കൊച്ചിയിലെ നടനവഴികൾ ‘ഒരു നടനാകണമെന്നു നിങ്ങൾ ആഗ്രഹിച്ചാൽ നിങ്ങളത് ആയിത്തീരുക തന്നെ ചെയ്യും.’ എങ്കിലും സ്കൂളിലെ ബെസ്റ്റ് ആക്ടറാകാനുള്ള നടൻ മമ്മൂട്ടിയുടെ ആഗ്രഹം സഫലമായില്ല. മേയ്ക്കപ് സാധനങ്ങൾ വാങ്ങുന്നതിനായി അൻപതു പൈസ സമയത്തു കൊടുക്കാനാവാതിരുന്നതാണു കാരണം. 

സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ നാടക മത്സരത്തിൽ അഭിനയിക്കാൻ വിദ്യാർഥി ആയിരുന്ന മമ്മൂട്ടി ഒരിക്കൽ ഒരു ശ്രമം നടത്തി. നാടകരചനയും സംവിധാനവും നിർവഹിച്ച ക്ലാസിലെ അശോക് കുമാറിനോടു നാടകത്തിൽ അഭിനയിക്കാൻ ചാൻസ് ചോദിച്ചു. കൂട്ടാം, പക്ഷേ, മേയ്ക്കപ് സാധനങ്ങൾ വാങ്ങുന്നതിലേക്കായി 50 പൈസ തരണമെന്ന് അശോക് കുമാർ ആവശ്യപ്പെട്ടു. ബാപ്പയോടു പൈസ ചോദിക്കാൻ ഭയമാണ്. ഉമ്മയെ സമീപിച്ചു. പക്ഷേ ഉമ്മയുടെ കയ്യിലില്ല. രണ്ടു ദിവസം കഴിഞ്ഞ് ഉമ്മ പൈസ സംഘടിപ്പിച്ചു കൊടുത്തു. അതുമായി അശോക് കുമാറിന്റെ അടുത്തേക്കോടി. പക്ഷേ അശോക് കുമാർ കൈ മലർത്തി. ‘ഇനി രക്ഷയില്ല. ആളു തികഞ്ഞു പോയി.’

അങ്ങനെ അഭിനയിക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടതു കൊച്ചു മമ്മൂട്ടിയെ വല്ലാതെ നിരാശനാക്കി. വളരെക്കാലം ഉമിത്തീപോലെ അതു മനസ്സിൽ കിടന്നു നീറി. ‘സ്കൂൾ ഓർമകളിൽ’ ചില സാഹിത്യ പരിശ്രമങ്ങൾ എന്ന അധ്യായത്തിലാണു മമ്മൂട്ടി തന്റെ സ്കൂൾ ജീവിതത്തിലെ സ്മരണകളെ താലോലിക്കുന്നത്.

കൊച്ചിയുടെ ഉപഗ്രഹ നഗരമായ അരൂരിലെ ചന്തിരൂർ ഗവ. യുപി സ്കൂളിലാണു മമ്മൂട്ടി തന്റെ ബാല്യകാല വിദ്യാഭ്യാസം നേടുന്നത്. പിന്നീട് എട്ടാം ക്ലാസ് ആയപ്പോഴേക്കും കുലശേഖരമംഗലം ഹൈസ്കൂളിൽ ചേർന്നു. കോളജ് വിദ്യാഭ്യാസം എറണാകുളം മഹാരാജാസ് കോളജിലും ഗവ.ലോ കോളജിലുമായിരുന്നു. വളരെ രസകരമായിരുന്നു ആ കലാലയ ജീവിതം.

‘കൊച്ചി പഴയ കൊച്ചിയല്ല’ എങ്കിലും നടൻ മമ്മൂട്ടിയുടെ നടന വഴികളിലും പഠനവഴികളിലുമെല്ലാം കൊച്ചി നിറഞ്ഞു നിൽക്കുകയാണ്. എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥിയായി എത്തുമ്പോഴാണു മമ്മൂട്ടിക്കു കൊച്ചിയുമായുള്ള ബന്ധം തുടങ്ങുന്നത്. അതിനുശേഷം ഗവ. ലോ കോളജിലെത്തുമ്പോഴേക്കും മമ്മൂട്ടി തനി കൊച്ചിക്കാരനായി മാറിക്കഴിഞ്ഞിരുന്നു.സ്കൂളിൽ പഠിക്കുമ്പോൾ അഭിനയിക്കാനും കലാപരിപാടികൾ അവതരിപ്പിക്കാനുമുള്ള അവസരങ്ങൾ നഷ്ടപ്പെട്ട മമ്മൂട്ടി സാഹിത്യ രചനയിൽ ഒരു കൈ നോക്കാൻ ശ്രമം നടത്തി. ഒരുപാട് കഥകൾ എഴുതി. എന്നാൽ ആരും വായിക്കാതെ, എങ്ങും വെളിച്ചം കാണാതെ അതൊക്കെ മണ്ണടിഞ്ഞു പോയി. 

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ‘കലാകുസുമം’ എന്ന കയ്യെഴുത്ത് മാസികയുടെ ചുമതല എഡിറ്റർ ഇ.കെ. പുരുഷോത്തമൻ മമ്മൂട്ടിയെ ഏൽപ്പിച്ചു. സുഹൃത്ത് ധനഞ്ജയനുമായി ചേർന്നു കലാകുസുമം പാടുപെട്ടു പുറത്തിറക്കി. മാറ്റർ ശേഖരിക്കൽ വലിയ പണിയായിരുന്നു. നാട്ടിലുള്ള ഏക സാഹിത്യകാരൻ ചെമ്പിൽ ജോണാണ്. കൈയെഴുത്ത് മാസികക്കൊന്നും അദ്ദേഹത്തിന്റെ കഥകൾ കിട്ടില്ല. മമ്മൂട്ടി തന്നെ ‘മഞ്ജയ്’ എന്ന തൂലികാനാമത്തിൽ ധാരാളം എഴുതിക്കൂട്ടി.വർഗീസ്, രഘുവരൻ, പുരുഷൻ, ജോൺ മാത്യു, അബ്ദുൽ ഖാദർ, മനോഹരൻ തുടങ്ങിയവരൊക്കെ ക്ലാസിലെ കൂട്ടുകാരായിരുന്നു. ബാപ്പയുടെ അനുജൻ അധ്യാപകനായ കൊച്ചമ്മു ആണു മമ്മൂട്ടിയെ വായനയുടെ ലോകത്തേക്ക് ആനയിച്ചത്. തന്റെ ഉള്ളിലെ അഭിനയ മികവിനെ ഊതിക്കാച്ചി പൊന്നാക്കി മാറ്റാൻ ആ വായനശീലം മമ്മൂട്ടിക്കെന്നും തുണയായിട്ടുണ്ട്. 

സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ പത്രപംക്തികളിലെ കോമാളിത്തരങ്ങളും ഫലിതങ്ങളും ജീവിതത്തിൽ പകർത്തുമായിരുന്നു. മലയാള മനോരമ ആഴ്ചപ്പതിപ്പിലെ ബോബനും മോളിയും സ്ഥിരമായി വായിക്കാറുണ്ടായിരുന്നു മമ്മൂട്ടി. അതിലെ ഒരു തമാശ ജീവിതത്തിൽ പകർത്തിയതിനു ബാപ്പയുടെ ചുട്ട അടി കിട്ടിയത് ഇന്നും മറയാത്ത ഓർമയാണ്. സ്കൂളിൽ വച്ച് ഒരു ദിവസം കൊച്ചു മമ്മൂട്ടി പോസ്റ്റ്മാനോടു ചോദിച്ചു, ‘ഞങ്ങളുടെ വീട്ടിലേക്ക് എഴുത്ത് വല്ലതും ഉണ്ടോ?’ ‘ഉണ്ടല്ലോ’. ‘ശരി... എന്നാൽ  ഈ പുസ്തകം കൂടി വീട്ടിലേക്കു കൊടുത്തേര്’. അതയാൾക്ക് ഇഷ്ടമായില്ല. ബാപ്പയോടു പരാതി പറഞ്ഞു. വൈകിട്ടു വീട്ടിൽ ചെല്ലുമ്പോൾ ബാപ്പ വടിയുമായി കാത്തുനിൽക്കുകയായിരുന്നു. ആദ്യമായി ടെർലിൻ ഷർട്ടിട്ട് സ്കൂളിൽ ഷൈൻ ചെയ്തതും പാഠഭാഗങ്ങൾ മുൻകൂട്ടി പഠിച്ചു ക്ലാസ് എടുക്കുമ്പോൾ അധ്യാപക ർക്കു ശല്യമായി മാറിയതുമെല്ലാം സ്കൂൾ ജീവിതത്തിലെ രസകരമായ ഓർമകളാണ്.

ഒട്ടേറെ മമ്മൂട്ടി ചിത്രങ്ങളുടെ ചിത്രീകരണത്തിനു കൊച്ചി സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രണയ രംഗങ്ങൾ, സംഘട്ടനങ്ങൾ, അഭിനയ മുഹൂർത്തങ്ങൾ... കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നഗരത്തിലെ തിരക്കുപിടിച്ച സിനിമാ ജീവിതത്തിനിടയിലും തന്റെ ബാല്യകാല സ്മരണകൾ മമ്മൂട്ടി വെറുതെ ഓർത്തെടുക്കാറുണ്ട്.

കൊച്ചി - ഛായാപടങ്ങൾ

എം പി സതീശൻ

മനോരമ ബുക്സ്

വില 140

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം

English Summary : Kochi Cchayaapadangal Book By M.P. Satheesan