ഷേവ് ചെയ്യാത്ത അച്ഛന്റെ മുഖത്തു വെയിൽ കൊള്ളുന്നത് അടക്കം, അച്ഛനെക്കുറിച്ചുള്ള രവിയുടെ ഓർമകളെല്ലാം എപ്പോഴും മനസ്സുരുക്കും

ഷേവ് ചെയ്യാത്ത അച്ഛന്റെ മുഖത്തു വെയിൽ കൊള്ളുന്നത് അടക്കം, അച്ഛനെക്കുറിച്ചുള്ള രവിയുടെ ഓർമകളെല്ലാം എപ്പോഴും മനസ്സുരുക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷേവ് ചെയ്യാത്ത അച്ഛന്റെ മുഖത്തു വെയിൽ കൊള്ളുന്നത് അടക്കം, അച്ഛനെക്കുറിച്ചുള്ള രവിയുടെ ഓർമകളെല്ലാം എപ്പോഴും മനസ്സുരുക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖസാക്കിന്റെ ഇതിഹാസം ആദ്യ വായന പരാജയമായിരുന്നു. 1980കളുടെ പകുതിയിൽ സ്കൂൾ വിദ്യാർഥിയായിരിക്കേ, ഒരു ബന്ധു തന്ന സമ്മാനമാണ്. ‘നീ തല്ലിപ്പൊളി ഡിറ്റക്ടീവ് നോവലുകൾ വായിക്കുന്നതു നിർത്തണം’ എന്ന ഉപദേശത്തോടെ. ഖസാക്ക് ആദ്യ വാക്യം തന്നെ എനിക്ക് അപരിചിതമായിരുന്നു. അതിലെ ആഖ്യാനരീതിയും സംഭാഷണങ്ങളും അന്നു തീരെ വഴങ്ങിയില്ല.‘അരയാലിലകളിൽ ഒരു പതിഞ്ഞ കാറ്റുവീശി’എന്നതു പോലെയുള്ള ചില വാക്യങ്ങൾ മനസ്സിൽ വീണു. പക്ഷേ വായന പാതിവഴിക്കു നിലച്ചു.

 

ADVERTISEMENT

ഇതിൽ അദ്ഭുതപ്പെടാനില്ല. ചില നല്ല നോവലുകൾ ആദ്യം നിങ്ങളെ മടുപ്പിക്കും. നിങ്ങൾ ആ നോവലിലേക്കു ചെല്ലണമെന്നാഗ്രഹിച്ചാലും കഴിയില്ല. പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ഒ.വി. വിജയന്റെ രാഷ്ട്രീയ ലേഖനങ്ങൾ വാരികകളിൽ വരുന്നതു പതിവായി വായിച്ചു. ഒരു ദിവസം അറക്കുളം കോളജിലെ ലൈബ്രറിയിൽ ഇരിക്കെ, ഖസാക്കിന്റെ ഇതിഹാസം വേറൊരാൾ അവിടെയിരുന്നു വായിക്കുന്നതു കണ്ടു. ആ പുസ്തകം വാങ്ങി മറിച്ചു നോക്കി. ‘ഒരുച്ചത്തണലിലെവിടെയോ രവിയുടെ ഓർമകൾ തുടങ്ങുന്നു’ എന്ന വാക്യം കണ്ടു. അതെനിക്ക് ഇഷ്ടമായി. അന്നു സന്ധ്യക്കു പുഴയിൽ കുളിക്കാൻ പോയപ്പോൾ അതേ വാക്യം ഞാൻ വെള്ളത്തിൽ കിടന്ന് ഓർത്തു.

 

ഒ.വി വിജയൻ

തൊട്ടടുത്ത ദിവസം ഞാൻ ഖസാക്ക് വീണ്ടും വായിച്ചുതുടങ്ങി. രവി, ആശ്രമത്തിലെ അന്തേവാസിനിയുടെ കൂടെക്കിടന്നിട്ടാണു കൂമൻകാവിലേക്കു ബസ് കേറിയതെന്ന കാര്യം അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. നോവലിലെ നാട്ടുഭാഷ പിന്നെയും എന്നെ തടസ്സപ്പെടുത്തിയെങ്കിലും അതിലെല്ലാം, വായനക്കാരെ തനിച്ചാക്കുന്ന ഒരു ലയം ഉണ്ടെന്ന് എനിക്കു ബോധ്യമായി. രണ്ടാം വായന പൂർണമാക്കിയെങ്കിലും നോവൽ അനുഭവം ദുരൂഹമായിരുന്നു. എന്തായിരുന്നു രവിയുടെ പ്രശ്നം എന്ന് എനിക്കു മനസ്സിലായില്ല. അത് അസ്തിത്വ വേദനയാണെന്നു പറഞ്ഞുകേട്ടതല്ലാതെ.

 

ADVERTISEMENT

ഖസാക്കിലെ മൈമുനയും നൈസാമലിയും അപ്പുക്കിളിയും എന്നെ ആകർഷിച്ചു. രവി ഏതു പെണ്ണിന്റെ കൂടെയും കിടക്കുമെന്ന് എന്റെ ഒരു കൂട്ടുകാരൻ അക്കാലത്തു പറയുമായിരുന്നു. അത് ആദ്യം കേട്ടപ്പോൾ, പെണ്ണുങ്ങൾ മുലകൾ മറയ്ക്കാതെ ഞാറു നടാൻ നിർബന്ധിതരാകുന്ന പീഡനത്തിന്റെ കഥ മാധവൻനായർ പറയുമ്പോൾ, രവി പറഞ്ഞ മറുപടിയാണ് എനിക്കു നാവിൽ വന്നത്–നല്ലതല്ലേ ! നൈസാമലിയെക്കുറിച്ചുള്ള എല്ലാ വാക്യങ്ങളും എനിക്കന്നു മനോഹരമായി തോന്നി. ലോക്കപ്പിൽ കിടന്നു പൊതിരെ തല്ലുകൊണ്ടശേഷം പൊലീസ് ഇൻസ്പെക്ടറുമായി നടത്തുന്ന സംഭാഷണം മനസിലാക്കിയെടുക്കാൻ അന്നു കുറെ കഷ്ടപ്പെട്ടെങ്കിലും നൈസാമലിയുടെ മടങ്ങിവരവ് കോരിത്തരിപ്പു പകർന്നു.

 

‘‘ ചെതലിയുടെ കൊടുമുടിയിൽ നൈസാമലി നടന്നു. ഒരു ചെരിവിൽ, വിള ചീഞ്ഞുപോയ കളമക്കണ്ടം പോലെ കാട്ടുതേനാട്ടികൾ താഴോട്ടു പടർന്നുപോകുന്നു. കാറ്റും മഴയും കാലവുമരുമ്പിപ്പോയ മേൽമുടിപ്പാറ കമാനവും കൊത്തളവും മിനാരവുമായിത്തീർന്നിരുന്നു. ആ പാറയുടെ ഗർഭത്തിലെവിടെയോ സയ്യിദ് മിയാൻ ഷെയ്ഖിന്റെ അസ്ഥികൾ വിശ്രമം കൊണ്ടു. മിനാരങ്ങളിൽ, കമാനങ്ങളിൽ, മലയുടെ മാറ്റൊലിയിൽ, മിയാൻ ഷെയ്ഖിന്റെ പ്രേതം നടമാടി..’’

 

ഒ.വി വിജയൻ
ADVERTISEMENT

ഞാൻ കോളജിൽ പഠിക്കുന്ന കാലത്ത് എഴുത്തുകാരാൻ മോഹിക്കുന്ന മിക്കവാറും പേർ അനുകരിച്ചത് ഒന്നുകിൽ എംടിയെ. അല്ലെങ്കിൽ വിജയനെ. മലയാളമെഴുത്തിൽ ആ സ്വാധീനം ശക്തമായിരുന്നു. സാഹിത്യത്തിൽ മാത്രമല്ല നമ്മുടെ ലിറ്ററി ജേണലിസത്തിലും അതു പടർന്നു. അതിനു പുറത്തു കടന്നു ഭാവനയും എഴുത്തുമുണ്ടാക്കുക 90കൾ നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു.

 

“ചൂടു നഷ്ടപ്പെട്ട വെയില്. കരിമ്പനകളുെട സീൽക്കാരം. എന്താണു മനസ്സിലൂടെ കടന്നുപോയത്? കരുണ, ആസക്തി, നീരസം, ക്രൂരമായ ജിജ്ഞാസ, കൃതാർത്ഥത-എന്തായിരുന്നു അത്?”, ഇമ്മട്ടിലുള്ള എഴുത്തിൽ വശീകരിക്കപ്പെടാതെ ആർക്കും മുന്നോട്ടു പോകാൻ ആവില്ലായിരുന്നു. ‘പ്രവാചകന്റെ വഴി’ ഖണ്ഡശ പ്രസിദ്ധീകരിക്കുമ്പോൾ അത് ആഴ്ച തോറും കാത്തിരുന്നു വായിച്ചു. അതു പല വായനക്കാരെയും നിരാശപ്പെടുത്തി. കാരണം  വായനക്കാർ ഖസാക്കിൽ തന്നെ നിൽക്കുകയായിരുന്നു. ഖസാക്കു വിട്ടുപോന്ന വിജയൻ ആകട്ടെ ആ പരിസരത്തേക്കു പിന്നീടൊരിക്കലും ചെന്നില്ല. 

 

വിജയനു സംഭവിച്ച പരിണാമങ്ങളിൽ അദ്ദേഹത്തെ പിന്തുടർന്നവർ അന്തം വിട്ടു. ഖസാക്കു വിട്ടുപോരില്ലെന്നു ശഠിച്ച വായനക്കാരും അവരിൽനിന്നുണ്ടായ എഴുത്തുകാരും ഞാറ്റുപുരയിൽ തന്നെ ചുറ്റി നിന്നു. ഈ വായനക്കാർക്കു വേണ്ടി വിജയൻ പിന്നീട് ‘ഇതിഹാസത്തിന്റെ ഇതിഹാസം’ എഴുതി. വിജയനെ ഞാനേറ്റവും ഇഷ്ടപ്പെട്ടതു ധർമപുരാണത്തിലും മധുരം ഗായതിയിലുമായിരുന്നു. ഈ രണ്ടു നോവലുകളും എനിക്ക് വലിയ ആഹ്ലാദവും അഭിമാനവും നൽകിയിട്ടുണ്ട്. നിങ്ങൾ എഴുത്തിലൂടെ നിങ്ങളെ കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ അദ്ഭുതകരമായ ഇടങ്ങളിലേക്കു ചെന്നെത്താനാകുമെന്ന് എനിക്കു വിജയനിലൂടെ ബോധ്യമായതാണ്.

 

ഖസാക്ക് സമ്പൂർണമായും ഒരു ആധുനിക നോവലാണ്. എന്നാലതു വിരസമാകുന്നുമില്ല. ബ്രസീലിയൻ നോവലിസ്റ്റായ ക്ലാരിസ് ലിസ്‌പെക്ടറെ ഓർമ വരുന്നു. അവരുടേത് സമ്പൂർണമായ ആധുനികത പ്രസരിപ്പിക്കുന്ന രചനകളായിരുന്നു. എന്നാൽ ലിസ്പെക്ടർ പലയിടത്തും തീർത്തും ദുരൂഹമാണ്, വിരസമാണ്. എങ്കിലും നമുക്ക് ഇഷ്ടം തോന്നിക്കൊണ്ടേയിരിക്കും. അതേപോലെ എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’ പോലെ പലതും പിന്നീടു വിരസത ഉണർത്തിയെങ്കിലും ഖസാക്കിനു രസം കൂടിയതേയുള്ളു.എന്നുവച്ച് എന്റെ മനസ്സിൽ എപ്പോഴുമുള്ള നോവൽ അല്ല അത്. പലപ്പോഴും ഞാൻ ഖസാക്ക് മറന്നുപോയിട്ടുണ്ട്, ടി.എസ്. എലിയറ്റിനെ കവിതാവായനക്കാർ ഇടയ്ക്കു മറക്കുംപോലെ. 

 

എങ്കിലും എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ആ ഓർമകൾ തിരിച്ചുവരാറുണ്ട്. പനങ്കാട്ടിൽ ചാരായമടിച്ചു കിറുങ്ങിനിന്ന് രവി വാങ്കുവിളിക്കുന്നത്. നൈസാമലിയും രവിയുമായുള്ള ഏറ്റുമുട്ടൽ, രാജാവിന്റെ പള്ളിയിൽ മൈമുനയ്ക്കൊപ്പം വാറ്റുചാരായവും ശരീരവും പൊള്ളുന്ന ആ രാത്രിയിൽ അള്ളാപ്പിച്ച മൊല്ലാക്കയുടെ മയ്യിത്ത് കൊണ്ടുവരുന്നത്... പിന്നെ, ഷേവു ചെയ്യാത്ത അച്ഛന്റെ മുഖത്തു വെയിൽ കൊള്ളുന്നത് അടക്കം, അച്ഛനെക്കുറിച്ചുള്ള രവിയുടെ ഓർമകളെല്ലാം എപ്പോഴും മനസ്സുരുക്കും.

 

ഖസാക്ക് എനിക്കു വായനയിലെ ഏറ്റവും മികച്ച പാഠമായിരുന്നു. നോവൽ വായന ഉദാസീനമാകരുതെന്ന് എന്നെ പഠിപ്പിച്ച നോവൽ. അക്ഷമതയും ഉദാസീനതയും പ്രകടിപ്പിക്കുന്ന എല്ലാ നോവൽ വായനക്കാരെയും അതിനാൽ ഞാൻ വെറുത്തു. ഖസാക്ക് ആദ്യമെന്നെ അകറ്റിയെങ്കിലും ഞാൻ അതിലേക്കു വീണ്ടും വീണ്ടും മടങ്ങിച്ചെന്നു. എന്റെ എഴുത്തിനെ സ്വാധീനിച്ച കൃതികളുടെ കൂട്ടത്തിൽ ഖസാക്കിനെ പെടുത്താറില്ലെങ്കിലും വായനാരീതിയെ സ്വാധീനിച്ചവയിൽ തീർച്ചയായും ഉണ്ട്. കാരണം നല്ല നോവൽ പല വായനകളുടേ താണെന്നു എനിക്ക് തെളിയിക്കാൻ പറ്റുന്നതു ഖസാക്കിനെ മുന്നിൽ വച്ചാണ്. ആ കൃതിക്കു മുന്നിലെ എന്റെ പരാജയങ്ങളും വിജയങ്ങളും കൃതജ്ഞതയോടെ ഞാൻ എന്നും സ്മരിക്കും.

 

English Summary : English Summary : Web Column - Ezhuthumesha, O.V Vijayan, Khasakkinte Itihasam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT