടു .വാതിലുകൾക്ക് ഇരുമ്പു പട്ട വെപ്പിച്ചു. ഇതൊക്കെ കഴിഞ്ഞാണ് അച്ഛൻ പോയത്. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ അച്ഛൻ വീണ്ടുംവന്നപ്പോൾ അമ്മയും മക്കളും പരിഭ്രാന്തരായി. ഓടി നടന്ന് വീട് വൃത്തിയാക്കി. വീട്ടിൽ പട്ടിയെയും വാങ്ങി. താമസിയാതെ cctvക്കാർ എത്തി. വീടിനുള്ളിലും പുറത്തും മുക്കും മൂലയും കാണാൻ കാമറകൾ ഘടിപ്പിച്ചു.
ആന്റമാനിലിരിക്കുന്ന അച്ഛന്റെ ഫോണിൽ വീടും വീട്ടുകാരും ലൈവായി തെളിയും. ഇനി എന്റെ ഭാര്യയെയും കുട്ടികളെയും ആർക്കും ഉപദ്രവിക്കാനാവില്ല .വീട്ടിൽ നാഥനില്ലാത്ത അവസ്ഥ പാടില്ലല്ലോ!
അച്ഛനില്ലാത്തപ്പോൾ വീട് വൃത്തിയാക്കൽ പരിപാടി റദ്ദ് ചെയ്തിരുന്ന അമ്മക്ക് എന്നും അതൊക്കെ ചെയ്തേ പറ്റൂ. മതിൽ ചാടി പൂച്ച അകത്തു കയറിയത് അച്ഛൻ വിളിച്ചു പറഞ്ഞാണ് അമ്മ അറിഞ്ഞത്. ടെക്സ്റ്റയിൽ ഷോപ്പിൽ ഉടുപ്പിച്ചു നിർത്തിയ പാവയാണ് താനെന്ന് അമ്മ കുട്ടുസിനോട് സങ്കടം പറയുന്നത് അവൾ കേട്ടു..
പക്ഷേ പിന്നീട് കുട്ടൂസിന്റെ കോളുകൾ അമ്മ എടുക്കാതായി. ബോബി എന്ന പട്ടി വീട്ടിലെ ഒരു ആളെപ്പോലെയായി. ബോബിക്കസുഖം വന്നതറിഞ്ഞ് അച്ഛൻ ഭ്രാന്തനെപ്പോലെ അമ്മയെ ചീത്ത പറഞ്ഞു .അപ്പച്ചിയെ കൊന്ന പോലെ ഇവനേം കൊല്ലുമോന്നായിരുന്നു അലർച്ച.
പിന്നീട് അമ്മ കിടപ്പുമുറിയിൽ നിന്ന് പുറത്തേക്കിറങ്ങാതായി. ഓഫീസിൽ പോകില്ല. ബൈക്കിൽ പറക്കുന്ന അമ്മയെ മകൾ സ്നേഹത്തോടെ ഓർത്തു...
ക്യാമറയിൽ മുഖം പെടാതിരിക്കാൻ അമ്മ വീട്ടിനുള്ളിലും കുട ഉപയോഗിച്ചു. പണ്ട് കഴിച്ചിരുന്ന ഗുളിക കഴിക്കാൻ അച്ഛനപ്പോൾ സ്നേഹപൂർവം നിർബന്ധിച്ചു. മരുന്നു തുടങ്ങിയതോടെ അമ്മക്ക് നീരുവന്നു മുഖം വീർത്തു. എപ്പോഴും ഉറക്കമായി. വിരൽ നഖങ്ങൾ വളർന്നു വികൃതമായി .നഖം മകൾ വെട്ടിയ പ്പോൾ അറ്റം മുറിഞ്ഞ് ചോര വന്നു. ചോര കണ്ട് അമ്മ പൊട്ടിച്ചിരിച്ചു. ചോരനക്കി കുടിച്ചു.. മകൾ പേടിച്ചരണ്ടു. അപ്പോഴാണ് മകൾ ഓർത്തത്. രാത്രികാലത്ത് മീനുകളെ വിരൽതട്ടിയുണർത്തി അമ്മ പതിയെ വിളിച്ചിരുന്ന കുട്ടൂസേ എന്നു വിളികൾ. അയാൾ അമ്മയെ ഒന്നു വിളിച്ചിരുന്നെങ്കിൽ അമ്മ സാധാരണ നിലയിലായേനെ എന്നവൾക്ക് തോന്നി. അപ്പോഴാണ് അവൾ അമ്മയുടെ ഫോണെടുത്ത് കുട്ടൂസ് എന്ന പേര് സർച്ച് ചെയ്തെടുത്തത് - അവൾ വിളിച്ചു.
എന്റെ മോളൂസേ എന്ന മറുപടിയുടെ തണുപ്പിൽ അവൾ ഫോൺ വേഗം വെച്ചു. തിരികെ വന്ന കാളിൽ അവൾ പറഞ്ഞു മകളാണ് എന്ന്. അവൾക്ക് നേരത്തെ അറിയാം തന്റെ വീട്ടിലെ ഏറ്റവും ചെറിയ കാര്യം പോലും അറിയുന്നയാളാണ് ഈ കൂട്ടൂസെന്ന്.
അതുകൊണ്ട് മകൾ എന്നു പറഞ്ഞപ്പോൾ ആർദ്ര എന്നയാൾ പേര് പറഞ്ഞപ്പോൾ അവൾക്കതിശയം തോന്നിയില്ല. എന്നു മാത്രമല്ല അയാളുടെ പതിഞ്ഞ ശബ്ദത്തിലെ ആർദ്രേ..വിളി അവൾക്ക് വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു.
അമ്മ ഒരു ഭ്രാന്തിയെപ്പോലെ മുറിക്കുള്ളിൽ കഴിഞ്ഞു.. അമ്മയുടെ ഫോണിൽ അമ്മ നിന്ന അതേ സ്ഥാനത്ത് അക്വേറിയത്തിനരുകിൽ നിന്ന് അവൾ, മകൾ ,കുട്ടൂസിനെ വിളിച്ചു. വീണ്ടും വിളിക്കാതിരിക്കാനായില്ല അവൾക്ക്. കുട്ടൂസേ എന്ന് അവൾ അമ്മ വിളിക്കുന്ന പോലെ അവൾ വിളിച്ചു. മോളൂസല്ലേ എന്ന് സംശയത്തോടെ അയാൾ വീണ്ടും ചോദിച്ചു. ഭാനൂ എനിക്ക് നിന്നെ കണ്ടേ പറ്റൂ എന്ന് അയാൾ പറഞ്ഞപ്പോൾ ആർദ്ര നിശ്ചലയായി നിന്നു.
വീഡിയോ വിളിക്ക് ഭാനു.. എന്ന് അയാൾ വീണ്ടും... അവൾ വീഡിയോ കാൾ അക്വേറിയക്കാഴ്ച്ചക്കായി നൽകി.
ഭാനൂ മുഖമൊന്നുകാട്ടൂ.. അയാളുടെ കരച്ചിൽ പോലുള്ള വാക്കുകൾ. അമ്മയുടെ ഫോണിന്റെ സ്ക്രീനിൽ വസ്ത്രം ഉരിയുന്ന അയാളുടെ വിരലുകൾ. എന്റെ മോളുസേ എന്ന വിറവിളിയിൽ പേടിച്ച്, ഭാനു എന്ന അമ്മയുടെ കാതുസൂത്രം മകൾ ആർദ്രയുടെകയ്യിൽ നിന്ന് അക്വേറിയത്തിലെ വെള്ളത്തിലേക്ക്..
അഴുക്ക് തിന്നുന്ന സക്കറിന്റെ പിടച്ചിൽ അക്വേറിയത്തിനുള്ളിൽ തുടർന്നു.
ഇത്രയും പറഞ്ഞെന്നു വെച്ച് ഞാൻ മുഴുവൻകഥയും പറഞ്ഞുവെന്ന് നിങ്ങൾ ധരിക്കണ്ട. ചുറ്റും അരികില്ലാത്ത അപകടകാരികളായ കിണർ വഴിയിൽ ഉള്ളതു പോലെ അവരവർനോക്കിക്കണ്ടു മുന്നോട്ട് നീങ്ങാനായി തോന്നുന്ന കഥയാണിത് .വേറെ ആരുടെ വശത്തു നിന്നു പറഞ്ഞാലും ഇത് പറഞ്ഞൊപ്പിക്കാനാവുമായിരുന്നില്ല !
ഈ കഥ വായിച്ച്, സ്ത്രീയെ, ഭാര്യയെ, കുടുംബിനിയെ, വീട്ടമ്മയെ നന്നാക്കാനിറങ്ങുന്നവരായിരിക്കും കൂടുതലും.
മൂല്യങ്ങൾ നഷ്ടപ്പെട്ടതും മൊബൈലിന്റെ ദുരുപയോഗവും ഒക്കെ ചർച്ച ചെയ്ത് സ്ത്രീയെ എങനെ വരുതിയിൽ നിർത്താം എന്നു ചിന്തിക്കുന്നവരുമുണ്ടാകും. എന്നാൽ രണ്ടുമ്മയും മൂന്ന് പാചക പുകഴ്ത്തലും നാലു യാത്രയും അല്ല ഒരു സ്ത്രീയെ സ്ത്രിയാക്കുന്നതെന്ന്... .
അപ്പോൾ പിന്നെ ചോദിക്കാം രതിയാണോ പെണ്ണിനെ പെണ്ണാക്കുന്നതെന്ന്. അവിടെയാണ് ഈ കഥ വ്യത്യസ്തമാകുന്നത് പുരുഷ ലൈംഗികതയാണ് അതേക്കുറിച്ച് ഒന്നും പറയാതെ ഇവിടെ പറയുന്നത്. എല്ലാ ഓട്ടപ്പാച്ചിലുകൾക്കിടയിലും ഒരു ഓമന പേര് ചൊല്ലി വിളിക്കാൻ ദൂരെയെങ്കിലും ഒരാൾ എന്നതാണ് ഭ്രാന്തിയാകാതെ ഒരു പെണ്ണിനെ പലപ്പോഴും പിടിച്ചു നിർത്തുന്നത്.
അതിൽ കാമം കാണുന്ന പുരുഷൻ അവനാവശ്യമുള്ളത് അവളിൽ തേടുക തന്നെ ചെയ്യും.
പക്ഷേ ഇന്നും ഒരു വിളിപ്പേര് കേൾക്കാനാകാതെ ഭ്രാന്താവസ്ഥയിലാകുന്നത് ഒരു.. സ്ത്രീ തന്നെയായിരിക്കും..
ഞാനിത്രയും പറഞ്ഞത് ഈ കഥ ഫ്രാൻസിസ് നൊറോണയുടെ ഏറ്റവും നല്ല കഥ ആയതു കൊണ്ടല്ല. ആണിനും പെണ്ണിനും ഇളക്കി പ്രതിഷ്ഠിക്കാൻ ഒരു ജീവിത സന്ദർഭം ഇതിലുണ്ടെന്ന് തോന്നിയതുകൊണ്ടാണ്.സദാ cctvകണ്ണിൽ കൂടി മാത്രം, സ്നേഹവും സുരക്ഷയും കൊടുക്കുന്നവർ ഒന്നുനിൽക്കുക! I felt like reading a madhavikkutty story! All the best dear writer!
English Summary : Writer Thanuja Bhattathiri on Francis Noronha's short story - Kathusoothram