‘ബലിച്ചോറു മടുത്തു, ബിരിയാണേൽ, വരാമെന്ന് ബലിക്കാക്ക’ എന്ന മൂന്നുവരിയായിരുന്നു വാവുബലി ദിവസത്തെ കവിത. പതിവുപോലെ നർമത്തെ ലൈക്കടിച്ചു സ്വീകരിക്കുന്നതായിരുന്നില്ല അന്നു കണ്ടത്.

‘ബലിച്ചോറു മടുത്തു, ബിരിയാണേൽ, വരാമെന്ന് ബലിക്കാക്ക’ എന്ന മൂന്നുവരിയായിരുന്നു വാവുബലി ദിവസത്തെ കവിത. പതിവുപോലെ നർമത്തെ ലൈക്കടിച്ചു സ്വീകരിക്കുന്നതായിരുന്നില്ല അന്നു കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബലിച്ചോറു മടുത്തു, ബിരിയാണേൽ, വരാമെന്ന് ബലിക്കാക്ക’ എന്ന മൂന്നുവരിയായിരുന്നു വാവുബലി ദിവസത്തെ കവിത. പതിവുപോലെ നർമത്തെ ലൈക്കടിച്ചു സ്വീകരിക്കുന്നതായിരുന്നില്ല അന്നു കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരസ്യമായി കവിത എഴുതുകയും രഹസ്യമായി പരസ്യം എഴുതുകയും ചെയ്യുന്ന കവിയാണു പരസ്യമേഖലയിൽ ജോലിയെടുക്കുന്ന ആർ. അജിത്കുമാർ. ‘കണ്ണടച്ചു വിശ്വസിച്ച കണ്ണാടി പോലും കള്ളം പറഞ്ഞു, വലം കയ്യനായ എന്നെ ഇടം കയ്യനാക്കി, വലതു കവിളിലെ മറുക് ഇടതു കവിളിലാക്കി, ഉള്ളതിനേക്കാൾ കൂടുതൽ സുന്ദരനുമാക്കി.’ എന്നു സ്വയം കളിയാക്കി വായനക്കാരെ ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന ‘കണ്ണാടി’യിലൂടെ കുറുങ്കവിതകളുടെ വിശാലലോകത്തേക്കു നമ്മെ സ്വാഗതം ചെയ്യുന്നു അജിത്. ഹൈക്കു കവിതകളിലൂടെ പ്രശസ്തനായ അജിത്തിന്റെ രണ്ടാമത്തെ കവിതാപുസ്തകമാണ് ‘ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ’. 

 

ADVERTISEMENT

സമയത്തിനു തന്നെ സമയത്തിനെത്താൻ പറ്റാത്ത കാലത്ത്, കുഞ്ചൻ നമ്പ്യാരുടെ ആക്ഷേപഹാസ്യവും സഞ്ജയന്റെ ചിന്താബന്ധുരമായ ഹാസ്യവും ആധുനിക ചാക്യാർ വികെഎന്നിന്റെ ദാർശനിക വാക് പ്രയോഗങ്ങളും കുഞ്ഞുണ്ണിക്കവിതകളുടെ കയ്യടക്കവും ചേർന്നതാണ് അജിത്തിന്റെ കവിതകളെന്നു പറയുന്നു അവതാരികയിൽ നടനും എഴുത്തുകാരനുമായ ജോയ് മാത്യു. പഴഞ്ചൊല്ലും പഴമൊഴിയും പുതിയ കാലത്തിലേക്കു വിളക്കി ചേർത്തും കാര്യങ്ങളെ മറ്റുള്ളവർ കാണാത്ത കോണിലൂടെ നോക്കിയുമാണു കവി സൃഷ്ടികൾ നടത്തുന്നത്.

ആർ. അജിത് കുമാർ

 

സമൂഹമാധ്യമമാണ് അജിത്തിന്റെ എഴുത്തുകളരി. പാരമ്പര്യങ്ങളെ മറികടന്നും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്തും ഇരട്ടത്താപ്പുകൾ തുറന്നു കാട്ടിയും കുറുങ്കവിതയുടെ കൊള്ളിയാനായപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തു. ലോകത്തിന്റെ പല ഭാഗത്തുള്ള മലയാളികൾ ലൈക്കടിച്ചും ഷെയർ ചെയ്തും പ്രോത്സാഹിപ്പിച്ചു. പേരു വയ്ക്കാതെ വരികൾ മോഷ്ടിക്കുകയും സ്വന്തം പേരിലാക്കുകയും ചെയ്തവരുണ്ട്. സമൂഹമാധ്യമങ്ങളിലെ വിവിധ പ്ലാറ്റ്ഫോമുകളിൽ കവിതകൾ പറന്നുനടന്നു. അത്രയ്ക്ക് ഇഷ്ടപ്പെട്ടതിനാലാണല്ലോ അവരെടുക്കുന്നതെന്നു കവി ആശ്വസം കൊണ്ടു.

 

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ട രചനകളുടെ സമാഹാരം എന്നു വിശേഷണത്തോടെയാണ് അജിത്തിന്റെ രണ്ടാം പുസ്തകം ഡിസി ബുക്സ് പുറത്തിറക്കിയത്. സമൂഹമാധ്യമ എഴുത്തുകൾ പുസ്തകമാക്കണമെന്നു സ്നേഹിതർ ആവശ്യപ്പെട്ടപ്പോൾ റഫീഖ് അഹമ്മദിന്റെ അവതാരികയോടെ ‘ഒറ്റത്തുള്ളിപ്പെയ്ത്ത്’ എന്ന ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചതും ഡിസിയാണ്. കവിത വായിക്കുന്നവരും കവിതാപുസ്തകം വാങ്ങുന്നവരും ആളെണ്ണത്തിൽ കുറവാണ്. എന്നിട്ടും ഡിസി ബുക്സിന്റെ ബുക് ഓഫ് ദ് ഡേ, ടോപ് സെല്ലേഴ്സ് ഓഫ് ദ് വീക്ക് വിഭാഗങ്ങളിൽ ഇടം പിടിച്ചു ‘ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ’.

ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ

 

ഒരു താരാട്ട്, ഒരു അലാറം, തിരി താഴ്‌‍ന്നാൽ, വീടിനെ ഒന്നാകെ, ഇരുട്ടിലാക്കും ഒറ്റവിളക്ക് (അമ്മ), പ്രേമത്തിന്റെയും കാമത്തിന്റെയും, ഇരു കരകൾക്കിടയിലൂടെ, നിന്നിലേക്ക് അണപൊട്ടി, ഒഴുകാൻ വെമ്പുന്ന, ഒരു പുഴയുണ്ട് എന്നിൽ (ഒഴുക്ക്), എനിക്കൊരു സെൽഫി എടുക്കണം, മൂടു കീറിയ നിക്കറിട്ട്, ഓലക്കണ്ണടയും വാച്ചുമണിഞ്ഞ്, നാടുകടത്തിയ കുന്നിറങ്ങിച്ചെല്ലുമ്പോൾ, കൊയ്ത്തുകാരിത്തമ്മകൾ കയ്യൊഴിഞ്ഞുപോയ, നടുവരമ്പിൽനിന്ന് ഒരു ഉഗ്രൻ സെൽഫി (സെൽഫി), ഒരു പ്രണയമഴയ്ക്കും, നനയ്ക്കാൻ കഴിയാഞ്ഞിട്ടും, നിനക്കെങ്ങനെ വന്നു, പ്രണയചിഹ്നത്തിന്റെ രൂപം (ചേമ്പില).

 

ADVERTISEMENT

കണി കാണുന്നെങ്കിൽ, കൊന്നയിൽ നിൽക്കുന്ന, പൂക്കളെ കണികാണണം, അല്ലെങ്കിൽ നിങ്ങൾ കാണുന്നത്, ‘കൊന്ന’ പൂക്കളെയാണ് (കണി), പെട്ടെന്ന് ചൂടായി, പെട്ടെന്ന് തണുക്കുന്ന, കരയാണ് പുരുഷൻ, പതുക്കെ ചൂടായി, പതുക്കെ തണുക്കുന്ന, കടലാണ് സ്ത്രീ (കരയും കടലും), നോട്ടുള്ളവൻ നോട്ടപ്പുള്ളിയായി, ചില്ലറയുള്ളവൻ ചില്ലറക്കാരനല്ലാതായി (നോട്ടുനിരോധനം), എന്നോളം നിന്റെ ഉടലിനെ തഴുകാൻ, ആർക്കാണ് കഴിഞ്ഞിട്ടുള്ളത്, എന്നോളം നിന്റെ സ്വകാര്യരഹസ്യങ്ങൾ ആർക്കാണ് അറിയാവുന്നത്, നിന്നെ തേച്ചുവെളുപ്പിച്ചാണ്, ഞാൻ എല്ലും തോലുമായത് (സോപ്പ്) എന്നിങ്ങനെ 250ലേറെ കവിതകളാണ് പുസ്തകത്തിലുള്ളത്.

 

മിക്കവാറും ദിവസം അജിത്തിന്റെ കവിത ഫെയ്സ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പ്രൊഫൈലിലും പേജിലുമായി പ്രത്യക്ഷപ്പെടും. ദിവസത്തിന്റെ പ്രത്യേകതയോ അന്നത്തെ വിശേഷ സംഭവമോ ഒക്കെയാകും വിഷയം. ‘ബലിച്ചോറു മടുത്തു, ബിരിയാണേൽ, വരാമെന്ന് ബലിക്കാക്ക’ എന്ന മൂന്നുവരിയായിരുന്നു വാവുബലി ദിവസത്തെ കവിത. പതിവുപോലെ നർമത്തെ ലൈക്കടിച്ചു സ്വീകരിക്കുന്നതായിരുന്നില്ല അന്നു കണ്ടത്. ‘നിന്റെ തന്തയ്ക്കും തള്ളയ്ക്കും ബിരിയാണി ബലിയിട്’ എന്ന തരത്തിൽ രൂക്ഷമായ ആക്രമണങ്ങളും വിമർശനങ്ങളും ഭീഷണികളും നേരിട്ടു.

 

‘മരണശേഷം ഞാനൊരിക്കലും ബലിക്കാക്കയായി വരില്ല, എനിക്ക് ബലിയിട്ട് ഇളിഭ്യരാവരുത്, പക്ഷേ, ഞാൻ വരും വിശപ്പായി, അന്നേരം ഒരു ഉരുള ചോറ്, കൊടുക്കാൻ കനിവുണ്ടാകണം’ എന്നും ‘ബലിയിട്ടവർ പറഞ്ഞു, മരണമാണ് സത്യം, ബലിക്കാക്ക പറഞ്ഞു, വിശപ്പാണ് സത്യം’ എന്നും എഴുതിയാണു കവി സർഗാത്മക പ്രതിരോധം തീർത്തത്. കഴിഞ്ഞ സെപ്റ്റംബറിൽ എറണാകുളം മഹാരാജാസ് കോളജിൽ ചലച്ചിത്ര താരങ്ങളായ സിജോയ് വർഗീസ്, നിരഞ്ജന അനൂപ്, സംവിധായകൻ അരുൺ ഗോപി, ജോസഫ് അന്നംകുട്ടി ജോസ്, രാംമോഹൻ പാലിയത്ത് തുടങ്ങിയവരാണു പുസ്തകം പ്രകാശനം ചെയ്തത്.

 

പ്രാണനു വേണ്ടി ഓടുന്ന മാനും, വിശപ്പടക്കാൻ പിന്തുടരുന്ന പുലിയും, മനംനൊന്ത് പ്രാർഥിക്കുകയാണ്, ആരുടെ പ്രാർഥനയാകും ദൈവം കേൾക്കുക (പ്രാർഥന) എന്ന കവിഹൃദയമാണ് വൈറലാകുമ്പോഴും അജിത്തിനെ വ്യത്യസ്തനാക്കുന്നത്. മികച്ച കവിതകൾ മാത്രമെഴുതിയവരായി ലോകത്ത് ഒരു കവിയെയും കണ്ടുമുട്ടില്ലെന്നും ഓരോ കവിതയും അതിനേക്കാൾ മികച്ചതിലേക്കുള്ള പുറപ്പെടലാണെന്നും വീരാൻകുട്ടി നിരീക്ഷിക്കുന്നു. ജീവിതത്തിലെ അസമതകളെയും അയുക്തികളെയും കവിതച്ചെമ്പിൽ തീക്കനലിട്ട് വേവിച്ച് രുചിയൂറുന്ന ദം ബിരിയാണികൾ ഇനിയുമിനിയും വിളമ്പാൻ കവിക്കു സാധിക്കട്ടെ.

 

English Summary : Biriyani Thinnunna Balikkakkakal Poem By R.Ajith Kumar