ഇത് എഡിറ്റർമാരില്ലാത്ത കാലം: സേതു
കൊച്ചി ∙ മലയാളത്തിൽ എഡിറ്റർമാരില്ലാത്ത അവസ്ഥയാണെന്നും എന്ത് അത്യുക്തി എഴുതിക്കൊടു ത്താലും അതേപടി പുസ്തകമായി അച്ചടിച്ചുവരുമെന്നും നോവലിസ്റ്റ് സേതു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഫ്രാൻസിസ് നൊറോണയുടെ ‘മുണ്ടൻ പറുങ്കി’ കൃതി രാജ്യാന്തര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിദ്ധീകരണത്തിനു വായിച്ചുനോക്കിയപ്പോൾ പലതും ഒഴിവാക്കാനുണ്ടെന്നു തനിക്കുതന്നെ തന്റെ പുസ്തകങ്ങളെക്കുറിച്ചു തോന്നിയതായും സേതു പറഞ്ഞു. സെന്റ് ആൽബർട്സ് കോളജ് പ്രിൻസിപ്പൽ എം.എൽ. ജോസഫ് പുസ്തകം ഏറ്റുവാങ്ങി.
∙ കൃതി വേദിയിൽ ശനിയാഴ്ച വൈകിട്ട് 5ന് എം.പി. സതീശൻ രചിച്ച ‘കൊച്ചി: ഛായാപടങ്ങൾ’ ബോണി തോമസ് പ്രകാശനം ചെയ്യും.
വിജ്ഞാനോത്സവം
വിജ്ഞാനോത്സവത്തിന് ശനിയാഴ്ച തുടക്കമാവും. പി.ജെ. ആന്റണി ഹാൾ, പി. ഭാസ്‌കരൻ ഹാൾ എന്നീ വേദികളിലായി 68 സെഷനുകളാണു കൃതി വിജ്ഞാനോത്സവത്തിൽ അരങ്ങേറുക. ശനിയാഴ്ച വൈകിട്ട് 3നു പി.ജെ. ആന്റണി ഹാളിൽ മന്ത്രി സി. രവീന്ദ്രനാഥും 5നു മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രസംഗിക്കും. 6.30നു കെപിഎസിയുടെ നാടകം മുടിയനായ പുത്രൻ.
കാക്കവര തുടരുന്നു
നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവരുടെ സങ്കൽപത്തിലെ കാക്കകളെ വരയ്ക്കാനുള്ള അവസരം ശനിയും ഞായറും കൂടി നൽകും. തുടർന്നു കുട്ടികൾ വരച്ച കാക്കച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഓട്ടിസം ക്ലബും
പുസ്തകോത്സവത്തിൽ സജീവ സാന്നിധ്യമായി എറണാകുളം ഓട്ടിസം ക്ലബ്ബ്. ഓട്ടിസം ബാധിച്ച കുട്ടികളും യുവാക്കളും രചിച്ച പുസ്തകങ്ങൾ ക്ലബ്ബിന്റെ സ്റ്റാളിൽ ലഭ്യമാണ്. ഒപ്പം ഓട്ടിസ്റ്റിക് ആയ കുട്ടികളുടെ മാതാപിതാക്കളുടെ രചനകളും ഓട്ടിസത്തെക്കുറിച്ചുള്ള പുസ്തകങ്ങളും സ്റ്റാളിലുണ്ട്. ഇതിനു പുറമേ, കടലാസ് പേനകളും തുണികൊണ്ടുള്ള ബാഗുകളുമടക്കമുള്ള പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളും. ഓട്ടിസം ക്ലബ്ബ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയായ സ്‌പെക്ട്രം സ്‌പെക്ടക്കിൾ 15ന് നടക്കും.
ഭക്ഷ്യമേളയും സാഹിത്യമയം
പുസ്തകമേളയോടനുബന്ധിച്ച് തുറന്ന ഫുഡ് ഫെസ്റ്റിലെ പല കടകൾക്കും സാഹിത്യ കൃതികളുമായി ബന്ധമുള്ള പേരുകളാണ്. ജ്യൂസിന്റെ ലോകം, സൂസന്നയുടെ ഗ്രന്ഥപ്പുര, കടൽത്തീരത്ത്, ഇട്ടിക്കോരാസ് മുംബൈ മസാല, നാടൻ പ്രേമം, കിച്ചൻ മാനിഫെസ്റ്റോ, വിശ്വവിഖ്യാതമായ കറി, അൽ അറേബ്യൻ ടേസ്റ്റ് ഫാക്ടറി, രണ്ടിടങ്ങഴി... ഇങ്ങനെ നീളുന്നു കൗതുകപ്പേരുകൾ.
കൃതി: ഗവർണർ സന്ദർശിച്ചു
കൊച്ചി ∙ കൃതി പുസ്തകോത്സവം കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെത്തി. ഓരോ സ്റ്റാളും ചുറ്റിനടന്നു കണ്ട ഗവർണർ, തന്നെ അനുഗമിച്ച സഹകരണ സെക്രട്ടറി മിനി ആന്റണിയോടു കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. സാഹിത്യകാരന്മാർ രൂപീകരിച്ചതും 75 വർഷം പൂർത്തിയാക്കിയതുമായ സഹകരണ സംഘം നിലവിലുണ്ടെന്നത് അത്ഭുതപ്പെടുത്തിയതായി ഗവർണർ പ്രതികരിച്ചു.
English Summary : Mundan Parunki Book Release