സഖാവ് പ്രശാന്ത് രാജ് എന്തിനാ ആർഭാട കല്യാണം നടത്തിയത് ? ഗംഗാധരൻ ഡോക്ടർ എന്തിനാ കന്യാദാനം നടത്തിയത്? കോട്ടയത്തുകാരൻ പ്രശാന്ത് രാജിന്റെ കല്യാണത്തിനു വന്ന മിക്കവരുടെ മനസ്സിലും ഈ ചോദ്യങ്ങളുണ്ടായിരുന്നു. സിപിഐയുടെ യുവജനവിഭാഗം എഐവൈഎഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രശാന്ത് രാജ് കല്യാണച്ചടങ്ങുകൾ ലളിതമാകണമെന്ന നയമുള്ളയാളാണ്. പക്ഷേ, തന്റെ കല്യാണം കാൻസർ രോഗബാധിതരോടുള്ള സമൂഹത്തിന്റെ മനോഭാവം മാറുന്നതായിരിക്കണം എന്ന നിർബന്ധം പ്രകാശ് രാജിനുണ്ടായിരുന്നു. അതുകൊണ്ട് ഒരു ബോധവൽക്കരണമെന്ന നിലയ്ക്കാണ് ആയിരക്കണക്കിനു പേരെ ക്ഷണിച്ചു വിവാഹം നടത്തിയത്. 

പ്രശാന്ത് രാജിന് 2001 ൽ ആണ് കടുത്ത തലവേദന തുടങ്ങുന്നത്. പിന്നെപ്പിന്നെ എണീക്കാൻ പറ്റാത്ത അവസ്ഥയിലായി. പരിശോധനയിൽ കാൻസർ ആണെന്നു കണ്ടുപിടിച്ചു. ആർസിസിയിൽ ചികിത്സതേടിയെത്തി. അസുഖം ഭേദമായി ഇനിയാണു കല്യാണക്കഥ തുടങ്ങുന്നത്. 

പ്രശാന്ത് രാജ് വൈവാഹിക പംക്തിയിൽ പരസ്യം നൽകി. കാൻസർ രോഗത്തിൽ നിന്നു പൂർണമോചിതനായ യുവാവ് വധുവിനെ തേടുന്നു. പല ആലോചനകൾ വന്നു, മുടങ്ങിപ്പോയി. അവസാനം ആലപ്പുഴയിൽ നിന്നു ബിന്ദു എന്ന യുവതി വിളിച്ചു. ബിന്ദുവിനോടു രോഗത്തിന്റെ വിവരങ്ങളെല്ലാം പറഞ്ഞു. പരസ്പരം കണ്ട് ഇഷ്ടമായി. തൽക്കാലം രോഗവിവരം വീട്ടുകാരോടു പറയേണ്ട, സാവധാനം ഞാൻ പറഞ്ഞോളാം എന്നു ബിന്ദു പറഞ്ഞു. 

ഇതിനിടയിൽ‌ പെൺവീട്ടുകാർ രോഗമുണ്ടായിരുന്ന വിവരം അന്വേഷിച്ചറിഞ്ഞു. ബിന്ദുവിനോടു കല്യാണത്തിൽ നിന്നു പിന്മാറാൻ പറഞ്ഞു. പക്ഷേ, ബിന്ദു തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. വേണ മെങ്കിൽ ആ യുവതിക്ക് ഈ കല്യാണം വേണ്ടെന്നു വയ്ക്കാനുള്ളത്ര മാനസിക അടുപ്പമേ പ്രശാന്തുമായിട്ടുണ്ടായിരുന്നുള്ളൂ. രോഗം ആർക്കും വരാം. അതൊരു കുറ്റമല്ലെന്നു മാത്രമല്ല, പ്രശാന്ത് പൂർണമായും രോഗവിമുക്തി നേടിയിട്ടുമുണ്ട്– ഇതായിരുന്നു ബിന്ദുവിന്റെ അഭിപ്രായം. അതൊരു ആശ്ചര്യകരമായ സംഭവമായി. കാരണം, പ്രണയിതാക്കൾക്കു മാത്രമേ ഇങ്ങനെ പരസ്പരം മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്നാണല്ലോ വെപ്പ്. 

അങ്ങനെ പ്രശാന്ത് രാജും ബിന്ദുവും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. ലളിതമായല്ലാതെ നാടൊട്ടുക്കു വിളിച്ച് കല്യാണം നടത്താൻ പ്രേരകമായത്  ബിന്ദുവിന്റെ തീരുമാനമാണ്. ഇതാ കാൻസർ രോഗത്തോടും രോഗികളോടുമുള്ള സമൂഹത്തിന്റെ ഭയപ്പാടിനെ ഞങ്ങൾ കല്യാണം കഴിച്ച് ഉച്ചാടനം ചെയ്യുന്നു എന്നുള്ള പ്രഖ്യാപനമായിരുന്നു. ആ വിവാഹം. അതിനാലാണ്  ആളുകളെ അറിയിച്ച് ആഘോഷപൂർവം കല്യാണം നടത്തിയത്. 

പക്ഷേ, പെൺവീട്ടുകാർ കല്യാണത്തില്‍ നിന്നു മാറി നിന്നു, അതിനാൽ ബിന്ദുവിന്റെ കൈപിടിച്ചു പ്രശാന്തിനെ ഏൽപ്പിക്കേണ്ട ചുമതല ഞാൻ നിർവഹിച്ചു. പന്ന്യൻ രവീന്ദ്രനും മറ്റു നേതാക്കളും എത്തിയ വേദിയിൽ പെൺവീട്ടുകാരുടെ അഭാവവും ബിന്ദുവിന്റെ നിർഭയത്വവും ചർച്ചയായി. 

കാൻസര്‍ ബാധിച്ചാല്‍ പിന്നെ ജീവിതമില്ല എന്നു തെറ്റിദ്ധരിച്ചു നടക്കുന്ന സൂഹത്തിന്റെ പ്രതിനിധികളാ യിരുന്നു ബിന്ദുവിന്റെ വീട്ടുകാർ. രോഗിയെ മാത്രമല്ല, രോഗത്തിൽ നിന്നു മുക്തി നേടിയവരെയും കൈപ്പാടകലെ നിർത്താറുള്ള സമൂഹത്തിന്റെ ഒരു തരം അറിവില്ലായ്മയാണ് പെൺവീട്ടുകാർ കാണിച്ചത്. ഭ്രാന്തുപിടിച്ചു വളരുന്ന കാൻസർ കോശങ്ങളെക്കാൾ വളരെപ്പെട്ടെന്നാണ് ഇത്തരം അബദ്ധധാരണകൾ  സമൂഹത്തിൽ പടർന്നു പിടിക്കുന്നത്. എന്നാൽ പുതുതലമുറ ഈ രോഗത്തെ മറ്റുള്ള അസുഖങ്ങളെപ്പോലെതന്നെ കാണുന്നു എന്നതിനുള്ള ഉദാഹരണമാണ് ബിന്ദു.

ഇരുവരും കോട്ടയത്ത് സുഖജീവിതം നയിക്കുന്നു. 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Cancer Awareness Wedding