‘എടാ ക്ടാവേ..ആരാ ഇപ്പ ശവം മറിച്ചിട്ടു നോക്കണേ നിങ്ങ ധൈര്യായിട്ടു കൊണ്ടുപോ...’
മമ്മാഞ്ഞിയുടെ കുഴിയാഴ്ച കഴിഞ്ഞതിന്റെ പിറ്റേ വെള്ളിയാഴ്ച ഞങ്ങളുടെ അടുത്തുള്ള ഒരു സ്ത്രീയുടെ മേത്ത് അവരുടെ ആത്മാവു പ്രവേശിച്ചു. ഒരു നട്ടുച്ചയ്ക്കാണ് അതു സംഭവിച്ചത്. ഞങ്ങൾ ചെല്ലുമ്പോൾ ആ സ്ത്രീ പായയിൽ കിടപ്പുണ്ട്. അമ്മയെ കണ്ടതും മമ്മാഞ്ഞിയെപ്പോലെ ചരിഞ്ഞെഴുന്നേറ്റു. വാക്കുകളിൽ ‘നീയാ നേഴ്സ് പെണ്ണമ്മയെ വിളിച്ചിരുന്നെങ്കിൽ ഞാൻ ചാകില്ലായിരുന്നുവെന്ന’ കുറ്റപ്പെടുത്തലും സങ്കടവും.
മമ്മാഞ്ഞിയുടെ അതേ സ്ലാംഗോടെയാണ് അവർ സംസാരിച്ചു കൊണ്ടിരുന്നത്. കാതിലുണ്ടായിരുന്ന കമ്മൽ ഇടക്കൊച്ചിയിലെ മകൾക്കു കൊടുക്കണമെന്നും, പേരക്കുട്ടിയെ (എന്റെ പെങ്ങളെ) ഒരു പത്തുവർഷം കൂടി വളർത്തണമെന്ന ആഗ്രഹമുണ്ടെന്നും പറഞ്ഞിട്ട് എന്റെ നേരെ തിരിഞ്ഞു. ഞാൻ പേടിച്ചു പിറകോട്ടു മാറി. മറഞ്ഞുനിന്ന എന്നെ അടുത്തേക്കു വിളിച്ചു. ‘കാൽപ്പെട്ടി നീയെടുത്തോടാ.. ആർക്കും കൊടുക്കണ്ട.’ ഞാൻ മമ്മാഞ്ഞീടെ സ്നേഹം വീണ്ടും കേട്ടു. മൂന്നര മണിയായപ്പോൾ കട്ടൻചായ ചോദിച്ചു. മമ്മാഞ്ഞി സ്ഥിരം ചായ കുടിക്കുന്ന സമയം. ചായ കുടിച്ചിട്ട് ആ സ്ത്രീ ആളുകളുടെ ഇടയിലൂടെ മുറ്റത്തേക്കു നടന്നു. പിന്നെ മമ്മാഞ്ഞി ചെയ്യാറുള്ളപോലെ തുണി പൊക്കിപ്പിടിച്ചു നിന്നു മുള്ളി.
തെക്കതിലെ റാവുത്തര് കാഞ്ഞിരപ്പലകേ തറയ്ക്കട്ടെയെന്ന് ചോദിച്ചു. ‘നീയൊരു കോപ്പിലും തറയ്ക്കണ്ട. ഞാനിതൊക്കെ പറഞ്ഞിട്ട് പോ വാൻ വന്നതാ... ഇനി വരില്ലെന്നും’ പറഞ്ഞു. അവരെ വട്ടം കറക്കി താഴെയിട്ടിട്ട് മമ്മാഞ്ഞീടെ ആത്മാവു ഭൂമിയുടെ പിടിവിട്ടു പോയി. മമ്മാഞ്ഞീടെ കുഴിക്കൽ പ്രാർഥിക്കുമ്പോൾ ഞാനീ പഴയ കാര്യങ്ങളൊക്കെ ഓർത്തു. കുഴിമാടത്തിലെ തിരി അണയാൻ തുടങ്ങുമ്പോൾ എന്നെയും വിളിച്ച് ചിറ്റപ്പൻ നടന്നു. കോൺവെന്റ് സ്ക്വയറിലുള്ള ഒരു മുന്തിയ ഹോട്ടലിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. വെള്ളക്കാരുടെ കുതിരവണ്ടികൾ ആലപ്പുഴ നിരത്തിലൂടെ പായുന്ന സമയത്ത് പെണ്ണുങ്ങളുടെ ചന്തിയിളക്കിയുള്ള ഡാൻസും പാട്ടും ഉണ്ടായിരുന്ന സ്ഥലമായിരുന്നു അത്. ചിറ്റപ്പനങ്ങനെ കുഞ്ഞുന്നാളിലെ പുകിലുകളോരോന്നും ഓർത്തെടുത്തുകൊണ്ടിരുന്നു.
അകത്തേക്കു ചെല്ലുമ്പോൾ ഇംഗ്ലീഷിലുള്ള പാട്ടു തുടങ്ങിയിരുന്നു. ഏറ്റവും പിൻനിരയിൽ മുണ്ടു പിഞ്ഞിപ്പോകുമോയെന്നു പേടിച്ച് ചിറ്റപ്പനൊപ്പം ഞാനിരുന്നു. കോട്ടും സൂട്ടുമിട്ട് മുന്നിലിരുന്നവരുടെ ഇടയിലൂടെ സ്റ്റേജിലേക്കു നോക്കി. മുറിച്ചുപങ്കിടാനുള്ള വലിയ കേക്ക് ഉയർന്ന സ്റ്റാന്റിലിരിപ്പുണ്ട്. ഫ്രോ ക്കുടുത്ത, ഡച്ച് സ്ക്വയറിലെ പെണ്ണുങ്ങളുടെ ലിപ്സ്റ്റിക്കിട്ട, ചുണ്ടുകളിലെ ചിരി ഞങ്ങളെ നോ ക്കുമ്പോഴൊക്കെ മാഞ്ഞുപോകുന്നപോലെ... റോസ്പൗഡറിട്ട അവരുടെ വിയർപ്പുപൊടിഞ്ഞ കവിളുകളും പൊക്കമുള്ള ചെരിപ്പിട്ട വെളുത്ത കാലുകളും ഇംഗ്ലീഷിന്റെ കൊഴുപ്പുമൊക്കെയായി എനിക്കും ചിറ്റപ്പനും മുണ്ടാട്ടം മുട്ടി...
‘നമുക്ക് പോയാലോ..’
ഞാൻ ചിറ്റപ്പനെ തോണ്ടി.
‘സ്കോളർഷിപ്പ്’ എന്നൊരു വാക്കിന്റെ പ്രാകൃത ഇംഗ്ലീഷ് ചിറ്റപ്പന്റെ വായീന്ന് വീണു.
‘കുറച്ചുനേരംകൂടി ഇവൻമാരുടെ ലാത്തിയടി സഹിക്ക്..’
സ്കൂൾ യൂണിഫോമിനും പൊസ്തകത്തിനുമുള്ള പൈസ കിട്ടുമെന്നോർത്ത് ഞാനിരുന്നു. പോകാൻനേരം മൂന്നു ലാർജെങ്കിലും വെള്ളം തൊടാതെ വിഴുങ്ങുന്ന കിനാവിലാവണം, ചിറ്റപ്പന്റെ കൊമ്പൻമീശ തുള്ളിക്കൊണ്ടിരുന്നു. പരിപാടി പെട്ടെന്നു തീരാൻ ഞങ്ങളങ്ങനെ നേർച്ചനോറ്റു കാത്തിരിക്കുമ്പോഴാണ് തൊട്ടുമുന്നിൽ ഫ്രോക്കുടുത്ത് വെളുത്ത തുടകാണിച്ചിരുന്നവൾക്കു സംശയം.
‘മുണ്ടുടുക്കുന്നവരെങ്ങനെയാ അങ്കിളേ ആംഗ്ലോ–ഇന്ത്യൻസ് ആവുന്നത്?’
പെണ്ണിന്റെ കിളിയൊച്ച കേട്ടവരെല്ലാം ഉച്ചത്തിൽ ചിരിച്ചു. ഞാൻ ചുറ്റിനും നോക്കി. മുണ്ടുടുത്തവരായി ഞാനും ചിറ്റപ്പനും മാത്രം. മൂടുപിഞ്ഞിയ മുണ്ടുപോലെ എന്റെ മുഖം വിളറിപ്പോയി. ഞാനെഴുന്നേറ്റു ചിറ്റപ്പന്റെ കൈക്കുപിടിച്ചു.
‘നമുക്കു പോകാം ചിറ്റപ്പാ...’
ഉള്ള് ഉലച്ചപോലെ മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നു. മരക്കൊമ്പിൽ തിളങ്ങി നിന്ന നത്താൾ നക്ഷത്രങ്ങളെല്ലാം നനഞ്ഞു കൂഞ്ഞാൻ തുടങ്ങി.. വീഞ്ഞ് വിളമ്പുന്ന വിരുന്നുഹാളിൽനിന്ന് ഞാനും ചിറ്റപ്പനും കൂടി തലകുമ്പിട്ട് പുറത്തേക്കിറങ്ങി. പൊടിപിടിച്ചു കിടന്ന റോഡിനെ കഴുകിത്തുടച്ചു കലക്ക വെള്ളം കാനയിലേക്കു കുത്തിയൊഴുകുന്ന ഒച്ച കേൾക്കാം. കേക്ക് പിളർന്ന കത്തിയുടെ തുഞ്ച് നെഞ്ചിലമർന്ന പോലൊരു നോവെന്റെ ചങ്കിനെ നീറ്റിക്കൊണ്ടിരുന്നു. വിരുന്നിലെ മുന്തിയ വീഞ്ഞുപേക്ഷിക്കേണ്ടിവന്ന ദണ്ണ ത്തോടെ കനോസകോൺവെന്റിനു മുന്നിലെ പായലുപിടിച്ച കറുമ്പിപ്പുണ്യാളത്തിയുടെ രൂപത്തിലേക്ക് ചിറ്റപ്പനൊന്നു പാളി.
‘എനിക്ക് ആംഗ്ലോ–ഇന്ത്യനാവണ്ട ചിറ്റപ്പാ...’
തൂവാനടിക്കുന്നപോലെ മഴയിൽ ചെതറിയ എന്റെ വാക്കുകൾ കേട്ട് ചാരായഷാപ്പിലേക്കു നീങ്ങിയ ചിറ്റപ്പന്റെ ലോഡുസൈക്കിളിന്റെ വെടിതീർന്നു. പെറ്റിൽകട്ട മുട്ടിയ മുട്ടിലെ നീറ്റലിൽ വയലറ്റ് മരുന്ന് പുരട്ടിത്തന്ന ആ രാത്രി മറഞ്ഞിട്ട് എത്രയോ കാലം കഴിഞ്ഞിരിക്കുന്നു. ഒരു ആംഗ്ലോ–ഇന്ത്യന്റെ ജീവിതത്തിലെ അനിവാര്യമായ മുന്തിരിച്ചാറ് അതിന്റെ എല്ലാവിധ ഭ്രമങ്ങളോടുംകൂടി എന്നെ കൊതിപ്പിച്ച് ഒരുപാടു തവണ തീൻമേശയിൽ എത്തിയിട്ടുണ്ട്. ഒരിക്കൽപോലും ഞാനതിൽ നിന്നു പാനം ചെയ്തിട്ടില്ല. നീണ്ട പതിനേഴു വർഷം ഞാൻ മുണ്ടുടുത്തു നടന്നു. ആരെങ്കിലും പേരു ചോദിച്ചാൽ നൊറോണയെന്ന വാലറ്റം ഒളിപ്പിച്ചു ഫ്രാൻസിസ് എന്ന ഒറ്റപ്പേരിലൊതുക്കും. ഡൈനിങ് ടേബിളിൽ ഫോർക്കിനു വരഞ്ഞ പാടുപോലെ അത്രമേൽ ആഴമുണ്ടായിരുന്നു ഉള്ളിനെ കീറിയ രാത്രിയുടെ കയ്പൻ ഓർമകൾക്ക്...
തല കുമ്പിട്ടിറങ്ങേണ്ടി വന്ന അന്നത്തെ ക്രിസ്തുമസ് രാത്രിക്കു ശേഷമാണ് ആലപ്പുഴയിലെ ആംഗ്ലോ–ഇന്ത്യ ൻ സമുദായം രണ്ടായി പിളരുന്നത്. മുണ്ടുടുക്കുന്ന ആംഗ്ലോ–ഇന്ത്യൻസും മുണ്ടുടുക്കാത്തവരും. രണ്ടു കൂട്ടർക്കും പ്രത്യേകം സംഘടനകളുണ്ടായി. രണ്ടുകൂട്ടരും ഒരുപോലെ പുതുവർഷപ്പുലരി ആഘോഷിച്ചു. വീഞ്ഞു കുടിച്ചു. ഗിറ്റാർ വായിച്ചു. പാട്ടുപാടി ഡാൻസ് കളിച്ചു. പപ്പാഞ്ഞിയെ കത്തിച്ചു. ലഹരി മൂത്തപ്പോൾ നല്ല മുന്തിയ ഇംഗ്ലീഷിലും നാടൻ തനിമയിലും പരസ്പരം പോരുവിളിച്ചു.
ഡച്ച് സ്ക്വയറിൽ അന്നൊരു ചാരായഷാപ്പുണ്ടായിരുന്നു. ആലപ്പുഴയിൽ എവിടെയൊക്കെ ഷാപ്പുകൾ ഉണ്ടെന്നു കൃത്യമായ അറിവുള്ള ഒരാളായിരുന്നു ചിറ്റപ്പൻ. കുടി കഴിഞ്ഞു വരുന്ന സന്ധ്യകളിൽ വഴിച്ചേരിപ്പാലത്തിനടുത്തുനിന്നു വാങ്ങുന്ന പക്കാവടയും കൊറിച്ച് നിത്യവഴുതന പടർപ്പിനു കീഴെയിരുന്ന് ലോകവിവരമുള്ള ചിറ്റപ്പൻ പഴയ ചരിത്രങ്ങളിങ്ങനെ തട്ടിവിടും...
T x D പോലെ ഒരുതരം സങ്കരയിനമാണ് നമ്മൾ. ഒന്നുകിൽ തന്ത സായിപ്പ്, തള്ള നാട്ടുകാരി.. അല്ലെങ്കിൽ തന്ത നാട്ടുകാരൻ, തള്ള മദാമ്മ. രണ്ടു രാജ്യങ്ങൾ ഉഴുതുമറിച്ചതിൽനിന്നു മുളച്ച വിത്തുകൾ. സംസാരിക്കുന്നതിനിട യിൽ നിലാവു തൊടുന്ന കൊമ്പൻമീശ തടവി ഇടയ്ക്കങ്ങനെ കുറച്ചു നേരം ഇരുട്ടിലേക്കു തുറിച്ചിരിക്കും. പിന്നെ ബീഡിത്തുമ്പിലെ ചാരം തട്ടി ഒരു പെയ്ത്തുപോലെ ചരിത്രം തുടരും.. കപ്പലിറങ്ങിവന്നവരുടെ വീറ് കത്തിയമർന്നതിനുശേഷമുള്ള കിതപ്പുപോലെയാ നമ്മുടെ തലമുറ. പേരിനറ്റത്തെ ‘നൊറോണ’ സങ്കരവിത്തിന്റെ ജനിതക അടയാളമാണെന്ന തിരിച്ചറിവ് ഉള്ളീന്നങ്ങനെ തികട്ടും.
അണിയം തകർന്ന പായ്ക്കപ്പലിൽനിന്ന് കരയിലേക്കു നോക്കുന്ന നാവികനെപ്പോലെ ചിറ്റപ്പന്റെ കണ്ണിലൊരു നനവ് നെറയും. ഒരേ കടൽപാതയിലൂടെ കടന്നുവന്നവരായിട്ടും കോട്ടിടുന്നവരുടെ കൂട്ടത്തിൽനിന്ന് മുണ്ടു ടുക്കുന്നവർ തൊട്ടുകൂടാത്ത വരായി അകറ്റപ്പെട്ടു. ഒട്ടും വേർതിരിവുകളില്ലാതെ അവരൊന്നിച്ചു കൂടിയത് ഡച്ച് സ്ക്വയറിലെ ചാരായഷാപ്പിൽ മാത്രമായിരുന്നു.
തൊപ്പാസികളും മെസ്തേന്തികളും എന്നായിരുന്നു ആദ്യകാല ആംഗ്ലോ – ഇന്ത്യൻസ് അറിയപ്പെട്ടിരുന്നത്. വിദേശീയരുടെ തണലിൽ എന്നും ആയിരിക്കാൻ ആഗ്രഹിച്ചിരുന്നവർ. എന്തിനും സായിപ്പിന്റെ തോളോടുചേർന്നവർ. അന്തോണിയോ നൊറോണ എന്നൊരു വൈസ്രോയി അധികാരത്തിന്റെ ഹുങ്കിൽ കണ്ണൂരിലെ നാൽപതിനായിരം തെങ്ങുകൾ വെട്ടിക്കളഞ്ഞ ചരിത്രം ചിറ്റപ്പൻ പറയുമ്പോൾ എന്റെ ഉള്ളു കിടുങ്ങും. ക്രൂരതയുടെ ഏതു ജീനാണ് തലമുറ കടന്ന് എന്റെ സിരയിലേക്കെത്തുക. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഏറ്റവും കൂടുതൽ അസ്വസ്ഥരായ ഒരു ജനസമൂഹം.
എക്കാലവും ഈ നാട് കൊളോണിയലിസത്തിന്റെ തണലിൽ ആയിരിക്കണമേയെന്ന് അന്തിക്കു മെഴുതിരി തെളിച്ചു പ്രാർഥിച്ചവർ. ജന്മവേരിനെ ഞാനും ചിറ്റപ്പനും കൂടി പ്രതിരോധിച്ചത് മുണ്ടുടുത്തു നടന്നുകൊണ്ടായിരുന്നു. വാരാപ്പുഴ വികേരിയത്തിൽ തദ്ദേശീയരായവരെ പാതിരിമാരാക്കാൻ വിലക്കുണ്ടായിരുന്ന കാലത്തും ആംഗ്ലോ–ഇന്ത്യൻസിനെ വൈദികരായി നിയമിച്ചിരുന്നു. മതത്തിലും അധികാരത്തിലും അവർക്കുണ്ടായിരുന്ന പ്രാധാന്യമാണ് ഇതു വെളിപ്പെടുത്തുന്നത്.
കൊളോണിയിലസത്തിനു പാദസേവ ചെയ്തവരുടെ തലമുറയ്ക്ക് അതിന്റെ നുകം അഴിഞ്ഞുപോയിട്ടും ഇന്ത്യ കൊടുത്ത അധികാരചിഹ്നത്തിന്റെ അടയാളമാണ് നിയമസഭയിലും ലോക്സഭയിലും തുടരുന്ന പ്രാതിനിധ്യം. മൗണ്ട്ബാറ്റൺ കുടുംബത്തോടുള്ള നെഹ്റുവിന്റെ കടപ്പാടിന്റെ അടയാളമാണതെന്ന് ചിറ്റപ്പൻ വെള്ളമടിക്കുമ്പോഴൊക്കെ പറയാറുണ്ട്. ഇന്ത്യൻ രക്തത്തിൽ അലിഞ്ഞുകിടന്ന ജാതീയത അതിന്റെ എല്ലാവിധ ദുർമുഖങ്ങളോടും കൂടി ഞങ്ങളുടെ സങ്കരതലമുറയിലേക്കും സംക്രമിച്ചിട്ടുണ്ട്. തൊലിവെളുപ്പും പൂച്ചക്കണ്ണുമൊക്കെയായി കലർപ്പിലും ശുദ്ധതയുടെ മഹിമ വർണ്ണിക്കുന്ന വെളുത്ത ആംഗ്ലോ–ഇന്ത്യൻസും. തനി നാടൻ കണ്ണും ഇരുട്ടു നിറഞ്ഞ ജീവിതവുമായി കറുത്ത ആംഗ്ലോ–ഇന്ത്യൻസും.
കപ്പലിറങ്ങിയ പൂർവികർ ഇവിടത്തെ ഉന്നതകുലജാതരായ സ്ത്രീകളെ വേളികഴിച്ചുണ്ടായ തലമുറയാണ് വെളുത്തവർ. അവരുടെ വേര് ഇല്ലങ്ങളിലും കൊട്ടാരങ്ങളിലും നിന്നു തുടങ്ങുന്നു. താണവരിൽ പൂർവികർക്കു പറ്റിയ കൈയബദ്ധങ്ങളുടെ ജാരവിത്തുകളാണ് കറുത്ത ആംഗ്ലോ–ഇന്ത്യൻസ്. പാടവരമ്പിലെ ചേറിന്റെ മണമാണ് അവരുടെ വിയർപ്പിന്. വേർതിരിവിന്റെ ഈ മതിൽക്കെട്ടിനു പഴയ പോർട്ടുഗീസ് കോട്ടയോളം ഉറപ്പും ഉയരവുമുണ്ട്. അത് തകർക്കപ്പെടാനാവാതെ ഞങ്ങളെ മുറിച്ചൊരു വൻമതിലായി ഇന്നും നിലനിൽക്കുന്നു.
ആലപ്പുഴയിലെ കുന്നുമ്മയിലാണ് ഏറ്റവും കൂടുതൽ നൊറോണ ഫാമിലിയുള്ളത്. കുന്നുമ്മേൽ തിരുക്കുടുംബദേവാലയത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന സേവ്യർ നൊറോണയുടെ പിതാവ് ചെമ്പ കശ്ശേരിരാജാവിന്റെ ദ്വിഭാഷിയായിരുന്നു. രാജാവും പോർട്ടുഗീസുകാരുമായി സഖ്യത്തിലായിരുന്നതിനാൽ യുദ്ധമുറകൾ അഭ്യസിപ്പിക്കുന്നതിനു പോർട്ടുഗീസ് അറിയുന്ന ദ്വിഭാഷിയുടെ സേവനം ആവശ്യമായിരുന്നു. ദ്വിഭാഷികളുടെ തലമുറയായതിനാൽ കുന്നുമ്മയിലുള്ള നൊറോണമാരെ ‘തുപ്പായികൾ’ എന്നു വിളിച്ചിരുന്നു.
അഞ്ചാം നൂറ്റാണ്ടു മുതൽ കേരളത്തിലെ തീരത്തോടു ചേർന്ന പ്രധാന തുറമുഖരാജ്യമായിരുന്നു പുറക്കാട്. തിരുവിതാംകൂറും കൊച്ചിയും മലബാറും തമ്മിലുള്ള എല്ലാ യുദ്ധങ്ങളിലും പുറക്കാടുരാജ്യം ഏതെങ്കിലുമൊരു ചേരിയിലുണ്ടായിരുന്നു. പുറക്കാടാണ് പിന്നീട് ചെമ്പകശ്ശേരിയാകുന്നത്. പുറക്കാടു നാവികർ ഉപയോഗിച്ചിരുന്ന അടി പരന്ന വള്ളമായ ‘ചെമ്പക’യിൽനിന്നാണ് ചെമ്പകശ്ശേരി എന്ന പേര് ഉണ്ടാകുന്നത്.
ഗോവയിൽനിന്നു പുറത്താക്കിയ ഗൗഡസാരസ്വത ബ്രാഹ്മണർ 1560 ൽ പുറക്കാടെത്തിയാണ് വാണിജ്യത്തിലൂടെ അവരുടെ നഷ്ടപ്രതാപങ്ങളെ വീണ്ടെടുക്കുന്നത്. പോയിൽക്കർ നായിക്കും ബാവാ പട്ടരുമൊക്കെ അക്കാലത്തെ പ്രധാന വ്യാപാരികളായിരുന്നു. പുറക്കാട്ടാണ് നൊറോണമാർ ആദ്യം താമസിച്ചിരുന്നത്. അവിടെ പോർട്ടുഗീസ് ആധിപത്യം നഷ്ടമായപ്പോഴാണ് കുന്നുമ്മയിലേക്കെത്തുന്നത്. കുന്നുമ്മയിലെ പമ്പയാറിന്റെ ഒരുഭാഗം പുലിമുട്ടിട്ടു തടഞ്ഞ് വീടുവച്ചതിനാൽ കുന്നുമ്മയിലെ നൊറോണമാരുടെ വീട്ടുപേര് പുലി മുഖത്ത് എന്നും അറിയപ്പെട്ടിരുന്നു.
1903 ലാണ് കുന്നുമ്മയിൽ ഒരു പള്ളി പണിയുന്നത്. പള്ളിക്കു സ്ഥലം സംഭാവനയായി നൽകിയത് ഒരു ഫ്രാൻസിസ് നൊറോണയാണ്. 1927 ൽ പള്ളി പുതുക്കിപ്പണിയുന്നത് ഇഗ്നേഷ്യസ് നൊറോണയും. ആലപ്പുഴയിലെ നൊറോണ ഫാമിലിയിൽനിന്നുള്ള ആദ്യത്തെ വൈദീകൻ ഫാദർ ചാൾസ് നൊറോണയാണ്. 1890 ൽ ജനിച്ച അച്ചൻ 1916 നവംബർ 5 ന് ആണ് പട്ടം സ്വീകരിക്കുന്നത്. ആലപ്പുഴ രൂപതയിൽ നൊറോണമാരായ രണ്ടു വൈദീകർ ഇപ്പോൾ സേവനം ചെയ്യുന്നുണ്ട്. ചേർത്തല മൈനർ സെമിനാരിയിലെ ഫാദർ മാത്യൂ നൊറോണ കുന്നുമ്മ സ്വദേശിയാണ്.
എനിക്കേറെ ഇഷ്ടമുള്ള വൈദികനാണ് അദ്ദേഹം. കുന്നുമ്മ ദേശം നൊറോണമാരെ അടയാളപ്പെടുത്തുന്ന ആലപ്പുഴയിലെ ഒരിടമാണ്. സർ സിപിയുടെ കിരാത ഭരണത്തിനെതിരെ കുന്നുമ്മയിലെ ആംഗ്ലോ–ഇന്ത്യൻസ് കുരിശുമേന്തി നടത്തിയ ചരിത്രം ഇനിയും രേഖപ്പെടുത്താത്ത ഒന്നായി മറഞ്ഞുകിടക്കുന്നു. കൊച്ചിയാണ് കേരളത്തിലെ ആംഗ്ലോ – ഇന്ത്യൻസിന്റെ പുറപ്പാടു ഭൂമി. ഇവിടെനിന്നാണ് കേരളത്തിലെ മറ്റു പ്രദേശങ്ങളി ലേക്ക് അവർ കുടിയേറുന്നത്.
എന്റെ കുടുംബവേരുകൾ കൊച്ചിയിൽനിന്നാണ് തുടങ്ങുന്നത്. കമാലക്കടവിലെ ചീനവല പൊന്തുന്ന അഴിമുഖത്തു നിൽക്കുമ്പോൾ കപ്പലിറങ്ങിയ ആർത്തിയിൽ ദേശം മുഴുവൻ പറുങ്കിപ്പുണ്ണിന്റെ വിത്തുപാകാനിറങ്ങിയ തൊലിവെളുപ്പും പൂച്ചക്കണ്ണുമുള്ള പൂർവികന്റെ അഹന്ത നിറഞ്ഞ ബൂട്ടിന്റെ കനത്ത കിരുകിരുപ്പ് എനിക്കു കേൾക്കാം. മട്ടാഞ്ചേരിയിലുണ്ടായിരുന്ന ഗ്രന്ഥശാലയ്ക്ക് ദേശപ്പകയുടെ പേരിൽ തീ കൊളുത്തിയവരുടെ ശാപം നിറയുന്ന കാറ്റാണ് ചീനവല അരിച്ച് എന്റെ കാതിനെ തൊടുന്നത്.
കെട്ടിച്ചുവിട്ടാൽ പെണ്ണിന് അവളുടെ സർനെയിം (കുടുംബപ്പേര്) നഷ്ടമാകും. ചെല്ലുന്നിടം ആംഗ്ലോ–ഇന്ത്യൻ ഭവനമാണെങ്കിൽ അവിടുത്തെ സർനെയിം പേരിനോടു ചേരും.
ആംഗ്ലോ അല്ലെങ്കിൽ എന്നന്നേക്കുമായി അതങ്ങുപോകും. എന്റെ അമ്മേടപ്പൻ ഗോൺസാൽവസ് ആണ്. മൂത്തമകളെ കെട്ടിച്ചത് ഒരു ഡിസിൽവ ഫാമിലിക്ക്. രണ്ടാമത്തെ മകൾ റൂബീനയെ ഒരു മിറാൻഡയ്ക്ക്. മൂന്നാമത്തെയാൾ ആഞ്ചിലിയെ കെട്ടിയത് റൊഡ്രിഗ്സാണ്. നാലാമത്തേത് എന്റെ അമ്മച്ചി നൊറോ ണയായി. അഞ്ചാമത്തെയാളെ ഞാറയ്ക്കലുള്ള ഒരു ബോട്ടുപണിക്കാരനാണ് കെട്ടിച്ചുകൊടുത്തത്. അവരുടെ സർനെയിം സോസയാണ്. ഇളയപെൺകുട്ടി അവിവാഹിത. ഞങ്ങൾ കഴിവതും സ്വന്തം സമുദായത്തിൽ നിന്നുതന്നെ വിവാഹം കഴിക്കും. അതിന്റെ പ്രധാന കാരണം സർനെയിം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ്.
ഞാൻ വിവാഹം ചെയ്തിരിക്കുന്നത് എറണാകുളത്തെ മൂലംപിള്ളിദ്വീപിൽനിന്നാണ്. ഇവിടെ ബഹുഭൂരി പക്ഷവും ആംഗ്ലോ–ഇന്ത്യൻസാണ്. ഭാര്യയുടെ സർ നെയിം ദൗരേവ് ആണ്. വീട്ടിലൊരാൾ മരണപ്പെട്ടാൽ അതിനുശേഷം ആ വീട്ടിൽ ജനിക്കുന്ന കുട്ടിക്ക് മരിച്ചവരുടെ പേരു കൈമാറുന്ന പതിവു കൂടി ആംഗ്ലോ–ഇന്ത്യ ൻസിനുണ്ട്. എനിക്ക് ആലപ്പുഴയിലെ പപ്പാഞ്ഞിയുടെ പേരാണ് ഇട്ടിരിക്കുന്നത്.
ആംഗ്ലോ–ഇന്ത്യൻസ് എന്നു കേൾക്കുമ്പോൾ ബ്രിട്ടിഷ് ഇന്ത്യൻസ് എന്നു വിചാരിക്കുന്നവരുണ്ട്. എന്നാൽ കോളണൈസേഷന്റെ കാലത്ത് യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിൽനിന്നുമുള്ള ബന്ധത്തിൽ പിറന്ന സങ്കരവിഭാഗങ്ങളെ പൊതുവിൽ വിളിച്ചിരുന്ന പേര് യൂറേഷ്യൻസ് എന്നായിരുന്നു. പിൽക്കാലത്ത് ഇതേ സമൂഹമാണ് ആംഗ്ലോ–ഇന്ത്യൻസ് എന്നറിയപ്പെടാൻ തുടങ്ങിയതും. നൊറോണ എന്ന സർനെയിമിന്റെ ഉറവിടം തേടിപ്പോയാൽ ചെന്നെത്തുന്നത് പോർച്ചുഗലിലാണ്. അതുപോലെ തന്നെ ഓരോ സർനെയിമിലും ഓരോ രാജ്യത്തിന്റെ പതാകയുടെ നിഴൽ കാണാൻ സാധിക്കും.
രണ്ടു ഭൂപടങ്ങളുടെയും ഭാഷകളുടെയുമൊക്കെ സമ്മേളനമാണ് ആംഗ്ലോ ഇന്ത്യൻസ്. സങ്കരവിത്തുകൾ പോലെ ഒരുപാടു ഗുണങ്ങളും സവിശേഷതകളും നിറയുന്ന ഒരു സമൂഹം. കലയും സംഗീതവുമൊക്കെ സിരകളിൽ എന്നും കൊണ്ടുനടക്കുന്നവർ. ജനൽപാളി വയ്ക്കാൻ പാങ്ങില്ലാതെ തുണിക്കർട്ടനാണ് ഇടുന്നതെങ്കിലും വീടിനുള്ളിൽ മുന്തിയ ടിവിയും മ്യൂസിക് സിസ്റ്റവും എന്തു വിലകൊടുത്താണെങ്കിലും വാങ്ങുക പതിവാണ്. ഏതു തൊഴിൽമേഖലയിലായാലും പണിയെടുക്കുന്ന സമയത്ത് അതിൽ കൃത്യമായി വ്യാപൃതരാവുന്നവർ. അങ്ങേയറ്റം തൊഴിലിനോട് ആത്മാർഥത കാണിക്കുന്നവർ. സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഒട്ടുമിക്ക കുടുംബങ്ങളെയും പരിതാപകരമായ അവസ്ഥയിൽ എത്തിച്ചത്.
ആംഗ്ലോ–ഇന്ത്യൻ സ്ത്രീകളെ ചട്ടക്കാരികൾ എന്നാണ് വിളിച്ചിരു ന്നത്. പുരുഷന്മാരെ പറുങ്കിയെന്നും ചിലപ്പോഴൊക്കെ സായിപ്പേന്നും. പമ്മന്റെ ‘ചട്ടക്കാരി’ എന്ന നോവലിലാണ് മലയാള സാഹിത്യത്തിൽ ആദ്യമായി ഒരു ആംഗ്ലോ–ഇന്ത്യൻ ജീവിതം വരച്ചുകാട്ടാനുള്ള ശ്രമം നടക്കുന്നതെന്നാണ് എന്റെ പരിമിതമായ അറിവ്. പിന്നീട് ആ നോവൽ ലക്ഷ്മി നായികയായി ചലച്ചിത്രമാവുകയും ചെയ്തു. ഓർമയിൽ വരുന്ന അടുത്ത ചിത്രം കമൽ സംവിധാനം ചെയ്ത ‘ഓർക്കാപ്പുറത്ത്’ ആണ്. നെടുമുടി വേണുവും മോഹൻലാലും അപ്പനും മകനുമായുള്ള ഈ ചിത്രത്തിലും ആംഗ്ലോ–ഇന്ത്യൻ ജീവിതമാണ് പറയാൻ ശ്രമിക്കുന്നത്.
മയ്യഴിപ്പുഴയുടെ തീരങ്ങളിലും ദൈവത്തിന്റെ വികൃതികളിലും കോളണൈസേഷന്റെ അന്ത്യനാളുകളിൽ ഇന്ത്യയിൽ ഒറ്റപ്പെട്ടു പോയവരുടെ ജീവിതം പകർത്താനായിട്ടുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. സാഹിത്യത്തി ലാണെങ്കിലും സിനിമയിലാണെങ്കിലും വേണ്ടത്ര ഈ സമൂഹം കടന്നുവന്നിട്ടില്ല എന്നുതന്നെ പറയാം. ജോണി മിരാൻഡയാണ് മലയാളത്തിൽ എനിക്കു പരിചയമുള്ള ഒരു ആംഗ്ലോ – ഇന്ത്യൻ എഴുത്തുകാരൻ. ജീവിച്ചിരിക്കുന്നവർക്കൊരു ഒപ്പീസ് എന്ന അദ്ദേഹത്തിന്റെ നോവലിൽ ചൂച്ചിയും നാനയും ബുവയുമൊക്കെ നിറയുന്ന ആംഗ്ലോ – ഇന്ത്യൻ ജീവിതമാണു പറയുന്നത്.
ചൂച്ചി, നാന, മമ്മാഞ്ഞി എന്നതെല്ലാം അമ്മൂമ്മമാരെ വിളിക്കുന്ന പേരാണ്. ബുവ ആങ്ങളയെ പെങ്ങൾ സ്നേഹത്തോടെ വിളിക്കുന്നതും. ഇത്തരം ഒരുപാടു പദങ്ങൾ, വേഷങ്ങൾ, ഭക്ഷണരീതികൾ തുടങ്ങി ഒട്ടനവധി വൈവിധ്യമുള്ള ഒരു കൊച്ചുസമൂഹമാണ് ആംഗ്ലോ – ഇന്ത്യൻസ്. വീന്താലു, പെൻത്തിപീരീത്ത്, ബോള് തുടങ്ങി മലയാളിക്ക് അത്രമേൽ പരിചിതമല്ലാത്ത ഡിഷുകൾ. ഇന്ത്യ സ്വതന്ത്രമാവുമ്പോൾ ഏകദേശം മൂന്നുലക്ഷത്തോളം വരുന്ന ആംഗ്ലോ – ഇന്ത്യൻസ് ഇവിടെയുണ്ടായിരുന്നു.
കോളണിവാഴ്ച അവസാനിപ്പിച്ചു ബ്രിട്ടൻ ഇവിടംവിട്ടു പോകുന്നത് സങ്കൽപ്പിക്കാൻ പോലുമാകാതിരുന്ന ചിലർ തങ്ങൾക്കുണ്ടായിരുന്ന സ്വാധീനവും സമ്പത്തും ഉപയോഗിച്ചു അവർക്കു പിന്നാലെ കപ്പൽ കയറി. പോകാൻ നിവൃത്തിയില്ലാതിരുന്നവർ എന്നെങ്കിലും അതിനു കഴിയുമെന്ന പ്രത്യാശയോടെ കാത്തിരുന്നു. ചിലർ ഈ മണ്ണിൽ ത്തന്നെ ജീവിക്കാൻ തീരുമാനിച്ചു. അങ്ങനെ കഴിയാനാഗ്രഹിച്ചവർ ഒരുമിച്ച് ഒരു പ്രദേശത്തുതന്നെ താമസമുറപ്പിക്കാൻ ശ്രമിച്ചിരുന്നു. അപ്രകാരമാണ് കേരളത്തിലെ ചില പ്രദേശങ്ങളിൽ കൂട്ടമായി ആംഗ്ലോ – ഇന്ത്യൻസിനെ കാണുവാനുള്ള കാരണം. കൊല്ലത്തെ തങ്കശ്ശേരി, എറണാകുളത്തെ വരാപ്പുഴ. ആലപ്പുഴയിലെ കുന്നുമ്മ അങ്ങനെ കൃത്യമായി ഓരോ ജില്ലയിലും ആംഗ്ലോ – ഇന്ത്യൻസിനു ഭൂരിപക്ഷമുള്ള പ്രദേശങ്ങളുണ്ട്.
ആംഗ്ലോ – ഇന്ത്യൻസിനു മാത്രമായി പള്ളികൾ കേരളത്തിൽ കുറവാണ്. ലത്തീൻ കത്തോലിക്കരുടെ ദേവാലയങ്ങളിലാണ് ആരാധനയ്ക്കും മറ്റു കർമങ്ങൾക്കും വിശ്വാസികൾ പോകുന്നത്. പലപ്പോഴും ഞങ്ങളെ ലത്തീൻ കത്തോലിക്കരായി തെറ്റിദ്ധരിക്കാറുണ്ട്. ലത്തീൻ കത്തോലിക്കരുടെ ജീവിതവും ആംഗ്ലോ – ഇന്ത്യൻസിന്റെ ജീവിതവും വേറിട്ടതാണ്. പ്രധാനപ്പെട്ട ദേവാലയങ്ങളിൽ ഞായറാഴ്ച വൈകിട്ട് ആംഗ്ലോ – ഇന്ത്യൻസിനുവേണ്ടി ഇംഗ്ലിഷിലുള്ള കുർബാന ഉണ്ടാവും.
പൊതുവേ ചട്ടക്കാർ ഭക്തരാണ്. വീടുകളിൽ ഒന്നിച്ചുള്ള യാമപ്രാർഥനയും തുടർന്നുള്ള അത്താഴത്തിനുമാ ണ് കൂടുതൽ പ്രാധാന്യം. മാതാപിതാക്കൾക്ക് ഗുഡ്നൈറ്റ് പറഞ്ഞ് ഉമ്മ നൽകിയാണ് രാത്രി മക്കൾ ഉറങ്ങാൻ പോകുന്നത്. ബന്ധങ്ങളിലൊക്കെ കൂടുതലും സൗഹൃദമാണ് മുന്നിട്ടു നിൽക്കുന്നത്. മുതിർന്നവർക്ക് ഉമ്മ നൽകിയാണ് ബഹുമാനം അറിയിക്കുന്നത്. എത്ര ചെറിയ കുട്ടിയാണെങ്കിലും അവരുടെ അഭിപ്രായങ്ങൾക്കും കുടുംബത്തിൽ പ്രാധാന്യം നൽകാറുണ്ട്.
മമ്മിമാരാണ് വീടു നയിച്ചുകൊണ്ടു പോകുന്നത്. ഞാൻ നേരത്തേ സൂചിപ്പിച്ചതുപോലെ ഗൃഹനാഥൻമാർ ഒട്ടുമിക്കപേരും അലസരായി ജീവിതം നയിക്കുന്നവരാണ്. പടിഞ്ഞാറിനോടുള്ള കൂറ് ആംഗ്ലോ–ഇന്ത്യൻസിന്റെ ജീവിതത്തെ സമൂലം ബാധിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പാട്ടുകളോടും പാശ്ചാത്യ സിനിമകളോടുമുള്ള മമതയും ഭക്ഷണരീതികളും ഇപ്പോഴുമുണ്ട്.
ഒരു ആംഗ്ലോ – ഇന്ത്യന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം ശനിയാഴ്ച സന്ധ്യകളാണ്. ശനിയാഴ്ച വൈകിട്ടു വീട്ടിലേക്കു കയറിവരുന്ന കുടുംബനാഥന്റെ കൈയിൽ പോത്തിറച്ചിയോ പന്നിയോ താറാവോ ഉണ്ടായിരിക്കും. സഞ്ചിയിൽ കരുതലോടെ കൊണ്ടുവരുന്ന മദ്യമാണ് മറ്റൊരു പ്രധാന വസ്തു. സന്ധ്യാമണി കൊട്ടുന്നതോടെ അടുക്കള കറിക്കൂട്ടിന്റെ ചൂടിൽ തിമിർത്തു തുടങ്ങും. പച്ചമുളകും ഇഞ്ചിയും വേപ്പിലയും പട്ടയും ചേർത്ത ഇറച്ചി വെന്തുതിളയ്ക്കുമ്പോഴേ കറിപ്പീരിസിൽ കോരി കഴിക്കുന്ന പതിവുണ്ട്.
മസാലകൾചേർത്ത് പിന്നീടാണ് വഴറ്റിയെടുക്കുന്നത്. ശനിയാഴ്ച കുടിക്കുന്നതിനോടു വീട്ടിലുള്ളവർക്ക് വല്യ എതിർപ്പൊന്നും ഉണ്ടാവാറില്ല. പറ്റുമെങ്കിൽ എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കും. അടുക്കളയിൽനിന്നു പൊന്തുന്ന ഇറച്ചിമസാലകളുടെ മണവും കോലായിൽ മദ്യം പകർന്ന വീര്യത്തിൽ ഗിറ്റാറിലോ ഓർഗണിലോ മുളപൊട്ടുന്ന പാട്ടും വല്ലപ്പോഴുമൊക്കെ അൽപം കശപിശയും കണ്ണീരുമൊക്കെയായി ഞങ്ങൾ ആംഗ്ലോ ഇന്ത്യ രുടെ ജീവിതം ശനിയുടെ വരവിനെ കാത്തിരിക്കുക പതിവാണ്.
നാനമാരും ചൂച്ചിമാരും കവായയും മുണ്ടുമാണു ധരിച്ചിരുന്നത്. കേരളത്തിൽ ആംഗ്ലോ–ഇന്ത്യൻസ് മാത്രമേ ഈ വേഷം ധരിക്കാറുള്ളൂ. അന്യം നിന്നുപോകുന്ന ഒരു ഡ്രസ് കോഡാണത്. ഇതുടുക്കുന്നവർ ഇപ്പോൾ വിരളമാണ്. കവായത്തോടൊപ്പം ഉടുക്കുന്ന കള്ളിമുണ്ടിന്റെ ദൗർലഭ്യമാണ് ഒരു കാരണം. ചൂച്ചിമാർക്കുശേഷം വന്ന തലമുറ ഈ വേഷത്തോടു താൽപര്യം കാണിച്ചിരുന്നുമില്ല. ആണുങ്ങൾ പാന്റും ഷർട്ടുമാണ് ഉടുക്കുന്നത്. പ്രത്യേക ചടങ്ങുകളിൽ കോട്ടും സൂട്ടും ഗൗണുമൊക്കെ ഇപ്പോഴും ധരിക്കാറുണ്ട്. മമ്മാഞ്ഞിമാരുടെ കാലത്ത് ഒരു ആംഗ്ലോ–ഇന്ത്യൻ പെണ്ണിന്റെ കഴിവു വിലയിരുത്തിയിരുന്നത് അവൾ എത്ര നന്നായി വീഞ്ഞുണ്ടാക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു.
വീഞ്ഞ് ഒഴിച്ചു കൂടാനാവാത്ത ഒന്നായിരുന്നു. എത്ര ദാരിദ്ര്യമുള്ള വീടാണെങ്കിലും കുടുംബാംഗങ്ങളുടെ ജന്മദിനവും വിവാഹ വാർഷികവും കെങ്കേമമായി ആഘോഷിച്ചിരുന്നു. വിരുന്നുകളിൽ കേക്ക്മുറിക്കുന്നതിനൊപ്പം വീഞ്ഞു നിർബന്ധമാണ്. ഇറച്ചിക്കറി വയ്ക്കാൻ ഏറ്റവും മിടുക്കികൾ ആംഗ്ലോ–ഇന്ത്യൻ മമ്മിമാരാണ്. തങ്കക്കടലാസുകൾകൊണ്ടു ഭംഗിയായി ചിത്രപ്പണികൾ ചെയ്ത തിരുഹൃദയത്തിന്റെ ചിത്രവും തൂങ്ങപ്പെട്ട രൂപവും വീടുകളിൽ അലങ്കരിച്ചുവയ്ക്കും. രൂപത്തട്ട് എന്നാണ് ഇതിനെ വിളിക്കുന്നത്. രൂപത്തട്ടേൽ ഒരിക്കലും അണയാത്തവിധം ഒരു വിളക്കു സൂക്ഷിക്കുക പതിവുണ്ടായിരുന്നു. പണ്ടത് എണ്ണയൊഴിച്ചു കത്തിക്കുന്ന വിധത്തിലുള്ളതായിരുന്നു. ചെറിയ ചങ്ങലയിൽ കൊരുത്ത് വീടിന്റെ മച്ചിൽ കൊളുത്തി രൂപക്കൂടിനു മുന്നിൽ കെടാവിളക്ക് തൂക്കിയിട്ടിരിക്കും. ആഘോഷങ്ങളിലും പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപും രൂപത്തട്ടേൽ തിരി കത്തിച്ചു പ്രാർഥിക്കും.
ഒരു കുട്ടിയുടെമേൽ അപ്പനെക്കാൾ പ്രാധാന്യം തലതൊട്ടപ്പനാണ്. കുഞ്ഞിന്റെ മാമ്മോദീസ മുതൽ കുട്ടിയുടെ ജീവിതത്തിലെ എല്ലാ പ്രധാന ചടങ്ങുകളിലും തലതൊട്ടപ്പനും തൊട്ടമ്മയുമാണ് മുഖ്യ അതിഥികൾ. വിവാഹം, ആദ്യകുർബാന, ഒപ്രുശ്മ തുടങ്ങി സഭയുടെ കൂദാശകളിലെല്ലാം കുട്ടിക്കുവേണ്ടി തൊട്ടപ്പനാണ് മുന്നിൽ നിൽക്കുക. കല്യാണത്തിന് ആണിനു കോട്ടും സൂട്ടും പെണ്ണിനു ഗൗണും ഗ്ലൗസും മൂടുപടവുമൊക്കെ നിർബന്ധം. ഞങ്ങൾക്ക് താലിയും വിരിപ്പാവും മധുരം കിള്ളലുമൊന്നുമില്ല. ആകെയുള്ളത് വിവാഹമോതിരക്കൈമാറ്റം മാത്രമാണ്. അതു പരസ്പരം അണിഞ്ഞു കഴിഞ്ഞാൽ വധുവിന്റെ മൂടുപടം വരൻ എടുത്തുമാറ്റി പരസ്പരം ചുംബിക്കും. അതോടെ പള്ളിയിലെ ചടങ്ങുകൾ അവസാനിക്കും.
വീട്ടിൽ എത്തിയാൽ ചെക്കനും പെണ്ണിനും ഇരിക്കാനായി പ്രത്യേകം ഒരുക്കിയ മണിക്കോലം ഉണ്ടാവും. കേക്കും വൈനും നിർബന്ധമാണ്. കേക്ക് മുറിച്ച് വൈൻ ടോസ് ചെയ്യുന്നതോടെ വീട്ടിലെ ചടങ്ങും അവസാനിക്കും. എത്ര ബുദ്ധിമുട്ടാണെങ്കിലും ത്രീകോഴ്സ് ഡിന്നർ ഒരുക്കും. മണിക്കോലത്തിൽ വന്ന് മണവാളചെക്കനെയും പെണ്ണിനെയും എല്ലാവരും പരിചയപ്പെടും, സമ്മാനങ്ങൾ കൈമാറും. കല്യാണത്തിന് ഒരാഴ്ച മുന്നേ പന്തലിടും. കെട്ടുപന്തലിന്റെ കാൽനാട്ടു കർമത്തിനും പൊലിയുണ്ട് (പൈസ സംഭാവന കൊടുക്കുന്ന ചടങ്ങ്). അന്നു പിരിഞ്ഞുകിട്ടുന്ന പൊലിക്കു മദ്യം വാങ്ങി എല്ലാവരും കഴിക്കും.
കല്യാണവും മരണവുമൊക്കെ തനി പടിഞ്ഞാറൻ രീതിയിലാണ് നടത്തുന്നത്. കല്യാണത്തിന് ബ്രൈഡ്സ് മാൻ, ബ്രൈഡ്സ് ഗേൾ, ഫ്ലവർ ചിൽഡ്രൻ ഒക്കെയുണ്ടാവും. ത്രീകോഴ്സ് ഡിന്നറിനൊപ്പം മദ്യവുമുണ്ടാവും. മരണവും മരണാനന്തരചടങ്ങുകളുമാണ് ഏറ്റവും വർണാഭമായി നടത്തുന്നത്. ശവപ്പെട്ടി, കുഴിമാടം, മൃതദേഹം വഹിക്കുന്ന വാഹനം ഒക്കെ ഭംഗിയായി അലങ്കരിക്കും. ബാൻഡുണ്ടാവും. നാൽപതു ദിവസം കുഴിമാടത്തിൽ മുടങ്ങാതെ വീട്ടുകാർ പ്രാർഥിക്കും. മരിച്ചയാളിന്റെ ഫോട്ടോ ചുമരിൽ ചില്ലിട്ടു സൂക്ഷിക്കും. പ്രധാന ചടങ്ങുകളിലെല്ലാം രൂപത്തട്ടിലെ പ്രാർഥനയ്ക്കൊപ്പം മരിച്ചയാളി ന്റെ ഫോട്ടോയുടെ മുന്നിലും മൗന മായി പ്രാർഥനയുണ്ടാകും.
ദാരിദ്ര്യം പിടിച്ചവർക്ക് കോട്ടും സൂട്ടും ഗൗണുമൊക്കെ വാങ്ങുക ഭാരിച്ച െചലവാണ്. മിക്കവാറും വാടകയ്ക്ക് എടുക്കുന്ന കോട്ടും ഗൗണുമാണ് ഉടുക്കുന്നത്. മരിക്കുമ്പോഴും ഇതേ വേഷത്തിൽ കിടത്തണം. അപ്പോഴാണ് ശരിക്കും ബുദ്ധിമുട്ടുന്നത്. ഒരു ആംഗ്ലോ – ഇന്ത്യന്റെ ഏറ്റവും മുന്തിയ സ്വപ്നങ്ങളിൽ ഒന്നാണ് അവന്റെ ശവം മനോഹരമായി അലങ്കരിച്ചു പള്ളിയിലേക്കെടുക്കുക എന്നത്. മരണബാൻഡ് ശരിക്കും കൊണ്ടുവന്നത് ഞങ്ങളാണ്. എത്ര കടം കേറിയിട്ടായാലും കോട്ടുടുപ്പിച്ച് പെട്ടിയിൽ അന്തസ്സായി കിടത്തണം.
ചിറ്റപ്പൻ മരിക്കുമ്പോൾ ഏറ്റവും ആകുലപ്പെട്ടത് അദ്ദേഹത്തിന് അന്ത്യയാത്രയിൽ ഉടുത്തൊരുങ്ങി പോകാനുള്ള കോട്ടും സൂട്ടും ബൂട്ടുമൊക്കെ ഓർത്തായിരുന്നു. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ ഇടക്കൊച്ചിയിൽ ഒരു തയ്യൽ വിദഗ്ധൻ ഉണ്ട്. ഒരു പൈന്റും വാങ്ങി ഞാനും ചിറ്റപ്പന്റെ മൂത്തമകനും കൂടി അദ്ദേഹത്തെ കാണാൻ പാതിരായ്ക്കു ചെന്നു. അന്ന് നൂറ്റിയൻപതു രൂപയ്ക്കു കാര്യം സാധിച്ചുകിട്ടി. വിലകുറഞ്ഞതെങ്കിലും കാണാൻ നല്ല പകിട്ടുള്ള തുണിക്ക് കോട്ടും സൂട്ടും പാന്റുമൊക്കെ തയ്ച്ചു തന്നു. അതൊരു വിചിത്രമായ ഉടുപ്പായിരുന്നു. ശരിക്കും പറഞ്ഞാൽ ഉടുപ്പിക്കേണ്ട, പുതപ്പിച്ചാ മതി. അസൽ കോട്ട് പോലെ കിടക്കും.
‘എടാ ക്ടാവേ..ആരാ ഇപ്പ ശവം മറിച്ചിട്ടു നോക്കണേ നിങ്ങ ധൈര്യായിട്ടു കൊണ്ടുപോ...’
മുണ്ടൻ പറുങ്കി
ഫ്രാൻസിസ് നൊറോണ
മനോരമ ബുക്സ്
വില 150
പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English Summary : Mundanparunki Book By Francis Noronha