“പഴകുംതോറുമേറുന്നൂ

പാരം മമതയെങ്കിലും

ഈ വീടുവിട്ടിറങ്ങീടാ-

നിനി താമസമില്ലമേ”

എന്നതു മരണസന്നദ്ധമായ ഒരാളുടെ വിചാരമായി ജി.ശങ്കരക്കുറുപ്പ് എഴുതിയതാണ്. ഇവിടെ വീടെന്നതു ഈ ലോകം തന്നെയാണ്. നിഴലുകൾ നീളുന്ന എന്ന കാവ്യത്തിൽ, എത്ര ഖിന്നപൂർണമെങ്കിലും ജീവിതം നീട്ടിത്തരുന്ന ഓരോന്നും ഹൃദ്യമാണെന്നു വാദിക്കുന്നു. ഇമ്മട്ടിൽ മനുഷ്യർ സ്വന്തം വിധിയെ കലാവിഷ്കാരങ്ങളിലൂടെ നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം പഠനങ്ങളിൽ ആകൃഷ്ടരാകുകയും അത്തരം അന്വേഷണങ്ങളാണു ജീവിതത്തിനു പൊരുൾ നൽകുന്നതെന്നു സമാധാനിക്കുകയും ചെയ്യുന്നു.

സ്വന്തം രചനകളെ ഇത്രമേൽ പ്രാധാന്യത്തോടെ കൊണ്ടുനടക്കുന്ന മനുഷ്യർക്കു ഈ പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളും വലിയ പാഠങ്ങൾ നൽകുന്നുണ്ട്. 

മനുഷ്യരെപ്പോലെ വിധിബോധ ഖിന്നമല്ല അവയുടെ പ്രാണങ്ങളെങ്കിലും കർമമണ്ഡലത്തിൽ ഒരു ജീവിയും മനുഷ്യനേക്കാൾ പിന്നിലല്ലതന്നെ. പക്ഷികളുടെ ലോകം മനുഷ്യർക്ക് എന്തെല്ലാം തരുന്നു എന്ന് അന്വേഷിക്കുന്ന ഒരു പുസ്തകം ഈയിടെ വായിക്കുകയുണ്ടായി. ഫ്രഞ്ച് പക്ഷിശാസ്ത്രജ്ഞരായ ഫീലിപ് ജെ. ദുബ്വായും എലീസ് റൂസോയും ചേർന്നെഴുതിയ എ ഷോർട്ട് ഫിലോസഫി ഓഫ് ബേഡ്സിൽ വിവിധയിനം പക്ഷികളുടെ ജീവസ്വഭാവങ്ങളെ തത്വചിന്താപരമായ കാഴ്ചപ്പാടിൽ വിവരിക്കുന്നുണ്ട്. അത് ഉന്മേഷകരമായ വായനയായിരുന്നു.

ദിവസവും രാവിലെ ഞാനുണരുമ്പോൾ ഒരു കിളിയുടെ അസാധാരണമായ കൂവൽ കേൾക്കാം. വെട്ടം വീണുതുടങ്ങും മുൻപേയാണത്. ഫ്ലാറ്റിനു സമീപമുള്ള ചതുപ്പിൽ അസംഖ്യം സസ്യങ്ങളും മരങ്ങളുമുണ്ട്.ഏതു കൂട്ടിൽനിന്നാണ് അതു നിത്യം കൃത്യം സമയം കൂവുന്നത്? വർഷങ്ങളായി ഞാൻ കേൾക്കുന്നത് ഒരേ പക്ഷിയെ ആണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. എനിക്ക് അതിന്റെ ചില ശീലങ്ങൾ നന്നായി അറിയാം. ഉദാഹരണത്തിനു പുലർച്ചെ മഴയുണ്ടെങ്കിൽ മിണ്ടുകയേയില്ല. പ്രതികൂല കാലാവസ്ഥയിൽ അതിന്റെ മൗനം എന്തുകൊണ്ടാവും? ഒരിക്കൽ പകൽ ഞാൻ വീട്ടിലിരിക്കേ നട്ടുച്ചയ്ക്ക് അതേ കൂവൽ തുടർച്ചയായി മുഴങ്ങാൻ തുടങ്ങി. 

പകലിന്റെ പലജാതി സ്വരകളങ്കങ്ങൾക്കിടയിൽനിന്ന് ഞാനതു വേറിട്ടു കേട്ടു. എനിക്കു വലിയ അസ്വസ്ഥതയും അമ്പരപ്പും തോന്നി- ഏതെങ്കിലും ആപൽസൂചനയാകുമോ അത്.. അല്ലെങ്കിൽ തന്നെക്കുറിച്ച് നന്നായി അറിയാം എന്നു ധരിച്ചിരുന്ന എന്നെ പരിഹസിക്കാനായി അത് നട്ടുച്ചയ്ക്കു മനപ്പൂർവം എത്തിയതാകുമോ!

ദുബ്വായുടെയും റൂസോയുടെ പുസ്തകം വായിക്കുമ്പോൾ ഞാൻ ആ പക്ഷിയെ ഓർത്തു. ഓർമയിലെ എല്ലാ പക്ഷികളും അതിനൊപ്പം ആകാശത്തേക്കു പറന്നു. മതിലിനു പുറത്തിരിക്കുന്ന കറുത്ത പക്ഷിയെ വിവരിച്ചുകൊണ്ടാണു പുസ്തകം ആരംഭിക്കുന്നത്. മഞ്ഞക്കൊക്കുള്ള അവനെ സൂക്ഷിച്ചുനോക്കൂ, ഒരു കറമ്പൻ ആയിരിക്കുന്നതിൽ അവൻ സന്തോഷവാനല്ല എന്നു നിനക്കു തോന്നുന്നുവോ? പുഴുക്കളെ കൊത്തിത്തിന്നും ഉദ്യാനത്തിലലഞ്ഞും അവൻ സ്വന്തം അസ്തിത്വത്തിൽ നിത്യലീനനാണ്. സംതൃപ്തനാണ്.

കഥകളിലും പുരാണങ്ങളിലും പക്ഷികൾ ധിഷണയുടെയും സന്ദേശങ്ങളുടെയും പുതുവിചാരങ്ങളുടെയും വാഹകരാണ്. മധ്യകാല പേർഷ്യൻ മഹാകാവ്യമായ “കോൺഫറൻസ് ഓഫ് ബേഡ്സ് “ ഉദാഹരണം. അതിൽ, മഹാസമ്മേളനത്തിനെത്തുന്ന ഓരോ പക്ഷിയും ഓരോ മനുഷ്യസ്വഭാവത്തിന്റെ പ്രതിനിധാനമാണെന്നു കാണാം. പഴയകാലത്ത് മനുഷ്യസന്ദേശവാഹകരായി ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പക്ഷികൾ സഞ്ചരിച്ചിരുന്നു. ആധുനികകാലത്തു വെള്ളരിപ്രാവുകൾ സമാധാനസന്ദേശത്തിന്റെ പ്രതീകമായും മാറി. 

ദുഃഖത്തിന്റെയും ദുരിതത്തിന്റെയും നാളുകൾ കടന്നുകിട്ടാൻ മനുഷ്യർ വല്ലാതെ കഷ്ടപ്പെടാറുണ്ട്. ഓരോ പരാജയത്തിനും രോഗത്തിനും ദുഃഖത്തിനുമെല്ലാം ശേഷം മനുഷ്യനു പഴയ സൗന്ദര്യവും കരുത്തും ആത്മവിശ്വാസവും തിരിച്ചുകിട്ടാറുണ്ടോ..? ഓരോ പക്ഷിയുടെയും തൂവൽപൊഴിക്കൽ അവയുടെ നിസ്സഹായതയുടേതു കൂടിയാണ്. തൂവൽപൊഴിക്കൽ കാലം അവയ്ക്കു പറക്കാനാവില്ല. ശത്രുക്കളെ ചെറുക്കാനും ആവില്ല. അതിനാൽ അക്കാലങ്ങളിൽ അവ കൂടുകളിലേക്കു പിൻവാങ്ങുന്നു. പുതിയ തൂവലുകൾ വരും വരെ നിശബ്ദരായി, മറഞ്ഞിരിക്കുന്നു. 

പ്രിയപ്പെട്ടവരുടെ മരണമോ സ്നേഹനഷ്ടമോ ധനനഷ്ടമോ വീടുമാറ്റമോ സംഭവിക്കുമ്പോൾ മനുഷ്യരും ഇത്തരത്തിൽ കരുത്തു ചോർന്നവരാകാറുണ്ട്. പക്ഷികൾ തൂവൽപൊഴിയും കാലത്തിൽനിന്ന് ഉഷാറായി നവോന്മേഷത്തോടെ വാനിലേക്കു തിരിച്ചെത്തുന്നു. പുതിയ ചക്രവാളങ്ങളിലേക്കു പറക്കുന്നു. എന്നാൽ മനുഷ്യർക്ക് അത് അനായാസം സാധ്യമാകുന്നുണ്ടോ? പക്ഷികളിൽനിന്ന് നാം പഠിക്കേണ്ട ഒരു പാഠമിതാണ്-നമ്മുക്കുള്ളിലെ ചിലതിനെ നാം മരിക്കാൻ അനുവദിക്കണം. ചിലപ്പോൾ ഒരു ചീത്ത സ്മരണയാകാം,ദുഃഖമാകാം,ഒറ്റപ്പെടലാകാം. എന്തായാലും ചാവുകാലം കഴിഞ്ഞാൽ നാം അതിൽനിന്ന് പുതുജീവനോടെ പുറത്തുവരിക തന്നെ വേണം. നമ്മെ പൊളിച്ചുപണിയാൻ നാം കാലത്തെ അനുവദിക്കുക. അതാണു പക്ഷികൾ നല്കുന്ന തത്വചിന്ത.

പ്രകൃതിയുടെ താളങ്ങളെ പിന്തുടരുന്നതു പക്ഷിമാർഗത്തിലെ സവിശേഷമായ ശീലമാണ്. ഒരു പക്ഷി അതു കൂടുവച്ചിടത്തേക്കു തന്നെ പുതിയ കൂടുണ്ടാക്കാൻ അടുത്ത ഋതുവിൽ ചെല്ലുന്നതുപോലെ, മനുഷ്യരും തങ്ങൾക്കും സുഖം പകരുന്ന ഓർമകളിലേക്കു മടങ്ങിപ്പോകുന്നു. പ്രകൃതിയുടെ താളം പിന്തുടരുമ്പോഴാണ് മഴയും കാറ്റും പോലെ പ്രകൃതികൂല സാഹചര്യങ്ങളിലെല്ലാം ഇലകൾക്കിടയിൽനിന്നു പുറത്തേക്കു വരാതെ അടങ്ങിയിരിക്കാൻ പക്ഷികൾക്കു സാധിക്കുന്നത്. എന്നാൽ ആദ്യ സൂര്യകിരണം വെട്ടിത്തിളങ്ങുമ്പോഴേക്കും പൊടുന്നനെ അവ ആകാശത്തേക്ക് പറന്നുയരുന്നു.

ദൂബ്വായുടെയും റൂസോയുടെയും പല ഭൂഖണ്ഡങ്ങളിലെ സഞ്ചാരങ്ങളാണ് പക്ഷികളെ സംബന്ധിച്ച ഈ പുസ്തകത്തിനു പ്രേരണയായത്.അത്തരമൊരു സഞ്ചാരം മംഗോളിയയിലെ ഗോബി മരുഭൂമിയിലായിരുന്നു. അഞ്ചംഗ ഫ്രഞ്ച് സഞ്ചാരികൾക്കു കൂട്ടായി അവിടെ വന്നത് ആറു നാടോടികളായ മംഗോളിയക്കാരായിരുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ വിദൂരമായ മരുപ്രദേശങ്ങളിലൊന്നാണു ഗോബി. യാത്രാസംഘത്തി ന്റെ വാഹനത്തിനു ജിപിഎസ് ഉണ്ടായിരുന്നില്ല. ആരുടെയും മൊബൈൽ ഫോണുകൾക്കു റേഞ്ചും ഉണ്ടായിരുന്നില്ല. എന്നാൽ ആ പ്രദേശം നല്കുന്ന പ്രകൃതിദത്തമായ ദിശാസൂചനകൾ വച്ചായിരുന്നു മംഗോളിയക്കാർ അവരെ വഴി തെറ്റാതെ നയിച്ചത്. 

വൃത്താകൃതിയിലുള്ള കുന്നുകളുടെ സമുച്ചയമായ ആ പ്രദേശം, ഓരോ കുന്നിന്റെയും സവിശേഷമായ ഘടനകൾ സംബന്ധിച്ച ഓർമകളാണു മംഗോളിയക്കാർക്കു കൃത്യമായ ദിശാബോധം നല്കിയിരുന്നത്. നാടോടി മംഗോളിയക്കാരെപ്പോലെ ശക്തമായ ദിശാബോധമുള്ളവയാണു പക്ഷികളെല്ലാം. വിശേഷിച്ചും ദേശാടനപക്ഷികൾ. വരവാലൻ കിളിയായ ഗോഡ് വിറ്റിന്റെ സഞ്ചാരകഥ കേട്ടാൽ നിങ്ങൾ ഞെട്ടും. കണ്ടൽക്കാടുകളിൽ വസിക്കുന്ന നീളൻ കൊക്കുളള ഈ പക്ഷി അലാസ്ക മുതൽ ന്യൂസീലൻഡ് വരെയുള്ള ദൂരം-ഏകദേശം 7,000 കിലോമീറ്റർ- ഒരൊറ്റ പറക്കലിൽ പിന്നിടും. 

മണിക്കൂറിൽ 45 മൈൽ വേഗത്തിൽ ഒരാഴ്ചയായി തുടർച്ചയായി പറക്കലിനു തുല്യം. ഇടയ്ക്ക് നിർത്തൽ ഇല്ലാത്ത ഈ നീണ്ടയാത്രയിൽ ഗോഡ് വിറ്റിന്റെ വിശ്രമം അതിന്റെ തലച്ചോറിന്റെ ഒരു ഭാഗം നിദ്രയിലാകു ന്നതാണ്. അതായത് ഉറക്കത്തിലും പറന്നുകൊണ്ടിരിക്കുക. മനുഷ്യന് ഈ ശേഷിയുണ്ടായിരുന്നുവെങ്കിൽ അവൻ ഉറക്കത്തിൽ വാസ്ടാപ് നോക്കുകയും വണ്ടിയോടിക്കുകയും ചെയ്തേനെ..

മനുഷ്യരുടെ പല വിചിത്ര ശീലങ്ങളും പക്ഷികൾക്കുമുണ്ട്. ചില ഇനങ്ങൾ ഇടുങ്ങിയ  സ്ഥലങ്ങൾ ഭയക്കുന്നു. ചിലതു തനിച്ചു കഴിയാൻ ഇഷ്ടപ്പെടുന്നില്ല.ശത്രുവിനെ കുറിച്ചുള്ള ഭയം എപ്പോഴും അലട്ടുന്നതിനാൽ അവ എപ്പോഴും ജാഗ്രതയോടെ കഴിയുന്നു. മരണസമയം പക്ഷികൾ മറഞ്ഞിരിക്കുന്നു എന്നാണു പറയുക. ശരിയാണ്, മരണമടുക്കുമ്പോൾ അവയെ ഒന്നുകിൽ മറ്റു ജീവികൾ തിന്നുന്നു. അല്ലെങ്കിൽ അവ ഒളിവിലേക്കു പോയി ഇല്ലാതാകുന്നു. 

നമ്മുടെ സാഹിത്യത്തിലും കലകളിലുമെല്ലാം പക്ഷികൾ നിറയാൻ കാരണം അവയുടെ പ്രേരണാശക്തി തന്നെയാണ്. കുടുംബം,തുല്യത,ലിംഗനീതി,ധീരത,പ്രണയം എന്നിവയില്ലെല്ലാം പക്ഷികളുടെ ലോകത്തുനിന്നുള്ള പാഠങ്ങൾ നാം എന്നും തേടുന്നു. ധിഷണ,അധികാരം,അഹങ്കാരം,ക്രൂരത തുടങ്ങിയ സ്വഭാവവിശേഷങ്ങളിലും പക്ഷികളുടെ ലോകത്ത് ദൃഷ്ടാന്തങ്ങളുണ്ടെന്നു നമുക്കറിയാം. പഞ്ചതന്ത്രത്തിൽ കാക്കയുടെ കുലത്തെ മൂങ്ങകൾ ഇല്ലാതാക്കുന്ന കഥ ഉദാഹരണം.

മനുഷ്യർ സ്വന്തം ഭീതിയെ പക്ഷികളിൽ മൂർത്തമാക്കിയതിനുള്ള ഏറ്റവും നല്ല ഉദാഹരമായിരുന്നു ഹിച്ച്കോക്കിന്റെ ബേഡ്സ്. ഏകാന്തവും ഉദാസീനവുമായ ഒരു ചെറിയ പട്ടണത്തിനു മീതേ ആ സിനിമയിൽ പറന്നിറങ്ങുന്ന പക്ഷിക്കൂട്ടം അക്രമകാരികളാണ്, അധിനിവേശകരാണ്. സർവനാശഭീതിയുണർത്തുന്ന അതിലെ പക്ഷിക്കൂട്ടം രാത്രിയുടെ നിശബ്ദതയിൽ മനുഷ്യരെ പിടിക്കാനായി അനങ്ങാതെ കാതോർത്തിരി ക്കുകയാണ്, എല്ലായിടത്തും- നമ്മുടെ ചുറ്റും കണ്ണുതുറന്നിരിക്കുന്ന സിസിടിവി ക്യാമറകൾ പോലെ.

English Summary : A Short Philosophy Of Birds