ഫ്ലിപ്കാർട്ടിന്റെ വളർച്ച, ബൻസാൽമാരുടെ വീഴ്ച: കോർപറേറ്റ് ത്രില്ലറായി ബിഗ് ബില്യൻ സ്റ്റാർട്ട്അപ്
2018 മേയ് മാസം, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സ്റ്റാർട്ട് അപ്പ് ആയ ഫ്ലിപ്കാർട്ടിനെ 16 ബില്യൻ ഡോളറിന് സ്വന്തമാക്കാൻ അമേരിക്കൻ റീട്ടെയിൽ ഭീമൻ വാൾമാർട്ട് തീരുമാനിച്ചു. അത് ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നായിരുന്നു. ഇത്രയേറെ പണം മുടക്കി ഒരു കമ്പനിയെ വാൾമാർട്ട്
2018 മേയ് മാസം, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സ്റ്റാർട്ട് അപ്പ് ആയ ഫ്ലിപ്കാർട്ടിനെ 16 ബില്യൻ ഡോളറിന് സ്വന്തമാക്കാൻ അമേരിക്കൻ റീട്ടെയിൽ ഭീമൻ വാൾമാർട്ട് തീരുമാനിച്ചു. അത് ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നായിരുന്നു. ഇത്രയേറെ പണം മുടക്കി ഒരു കമ്പനിയെ വാൾമാർട്ട്
2018 മേയ് മാസം, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സ്റ്റാർട്ട് അപ്പ് ആയ ഫ്ലിപ്കാർട്ടിനെ 16 ബില്യൻ ഡോളറിന് സ്വന്തമാക്കാൻ അമേരിക്കൻ റീട്ടെയിൽ ഭീമൻ വാൾമാർട്ട് തീരുമാനിച്ചു. അത് ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നായിരുന്നു. ഇത്രയേറെ പണം മുടക്കി ഒരു കമ്പനിയെ വാൾമാർട്ട്
2018 മേയ് മാസം, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സ്റ്റാർട്ട് അപ്പ് ആയ ഫ്ലിപ്കാർട്ടിനെ 16 ബില്യൻ ഡോളറിന് സ്വന്തമാക്കാൻ അമേരിക്കൻ റീട്ടെയിൽ ഭീമൻ വാൾമാർട്ട് തീരുമാനിച്ചു. അത് ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നായിരുന്നു. ഇത്രയേറെ പണം മുടക്കി ഒരു കമ്പനിയെ വാൾമാർട്ട് വാങ്ങുന്നതും ആദ്യം. ബെംഗളൂരുവിലെ ഒരു ചെറിയ മുറിയിൽ ആരംഭിച്ച ഫ്ലിപ്കാർട്ടിന്റെ വിജയയാത്രയിലെ ചരിത്ര മുഹൂർത്തമായിരുന്നു അത്. കോറമംഗലയിലെ ഫ്ലിപ്കാർട്ട് ഓഫിസിൽ ജീവനക്കാരും നിക്ഷേപകരും ഈ നേട്ടം മതിമറന്ന് ആഘോഷിച്ചു.
കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ സത്യാസ് ബാറിലെ അരണ്ടവെളിച്ചത്തിൽ നിശ്ശബ്ദനായി ഇരിക്കുകയായിരുന്നു ഈ സമയം ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകൻ സച്ചിൻ ബൻസാൽ. അയാളുടെ മുഖം നിരാശയിൽ മുങ്ങിയിരിക്കുന്നു. എപ്പോഴും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോ സഹപ്രവർത്തകരോ ഇപ്പോൾ അയാൾക്കൊപ്പമില്ല. രാജ്യത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട സംരംഭകരിൽ ഒരാളായ സച്ചിന്റെ സ്വപ്നം പാതിവഴിയിൽ അവസാനിച്ചിരിക്കുന്നു. ഫ്ലിപ്കാർട്ടിന്റെ ആദ്യനാളുകളിൽ പതിവായി എത്തിയിരുന്ന സത്യാസിൽ സച്ചിനെ വീണ്ടുമെത്തിച്ചത് ആ തിരിച്ചറിവാകാം.
ഫ്ലിപ്കാർട്ടും വാൾമാർട്ടുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോൾത്തന്നെ സച്ചിനെ കമ്പനിയിൽനിന്ന് പുറത്താക്കുന്നതിനുള്ള അണിയറ നീക്കങ്ങളും ആരംഭിച്ചിരുന്നു. വാൾമാർട്ട് ഫ്ലിപ്കാർട്ടിലെ ഏറ്റവും വലിയ നിക്ഷേപകൻ ആകുന്നതോടെ സിഇഒ സ്ഥാനത്തേക്കു തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു സച്ചിൻ. അതു സാധിച്ചില്ലെന്ന് മാത്രമല്ല, എന്നെന്നേക്കുമായി ഫ്ലിപ്കാർട്ടിന്റെ പടിയിറങ്ങേണ്ടി വരുകയും ചെയ്തു.
അടുത്തത് ബിന്നി ബൻസാലിന്റെ ഊഴമായിരുന്നു. ലൈംഗിക ആരോപണത്തിൽ കുടുങ്ങിയ ബിന്നി ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ, ബോർഡ് ചെയർമാൻ സ്ഥാനങ്ങളിൽനിന്ന് രാജിവച്ചു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിന് ഫ്ലിപ്കാർട്ടിൽനിന്ന് മാറിനിൽക്കാൻ മാസങ്ങൾക്കു മുമ്പ് ബിന്നി തീരുമാനിച്ചിരുന്നു. എന്നാൽ സച്ചിൻ പുറത്താകുമെന്ന് ഉറപ്പായതോടെ ബിന്നി തീരുമാനം മാറ്റി. ഇതിനിടെയാണ് ഫ്ലിപ്കാർട്ടിലെ മുൻ ജീവനക്കാരി പരാതിയുമായി രംഗത്തുവരുന്നത്.
ബെംഗളൂരുവിലെ താമസസ്ഥലത്ത് സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാരംഭിച്ച ഫ്ലിപ്കാർട്ട് അതിന്റെ വളർച്ചയുടെ നിർണ്ണായക ഘട്ടത്തിലെത്തിയപ്പോൾ സ്ഥാപകർ രണ്ടുപേരും എങ്ങനെ പുറത്തായി? തങ്ങളുടെ പിഴവുകളാണോ അവരെ ചതിച്ചത്? അധികാര വടംവലിയിൽ അവർക്ക് തന്ത്രങ്ങൾ പിഴച്ചോ?
പത്രപ്രവർത്തകനായ മിഹിർ ദലാൽ രചിച്ച് മാക്മില്ലൻ ഇന്ത്യ പ്രസിദ്ധീകരിച്ച ‘ബിഗ് ബില്യൻ സ്റ്റാർട്ട്അപ്– ദി അൺടോൾഡ് ഫ്ലിപ്കാർട്ട് സ്റ്റോറി’ ഇതിൽ പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നുണ്ട്. ഫ്ലിപ്കാർട്ടിന്റെ തുടക്കം മുതൽ സച്ചിനും ബിന്നിയും പുറത്താകുന്നതു വരെയുള്ള സംഭവവികാസങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇന്ത്യയിലെ സ്റ്റാർട്ട്അപ്പുകളെയും ഇന്റർനെറ്റ് കമ്പനികളെയും കുറിച്ചും ഫ്ലിപ്കാർട്ട് അവയെ എങ്ങനെ സ്വാധീനിച്ചുവെന്നും പുസ്തകം പരിശോധിക്കുന്നു.
ആമസോണിൽ ചിറകുമുളച്ച സ്വപ്നം
ഡൽഹി ഐഐടിയിൽ നിന്ന് കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം നേടിയ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ഔദ്യോഗിക ജീവിതം ആരംഭിച്ചത് ഇന്ത്യയുടെ സിലിക്കൺവാലിയായ ബെംഗളൂരുവിലാണ്. ടെക്ക്സ്പാൻ എന്ന കമ്പനിയിലായിരുന്നു സച്ചിന് ജോലി. ഇന്ത്യയിൽ ആമസോൺ പ്രവർത്തനം ആരംഭിച്ച സമയമായിരുന്നു അത്. അധികം വൈകാതെ ടെക്ക്സ്പാനിൽനിന്ന് സച്ചിൻ ആമസോണിന്റെ എ9 സെർച്ച് എൻജിൻ പ്രോജക്ടിൽ ചേർന്നു. അമേരിക്കൻ കമ്പനിയായ സർനോഫ് കോർപ്പറേഷനിലായിരുന്നു ബിന്നി ബൻസാലിന്റെ തുടക്കം. സമപ്രായക്കാരായ ഐഐടിയന്മാരുടെ സംഗമങ്ങളിൽ സച്ചിനും ബിന്നിയും കാണാറുണ്ടായിരുന്നു. അതിനപ്പുറമൊരു പരിചയമോ സൗഹൃദമോ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. ഇതിനിടെ ബിന്നിക്കും ആമസോണിൽ ജോലി ലഭിച്ചു.
ആമസോണിന്റെ ഇന്ത്യയിലെ ആദ്യ ദിനങ്ങൾ അത്ര സുഖകരമായിരുന്നില്ല. എ9 സെർച്ച് എൻജിൻ പ്രോജക്ട് മുന്നോട്ടു പോകാതെ വന്നതോടെ ആമസോണിൽനിന്ന് എൻജിനീയർമാർ കൂട്ടത്തോടെ പടിയിറങ്ങി. ഇവരിൽ പലരും അറിയപ്പെടുന്ന സംരംഭകരായി. സ്വന്തം സംരംഭമെന്ന ലക്ഷ്യത്തോടെ സച്ചിനും ആമസോണിനോടു വിട പറഞ്ഞു. പിന്നീട് ബിന്നി സച്ചിനൊപ്പം ചേരുകയായിരുന്നു. 2007 ഒക്ടോബറിൽ ഫ്ലിപ്കാർട്ട് പ്രവർത്തനം ആരംഭിച്ചു. സച്ചിന്റെയും ബിന്നിയുടെയും സമ്പാദ്യത്തിൽ നിന്നെടുത്ത നാലു ലക്ഷം രൂപയായിരുന്നു ഫ്ലിപ്കാർട്ടിന്റെ ആദ്യ മൂലധനം. സച്ചിൻ കമ്പനിയുടെ സിഇഒയും ബിന്നി സിഒഒയുമായി ചുമതലയേറ്റു.
ബുക്കുകൾ വിറ്റുകൊണ്ടായിരുന്നു ഫ്ലിപ്കാർട്ടിന്റെ തുടക്കം. പുസ്തകങ്ങളുടെ വൻശേഖരം, കുറഞ്ഞ വില, ഉപഭോക്താക്കളുടെ സംതൃപ്തി എന്നിവയായിരുന്നു ഫ്ലിപ്കാർട്ടിന്റെ മുഖമുദ്ര. കുറഞ്ഞകാലം കൊണ്ട് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാൻ ഫ്ലിപ്കാർട്ടിന് കഴിഞ്ഞു. കമ്പനി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ പണം കണ്ടെത്തുകയായിരുന്നു സച്ചിന്റെയും ബിന്നിയുടെയും മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. നിക്ഷേപത്തിനായി അവർ പല വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളെയും സമീപിച്ചെങ്കിലും ഇന്റർനെറ്റ് കമ്പനികൾക്ക് ഭാവിയില്ലെന്നായിരുന്നു അവരുടെ നിലപാട്.
വരുന്നു, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളിലെ ’കടുവ’
അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ടൈഗർ ഗ്ലോബലിലെ ഫണ്ട് മാനേജർ ലീ ഫിക്സലിന്റെ ശ്രദ്ധയിൽ ഇതിനോടകം ഫ്ലിപ്കാർട്ട് പെട്ടിരുന്നു. ലീ പലതവണ സച്ചിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അദ്ദേഹം ഇതിനായി ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ സർവീസിൽ ബന്ധപ്പെടുക പോലും ചെയ്തു. ആരോ തങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നു കരുതിയ സച്ചിനും ബിന്നിയും ലീയുടെ കോൾ ഗൗരവമായി എടുത്തില്ല. ഇതോടെ സച്ചിനോടും ബിന്നിയോടും ചർച്ച നടത്താൻ ലീ ഫിക്സൽ മേക്ക് മൈ ട്രിപ്പിന്റെ സ്ഥാപകനും സിഇഒ യുമായ ദീപ് കർളയെ ചുമതലപ്പെടുത്തി. ചർച്ചകൾക്കൊടുവിൽ ലീ ഫ്ലിപ്കാർട്ടിൽ 9 മില്യൻ ഡോളർ നിക്ഷേപിച്ചു. ഫ്ലിപ്കാർട്ടിന്റെ വളർച്ചയുടെ കഥ ഇവിടെ തുടങ്ങുന്നു.
പുസ്തകങ്ങൾക്കു പുറമേ ഇലകട്രോണിക് ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയും വിൽക്കാൻ ഫ്ലിപ്കാർട്ട് തീരുമാനിച്ചു. ഓരോ ദിവസവും പുതിയ വിഭാഗങ്ങളിൽ സാധനങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. വിൽപന കുതിച്ചുയർന്നുകൊണ്ടിരുന്നു. ഇതോടെ മറ്റു പല സ്ഥാപനങ്ങളും ഫ്ളിപ്കാർട്ടിൽ നിക്ഷേപം നടത്താൻ തയാറായി. ഒറ്റമുറിയിൽനിന്ന് ഫ്ലിപ്കാർട്ട് പുതിയ ഓഫിസിലേക്കു മാറി.
സച്ചിനും ബിന്നിക്കും ഇടയിലെ പരസ്പര ധാരണയും വിശ്വാസവുമായിരുന്നു ഫ്ലിപ്കാർട്ടിന്റെ വിജയഘടകങ്ങളിൽ ഒന്ന്. ഫ്ലിപ്കാർട്ടിനെ 100 ബില്യൻ ഡോളർ മൂല്യമുള്ള കമ്പനിയായി വളർത്തണമെന്നായിരുന്നു സച്ചിന്റെ ആഗ്രഹം. സച്ചിന്റെ ലക്ഷ്യത്തിന് ബിന്നി എല്ലാവിധ പിന്തുണയും നൽകി.
പുതിയ അധികാര കേന്ദ്രമായി കല്യാൺ
ഫ്ലിപ്കാർട്ട് നിയമപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയത്ത് കമ്പനിയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി എന്ന നിലയിലാണ് കല്യാൺ കൃഷ്ണമൂർത്തിയുടെ വരവ്. ടൈഗർ ഗ്ലോബലിലെ ജീവനക്കാരനായിരുന്ന കല്യാൺ ലീ ഫിക്സലിന്റെ തീരുമാനപ്രകാരമാണ് ഫ്ലിപ്കാർട്ടിൽ ചേരുന്നത്. പ്രോക്ടർ & ഗ്യാംബിൾ, ഇ–ബേ മുതലായ കമ്പനികളിൽ വെന്നിക്കൊടി പാറിച്ച ചരിത്രമുള്ള കല്യാൺ ഫ്ലിപ്കാർട്ടിനു മുതൽക്കൂട്ടാകുമെന്ന് ലീക്ക് അറിയാമായിരുന്നു.
ഫ്ലിപ്കാർട്ടിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നതിനാൽ കല്യാണിന് കമ്പനിയെക്കുറിച്ച് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. സച്ചിനും ബിന്നിയും സന്തോഷത്തോടെ കല്യാണിനെ സ്വാഗതം ചെയ്തു. അധികം വൈകാതെ കല്യാൺ ഫ്ലിപ്കാർട്ടിൽ പുതിയൊരു അധികാര കേന്ദ്രമായി വളർന്നു. ഇതോടെ കല്യാൺ സച്ചിന്റെ കണ്ണിലെ കരടായി മാറി. എന്നാൽ ബിന്നിയുമായി നല്ല ബന്ധം സൂക്ഷിക്കാൻ കല്യാൺ കൃഷ്ണമൂർത്തിക്കു കഴിഞ്ഞു.
ഫ്ലിപ്കാർട്ടിൽ കല്യാൺ എടുത്ത തീരുമാനങ്ങളെല്ലാം വിജയമായി മാറി. ഇതോടെ സച്ചിനെ പോലും ചോദ്യം ചെയ്യാൻ കഴിയുന്ന നിലയിലേക്ക് കല്യാൺ വളർന്നു. ഫ്ലിപ്കാർട്ട് വളരുന്നതിന് അനുസരിച്ച് സച്ചിന്റെ കമ്പനിയിലെ വ്യക്തിബന്ധങ്ങൾ മോശമായിക്കൊണ്ടിരുന്നു. സച്ചിനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നിമിത്തം പലരും ഫ്ലിപ്കാർട്ട് വിട്ടു. സച്ചിൻ ഫ്ലിപ്കാർട്ടിൽ നടപ്പിലാക്കിയ ഏകപക്ഷീയമായ പല തീരുമാനങ്ങളും തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്നു. ഇവയെല്ലാം കല്യാൺ കൃഷ്ണമൂർത്തിക്കു ഗുണകരമായി.
സച്ചിനും കല്യാണും തമ്മിലുള്ള വടംവലി ശക്തമായി നടക്കുന്നതിനിടെയാണ് ബിഗ് ബില്യൻ സെയിൽ എന്ന പേരിൽ ഫ്ലിപ്കാർട്ട് കച്ചവട മാമാങ്കം സംഘടിപ്പിക്കുന്നത്. സച്ചിന്റെ ആശയമായിരുന്നു ബിഗ് ബില്യൻ സെയിൽ. ഇതിന്റെ ചുമതല കല്യാണിനായിരുന്നു. സെയിൽ തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ഫ്ലിപ്കാർട്ടിന്റെ സൈറ്റ് നിശ്ചലമായി. ഇതിന്റെ പഴി കല്യാണിന്റെ മേൽ കെട്ടിവച്ച് അദ്ദേഹത്തെ ഫ്ലിപ്കാർട്ടിൽ നിന്നൊഴിവാക്കാൻ സച്ചിനു സാധിച്ചു.
ഇതിനിടെ സച്ചിൻ കമ്പനിയുടെ സിഇഒ സ്ഥാനം ബിന്നി ബൻസാലിന് കൈമാറി. ഈ സമയം ആയപ്പോഴേക്കും സച്ചിനും ബിന്നിയും തമ്മിലുള്ള ബന്ധത്തിലും വിള്ളലുകൾ വീണു തുടങ്ങിയിരുന്നു. ചെലവു കുറച്ച് കമ്പനിയെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിനാണ് ബിന്നി പ്രഥമ പരിഗണന നൽകിയത്. ഇതിനായി കൈക്കൊണ്ട നടപടികൾ ഫ്ലിപ്കാർട്ടിന്റെ വിൽപനയെ ബാധിച്ചു. ആമസോണിൽ നിന്നുള്ള കടുത്ത മത്സരം കൂടിയായപ്പോൾ ഫ്ലിപ്കാർട്ട് ഇന്ത്യൻ ഇ–കൊമേഴ്സ് വിപണിയിൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്ന സ്ഥിതി വന്നു. നിക്ഷേപകരെ സംബന്ധിച്ച് ഇതു ചിന്തിക്കാൻ പോലും കഴിയാത്ത തിരിച്ചടിയാണ്, പ്രത്യേകിച്ച് ലീ ഫ്ക്സലിന്. കാരണം അദ്ദേഹം അത്രയേറെ തുക ഫ്ലിപ്കാർട്ടിൽ നിക്ഷേപിച്ചു കഴിഞ്ഞു. ഫ്ലിപ്കാർട്ടിനെ ഒന്നാം സ്ഥാനത്തു നിർത്തുകയെന്ന ചുമതല ഏൽപ്പിച്ച് ലീ കല്യാൺ കൃഷ്ണമൂർത്തിയെ വീണ്ടും ബെംഗളൂരുവിലേക്ക് അയച്ചു. ഈ വരവിൽ കല്യാൺ കൂടുതൽ ശക്തനായിരുന്നു.
കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന സച്ചിൻ ബിന്നിയുടെ പിന്തുണയോടെ കല്യാണിന്റെ വരവിനെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഫ്ലിപ്കാർട്ടിൽ ‘കല്യാൺ രാജ്’ ആയിരുന്നു. ബിന്നിയുമായി നല്ല ബന്ധം സൂക്ഷിച്ച കല്യാണിന് ഒരിക്കൽ പോലും സച്ചിനുമായി ഒത്തുപോകാൻ കഴിഞ്ഞില്ല. സച്ചിൻ– കല്യാൺ ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ലീഡർഷിപ്പ് കോച്ച് ജിം കൊച്ചാൽക്കയെ ചുമതലപ്പെടുത്തിയെങ്കിലും ഇവരുടെ ബന്ധത്തിൽ കാര്യമായ മാറ്റം വരുത്താൻ അദ്ദേഹത്തിനും കഴിഞ്ഞില്ല.
ഡയറക്ടർ ബോർഡ് യോഗങ്ങളിൽ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ സ്ഥാനത്തേക്കു മടങ്ങി വരാനുള്ള ആഗ്രഹം സച്ചിൻ പിന്നീടു പല തവണ പ്രകടിപ്പിച്ചെങ്കിലും അതിന് കാര്യമായ പിന്തുണ കിട്ടിയില്ല. കാരണം സച്ചിനെക്കാൾ ഫ്ലിപ്കാർട്ടിന് ആവശ്യം കല്യാൺ കൃഷ്ണമൂർത്തിയെയാണെന്ന് നിക്ഷേപകർ വിശ്വസിച്ചു. പിന്നീട് വാൾമാർട്ടും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ബിന്നിയുടെ പുറത്താകലിനു ശേഷം ഫ്ലിപ്കാർട്ടിന്റെ സിഇഒ സ്ഥാനത്തേക്ക് കല്യാൺ കൃഷ്ണമൂർത്തി നിയമിക്കപ്പെട്ടു. ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.
ഫ്ലിപ്കാർട്ട് നൽകുന്ന പാഠം എന്താണ്? നൂതന ആശയവും അർപ്പണബോധവും ഉണ്ടെങ്കിൽ ഒരു ബില്യൻ ഡോളർ കമ്പനി വളർത്തിയെടുക്കാൻ കഴിയുമെന്ന സന്ദേശം മാത്രമല്ല അത്. തീരുമാനങ്ങളിലെ പിഴവുകൾക്ക് വലിയ വില നൽകേണ്ടി വരുമെന്ന പാഠം കൂടിയാണ് ഫ്ലിപ്കാർട്ടിന്റെ ഇതുവരെയുള്ള നാൾവഴി നമ്മോട് പറയുന്നത്. അതുകൊണ്ടുതന്നെ സ്വന്തമായൊരു സംരംഭം എന്ന സ്വപ്നമുള്ള എല്ലാവർക്കും മിഹിർ ദലാലിന്റെ ബിഗ് ബില്യൻ സ്റ്റാർട്ട് അപ്പ് നല്ലൊരു പാഠപുസ്തകമായിരിക്കും.
English Summary : Big Billion Startup, The Untold Flipkart Story By Mihir Dalal