പ്രണയം നിഷേധിച്ച പുരുഷനോട് അത്രയെങ്കിലും അവൾ ചെയ്തില്ലെങ്കില്‍; ഭ്രാന്തമായ, അതിരില്ലാത്ത പ്രണയകഥ...
എത്ര പറഞ്ഞാലും മതിവരാത്ത, എത്ര കേട്ടാലും മടുപ്പുതോന്നാത്ത വാക്ക്, പ്രണയം... പറയും തോറും ആവേശവും ആനന്ദവും ഉള്ളു നിറയ്ക്കുന്ന പ്രണയത്തെക്കുറിച്ച്, ഏറെ ഉത്സാഹത്തോടെ വായിച്ച ഒരു പ്രണയത്തെക്കുറിച്ച് ഉള്ളുതൊടുന്ന ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ രമ്യ ബിനോയ്... ഭ്രാന്തമായൊരു പ്രണയത്തിന്റെ കഥ പറഞ്ഞ് മനംകവർന്ന പുസ്തകത്തെക്കുറിച്ചും പ്രണയത്തിന്റെ ചിത്രശാലകളെക്കുറിച്ചും രമ്യ ബിനോയി എഴുതിയ കുറിപ്പിങ്ങനെ:-
‘‘ ഒരിക്കല്‍ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂട്ടുനടത്തക്കാരനായിരുന്ന ഒരു സുഹൃത്തെനിക്കുണ്ടായി രുന്നു. അദ്ദേഹം ഇസ്തംബൂളിലേക്ക് യാത്ര പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നേ ആവശ്യപ്പെട്ടുള്ളു- ‘‘നിഷ്കളങ്കതയുടെ ചിത്രശാല സന്ദര്‍ശിക്കണം. അവിടെനിന്ന് ഒരു ചിത്രമെടുത്ത് എനിക്ക് അയച്ചുതരണം’’. അദ്ദേഹം വാക്കുപാലിച്ചു. ഏറെക്കാലം ആ ചിത്രം ഞാന്‍ നിധി പോലെ സൂക്ഷിച്ചിരുന്നു. പിന്നീട് ആ സൗഹൃദം മാഞ്ഞുപോയതു പോലെ ചിത്രവും എങ്ങോ പോയ്മറഞ്ഞു. അതു പോട്ടെ... പറഞ്ഞുവരുന്നത് നിഷ്കളങ്കതയുടെ ചിത്രശാലയെ കുറിച്ചാണ് (മ്യൂസിയം ഓഫ് ഇന്നസെന്‍സ്).
300 - 400 പേജില്‍ കൂടുതലുള്ള പുസ്തകം വായിക്കാന്‍ പൊതുവെ എനിക്ക് മടിയാണ്. പക്ഷേ, ഓര്‍ഹന്‍ പാമുക്കിന്‍റെ, 600 പേജുകളുള്ള മ്യൂസിയം ഓഫ് ഇന്നസൻസ് എന്ന നോവല്‍ കയ്യിലെത്തിയപ്പോള്‍ എന്തോ ആ മടി തോന്നിയില്ല. എഴുതിയത് പാമുക് ആണെന്നതായിരിക്കണം എന്നെ ആ നോവലിനോട് അടുപ്പിച്ചു നിര്‍ത്തിയത്. വായിച്ചു തുടങ്ങിയപ്പോള്‍ പിന്നെ തീരും വരെ മറ്റൊന്നിലും മനസ്സ് ഉറയ്ക്കാത്ത അവസ്ഥയായി. അത്രമേല്‍ മനോഹരമായിരുന്നു ആ പ്രണയം. ഫ്യുസൂണ്‍ എന്ന പെണ്‍കുട്ടിയോട് കെമാല്‍ എന്ന യുവാവിനു തോന്നിയ ഇഷ്ടം എന്ന് വളരെ നിസ്സാരമായി വേണമെങ്കില്‍ പറഞ്ഞുവയ്ക്കാം. അതുപക്ഷേ, ഗാന്ധിജിയുടെയോ മണ്ടേലയുടെയോ ജീവിതത്തെ ‘അദ്ദേഹം ജനിച്ചു ജീവിച്ചു മരിച്ചു’ എന്ന് സംക്ഷിപ്തമായി പറയുന്നതു പോലെയുള്ള വലിയൊരു അപരാധമായിരിക്കും.
പരിഷ്കൃതയും സുന്ദരിയുമായ തന്‍റെ പ്രതിശ്രുത വധുവിനുള്ള സമ്മാനം തിരഞ്ഞ് ഒരു ബുട്ടീക്കില്‍ എത്തിയ കെമാല്‍ അവിടെ സെയില്‍സില്‍ സഹായിയായി നില്‍ക്കുന്ന തന്‍റെ അകന്ന ബന്ധുവും ദരിദ്രയുമായ ഫ്യുസൂണിനെ കണ്ടുമുട്ടുന്നു. എത്ര പെട്ടെന്നാണ് അവരുടെ പരിചയം തീവ്രസ്നേഹത്തിലേക്കും ശാരീരികബന്ധത്തിലേക്കുമെത്തിയത്. ഫ്യുസൂണ്‍ അയാളോടു തനിക്കുള്ള അഗാധപ്രണയം വെളിപ്പെടുത്തുന്നുവെങ്കിലും അത് കണ്ടില്ലെന്നു നടിക്കാനായിരുന്നു കെമാലിന്‍റെ ശ്രമം. സമൂഹം അനുശാസിക്കുന്ന എല്ലാ നന്മകളുമുള്ള പ്രതിശ്രുതവധുവിനെ വിവാഹം ചെയ്യാനും ഫ്യുസൂണുമായുള്ള ബന്ധം തുടരാനുമാണ് കെമാലിലെ സൂത്രശാലി ആഗ്രഹിച്ചത്.
പിന്നീടങ്ങോട്ട് അവിചാരിതമായ വഴിത്തിരിവുകളാണ്. കെമാലിന്‍റെ വിവാഹനിശ്ചയത്തിനു ശേഷം ഫ്യുസൂണ്‍ അപ്രത്യക്ഷയാകുന്നു. അതോടെയാണ് കെമാല്‍ തനിക്ക് അവളോടുള്ള പ്രണയത്തിന്‍റെ തീവ്രത തിരിച്ചറിയുന്നത്. അവളെ തേടി അയാള്‍ അലയുന്നു. ഇതിനിടെ നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്മാറുകയും ചെയ്യുന്നു. ഒടുവില്‍ അയാളുടെ ശ്രമം ഫലം കണ്ടു. ഫ്യുസൂണിന്‍റെ കത്ത് കെമാലിനെ തേടിയെത്തുന്നു. പക്ഷേ അപ്പോഴേക്കും ഫ്യുസൂണ്‍ വിവാഹിതയായിരുന്നു. കെമാല്‍ അവളുടെ സവിധത്തിലണയുന്നുവെങ്കിലും അകന്ന ബന്ധുവിനു നല്‍കുന്ന പരിഗണന മാത്രമാണ് ആദ്യം ഫ്യുസൂണ്‍ അയാള്‍ക്കു നല്‍കുന്നത്. തന്‍റെ പ്രണയം നിഷേധിച്ച പുരുഷനോട് അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ അവള്‍ക്ക് എങ്ങനെയാണ് സ്വയം ആശ്വസിപ്പിക്കാനാകുക.
പിന്നീടങ്ങോട്ട് കെമാലിന്‍റെ ജീവിതം അവളുടെ ഭ്രമണപഥത്തിലാകുകയാണ്. ഫ്യുസൂണുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം അയാള്‍ക്ക് വിശുദ്ധ തിരുശേഷിപ്പുകളാണ്. അവളുടെ വീട്ടില്‍നിന്ന് ഇറങ്ങുന്ന ഓരോ ദിവസവും അയാള്‍ എന്തെങ്കിലും അവിടെനിന്നു കൈക്കലാക്കും. അവള്‍ വലിച്ചു ബാക്കിയാക്കിയ സിഗരറ്റ് കുറ്റികള്‍, അവളുടെ ചുണ്ടോടമര്‍ന്ന ചായക്കപ്പുകള്‍, തീര്‍ന്നുപോയ ലിപ്സ്റ്റിക്, ഉടുപ്പുകള്‍... അങ്ങനെയങ്ങനെ അവളുടെ ഓര്‍മ ഉണര്‍ത്തുന്നതെല്ലാം അയാള്‍ സ്വന്തമാക്കും. അയാള്‍ അവയെല്ലാം കൊണ്ടുപോയത് അവരുടെ ആദ്യ സമാഗമം നടന്ന ഇടത്തേക്കാണ്. കെമാലിന്‍റെ അമ്മയുടെ ഉടമസ്ഥതയിലുള്ള ഒരു സ്റ്റോര്‍ ഹൗസാണത്. പിന്നീട് എട്ടുവര്‍ഷങ്ങള്‍ കൊണ്ട് അയാളത് ഫ്യുസൂണിനോടുള്ള പ്രണയത്തിന്‍റെ മ്യൂസിയമാക്കി മാറ്റുകയാണ്. ആദ്യമൊക്കെ അവഗണിച്ചെങ്കിലും കെമാലിന്‍റെ ഭ്രാന്തമായ, അതിരില്ലാത്ത പ്രണയത്തെ വേണ്ടെന്നു വയ്ക്കാന്‍ ഫ്യുസൂണിന് ആവുന്നില്ല. അങ്ങനെ അവര്‍ ഒന്നാകാന്‍ തീരുമാനിക്കുന്നു. കഥ അവിടെ തീരുകയല്ല. ക്ലൈമാക്സ് ഞാന്‍ പറയില്ല. നിങ്ങളത് വായിക്കുക തന്നെ വേണം.
നമുക്ക് ഓരോരുത്തർക്കുമില്ലേ സ്നേഹത്തിന്‍റെ ചിത്രശാലകള്‍..? കത്തുകള്‍, റോസാപ്പൂവിതളുകള്‍, മുടിച്ചുരുള്‍, വളപ്പൊട്ട്... അങ്ങനെയങ്ങനെ നഷ്ടപ്രണയത്തിന്‍റേതായി ഓരോരുത്തരും സൂക്ഷിച്ചുവയ്ക്കുന്ന ഒരുപിടി കാര്യങ്ങള്‍. ഭൗതികമായതൊന്നും സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാതെ പോയ ചിലരുണ്ട്. പക്ഷേ, അവരുടെ മനസ്സ് തന്നെ ഒരു ചിത്രശാലയായിരിക്കും. ഒന്നിച്ചു ചിലവഴിച്ച, അല്ലെങ്കില്‍ പ്രണയിയുമായി ബന്ധപ്പെട്ട ഓരോ നിമിഷത്തിന്‍റെയും ഓര്‍മച്ചിത്രങ്ങളാകും അതിന്റെ ചുവരുകളെ അലങ്കരിക്കുക. അവിടെ എപ്പോഴും നിറഞ്ഞുനില്‍ക്കുക നഷ്ടപ്രണയത്തിന്‍റെ നോവുള്ള വയലിന്‍ സംഗീതമാകും. ആ ചിത്രശാലയുടെ തറയില്‍, എപ്പോഴും മഴ പെയ്യുന്ന ഇടങ്ങളില്‍ വളരുന്ന പതുപതുപ്പുള്ള പച്ചപ്പായല്‍ വളര്‍ന്നിട്ടുണ്ടാകും. ജീവിതത്തിന്‍റെ കനല്‍ക്കട്ടകള്‍ അടി മുതല്‍ മുടി വരെ നീറ്റുമ്പോള്‍ ഓരോരുത്തരും ആ ചിത്രശാലയിലാണ് അഭയം തേടുക. പൊള്ളിക്കുമിളച്ച കാലടികള്‍ ആ പായല്‍ പച്ചപ്പില്‍ അമര്‍ത്തി തെല്ലുനേരം ആ ചുവരില്‍ മുഖം ചേര്‍ത്തിരുന്നാല്‍ മതി. ആ ഓര്‍മകള്‍ നല്‍കുന്ന കരുത്ത് അതിജീവിക്കാനുള്ള സിദ്ധൗഷധം പോലെ ഞരമ്പുകളെ ഉത്തേജിപ്പിക്കുമെന്നുറപ്പ്...
എനിക്കുമുണ്ട് ഓര്‍മകളുടെ വലിയൊരു ചിത്രശാല. അല്ലല്ല, ഓര്‍മകളുടെ മാത്രമല്ല, ചില വസ്തുക്കളുടെ ചിത്രശാല. പാവ്‍ലോ കെയ്‍ലോയുടെ വെറോണിക്ക ഡിസൈഡ്സ് ടു ഡൈ എന്ന പുസ്തകത്തിന്‍റെ ഒരു കോപ്പി, ഒരു ഡസന്‍ പച്ചക്കുപ്പിവളകള്‍, മഞ്ഞപടര്‍ന്നു തുടങ്ങിയ കടലാസില്‍ കൂനനുറുമ്പുകള്‍ നൃത്തം ചെയ്യുന്നതു പോലെ ചിതറിയ കുറെ അക്ഷരങ്ങള്‍ നിറഞ്ഞ കത്തുകളുടെ ഒരു കെട്ട്, പ്രിയപ്പെട്ട പാട്ടുകള്‍ നിറച്ച ഒരു സിഡി... അങ്ങനെയങ്ങനെ... ചില നേരങ്ങളിൽ ജീവിതം നിർബന്ധപൂർവം ഓട്ടപ്പന്തയത്തിന് വിളിച്ച് ഓടിത്തോൽപ്പിച്ച ശേഷം 'നീയെത്ര നിസ്സാര' എന്ന് അവഹേളിക്കുമ്പോൾ ഞാൻ മുഖം പൂഴ്ത്തുന്നത് അവയ്ക്കിടയിലാണ്.
പ്രിയപ്പെട്ട കെമാലുമാരേ... നിങ്ങള്‍ അവളുടെ ഹൃദയം തകര്‍ത്തു കടന്നുപോകാതിരിക്കൂ. അങ്ങനെ ചെയ്തുപോയാല്‍ പിന്നീടൊരിക്കല്‍ ദുസ്വപ്നത്തില്‍നിന്നു ഞെട്ടിയുണരുന്ന ഒരു പുലരിയില്‍ നിങ്ങളറിയും നഷ്ടപ്പെടുത്തിയത് പ്രണയത്തിന്‍റെ നിത്യജീവനാണെന്ന്. പിന്നീടെന്നും സ്വാസ്ഥ്യം എന്നത് നിങ്ങൾക്ക് മരീചിക മാത്രമായി മാറും...
നോവലിന്റെ തുടക്കത്തില്‍ പാമുക് ഇംഗ്ലീഷ് കവി എസ്.ടി.കോള്‍റിജിന്റെ ഏതാനും വ രികള്‍ കടമെടുക്കുന്നുണ്ട്. ‘ഒരാള്‍ സ്വപ്നത്തില്‍ പറുദീസയിലൂടെ കടന്നുപോകുന്നുവെന്നു കരുതൂ. അവിടെവച്ച്, അയാളുടെ ആത്മാവ് സ്വർഗത്തിൽ എത്തി എന്നതിന്‍റെ ദൈവീക പ്രതിജ്ഞ പോലെ ഒരു പൂവ് സമ്മാനിക്കപ്പെടുന്നു. ഉറക്കമുണരുമ്പോള്‍ ആ പൂവ് തന്‍റെ കയ്യില്‍ കണ്ടെത്തുന്ന അയാളുടെ പിന്നത്തെ അവസ്ഥ...’
അതേ... സമ്മോഹനമായ ആ അവസ്ഥയാണ് പ്രണയത്തിന്‍റെ നിത്യജീവനായി സ്വയം സമര്‍പ്പിക്കുന്നവരെ കാത്തിരിക്കുന്നത്...
(സ്വപ്നക്കാഴ്ച പോലെ ഒരു ചിത്രശാലയുണ്ട്, തുര്‍ക്കിയിലെ ഇസ്തംബുളിൽ. തന്‍റെ കഥാപാത്രങ്ങള്‍ക്ക് അമരത്വം നല്‍കി ഒരു ചിത്രശാല പാമുക് വായനക്കാര്‍ക്കായി അവിടെ ഒരുക്കിയിട്ടുണ്ട്...)
English Summary : Remya Binoy's Facebook Post About Orhan Pamuk's The Museum of Innocence