നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ

മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ?

മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ?

വിരഹനൊമ്പര തിരിയിൽ പൂവു പോൽ

വിടർന്നൊരു നാളം എരിഞ്ഞു നിൽക്കുന്നു!

തിരുവനന്തപുരം∙ ‘വിട പറഞ്ഞിട്ടു നാലു വർഷമായെന്ന തോന്നലേയില്ല. എഴുത്തുമുറിയിൽ നിന്നു ‘സരോ’ എന്നു നീട്ടി വിളിക്കുന്നതു പോലെ. വെറുതെയെന്നറിയാം.. എങ്കിലും ആ വിളി കേൾക്കുമ്പോൾ എഴുത്തുമുറിയുടെ വാതിൽക്കൽ വരെ ഒന്നോടിയെത്താൻ തോന്നും. ഓടൻ വയ്യല്ലോ. പതിയെ നടന്നെത്തും. ചാരുകസേരയിൽ കിടക്കുന്നുണ്ടെന്നു തോന്നും. അദ്ദേഹം എവിടെയും പോയിട്ടില്ല. ഈ വീടു മുഴുവൻ നിറഞ്ഞു നിൽക്കുകയാണ്...’ ഒഎൻവി കുറുപ്പിന്റെ പത്നി സരോജിനി പറഞ്ഞു. 

മലയാളത്തിന്റെ പ്രിയ കവി വിട ചൊല്ലിയിട്ട് ഇന്നു നാലു വർഷം പൂർത്തിയാകുന്നു. ഒഎൻവിയുടെ അപ്രകാശിത കവിതകളും ഗീതങ്ങളും സമാഹരിക്കുന്നതിന്റെ തിരക്കിലാണു സരോജിനിയും മകൻ രാജീവും. അവ ഉടനെ പുസ്തകരൂപമാകും.

‘അദ്ദേഹം പോയെന്നു വിശ്വസിക്കാനാവുന്നില്ല. എല്ലാ ദിവസവും ആ പേരു കേൾക്കാൻ ഭാഗ്യമുണ്ടാകാറുണ്ട്. റേഡിയോയിലും ടിവിയിലും പാട്ടുകൾ കേൾക്കാം. അദ്ദേഹം പാട്ടെഴുതിയ സിനിമകളുണ്ടാകും.’

‘എഴുത്തുവേളയിൽ ചിലപ്പോൾ തിടുക്കത്തിൽ ഉച്ചത്തിൽ എന്നെയോ മോനെയോ നീട്ടി വിളിക്കും. ഗൗരവമുള്ള എന്തോ സംഗതിയാണെന്നു കരുതി ഓടിയെത്തുമ്പോൾ നിസ്സാരകാര്യമായിരിക്കും പറയുക. ആ ഫാനിന്റെ സ്പീഡൊന്നു കുറയ്ക്കുമോ, ജനൽപ്പാളി തുറന്നിടാമോ, റഫറൻസിനായി മുകളിൽ നിന്നും പുസ്തകമെടുക്കാമോ അങ്ങനെയെന്തെങ്കിലും ആയിരിക്കും.’ സരോജിനി ചിരിയോടെ പറയുന്നു.

കവിതകളുടെ സമ്പൂർണ സമാഹാരം ദിവസവുമെടുത്തു വായിക്കും. പുസ്തകത്തിലെ പല കവിതകളും പിറന്നതിനു നേർസാക്ഷ്യം വഹിച്ചയാളാണു സരോജിനി.

‘എഴുത്ത് അദ്ദേഹത്തിനു വലിയ അസ്വസ്ഥതയാണ്. വല്ലാതെ പ്രയാസപ്പെടുന്നതു പോലെ തോന്നും. അത്തരം സന്ദർഭങ്ങളിൽ പ്രിയകവി വൈലോപ്പിള്ളി മാഷിന്റെ കവിതകൾ എടുത്തു വായിക്കുന്നതു കാണാം. അത് മനസ്സിനെ ഉല്ലാസത്തിലാക്കുമെന്നു പറഞ്ഞിട്ടുണ്ട്. പിന്നെ കുറച്ച് ഉലാത്തും. ഈ മുറിയിൽ ഇരുന്നായിരുന്നു എഴുത്തു മുഴുവൻ.’ കഴിഞ്ഞ ദിവസം വായിച്ച വരികൾ സരോജിനി ഓർമയിൽ നിന്നെടുത്തു പറഞ്ഞു:

‘നിന്നെ ഞാനറിയുന്നു പ്രിയമേദിനി ! നീയാ

ണെന്റെ വീടുമെൻ വഴിത്താരയും വഴിച്ചോറും

എന്റെയീ വഴിയിലെ വിളക്കും, നിഴൽക്കാലു–

മെന്റെ ഭാരവും ഭാരമിറക്കുമത്താണിയും;

എന്റേതാമെല്ലാം നീയാണെന്നു ഞാനറിയുന്നു !

എന്റേതായെന്നാലൊന്നുമില്ലെന്നുമറിയുന്നു!

‘കഞ്ഞിയും പയറുമായിരുന്നു ഇഷ്ടവിഭവം. എവിടെപ്പോയാലും അതു കിട്ടണം. ഇല്ലെങ്കിൽ കഴിഞ്ഞുകൂടുക ബുദ്ധിമുട്ടാണ്. വിദേശയാത്രകൾക്കു മുൻപായി പരിചയമുള്ള മലയാളി ഭവനങ്ങളിൽ കഞ്ഞിയും പയറും പറഞ്ഞുവയ്ക്കും. ഒരിക്കൽ മലേഷ്യയിൽ നാലു ദിവസം തങ്ങേണ്ടിവന്നു. അവിടെ പരിചയക്കാരില്ല. താമസിച്ച ഹോട്ടലിലെ ഭക്ഷണം പിടിക്കുന്നില്ല. അസ്വസ്ഥനായി പുറത്തിറങ്ങി നടക്കുമ്പോൾ മുന്നിൽ ശരവണഭവൻ പ്രത്യക്ഷപ്പെട്ടു. അന്നു കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എല്ലാവരെയും ശരവണ ഭവനിലേക്കു വിളിച്ചുവരുത്തി. പിന്നെ നാലു ദിവസവും മൂന്നു നേരം ഭക്ഷണം ശരവണ ഭവനിൽ നിന്നായിരുന്നു. കഞ്ഞിക്കുള്ള ഏർപ്പാടും അവിടെ ചെയ്തു.’ – മുത്തച്ഛനെക്കുറിച്ചുള്ള ഓർമ കൊച്ചുമകളും ഗായികയുമായ അപർണ പങ്കുവച്ചു.

സ്മൃതി സന്ധ്യ ഇന്ന്

ഒഎൻവിയുടെ കവിതകളും പുസ്തകങ്ങളും ഡിജിറ്റലാക്കുന്ന തിരക്കിലാണ് മകൻ രാജീവ്. ഒഎൻവി. കൾചറൽ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമിക് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഒഎൻവി കവിതകളുടെ ദൃശ്യാവിഷ്കാരവും പദ്ധതിയിലുണ്ട്. ഒഎൻവി സ്മൃതി സന്ധ്യ ഇന്നു വൈകിട്ട് 6നു ടഗോർ തിയറ്ററിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനാകും. എം.മുകുന്ദൻ, ഡോ. എം.വി.പിള്ള എന്നിവർ ഒഎൻവിയെ അനുസ്മരിക്കും. തുടർന്നു പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനസന്ധ്യ–അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.

English Summary: Remembering ONV