ഏറെ ആരാധിക്കുന്ന നടന്റെ സിനിമ ആദ്യ ദിവസം തന്നെ കണ്ടതിനെക്കുറിച്ചും ഉള്ളുലച്ച കഥാപാത്രത്തെക്കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി കെ.പി സുധീര. മുരളി ഗോപി എന്ന ഇഷ്‌ട നടന്റെ അഭിനയത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അച്ഛൻ ഭരത് ഗോപിയെക്കുറിച്ചും കെ.പി സുധീര പങ്കുവച്ച ഉള്ളുതൊടുന്ന കുറിപ്പിങ്ങനെ :-

കൊടിയേറ്റം ഗോപി എന്ന് നാം വിളിക്കുന്ന അനശ്വരനായ നടന്റെ ചരമവാർഷികം കടന്നു പോയപ്പോൾ ഞാനോർത്തത് അദ്ദേഹത്തിന്റെ മകൻ മുരളി ഗോപിയെന്ന വലിയ നടനെപ്പറ്റിയാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമയും ആകാംക്ഷയോടെ കാത്തിരുന്ന് ആദ്യ ദിവസം തന്നെ കാണുന്ന ആസ്വാദകയാണ് ഞാൻ. അച്ഛന്റെ അഭിനയം എന്നെ വിസ്മയിപ്പിച്ചപ്പോൾ മകന്റെ അഭിനയം അദ്ഭുതകരമാം വിധം എന്നെ പിടിച്ചുലക്കുകയുണ്ടായി. 

ഭരത് ഗോപി

താക്കോൽ എന്ന സിനിമയും അതിലെ അത്യപൂർവമായ മുരളിയുടെ ക്ഷിപ്രകോപിയായ അച്ചൻ വേഷവും എന്റെ ആത്മാവിനെ അക്ഷരാർത്ഥത്തിൽ മുറിവേൽപിച്ചു എന്ന് പറയാം.. താക്കോലിലെ ഓരോ കഥാപാത്രവും ഗംഭീര അഭിനയമാണ് കാഴ്ചവെച്ചത്. പ്രത്യേകിച്ച് കുഴിമറ്റത്ത് ക്ലെമന്റ് എന്ന വിചിത്ര കഥാപാത്രത്തെ ആവിഷ്കരിച്ച രൺജി പണിക്കർ. മറ്റൊരു ഭാഷയിലും ശബ്ദത്തിലും അയാൾ തകർത്തഭിനയിച്ചു. ഒരേ ശബ്ദത്തിലും ഭാവത്തിലും ഉള്ളതല്ല യഥാർഥഅഭിനയം - ഇതു പോലെ സ്വന്തമായുണ്ടാക്കുന്ന സ്വരഭേദങ്ങളിലും ഭാവഭേദങ്ങളിലും പലരായി ജീവിക്കലാണ്. 

ആംബ്രോസ് വാസ് അച്ചനായ ഇന്ദ്രജിത്തിന്റെ പരിപക്വമായ അഭിനയം അത്യന്തം വിസ്മയകരമായിരുന്നു. സിനിമയിലെ ഓരോ കഥാപാത്രവും ജീവിക്കയായിരുന്നു. തിരക്കഥയും സംവിധാനവും ചെയ്ത കിരൺ പ്രഭാകറിനും മറ്റ് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

പറയാതെ പോയ വാക്കും തുറക്കാനാവാത്ത താക്കോലും. താഴില്ലാതെ താക്കോലില്ല എന്നറിയുമ്പോഴും താക്കോലിന്റെ ഒടയോനെ തേടിയുള്ള അന്വേഷണങ്ങളും ഒക്കെ ചേർന്നതാണീ സിനിമ.

ഈശ്വരാന്വേഷണത്തിന്റെ വ്യഥകളെ അതിജീവിക്കാനുള്ള ശ്രമമാണോ മോൺസിഞ്ഞോർ പൈലി എന്ന മാങ്കുന്നത്തച്ചൻ എന്ന് തോന്നിപ്പോകും. അയാളുടെ കോപത്തിന്റെ വേൽമുനകൾ ചീറി വരുമ്പോൾ അൾത്താരച്ചെറുക്കാനായി അയാളെ അനുഗമിക്കുന്ന ആംബ്രോസച്ചൻ (കൊച്ചച്ചൻ ) അപമാനത്താൽ നീറിപ്പുകയുന്നു. മോൺസിഞ്ഞോർ പൈലിയെ, കൊച്ചച്ചൻ അപ്പോൾ മോൺസ്റ്റർ പൈലി എന്ന് വിളിച്ചു പോകും. ഈ സിനിമയിലെ താക്കോൽ ഒരു പ്രതീകമാണ്. ഒരാളുടെ സ്വത്വവും വ്യക്തിത്വവും താഴിട്ട് പൂട്ടിയപ്പോൾ അയാൾ സ്വാതന്ത്ര്യത്തിന്റെ താക്കോൽ അന്വേഷിച്ച് സ്വന്തം ആത്മാവിലൂടെ അലയുകയാണ്. 

താക്കോൽ എന്ന ചിത്രത്തിലെ ഒരു രംഗം

പരുഷമായ സാഹചര്യങ്ങളിലൂടെ വേണം മനുഷ്യാത്മാവ് കൂടുതൽ ദൃഢത കൈവരിക്കേണ്ടത്. ആത്മപീഡകൾ ആംബ്രോസച്ചനെ പനിയായും അർശസായും വേട്ടയാടുന്നു. മാങ്കുന്നത്തച്ചനായി അഭിനയിച്ച മുരളീ ഗോപി ശരീരഭാഷയിലൂടെയും അംഗചേഷ്ഠകളിലൂടെയും നിസ്തുലമായ പേശീ ചലനങ്ങളിലൂടെയും അനന്യമായ ഭാവപ്പകർച്ചകളിലൂടെയും പ്രേക്ഷകനെ ആശ്ചര്യപ്പെടുത്തുന്നു.പ്രകാശ വിശുദ്ധമായ അയാളുടെ ആത്മാവ് തന്റെ സന്തത സാഹചാരിയായ കൊച്ചച്ചനെ അത്രമേൽ സ്നേഹിച്ചിരുന്നു. സ്വന്തം രക്തത്തിൽ കാലൂന്നിയാണ് മാങ്കുന്നത്തച്ചൻ നടക്കുന്നതെന്ന് തോന്നിപ്പോകും. അയാളുടെ വിശന്നു പൊരിഞ്ഞ ആത്മാവിന്റെ വേദനകൾ അതികഠിനമായ കോപത്തിലൂടെയാണ് ബഹിർഗമിക്കുക.

കണ്ണുകളിൽ അഗ്നിയും ചുണ്ടുകളിൽ കഠിന വചസുകളുമായാണ് അയാളുടെ ഇടപെടലുകൾ.അയാളും അയാളുടെ അൾത്താരച്ചെറുക്കനായ കൊച്ചച്ചനുമായി ഉടമയും അടിമയും തമ്മിലുള്ള ബന്ധമാണ്. ‘‘എന്തൊരധികാരം! ഇയാള് കർത്താവിന്റെ ചേട്ടനായിരിക്കും’’ കൊച്ചച്ചൻ ഈ വാക്കുകൾ അണപ്പല്ലിലിട്ട് ഞെരിക്കും. കുശനിക്കാരൻ എന്ത് വെച്ചുണ്ടാക്കിക്കൊടുത്താലും മാങ്കുന്നത്തച്ചൻ പന്നിയിറച്ചിക്ക് 'കുരുമുളക് പോരാ- മുട്ടയ്ക്ക് ചാറ് വെക്കുമ്പോൾ മല്ലിപ്പൊടി തൂവണം ' എന്നിങ്ങനെ ക്രോധത്തോടെ കുറ്റം പറയും. ഇടയ്ക്ക് പാത്രം തള്ളിമാറ്റുകയും വലിച്ചെറിയുകയും ചെയ്യും. കൊച്ചച്ചനെ അയാൾക്ക് സദാ കൺമുമ്പിൽ കാണണം. ഇല്ലെങ്കിൽ അയാളിലെ ഉഗ്രകോപം പൊട്ടിയൊഴുകും.

കുഴിമറ്റത്ത് ക്ലമന്റ് എന്ന ധനവാന്റെ ഒത്താശയോടെ കുടിപ്പള്ളിയിലെ സ്ഥാനമൊഴിയുന്ന വികാരിയുടെ സ്ഥാനത്തേക്ക് ആംബ്രോസച്ചൻ നിയമിതനാവുന്നു എന്നറിഞ്ഞതിൽ പിന്നെ മാങ്കുന്നത്തച്ചൻ കൊച്ചച്ചനോട് മിണ്ടാതായി. അനുവാദം ചോദിക്കാൻ ചെന്നപ്പോൾ അയാളുടെ മുഖത്തിന് നേരെ വാതിൽ വലിച്ചടച്ചു. കൊച്ചച്ചൻ വാതിൽ തട്ടി. തുറന്നില്ല. എന്നാൽ ബൈബിൾ നെഞ്ചത്ത് വെച്ച് മാങ്കുന്നത്തച്ചൻ കരയുന്ന ഉള്ളോടെ ഇരിക്കയാണ്. അയാളുടെ നെഞ്ചിന്റെ പിടച്ചിൽ കണ്ട് പ്രേക്ഷകന്റെ ഉള്ളുരുകുന്നു.കൊച്ചച്ചൻ തിരിഞ്ഞു നോക്കിയപ്പോൾ നീറുന്ന നെഞ്ചോടെ തന്നെ നോക്കി നിൽക്കുന്ന മാങ്കുന്നത്തച്ചനെ കണ്ടു അപ്പോഴും അയാൾ പിടികൊടുക്കാതെ മാറിക്കളഞ്ഞു.

അമ്മ മരിച്ചപ്പോൾ തേങ്ങുന്ന ആംബ്രോസെന്ന കൗമാരക്കാരനെ ഒരച്ഛനെപ്പോലെ ,.‘‘ വിഷമം വരുമ്പോൾ മനുഷ്യനോടല്ല, കർത്താവിനോടാണ് പറയേണ്ടത്’’ എന്നു പറഞ്ഞ് നെഞ്ചോട് ചേർത്തതും അന്നവന്റെ കയ്യിൽ കുരിശു മാല വെച്ചു കൊടുത്തതും അവനെ ആദ്യമായി സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാക്കിയതും എല്ലാം ഇരുവരുമോർത്തു. കൊച്ചച്ചന്റെ ഓരോ ചുവടും ഒരച്ഛന്റെ സ്നേഹത്തോടെ ഒരു മന്ദഹാസത്തോടെ മാങ്കുന്നത്തച്ചൻ നോക്കി നിന്നു. എന്നാലയാൾ സ്നേഹത്തിന് പകരം പ്രകടിപ്പിച്ചത് കോപമാണ്. അയാളുടെ ഉഗ്ര കോപത്തിൽ വെന്തുരുകിയ ഒരു ശുദ്ധാത്മാവായി കൊച്ചച്ചൻ. 

അവന്റെ സർഗാത്മകതയുടെ തീപ്പൊരികൾ കടലാസിലേക്ക് വാർന്നു വീഴുന്നതും അയാൾ അകമേ ആനന്ദത്തോടെ കണ്ടു നിന്നു. കൊച്ചച്ചനൊപ്പമുള്ള ഫോട്ടോ ഫ്രെയിം ചെയ്ത് രഹസ്യമായി സൂക്ഷിച്ചു. പാറയിടുക്കിലെ നീരുവ പോലെ ആ സ്നേഹം സംശുദ്ധമായിരുന്നു. വേർപെട്ടപ്പോഴാണ് മാങ്കുന്നത്തച്ചന്റെ സ്നേഹത്തിന്റെ അനശ്വര ഗീതികൾ കടലലകളായി വന്ന് കൊച്ചച്ചന്റെ നെഞ്ചിൽ മുട്ടിത്തകർന്നത്.

ഇ കഥയൊക്കെ പറയാൻ കാരണം ഇതിലെ മാങ്കുന്നത്തച്ചന്റെ ഭാവതീവ്രമായ അഭിനയത്തെ തുറന്നു കാട്ടാനാണ്. കണ്ണുകളിലെ രോഷാഗ്നിയും വാക്കുകളുടെ വാചാ മഗോചരങ്ങളായ തീക്ഷ്ണതയും നമ്മുടെ നെഞ്ചിൽ തീ കോരിയിടുന്നു.

അറുപത്തി ഒമ്പതാം വയസിൽ അച്ചന്റെ രോഗം വഷളായെന്നും രോഗത്തിന്റെ തരം കുഴപ്പമാണ് എന്നും മേത്താനി വൈദ്യൻ കൽപിച്ചപ്പോൾ ഒരു മുറിവേറ്റ സിംഹത്തെപ്പോലെ അമറുന്ന രംഗമുണ്ട് ചിത്രത്തിൽ. മഹാരോഗം പോലും ആ അജയ്യനായ മനുഷ്യന് മുമ്പിൽ തല കുമ്പിട്ടത് പോലെ! സ്നേഹം അയാൾക്ക് ബലഹീനതയല്ല, ശക്തിയാണ്.

‘‘വാതിൽ ചാരാൻ നേരമായ്,

കാലം നീളും പാതയായ്

തീരാത്ത യാത്രയായി

ഈ മൺ കുടും വേറിടാറായ് ,താക്കോൽ കളഞ്ഞു പോയി - ’’ എന്ന ഗാനത്തിലൂടെ രക്ത ദാഹിയായ അർബുദത്തിന് നേരെ ധിക്കാരപൂർവം ചുമലൊന്ന് കുടഞ്ഞ് ചെറുത്ത് നിൽക്കുന്ന മാങ്കുന്നത്തച്ചനെ കാണാം - ഇവിടെ തന്റെ അച്ഛനെ മാങ്കുന്നത്തച്ചനിലെ മുരളി ഗോപിയെന്ന അപൂർവ നടൻ വെല്ലുവിളിക്കുന്നതായി തോന്നിപ്പോകും. സിംഹത്തിന്റെ ശൗര്യവും ഉള്ളിൽ കുഞ്ഞാടിന്റെ സ്നേഹവും ഉള്ള ആജാനുബാഹുവായ ആ മനുഷ്യനെ എത്ര സ്വാഭാവികമായാണ് മുരളി അവതരിപ്പിച്ചത്!

ഏതോ സ്വപ്നത്തിന്റെ ദൃഢസ്മൃതിയല്ല ആ അച്ചൻ. എന്നാൽ മനുഷ്യൻ ആത്മബലിക്ക് തയാറാവുമ്പോൾ ഉള്ളിൽ കണ്ണീരു കൊണ്ട് തന്റെ പാപക്കറകൾ കഴുകിക്കളയുന്നു.പാപപരിഹാരബലിക്ക് ഏറ്റവും വിശുദ്ധമായ ജലം കണ്ണീരാണല്ലോ. അവിടെ ദൈവം മനുഷ്യനുമായി മേളിക്കുന്നു. ആത്മാവ് സ്വർഗവാതിലിൽ മുട്ടിവിളിക്കുമ്പോഴും അയാളുടെ പ്രാർത്ഥനകളെല്ലാം കൊച്ചച്ചന് വേണ്ടിയായിരുന്നു. മരണ വെളുമ്പിലും ഉറപ്പും ശാഠ്യവും കൈവിടാത്ത മാങ്കുന്നത്തച്ചനെ അവതരിപ്പിച്ച മുരളീ ഗോപിയുടെ കത്തിജ്വലിക്കുന്ന അഭിനയം അവിസ്മരണീയമാണ്. 

സ്വപ്നത്തിന്റെ മൂടൽമഞ്ഞിലല്ല, ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് തന്നെ പീഡിപ്പിക്കുന്ന വിഭ്രാന്തസ്വരങ്ങ ളോട് യുദ്ധം ചെയ്യുകയാണീ അച്ചൻ. ഇരുണ്ട നിഗൂഢത പോലെ ഒരു മനുഷ്യൻ! ഐഹിക ജീവിതത്തിന്റെ കെണിയിൽ പെടാതെ ഏകാന്ത പഥത്തിലൂടെ ഭയരഹിതനായി നടന്നു പോയ ആ പാതിരിയെ അവതരിപ്പിച്ച ബഹുമുഖ പ്രതിഭയായ പ്രിയപ്പെട്ട കലാകാരൻ മുരളീ ഗോപിക്ക് ആത്മാവിന്നഗാധതയിൽ നിന്നുള്ള ആശംസകൾ - അഭിനന്ദനങ്ങൾ.

English Summary : Heart Touching Facebook Post About Murali Gopi By K.P Sudheera

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT