ADVERTISEMENT

വ്യാഴവട്ടങ്ങൾ പത്തെണ്ണമാകുമ്പോഴും ജീവൻ തുടിക്കുന്നുണ്ട് ഇന്ത്യയിൽ ആദ്യമായി ആലേഖനം ചെയ്യപ്പെട്ട സ്ത്രീശബ്ദത്തിന്. ‘ഞാൻ ഗൗഹർ ജാൻ’ എന്ന് മധുരമായി പറഞ്ഞാണ് ആദ്യഗാനം മുതൽ പിന്നീടിങ്ങോട്ട് അറുന്നൂറോളം പാട്ടുകൾ അവർ പാടിപ്പതിപ്പിച്ചത്. സ്വന്തം സ്വരശുദ്ധിയുടെമേൽ ആത്മവിശ്വാസംകൊണ്ട് കൈയൊപ്പു ചാർത്താനായിരിക്കാം അവർ അങ്ങനെ ചെയ്തത്. പക്ഷേ അതിനിടെ അവർക്ക് ജീവിതത്തിന്റെ താളം തെറ്റിയിരുന്നു.

 

അസംഗഡിൽ ജനിച്ച ഏയ്ഞ്ചലീന യോവാർഡിൽനിന്ന് ഗൗഹർ ജാനിലേക്കുള്ള മാറ്റം പാടിത്തെറ്റിച്ചൊരു പാട്ടു പോലെയാണെന്നു പറയാം.

 

ഡ്രൈ ഐസ് ഫാക്ടറിയിലെ എൻജിനീയറായിരുന്ന വില്യം റോബർട്ട് യോവാർഡ് എന്ന അർമേനിയക്കാരന്റെയും പാതി ഇന്ത്യക്കാരിയായ ഭാര്യ വിക്ടോറിയയുടെയും പുത്രിയായിരുന്നു ഏയ്ഞ്ചലീന. ഇന്ത്യയിൽ ജനിച്ചതുകൊണ്ടും അമ്മവഴിക്കും പൗരത്വപട്ടികയിൽ ഇടംകിട്ടിയ കുട്ടി.

 

അച്ഛനുപേക്ഷിച്ചുപോയതോടെ ഏയ്ഞ്ചലീന ഗായികയും നർത്തകിയുമായ അമ്മ വിക്ടോറിയുടെ തണലിലായി. കലാകാരിയായ വിക്ടോറിയയെ മനസ്സിലാക്കി സ്നേഹിച്ച ഖുർഷിദിനൊപ്പം കലാകേന്ദ്രമായ ബനാറസിലേക്ക് അവർ കുടിയേറി. ഏഴുവയസ്സുകാരി ഏയ്ഞ്ചലീന പിന്നീടങ്ങോട്ട് ഗൗഹർ ജാനായി വളരുകയായിരുന്നു.

 

ബനാറസിലെത്തിയ വിക്ടോറിയ ഗായികയായും കഥക് നർത്തകിയായും ഏറെ പേരെടുത്തു. അമ്മയുടെ പ്രശസ്തിയും സാമ്പത്തിക ഭദ്രതയും മകളുടെ വളർച്ചയ്ക്കും കരുത്തേകി. പിന്നീടവർ കൽക്കട്ടയിലേക്കു താമസം മാറി. ഏതെങ്കിലും പ്രഭുസഭയിലെ നർത്തകിയായി ഒതുങ്ങിത്തീരാതെ ഗൗഹർ കലയുടെ പടവുകൾ കയറി ഉയരങ്ങൾ കീഴടക്കി.

 

ഹിന്ദുസ്ഥാനി സംഗീതം, ബംഗാളി കീർത്തനങ്ങൾ, രബീന്ദ്ര സംഗീതം, കഥക് എന്നിവയൊക്കെ ഗൗഹറിന് അനായാസം വഴങ്ങി. ഹംദം എന്ന പേരിൽ ഗസലുകളെഴുതുകയും ചെയ്തിരുന്നു അവർ.

 

1911 ൽ ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണത്തോട് അനുബന്ധിച്ച് ഡൽഹി ദർബാറിൽ നടന്ന ചടങ്ങുകളിൽ ക്ഷണിക്കപ്പെട്ട ഗായികയായി ഗൗഹർ തിളങ്ങി.

 

ഇന്ത്യയിൽ ആദ്യമായി ഗാനങ്ങൾ റെക്കോർഡ് ചെയ്തത് 1902 ൽ ഗ്രാമഫോൺ എന്ന കമ്പനിയാണ്. ജോഗിയ രാഗത്തിൽ, ഗൗഹറിന്റെ സ്വരത്തിൽ ഒരു ഖയാൽ ആ ആദ്യ റെക്കോർഡിങ്ങിൽ ഉൾപ്പെട്ടു. പിന്നീട് പത്തിലേറെ ഭാഷകളിൽ അറുന്നൂറിലേറെ പാട്ടുകൾ ഗൗഹറിന്റേതായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 

 

ഇന്ത്യയുടെ ഗ്രാമഫോൺ രാജ്ഞി, ഇന്ത്യയിലെ ആദ്യത്തെ പോപ് സ്റ്റാർ എന്നൊക്കെ അറിയപ്പെട്ടിരുന്നു ഗൗഹർ ജാൻ. മൂവായിരം രൂപയായിരുന്നു ഒരു റെക്കോർഡിങ്ങിന് അക്കാലത്തു വാങ്ങിയിരുന്ന പ്രതിഫലം എന്നതുമാത്രം മതി അവരുടെ പ്രശസ്തിക്കു സാക്ഷ്യം. 

 

ഓരോ റെക്കോർഡിലെയും പാട്ടുകൾ തീരുന്നത് ‘മൈ നെയിം ഈസ് ഗൗഹർ ജാൻ’ എന്നു വശ്യമായി പറഞ്ഞു കൊണ്ടാണ്. 2018 ൽ ഇറങ്ങിയ, വിക്രം സമ്പത്ത് എഴുതിയ, ഗൗഹർ ജാന്റെ ജീവചരിത്രത്തിന്റെ പേരും ‘മൈ നെയിം ഈസ് ഗൗഹർ ജാൻ’ എന്നാണ്.

 

കലകളുടെ ഈ റാണി സ്വതന്ത്ര ഇന്ത്യക്കായുള്ള സമരങ്ങളിലും സംഭാവന നൽകിയിട്ടുണ്ട്. തനിക്കറിയാവുന്ന വിദ്യയിലൂടെ ആർജ്ജിച്ച ധനം അവർ അതിലേക്കായി നൽകി. ഗാന്ധിജി ആവശ്യപ്പെട്ടതനുസരിച്ച് ധനസമാഹരണത്തിനായി അവർ സംഗീത പരിപാടി നടത്തി. ഒരൊറ്റ നിബന്ധനയേ അവർ മുന്നോട്ടു വച്ചുള്ളൂ, ഗാന്ധിജി തന്റെ സംഗീതം സദസ്സിലിരുന്നു കേൾക്കാൻ എത്തണമെന്ന്. അതിന് അദ്ദേഹത്തിനു കഴിഞ്ഞില്ലെങ്കിലും അവർ പാടുകയും അതു വഴി സമാഹരിച്ച തുക സമര പ്രവർത്തനങ്ങൾക്കായി കൈമാറുകയും ചെയ്തു. 

 

സാമൂഹിക നൻമയ്ക്കായി ധാരാളം ധനം ചെലവിട്ടിരുന്ന അവർ ജീവിതാവസാനം സമ്പന്നയായിരുന്നില്ല. ധൂർത്തും ധാരാളിത്തവും കുറച്ചൊന്നുമായിരുന്നില്ല ഗൗഹറിന്. ദൂരെയുള്ള സംഗീത സദസ്സുകളിൽ പോലും പങ്കെടുക്കാൻ പോയിരുന്നത് ഏറെ പരിചാരകർക്ക് ഒപ്പമാണ്. ഒരിക്കൽ ധരിച്ച വസ്ത്രമോ ആഭരണമോ പിന്നീടവർ ഉപയോഗിച്ചിട്ടില്ലത്രേ. പോരാഞ്ഞ് മുൻ ഭർത്താവിന്റെ മുതലെടുക്കലുകളും വിവാഹമോചനവും നിയമ വ്യവഹാരങ്ങളും മാനസികവും സാമ്പത്തികവുമായി അവരെ തളർത്തി.

 

ഒടുവിൽ മൈസൂർ രാജാവായ കൃഷ്ണരാജ വൊഡയാറിന്റെ കൊട്ടാരത്തിലെ ആസ്ഥാന ഗായികയായെങ്കിലും ഏറെ താമസിയാതെ അവർ മരണമടഞ്ഞു. സംഗീതമൊഴികെ മറ്റൊന്നും സ്വന്തമായില്ലായിരുന്നു അവർക്ക് ജീവിതത്തിന്റെ അവസാന നാളുകളിൽ.

 

ഇന്ത്യൻ സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും നാനാത്വത്തിലെ ഏകത്വത്തിന്, സെക്കുലർ പാരമ്പര്യത്തിന്, ഒരുപക്ഷേ ഗൗഹറായിരിക്കും ഉത്തമ ഉദാഹരണം. പിന്നോട്ടു നോക്കിയാൽ കാണുന്നവർ ഇന്ത്യക്കാരിയായ മുത്തശ്ശിയും ബ്രിട്ടിഷുകാരനായ മുത്തശ്ശനും; അതു വഴി പാതി ഇന്ത്യനായ അമ്മയും അർമേനിയൻ ക്രിസ്ത്യനായ അച്ഛനും. അമ്മയുടെ ഒപ്പം ജീവിച്ച ഖുർഷിദ് വഴി ഏയ്ഞ്ചലീന ബാല്യത്തിൽത്തന്നെ മുസ്‌ലിം മതത്തിലേക്ക് 

മാറ്റപ്പെട്ട് ഗൗഹർ ജാനായല്ലോ. പാടിയിരുന്നതിലേറെയും കൃഷ്ണ ഭക്തി നിറഞ്ഞ ഗാനങ്ങളും.

 

പൗരത്വവും ദേശസ്നേഹവും പട്ടികകളിൽ ഒതുങ്ങുന്നതല്ലാതിരുന്ന കാലത്തെ പാട്ടിന്റെ ജീവൻ ആയിരുന്നു ഗൗഹർ.

 

English Summary : Gauhar Jaan - India's first ever recorded artist

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com