ഓരങ്ങളിൽ നിഗൂഢത പൂക്കുന്ന ആ ഒറ്റയടിപ്പാത; ഏകാന്തതയുടെ സംഗീതവും
2020 ഫെബ്രുവരി 10 ലക്കം ന്യൂയോർക്കർ മാഗസിനിൽ ഹറുകി മുറാകാമിയുടെ ഒരു കഥ വന്നു.‘വിത് ദ് ബീറ്റ്ൽസ്’ എന്നാണു കഥയുടെ പേര്. ഒരാൾ തന്റെ നാൽപതാം വയസ്സിലോ മറ്റോ തന്റെ സ്കൂൾ കാലത്ത് ഒരിക്കൽ മാത്രം കണ്ട ഒരു പെൺകുട്ടിയെയും അതിനോടു ചേർന്നു തന്റെ ഗേൾഫ്രണ്ടിനെയും ഓർക്കുന്നതാണു ഈ കഥ.
ഓർമകൾക്കു മുന്നിൽ നാം വയസ്സാകുന്നതിനെക്കുറിച്ചു പറഞ്ഞാണു തുടക്കം. ‘‘I think what makes me feel sad about the girls I knew growing old is that it forces me to admit , all over again, that my youthful dreams are gone forever.The death of a dream can be in a way sadder than that of a living being.’’ (‘‘എനിക്കറിയാമായിരുന്ന പെൺകുട്ടികൾ വാർധക്യത്തിലേക്കു നടന്നുകയറുന്നതു കാണുമ്പോൾ, എനിക്കതു സമ്മതിക്കാതെ വയ്യ, യൗവനസുരഭിലമായ സ്വപ്നങ്ങളെല്ലാം എന്നന്നേക്കുമായി എങ്ങോ പോയി മറയുന്നു. അതാണ് ഏറെ സങ്കടമുണ്ടാക്കുന്നത്. ഒന്നാലോചിച്ചാൽ, ഒരു സ്വപ്നത്തിന്റെ മരണം ഒരു വ്യക്തിയുടെ മരണത്തേക്കാളേറെ വ്യസനമുണ്ടാക്കിക്കളയും’’– പരിഭാഷ ലീനാ ചന്ദ്രൻ)
മുറാകാമിയുടെ ഈ ആരംഭ വാക്യങ്ങൾ, കഥയിലെ നിഗൂഢതകളിലേക്കു വായനക്കാരനെ ക്ഷണിക്കുന്നു. ആദ്യ വാക്യത്തോടെ ജിജ്ഞാസയുടെ വക്കിലെത്തുന്ന വായനക്കാരൻ ആ പ്രലോഭനത്തിനു വഴങ്ങി അതിലേക്ക് എടുത്തുചാടുകയും ചെയ്യുന്നു. മുറാകാമിയുടെ രചനാശൈലിയുടെ സവിശേഷതകളെല്ലാം കണ്ടെത്താവുന്ന കഥയാണിത് എന്നു തോന്നിയതുകൊണ്ടാണ് ഇവിടെ പരാമർശിക്കുന്നത്. അദ്ദേഹം ഇതുവരെ എഴുതിയ നോവലുകളുടെയും കഥകളുടെയും പൊതുസ്വഭാവങ്ങൾ ഇതിലുണ്ട്. മുൻപ് മുറാകാമി എഴുതാത്ത ഒരു കാര്യവും ഇതിൽ ഇല്ല. ഒരേ പ്രമേയങ്ങൾ ആവർത്തിക്കുന്നതു മുറാകാമിക്കു പുതിയ കാര്യമല്ല താനും. അങ്ങനെ ഈ കഥയിൽ മുറാകാമിക്കു പ്രിയങ്കരമായ ചില ജീവിതസന്ദർഭങ്ങൾ, സമീപനങ്ങൾ, സ്മരണങ്ങൾ, ദുഃഖങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.
അറുപതുകളും ബീറ്റ്‌ൽസുമാണു മുറാകാമിയുടെ നായകരുടെ വലിയ ഒബ്‌സഷൻ. രണ്ടാം ലോകയുദ്ധത്തിനുശേഷം ജനിച്ച ജപ്പാനിലെ തലമുറയുടെ ടീനേജ് കാലം. ഹിരോഷിമ, നാഗസാക്കി അവർക്കു വിദൂരമായി തോന്നും. ജപ്പാനിലെ പുതുയുഗ തലമുറയാണവർ. അറുപതുകളുടെ ഏറ്റവും വലിയ ഹരം ബീറ്റ്‌ൽസിന്റെ ഗാനങ്ങളായിരുന്നു. മുറാകാമിയെ ലോകമെങ്ങും പ്രശസ്തനാക്കിയ നോവലിന്റെ തലക്കെട്ടും ബീറ്റ്‌ൽസിന്റെ ഗാനമാണ്– നോർവീജിയൻ വുഡ്. അത് ഹൈസ്കൂൾ കാലത്തെ സൗഹൃദങ്ങളെയും പ്രണയനഷ്ടങ്ങളെയും പ്രമേയമാക്കിയ നോവലായിരുന്നു. അറുപതുകളിലെ ജപ്പാനിലെ ടീനേജ് ജീവിതവും ബീറ്റ്‌ൽസ് അടക്കമുള്ള പോപ് സംഗീത പ്രേമങ്ങളും ഇല്ലെങ്കിൽ മുറാകാമിയുടെ ഭാവനലോകം വരണ്ടുപോകും.
ന്യൂയോർക്കറിലെ കഥയിൽ ഒറ്റത്തവണ മാത്രം വരുന്ന ആ പെൺകുട്ടി ബീറ്റ്‌ൽസിന്റെ ചിത്രമുള്ള ഒരു ആൽബം തന്റെ മാറോടു ചേർത്തു പിടിച്ചിരുന്നു. അവളുടെ ഇളകുന്ന വസ്ത്രം, അംഗചലനങ്ങൾ, കാറ്റിൽ അവളുടെ ഗന്ധം തുടങ്ങി എല്ലാം ആ ബീറ്റ്‌ൽസിന്റെ സാന്നിധ്യം കൊണ്ടാണ് കഥാകൃത്തിന്റെ ഓർമയിൽ ദീപ്തമായി നിൽക്കുന്നത്. എന്നാൽ കഥ അവളെക്കുറിച്ചല്ല, അതേ സ്കൂളിലെ മറ്റൊരു പെൺകുട്ടിയെക്കുറിച്ചാണ്. വായിച്ചു തീരുമ്പോൾ രണ്ടു ദുരൂഹതകൾ ബാക്കിനിൽക്കുന്നു– ആരായിരുന്നു ആ ബീറ്റ്‌ൽസ് പെൺകുട്ടി? എന്തിനായിരുന്നു ആഖ്യാതാവിന്റെ ഗേൾഫ്രണ്ട് ജീവനൊടുക്കിയത്?
മുറാകാമിയുടെ ‘വൈൻഡ് അപ് ബേഡ് ക്രോണിക്ക്ൾ’ ആണ് എനിക്കേറ്റവും പ്രിയം തോന്നിയ ഒരു നോവൽ. അതു വായിച്ചുകൊണ്ടിരുന്നപ്പോൾ, ഊറിനിൽക്കുന്ന നീർക്കണം പോലെ ഒരു വീർപ്പുമുട്ടൽ എന്നെ ഗ്രസിച്ചിരുന്നു. തൊഴിൽരഹിതനായ ഒരു ചെറുപ്പക്കാരന്റെ ഭാര്യയെ പെട്ടെന്ന് ഒരു ദിവസം കാണാതാകുന്നു. വൈകിട്ട് അവൾ വീട്ടിലേക്കു വരുന്നില്ല. ഒപ്പം അയാളുടെ പൂച്ചയെയും കാണാതാകുന്നു. ഇരുവരും തിരിച്ചെത്താത്ത വീട്ടിൽ തനിച്ചായിപ്പോകുന്ന ആ യുവാവ്, പിന്നീടു നടത്തുന്ന അന്വേഷണങ്ങളാണ് ആ നോവൽ.
ആദ്യം സൂചിപ്പിച്ച ചെറുകഥയിലെ പെൺകുട്ടിയെപ്പോലെ പൊടുന്നനെ വരികയും തീവ്രമായ ഓർമയെ നിർമിക്കുകയും ചെയ്ത് അപ്രത്യക്ഷമാകുന്ന രീതി മുറാകാമിയുടെ രചനകളിലുണ്ട്. ഒരാളുടെ മുഴുവൻ ദുഃഖങ്ങളെയും ശേഖരിച്ചുവയ്ക്കാൻ പ്രാപ്തിയുള്ളതാണ് അത്തരം നിഗൂഢതകളെന്നു കാണാം. അവ വരുന്നത് കൗമാരത്തിൽനിന്നാണ്. നിങ്ങളുടെ കൗമാര–യൗവനങ്ങളിൽനിന്നാണ് എല്ലാ കഥകളും വരുന്നത്. കാരണം ആദ്യ ഏകാന്തതകളുടെയും ആദ്യ ദുഃഖങ്ങളുടെയും കാലം കൂടിയാണത്.
പേരിടാൻ കഴിയാത്ത വിധം വിചിത്രമായ ഒരു ആകർഷണം ഉണ്ടാക്കുന്ന ഒരു മൂന്നാം കക്ഷി ഫിക്‌ഷനിൽ ഉണ്ടാകണമെന്നാണു മുറാകാമി പറയുന്നത്. ന്യൂയോർക്കറിലെ കഥയിൽ അകുതാഗവാ എന്ന ജാപ്പനീസ് എഴുത്തുകാരന്റെ കഥകളെയും പരാമർശിക്കുന്നുണ്ട്. 1924 ൽ തന്റെ 35 വയസ്സിൽ, സ്വന്തം മരണത്തെക്കുറിച്ചുള്ള വിചാരങ്ങൾ ഒരു കഥയായി എഴുതിവച്ചശേഷം ജീവനൊടുക്കിയ എഴുത്തുകാരനാണ് അകുതാഗവാ. എന്തുകൊണ്ടായിരിക്കും ഈ എഴുത്തുകാരൻ അറുപതുകളിലെ ടീനേജുകാരുടെ കഥയിലേക്കു കയറിവന്നത്?
യാഥാർഥ്യങ്ങളുടെ ആവിഷ്കാരമാണു ഫിക്‌ഷൻ എന്നു നാം പറയുമെങ്കിലും എല്ലാവരും കാണുന്ന യാഥാർഥ്യമല്ല എഴുത്തുകാരൻ നിർമിക്കുന്നതെന്നു കാണാം. അതായത്, മറ്റുള്ളവർ കാണാത്ത ചില കാഴ്ചകളാണു കഥയെ ഉണ്ടാക്കുന്നത്. യാഥാർഥ്യത്തെ നവീകരിക്കുക എന്നാണു മുറാകാമി പറയുന്നത്. ചില കഥകൾ വല്ലാതെ നാമിഷ്ടപ്പെടുമ്പോഴും എന്തുകൊണ്ടാണ് അത് ഇഷ്ടപ്പെടുന്നതെന്നു വിവരിക്കാൻ നമുക്കു കഴിയാതെ പോകാറുണ്ട്. ‘കാഫ്ക ഓൺ ദ് ഷോർ’ പലവട്ടം വായിച്ച ഒരാളോട് ഒരിക്കൽ ഞാൻ ചോദിച്ചു, എന്താണതിലെ സവിശേഷത? അതിനു പക്ഷേ വ്യക്തമായ മറുപടി നൽകാൻ അയാൾക്കു കഴിയുന്നില്ല. ആ നോവലിൽ തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാടു സന്ദർഭങ്ങൾ ഇപ്പോഴുമുണ്ട് എന്ന് അയാൾ പറഞ്ഞു. സത്യമാണത്, ഏറ്റവും പോപുലർ എന്നു നാം വിളിക്കുന്ന രചനയിൽ പോലും വായനക്കാരനു പൂർണമായി പിടികൊടുക്കാത്ത ചില കാര്യങ്ങൾ ഉണ്ടാകും. ഒരുപക്ഷേ ഈ ദുരൂഹതകളാകും അതിന്റെ സൗന്ദര്യമേറ്റുന്നത്; സ്കൂൾ ഇടനാഴിയിലൂടെ തന്റെ പ്രാണൻ അതിലാണെന്ന മട്ടിൽ ഒരു ബീറ്റ്‌ൽസ് ആൽബം നെഞ്ചോടു ചേർത്തു പിടിച്ചു നടന്നുവരുന്ന ആ പെൺകുട്ടിയെ പോലെ.
English Summary : Haruki Murakami And His Books